പതിറ്റാണ്ടുകളായി ദുരിതം മാത്രം അനുഭവിക്കുന്ന ജനത. വിവിധ സായുധ വിഭാഗങ്ങള്‍ തമ്മില്‍ ദശകങ്ങളായുള്ള ഏറ്റുമുട്ടല്‍, വംശീയ കുട്ടക്കൊലകള്‍, ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള പോരാട്ടങ്ങള്‍, പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ 1980ല്‍ ഏര്‍പ്പെടുത്തിയ സൈന്യത്തിന് പ്രത്യേകാധികാരങ്ങള്‍ നല്‍കുന്ന നിയമം (AFSPA), അതിനു ശേഷമുള്ള ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, കാണാതാകലുകള്‍, സൈന്യം കൂട്ട ബലാത്സംഗം ചെയ്ത ശേഷം വെടിവച്ചു കൊന്ന താങ്ജാം മനോരമ, പോരാട്ടങ്ങളിലെ ഇതിഹാസമായ ഇറോം ശര്‍മിള. കശ്മീര്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവുമധികം പ്രശ്നബാധിത സംസ്ഥാനമെന്ന ദുര്‍വിധി നേരിടുന്ന മണിപ്പൂര്‍. ഇന്ത്യയുടെ ഈ വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഒരിക്കലും സമാധാനമുണ്ടായിട്ടില്ല. ഒരു ഭാഗത്ത് മ്യാന്‍മാറും മറ്റ് ഭാഗങ്ങളില്‍ നാഗാലാന്‍ഡും അസമും മിസോറാമുമായി അതിര്‍ത്തി പങ്കിടുന്ന ഒരു ചെറിയ സംസ്ഥാനം. ഈ മേലഖയിലുണ്ടാകുന്ന ഏത് പ്രശ്നങ്ങളിലും ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന ജനതയാണ് മണിപ്പൂരികള്‍. ഇപ്പോള്‍ നടക്കുന്ന വംശീയ കലാപം ആ സംസ്ഥാനത്തിന്റെ ആവര്‍ത്തിക്കപ്പെടുന്ന ദുരിതത്തിന്റെ പുതിയൊരു ഏടാണ്.
ഒരു ഭാഗത്ത് ജനങ്ങള്‍ മരിച്ചു വീണുകൊണ്ടിരിക്കുന്നു. അക്രമത്തിന്റെ അഗ്നി പടര്‍ന്നിട്ട് രണ്ടു മാസമായി. മറുഭാഗത്ത് ഭരണകൂടം രാഷ്ട്രീയ കളി തുടരുന്നു. രാജ്യത്ത് ഏക സിവില്‍ നിയമം കൊണ്ടുവരാന്‍ യത്‌നിക്കുന്ന പ്രധാനമന്ത്രി, തന്റെ പ്രജകളില്‍ നൂറിലേറെപ്പേര്‍ കൊല ചെയ്യപ്പെട്ട സംസ്ഥാനത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. സമാധാനം എന്നൊരു വാക്ക് ആ നാടിനു വേണ്ടി പറഞ്ഞിട്ടില്ല.
രാഹുല്‍ ഗാന്ധി മണിപ്പൂരില്‍
പ്രതിപക്ഷമാണെങ്കില്‍ സംസ്ഥാനത്തും, കേന്ദ്രത്തിലും ഭരണത്തിലിരിക്കുന്ന ബിജെപിയെ പഴിച്ച് വികാരം കൊള്ളുകയാണ്. പല തവണ മണിപ്പൂര്‍ ഭരിച്ച, കേന്ദ്രത്തിലും വളരെയധികം കാലം ഭരണത്തിലിരുന്ന കോണ്‍ഗ്രസാണ് മുന്‍നിരയില്‍. രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ നേരിട്ട് എത്തിയിട്ടുണ്ട്. ജനങ്ങളെ സാന്ത്വനിപ്പിക്കാന്‍.
രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ മണിപ്പൂര്‍ പല തവണ രാഷ്ട്രപതി ഭരണത്തിനു കീഴിലായിരുന്നുവെങ്കിലും, ആ സംസ്ഥാനം ഏറ്റവും അധികകാലം ഭരിച്ച ദേശീയ പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണ്. 1963 മുതല്‍ ഇങ്ങോട്ടുള്ള കണക്ക് എടുത്താല്‍ മണിപ്പൂരില്‍ കൂടുതല്‍ തവണ മുഖ്യമന്ത്രിപദം കൈയാളിയതും കോണ്‍ഗ്രസാണ്. സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി മയ്‌റെമ്പാം കൊയ്‌റെങ് സിംഗില്‍ നിന്നാണ് ആ ലിസ്റ്റ് തുടങ്ങുന്നത്. ഇന്ന് മണിപ്പൂരില്‍ സമാധാനത്തിനുവേണ്ടി വാദിക്കുന്നവരില്‍ മുന്നിലുള്ള ഒക്രം ഇബോബി സിംഗ് 2002 മുതല്‍ 2017 വരെ തുടര്‍ച്ചയായി മൂന്നു തവണ മണിപ്പൂര്‍ ഭരിച്ച നേതാവാണ്. അതായത്, മണിപ്പൂരിന്റെ ഇന്നത്തെ അവസ്ഥയില്‍ പങ്കുള്ള ഒരു നേതാവാണ് രാഹുലിന്റെ പാര്‍ട്ടിക്കാരനും.
ഇപ്പോഴത്തെ അവസ്ഥയ്ക്ക സമാനമായി 2016 ല്‍ രണ്ടു മാസത്തിനടുത്ത് മണിപ്പൂര്‍ കലാപഭൂമിയായി മാറിയിരുന്നു. ഒക്രം ഇബോബി സിംഗ് ആയിരുന്നു നാട് ഭരിച്ചിരുന്നത്. അന്ന് യുണൈറ്റഡ് നാഗാ കൗണ്‍സില്‍ (UNC) സംസ്ഥാനത്ത് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. പ്രതികാരമായി മണിപ്പൂരിലെ ഭൂരിപക്ഷമായ മെയ്‌തേയ്(Meitei) സമുദായം നാഗാ ഭൂരിപക്ഷ ജില്ലകളിലേക്ക് തിരിച്ചും ഉപരോധം ഏര്‍പ്പെടുത്തി. അതോടെ മണിപ്പൂര്‍ അക്ഷരാര്‍ഥത്തില്‍ കത്തി.
സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായി യുണൈറ്റഡ് നാഗ കൗണ്‍സില്‍ തലസ്ഥാനമായ ഇംഫാലിലേക്കുള്ള രണ്ട് പ്രധാന റോഡുകളായ ദേശീയപാത 2, 37 എന്നിവ പൂര്‍ണമായി ഉപരോധിച്ചു. യുഎന്‍സി പ്രസിഡന്റ് ഗെയ്ദോണ്‍ കാമേയി, ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി സ്റ്റീഫന്‍ ലാംകാംങ് എന്നിവരെ അറസ്റ്റ് ചെയ്തോടെ ഇംഫാല്‍ പൂര്‍ണമായി അടച്ചിടാനായിരുന്നു ആഹ്വാനം. സാമ്പത്തിക ഉപരോധം നിയമ വിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സുപ്രീം കോടതിയും പറഞ്ഞിട്ടും നൂറു ദിവസത്തിലേറെ അത് തുടര്‍ന്നു. അതിനിടെ, പ്രഖ്യാപിച്ച നോട്ട് നിരോധനം കൂടിയായതോടെ ജനം വലഞ്ഞു. പെട്രോളിന് ലിറ്ററിന് 200 രൂപ, പാചകവാതക സിലിണ്ടറിന് 3000 രൂപ എന്ന വിധത്തില്‍ വില കുതിച്ചുകയറി. അവശ്യസാധനങ്ങള്‍ ലഭ്യമല്ലാതായി. അക്രമ സംഭവങ്ങള്‍ ഉണ്ടായതോടെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കര്‍ഫ്യൂവിന് ഇളവു ലഭിക്കുന്ന സമയങ്ങളില്‍ ജനം ആദ്യം തുറന്നിരിക്കുന്ന ഏതാനും എ.ടി.എമ്മുകളിലേക്കും തുടര്‍ന്ന് അവശ്യസാധനങ്ങള്‍ വാങ്ങാനുമായി ക്യൂ നില്‍ക്കുന്ന കാഴ്ചയായിരുന്നു മണിപ്പൂരിലെങ്ങും.
2016 ലെ സാമ്പത്തിക ഉപരോധത്തിന്റെ ദൃശ്യം
2016 നവംബര്‍ 18ന് ഇംഫാലിലെ തദ്ദേശീയരായ മെയ്‌തേയ് ജനങ്ങള്‍ ഉപരോധത്തിനെതിരെ തിരിച്ചടിക്കാന്‍ തീരുമാനിച്ചു. ക്രിസ്തുമസ് അവധിക്കായി സ്വന്തം നാടുകളിലേക്ക് പോകാനിരുന്ന ഇംഫാലില്‍ താമസിക്കുന്ന നാഗാ വംശജരെ അതിന് അനുവദിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. തുടര്‍ന്ന് നാഗാ, കുക്കി വംശജര്‍ പരമ്പരാഗതമായി താമസിക്കുന്ന ജില്ലകളിലേക്ക് പോയ ട്രക്കുകളും യാത്രാ വാഹനങ്ങളും ആക്രമിക്കപ്പെട്ടു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി. ഇതോടെ, മണിപ്പൂരിലെ മലമ്പ്രദേശ ജില്ലകളിലേക്ക് പോകാനിരുന്ന നാഗാ വംശജര്‍ ഇംഫാലില്‍ കുടുങ്ങി. ക്രിസ്തുമസ് ദിനം യാതൊരു ആഘോഷങ്ങളുമില്ലാതെ കഴിഞ്ഞു പോയി. സ്ഥിതിഗതികള്‍ നേരിടാന്‍ അര്‍ധസൈനിക വിഭാഗത്തെ വന്‍തോതില്‍ വിന്യസിച്ചു.
സാമ്പത്തിക ഉപരോധം മുന്നോട്ടു പോയതോടെ ഇംഫാല്‍ നിവാസികളുടെ കഷ്ടപ്പാടുകള്‍ക്കൊപ്പം അമര്‍ഷവും ഏറിവന്നു. അതിന് പ്രധാനമായി രണ്ടു കാരണങ്ങളുണ്ടായിരുന്നു. നവംബര്‍ ഒന്നിനാണ് മണിപ്പൂരികളെ സംബന്ധിച്ചുള്ള പ്രധാന ഉത്സവമായ നിംഗോള്‍ ചകൗബ. വിവാഹിതരായ സ്ത്രീകള്‍ തങ്ങളുടെ അമ്മമാരുടെ വീടുകളിലേക്ക് തിരിച്ചു വരുന്ന ദിവസമാണ്. മറ്റൊന്ന് നാഗകളുമായി പരമ്പരാഗത വൈരമുള്ള കുക്കികളുടെ കാര്‍ഷികോത്സവം തുടങ്ങുന്നതും അന്നാണ്. എന്നാല്‍ നവംബര്‍ ഒന്നിന് സാമ്പത്തിക ഉപരോധം നിലവില്‍ വന്നതോടെ ഇതെല്ലാം അസ്തമിച്ചു. തങ്ങളുടെ ഉത്സവം അലങ്കോലപ്പെടുത്തിയ നാഗാകള്‍ക്കുള്ള തിരിച്ചടിയായാണ് ക്രിസ്തുമസ് സമയത്ത് മെയ്‌തേയ് വംശജര്‍ തിരിച്ചും ഉപരോധം ഏര്‍പ്പെടുത്തിയതും അക്രമ സംഭവങ്ങള്‍ അരങ്ങേറിയതും.
നിയമസഭ തെരഞ്ഞെടുപ്പ് നേരിടാന്‍ മാസങ്ങള്‍ മാത്രം മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു സംസ്ഥാനം അരാജകത്വത്തിലേക്ക് വീണത്. അതിനു കാരണമായത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയക്കളിയും. 2017 മാര്‍ച്ചിലായിരുന്നു നിയമസഭ തെരഞ്ഞെടുപ്പ്. 2002 മുതല്‍ മണിപ്പൂരിനെ ഭരിക്കുന്ന ഒക്രം ഇബോബി സിംഗിനെതിരേ ജനവികാരം ഉണ്ടായിരുന്നു. അസം പിടിച്ചതിനു പിന്നാലെ ഏതു വിധേനയും മണിപ്പൂരും കീഴടക്കാനുള്ള പദ്ധതികളുമായി ബിജെപിയും കളം നിറഞ്ഞതോടെ നിലനില്‍പ്പ് ഭീഷണി നേരിട്ട ഇബോബി സിംഗ് പല രാഷ്ട്രീയ തന്ത്രങ്ങളും ആലോചിച്ചു. മണിപ്പൂരിലെ 60 സീറ്റില്‍ 40 സീറ്റും മെയ്‌തേയ് വംശജര്‍ക്ക് ഭൂരിപക്ഷമുള്ള സമതല മേഖലകളിലാണ്. കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതിനെ മറികടക്കാന്‍ ഇബോബി സിംഗ് കണ്ടുപിടിച്ച വഴി നാഗാ, കുക്കി ഭൂരിപക്ഷ മേഖലകളിലെ ജില്ലകളെ വിഭജിച്ച് പുതിയ ഏഴ് ജില്ലകള്‍ക്ക് രൂപം കൊടുക്കുകയായിരുന്നു. ഇത് നാഗകളെ കൂടുതല്‍ ഭിന്നിപ്പിക്കാനുള്ള തന്ത്രമാണെന്ന് ആരോപിച്ച് യുഎന്‍സി പ്രതിഷേധിച്ചു. എന്നാല്‍ ഇബോബി തന്റെ തീരുമാനവുമായി മുന്നോട്ടു പോവുകയും ഏഴ് ജില്ലകള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. ഇതോടെയാണ് നവംബര്‍ ഒന്നിന് യുണൈറ്റഡ് നാഗ കൗണ്‍സില്‍ സംസ്ഥാനത്ത് സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചതും പിന്നാലെ ആ നാട് കത്തിയതും.
കോണ്‍ഗ്രസ് നേതാവും മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒക്രം ഇബോബി സിംഗ്
പുതിയ ജില്ലാ രൂപീകരണങ്ങളിലൂടെ ഇബോബി സിംഗ് തന്റെ സാധ്യതകള്‍ വീണ്ടും വര്‍ദ്ധിപ്പിച്ചുവെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞത്. അന്ന് അതിനു ചില തിയറികളുമുണ്ടായിരുന്നു. മണിപ്പൂരിലെ ജനസംഖ്യയില്‍ 60 ശതമാനത്തോളം സമതലങ്ങളില്‍ താമസിക്കുന്ന മെയ്‌തേയ് വംശജരാണ്. ബാക്കിയുള്ള 40 ശതമാനം മലമ്പ്രദേശങ്ങളിലും. മെയ്‌തേയ് വംശജരില്‍ 41 ശതമാനം വരുന്ന ഹിന്ദുക്കളാണ് ഭൂരിപക്ഷം. ബാക്കിയുള്ളവര്‍ ക്രിസ്ത്യന്‍ മതവിഭാഗവും സൂര്യനെ ആരാധിക്കുന്ന പ്രാദേശിക മതമായ സനാമഹിസത്തില്‍ വിശ്വസിക്കുന്നവരുമാണ്. അതേ സമയം, മലമ്പ്രദേശങ്ങളില്‍ താമസിക്കുന്ന ഗോത്രവര്‍ഗ വിഭാഗമായ നാഗാ വംശജര്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ മത വിശ്വാസികളാണ്. അതായത്, മണിപ്പൂര്‍ ജനസംഖ്യയില്‍ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഏറെക്കുറെ തുല്യമാണെങ്കിലും വംശീയപരമായി ഇവര്‍ തമ്മിലുള്ള വിടവുണ്ട്. അതു തന്നെയാണ് മണിപ്പൂരിലെ പ്രശ്നങ്ങള്‍ക്ക് കാരണവും. ഈ സാധ്യത ഉപയോഗിച്ചു ഭൂരിഭാഗം വരുന്ന ഹിന്ദു, ക്രിസ്ത്യന്‍, സനാമഹിസ വിശ്വാസികളായ മെയ്‌തേയ് വംശജരെ നാഗാ വംശജര്‍ക്ക് എതിരാക്കാന്‍ ഇബോബിക്ക് കഴിഞ്ഞുവെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. കൂട്ടത്തില്‍ യുഎന്‍സി ഏര്‍പ്പെടുത്തിയ ഉപരോധത്തെ ശക്തമായി ചെറുക്കുന്ന മുഖ്യമന്ത്രിയെന്ന പ്രചാരണവും മണിപ്പൂരികള്‍ക്കു മുന്നില്‍ ശക്തമാക്കി.
എന്നാല്‍ ഇപ്പുറത്ത്, കേന്ദ്ര സര്‍ക്കാര്‍ ചില ലക്ഷ്യങ്ങള്‍ കണ്ടിരുന്നു. സംസ്ഥാനത്തെ കലാപം നിയന്ത്രിക്കാതെ നാഗകളും മെയ്‌തേയ്കളുമായുള്ള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുക എന്ന ജോലി മാത്രമെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തുള്ളൂ. നേരത്തെയുണ്ടായിരുന്നു നാഗാ-ഇന്ത്യ പ്രശ്നങ്ങള്‍ക്കു പകരം നാഗാ ദേശീയതയും മണിപ്പൂരും തമ്മിലുള്ള പ്രശ്നങ്ങളാക്കി കാര്യങ്ങളെ മാറ്റിയെടുത്തു. സംസ്ഥാനത്ത് അശാന്തി വിതയ്ക്കുന്ന തീരുമാനങ്ങളെ പിന്നീടുണ്ടായിട്ടുള്ളൂ. 2017 ലെ തെരഞ്ഞെടുപ്പില്‍ ഇബോബി സിംഗ് കണക്കു കൂട്ടിയതുപോലെ കാര്യങ്ങള്‍ നടന്നില്ല. മലമ്പ്രദേശവും സമതലവും തമ്മില്‍ വിഭജിച്ചത് നാലാം തവണയും മുഖ്യമന്ത്രിയാകുമെന്ന കണക്കുകൂട്ടലിലായിരുന്നു. 60 സീറ്റുകളില്‍ സമതല മേഖലയില്‍ 40 ഉം മലമ്പ്രദേശത്ത് 20 എന്ന കണക്കിലാക്കിയിരുന്നു. സിംഗിന്റെ 15 വര്‍ഷ ഭരണക്കാലയളവില്‍ സംസ്ഥാനം പല കലാപങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിരുന്നു. അന്യായമായ കൊലകള്‍ നിരവധി നടന്നു, സാമ്പത്തിക ഉപരോധങ്ങള്‍ നേരിട്ടു. അതൊക്കെ മറന്നു ജനങ്ങളെക്കൊണ്ട് തങ്ങള്‍ക്ക് തന്നെ വോട്ട് ചെയ്യിക്കുന്നതില്‍ സിംഗും കോണ്‍ഗ്രസും വിജയിച്ചിരുന്നുവെങ്കിലും അവരുടെ ഭരണത്തിന്റെ അവസാനകാലത്തെ മൂന്നുമാസത്തോളം നീണ്ടു നിന്ന കലാപ തീ ജനങ്ങളുടെ മനസില്‍ നിന്നും ഒഴിവാക്കാന്‍ കോണ്‍ഗ്രസിനോ ഇബോബി സിംഗിനോ കഴിഞ്ഞില്ല. 2011 ല്‍ മണിപ്പൂര്‍ 120 ദിവസം സാമ്പത്തിക ഉപരോധം നേരിടേണ്ടി വന്നതിനു തൊട്ടു പിന്നാലെയായിരുന്നു 2012 ല്‍ സംസ്ഥാനം നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും, 60 ല്‍ 42 സീറ്റ് എന്ന റെക്കോര്‍ഡ് വിജയം നേടിയായിരുന്നു മൂന്നാം തവണയും ഇബോബി സിംഗും കോണ്‍ഗ്രസും അധികാരത്തിലേറിയത്. എന്നാല്‍ 2017 ല്‍ പാര്‍ട്ടിക്ക് കിട്ടിയത് വെറും 28 സീറ്റായിരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 21 സീറ്റ് നേടിയ ബിജെപി ഭരണം പിടിച്ചു. 2022 ലെ തെരഞ്ഞെടുപ്പിലും ബിജെപി ഭരണം പിടിച്ചു. ബീരേന്‍ സിംഗ് മുഖ്യമന്ത്രി പദത്തില്‍ തന്റെ രണ്ടാമൂഴം നേടി. കോണ്‍ഗ്രസാകട്ടെ പാടെ തകര്‍ന്നു. ഇപ്പോള്‍ സമാധാനത്തിനുവേണ്ടി അലയുന്ന കോണ്‍ഗ്രസ് തങ്ങളുടെ ഭരണകാലത്ത് കാണിച്ച ഉത്തരവാദിത്തമില്ലായ്മയുടെ ഫലമാണ് അനുഭവിക്കുന്നത്. രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങള്‍ കൂടി മനസിലാക്കണം.