അതെല്ലാം പൊളിച്ചു കളഞ്ഞു പിണറായിയും രാധാകൃഷ്ണനും ആദിവാസി സമൂഹത്തോട് മാപ്പ് പറയണം; എം ഗീതാനന്ദന്‍ സംസാരിക്കുന്നു
കേരളത്തിന്റെ സാംസ്‌കാരിക-സാമൂഹിക-സാമ്പത്തിക വളര്‍ച്ചക്കായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘കേരളീയം 2023’ പരിപാടിയില്‍ ആദിവാസി സമൂഹത്തെ അപമാനിക്കുന്നതായി മാറിയിരിക്കുകയാണ് ആദിവാസി ജീവിതം പരിചയപ്പെടുത്തുന്ന ഇന്‍സ്റ്റലേഷന്‍. സിനിമകള്‍ മുതല്‍ സമൂഹത്തിലെ മുഖ്യധാര വ്യവഹാരങ്ങള്‍ വരെ ആദിവാസി സമൂഹത്തോടു വച്ച് പുലര്‍ത്തുന്ന കാഴ്പ്പപ്പാടിനെ ഉറപ്പിക്കുകയാണ് സര്‍ക്കാരും ചെയ്യുന്നതെന്നാണ് വിമര്‍ശനം. തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപടിയുടെ ഭാഗമായാണ് ആദിവാസി ജീവിതം പരിചയപ്പെടുത്തുന്ന ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്. പലകോണുകളിലും നിന്നും രൂക്ഷമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കും ഉയര്‍ന്നിരിക്കുന്നത്.
‘മുഖ്യ മന്ത്രിയും, വകുപ്പ് കൈ കാര്യം ചെയുന്ന മന്ത്രി കെ. രാധാകൃഷ്ണനും ആദിവാസി സമൂഹത്തോട് മാപ്പു പറയണമെന്നും, കേരളീയത്തിലെ ഈ നിര്‍മ്മിതി പൊളിച്ചുകളയണമെന്നും ഗോത്ര മഹാസഭ നേതാവ് എം. ഗീതാനന്ദന്‍ അഴിമുഖത്തിനോട് പ്രതികരിച്ചു. ‘ഇതുപോലെ ഒരു വേദിയില്‍ ആദിവാസി സമൂഹത്തെ എങ്ങനെയാണ്നോക്കി കാണുന്നത് എന്നതിന്റെ ഉദാഹരണം കൂടിയാണിത്. ഗോത്ര മേഖലകളിലടക്കം ഉണ്ടാകുന്ന വികസനത്തിന്റെ ഗുണഫലങ്ങളും മാറ്റങ്ങളും പ്രദര്‍ശിപ്പിക്കുന്നത് ഉള്‍ക്കൊള്ളാനാവും. എന്നാല്‍ വളരെ പ്രാചീനമായ വേഷവിധാനങ്ങളോട് കൂടി ഒരു ജനതയെ ഈ വിധം പ്രദര്‍ശിപ്പിക്കുന്നത് കൊളോണിയല്‍ കാലഘട്ടത്തില്‍ വെള്ളക്കാര്‍ കറുത്തവര്‍ഗ്ഗക്കാരെ പരിഗണിച്ചതും പ്രദര്‍ശിപ്പിച്ചതും ആണ് ഓര്‍മിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് പൊളിച്ചു മാറ്റി മുഴുവന്‍ സമൂഹത്തോടും മാപ്പു പറയണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. വികസന മുഖമായ ഒരു കാലത്തെ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ കേരളീയം സംഘടിപ്പിച്ചത്. ഇത്തരംമൊരു വേദിയില്‍ ആദിവാസി സമൂഹം മാത്രം പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ അവരോടുള്ള സമീപനം കൂടിയാണ് വ്യക്തമാകുന്നത്’-ഗീതാനന്ദന്‍ പറയുന്നു.
സര്‍ക്കാര്‍ പരിപാടികള്‍ക്ക് വേണ്ടി അച്ചടിക്കുന്ന പോസ്റ്ററുകളും ബാനറുകളും വരെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാകുന്നുണ്ട്. സമാനമായി മുഖ്യമന്ത്രി സന്ദര്‍ശിച്ച മറ്റൊരു പരിപാടിയുടെ കൂറ്റന്‍ കട്ട്ഔട്ടിന്റെ നിറം ആദ്യം കറുപ്പായിരുന്നു. പിന്നീടത് ചുവപ്പു നിറമാക്കി മാറ്റിയെന്ന ഒരു ഫേസ്ബുക്ക് കുറിപ്പ് ഞാന്‍ കണ്ടിരുന്നു. എല്ലാതലങ്ങളിലും സര്‍ക്കാരിന്റെ കൃത്യമായി നിരീക്ഷണം നടക്കുന്നുണ്ട്. അപ്പോള്‍ ഇതൊരു വീഴ്ച്ചയുടെ ഭാഗമോ, അബദ്ധം പിണഞ്ഞതോ, ശ്രദ്ധിക്കാതെ പോയതോ അല്ല. കൃത്യമായ വീക്ഷണമാണ് ഇവിടെ നടപ്പിലായത്. അതുകൊണ്ട് തന്നെയാണ് മാപ്പ് പറയണമെന്നും, നിര്‍മ്മിതി പൊളിച്ചു കളയണമെന്നും ആവശ്യപ്പെടുന്നതെന്നും എം. ഗീതാനന്ദന്‍ പറഞ്ഞു.
കേരളീയം വേദിയിലെ ഹ്യൂമന്‍ സൂ അടച്ചു പൂട്ടണമെന്ന ആവശ്യവുമായി ദളിത് ആദിവാസി വുമണ്‍ സിവില്‍ റൈറ്സ് കളക്ടീവും രംഗത്തെത്തിയിട്ടുണ്ട്. ചലച്ചിത്ര പ്രവര്‍ത്തക ലീല സന്തോഷ്, പണിയ സമുദായത്തില്‍ നിന്നുള്ള ആദ്യ എം.ബി.എ ബിരുദധാരി മണിക്കുട്ടന്‍ പണിയന്‍, മാധ്യമപ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നും വിമര്‍ശനം ശക്തമാണ്. ഈ വിഷയത്തില്‍ പ്രതികരണം ആരായാന്‍ മന്ത്രി കെ രാധാകൃഷ്ണനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.