UPDATES

മോദിയുടെ ഭരണനേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തുറക്കുന്നു നരേന്ദ്ര മോദി ഗാലറി

രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ മുതല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വരെ നീളുന്ന നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു

                       

നരേന്ദ്ര മോദിയുടെ നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ ‘ നരേന്ദ്ര മോദി ഗാലറി’ ഒരുക്കി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി സംഗ്രഹാല(നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി മോദി സര്‍ക്കാര്‍ പേരു മാറ്റിയതാണ് പ്രധാനമന്ത്രി സംഗ്രഹാലയ)യില്‍ ജനുവരി രണ്ടാം വാരത്തോടെ മോദി ഗാലറി സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. ജനുവരി അവസാനം അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ജനങ്ങളെ മോദി ഗാലറയില്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശം.

പ്രധാനമന്ത്രി സംഗ്രഹാലയയുടെ താഴയുള്ള നിലയില്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് സമര്‍പ്പിച്ചിരിക്കുന്ന ഗാലറിക്ക് തൊട്ടുപിന്നാലയാണ് മോദി ഗാലറി ഒരുക്കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളിലെ മോദിയുടെ പ്രധാന നേട്ടങ്ങളായിരിക്കും ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുക. ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, ‘സംസ്‌കൃതി’യുടെ ഭാഗമായുള്ള മറ്റ് ക്ഷേത്രങ്ങളുടെ പുനരുജ്ജീവനം, ശാസ്ത്ര സാങ്കേതിക വിദ്യ, വിദേശ നയം, ഡിജിറ്റല്‍ പേയ്മെന്റ് അടിസ്ഥാന സൗകര്യങ്ങള്‍, ഇന്ത്യയുടെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കല്‍, പ്രതിരോധ നിര്‍മാണം, ജനങ്ങളുടെ ക്ഷേമത്തിനായുള്ള ‘ഉജ്ജ്വല’ പോലുള്ള പദ്ധതികള്‍, കര്‍ഷകര്‍ക്കായുള്ള സംരംഭങ്ങള്‍ എന്നിവയാണ് പ്രധനമായും ഗാലറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2023 ഓഗസ്റ്റ് 15 വരെയുള്ള ‘ നേട്ടങ്ങള്‍’ ഗാലറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരുന്ന കാലത്ത് നടന്ന പ്രധാന സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് ഗാലറിയെ വിവിധ വിഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്നതെന്ന്” പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി (പിഎംഎംഎല്‍) എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ നൃപേന്ദ്ര മിശ്ര ഇന്ത്യന്‍ എക്സ്പ്രസിനോട് പറയുന്നു. രാമക്ഷേത്ര നിര്‍മാണ സമിതിയുടെ തലവന്‍ കൂടിയായ മിശ്ര 2014 മുതല്‍ 2019 വരെ മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാലറിയില്‍, ‘ബാല്യകാലം മുതല്‍ ഭരണം വരെ’ എന്നര്‍ത്ഥം വരുന്ന ‘ബാല്യ കാല്‍ സേ ശാസന്‍ തക്’ എന്ന പ്രത്യേക വിഭാഗമുണ്ട്. ഈ ഭാഗം മോദിയുടെ വഡ്നഗറിലെ ആദ്യകാല ജീവിതം മുതല്‍ ഗുജറാത്ത് മുഖ്യമന്ത്രി എന്ന പദവിയിലേക്കുള്ള യാത്രയെയാണ് അനാവരണം ചെയ്യുന്നത്. ഗുജറാത്തില്‍ സംസ്ഥാന തലത്തില്‍ താന്‍ പഠിക്കുകയും പരീക്ഷിക്കുകയും ചെയ്ത കാര്യങ്ങള്‍ പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോള്‍ വലിയ തോതില്‍ വിപുലമാക്കിയതും പ്രയോഗിച്ചതും എങ്ങനെയായിരുന്നുവെന്നാണ് ഇത് പ്രധാനമായും അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഭരണ മാതൃകയില്‍; ‘സുശാസന്‍’ ‘സദ്ഭാവ്’ തന്റെ വിദേശ നയത്തെക്കുറിച്ച്; തന്റെ വികസന മാതൃകയില്‍ ‘വികാസ്’; സാംസ്‌കാരിക പുനരുജ്ജീവനത്തെക്കുറിച്ച് ‘സംസ്‌കൃതി’; ജനപങ്കാളിത്തത്തെക്കുറിച്ചുള്ള ‘ജന്‍ഭാഗിദാരി’; പ്രതിരോധ ശേഷിയെക്കുറിച്ച് ‘സുരക്ഷ’; പാരിസ്ഥിതിക കാരണങ്ങളെക്കുറിച്ച് ‘പരിയാവരന്‍’; ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ ‘വിജ്ഞാനോദയ’ എന്നിവയാണ് മറ്റ് വിഭാഗങ്ങള്‍. വിവിധ തലങ്ങള്‍ക്ക് കീഴിലുള്ള ഇത്തരം വിവരണവും പ്രദര്‍ശനവും പ്രധാനമന്ത്രിയെ ഫലപ്രദമായ ആശയവിനിമയക്കാരനായി സ്ഥാപിക്കുന്നുവെന്ന് മ്യൂസിയം വൃത്തങ്ങള്‍ പറയുന്നു.

വിവരങ്ങള്‍ അവതരിപ്പിക്കുന്നത് മൂന്നു കാര്യങ്ങള്‍ ഉപയോഗിച്ചാണ്. ഉപയോഗിച്ച സാങ്കേതികവിദ്യ (ടെക്‌നോളജി), പറയുന്ന വിവരണം (സ്‌ക്രിപ്റ്റ് ), അത് എങ്ങനെ അവതരിപ്പിക്കുന്നു (ഡിസ്‌പ്ലേ ). വിഷ്വല്‍ ഡിസ്‌പ്ലേ, ചുവരിലെ ലളിതമായ ഫോട്ടോ മുതല്‍ ഹോളോഗ്രാം പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ വരെ അല്ലെങ്കില്‍ ഏറ്റവും പുതിയ 7ഡി സാങ്കേതികവിദ്യ വരെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പുതിയ വിമാനവാഹിനിക്കപ്പലുകള്‍, നാവികസേന, ആയുധങ്ങള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയുടെ പ്രതിരോധ ശേഷിയുടെ പ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ‘സുരക്ഷ’ വിഭാഗത്തില്‍ വിന്യസിച്ചിട്ടുണ്ടെന്ന് മിശ്ര പറയുന്നു. വികാസ് (വികസനം) ശാശ്വതമാക്കുന്നതിന് സുരക്ഷ (സുരക്ഷ) എങ്ങനെ പ്രധാനമാണെന്ന് ഇത് വളരെ വിശദമായി എടുത്തുകാണിക്കും,” അദ്ദേഹം പറഞ്ഞു. മിശ്ര പറയുന്നതനുസരിച്ച്, ഈ വിഭാഗത്തിന് സന്ദര്‍ശകര്‍ക്ക് ഒരു കപ്പലില്‍ കയറുന്ന അനുഭവം എട്ട് മിനിറ്റോളം ലഭിക്കും. കൂടാതെ 7ഡി സാങ്കേതികവിദ്യയിലൂടെ, ഇന്ത്യന്‍ വ്യോമസേന 2019 ലെ ബാലാകോട്ട് വ്യോമാക്രമണം ഉള്‍പ്പെടെയുള്ള അതിര്‍ത്തി കടന്നുള്ള ”അപൂര്‍വമായ” സംഭവങ്ങള്‍ അവര്‍ക്ക് അനുഭവിക്കാന്‍ കഴിയും. പൗരന്മാരുടെ ശാക്തീകരണത്തിലൂടെയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിലൂടെയും രാജ്യത്തിന്റെ വളര്‍ച്ചയുടെ പ്രധാന സഹായിയായി മോദിയെ അവതരിപ്പിക്കുക എന്നതാണ് മൊത്തത്തിലുള്ള സന്ദേശമെന്ന്, വൃത്തങ്ങള്‍ പറയുന്നു.

2022 ഏപ്രിലില്‍ മുന്‍ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി (എന്‍എംഎംഎല്‍) കാമ്പസില്‍ മോദി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിമാരുടെ മ്യൂസിയം പദ്ധതിയുടെ ഭാഗമായതിനാല്‍ മോദി ഗാലറിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉണ്ടാകില്ല. ജവഹര്‍ലാല്‍ നെഹ്റുവിന്റെ പൈതൃകം ഇല്ലാതാക്കാനുള്ള അജണ്ടയാണെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്‌കരിച്ചിരുന്നു. പുതിയ ഗാലറി സന്ദര്‍ശിക്കാന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനെ ക്ഷണിച്ചേക്കുമെന്നും അതിനുശേഷം അത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്നുമാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Share on

മറ്റുവാര്‍ത്തകള്‍