ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ അറസ്റ്റ് പ്രധാന തലക്കെട്ടാകുമ്പോള്‍, ഒപ്പം ചര്‍ച്ചയാകുന്ന പുസ്തകമാണ് അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ജോസി ജോസഫിന്റെ ‘കഴുകന്മാരുടെ വിരുന്ന്’(എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ്; ഹിഡന്‍ ബിസിനസ് ഓഫ് ഡെമോക്രസി ഇന്‍ ഇന്ത്യ-യുടെ മലയാളം പരിഭാഷ). ‘ അങ്ങേയറ്റം സ്വകാര്യമായ സ്വകാര്യമേഖല’ എന്ന രണ്ടാം ഭാഗത്തിലെ മൂന്ന് അധ്യയങ്ങളിലുടെ നരേഷ് ഗോയല്‍ എന്ന ജെറ്റ് എയര്‍വെയ്‌സ് ഉടമയായ ബിസിനസുകാരനെക്കുറിച്ചുള്ള സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകളുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ എയര്‍ലൈന്‍സ് കമ്പനി സ്ഥാപിച്ച മലയാളി തക്കിയുദ്ദീന്‍ വാഹിദിന്റെ ജീവിത കഥയും, അദ്ദേഹത്തിന്റെ കൊലപാതകവും, വ്യോമയേന രംഗത്തെ മത്സരവും ഇന്ത്യന്‍ രാഷ്ട്രീയവും ദാവൂദ് ഇബ്രാഹിമും ഛോട്ട രാജനുമൊക്കെ അടങ്ങുന്ന അധോലോകവും എല്ലാം ഒരു സിനിമക്കഥയെന്ന പോലെ അന്വേഷിച്ച് അവതരിപ്പിക്കുന്നതിനൊപ്പമാണ് നരേഷ് ഗോയലിന്റെ നിഗൂഢ വ്യാപരങ്ങളും ലോകത്തിന് മുന്നില്‍ തെളിയുന്നത്. ‘കഴുകന്മാരുടെ വിരുന്നില്‍ നിന്നുള്ള ചില ഭാഗങ്ങളാണ് അഴിമുഖം ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹിയില്‍ ഒരു ടിക്കറ്റ് വിതരണ സ്ഥാപനത്തിലെ സഹായിയായി പ്രൊഫഷണല്‍ ജീവിതം ആരംഭിച്ച നരേഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള കമ്പനിയായിരുന്നു ജെറ്റ് എയര്‍. 1970-കളില്‍ കമ്പനി ഗോയല്‍ പൂര്‍ണമായി ഏറ്റെടുത്തു. കുറിയ, നനുത്ത മീശയുള്ള, മുഖത്തൊട്ടിച്ചു വച്ചിരിക്കുന്നതു പോലെ എപ്പോഴും ചിരിക്കുന്ന, ഗോയല്‍ പില്‍ക്കാലത്ത് ഇന്ത്യന്‍ വ്യോമയാന മേഖലയിലെ ഒരു അതികായനായി വളര്‍ന്നു. പക്ഷേ, അക്കാലത്ത് ഏതാനും ചില ആഫ്രിക്കന്‍ എയര്‍ലൈന്‍സുകള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ ട്രാവല്‍ ഏജന്‍സി മാത്രമായിരുന്നു ജെറ്റ് എയര്‍.
1987ലെ ഒരു വേനല്‍ക്കാലത്ത് ഗോയല്‍, ഈസ്റ്റ് വെസ്റ്റിന്റെ ഓഫീസിലേക്ക് കയറിവന്നു. ജെറ്റ് എയര്‍ ജിഎസ്എ കരാര്‍ നേടിയിട്ട് അപ്പോഴേക്കും ഒരു വര്‍ഷം കഴിഞ്ഞിരുന്നു. അയാള്‍ തക്കിയുദ്ദീനെ അഭിവാദ്യം ചെയ്തു, ശേഷം കൈകള്‍ കൂപ്പിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: ‘ഗള്‍ഫ് എയര്‍ ജിഎസ്എ കിട്ടിയില്ലായിരുന്നു എങ്കില്‍ ഞാന്‍ തകര്‍ന്നു പോവുമായിരുന്നു’. ഗോയലിന്റെ വാക്കുകളില്‍ നിന്നും, ഗള്‍ഫ് എയര്‍ ജിഎസ്എയ്ക്ക് വേണ്ടി ഈസ്റ്റ് വെസ്റ്റ് പരിശ്രമിക്കുന്നത് അയാള്‍ക്ക് അറിയുമായിരുന്നില്ല. അത് നേടിയെടുക്കാന്‍ വേണ്ടി ഗോയല്‍ തന്റെ മുഴുവന്‍ സമ്പാദ്യവും ചെലവഴിക്കുകയും ചെയ്തു എന്നു തോന്നുമായിരുന്നു. പക്ഷേ, ജെറ്റ് എയര്‍ ഉടമ വൃത്തികെട്ട കളി കളിക്കുകയാണെന്നും ഗള്‍ഫ് എയര്‍ പ്രതിനിധിയും ആ ഗൂഡാലോചനയില്‍ പങ്കാളിയാണെന്നും തക്കിയുദ്ദീന് ബോധ്യപ്പെട്ടു.
കോര്‍പറേറ്റ് ഇന്ത്യയുടെ അക്കാല ചരിത്രത്തിലെ ഏറ്റവും വലിയ ശത്രുതകളിലൊന്നിന് അവിടെ തുടക്കം കുറിക്കുകയായിരുന്നു.
ഗള്‍ഫ് എയര്‍ തന്റെ പോക്കറ്റിലായതോടെ ഗോയലിന് പിന്നീടൊരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നില്ല. തൊട്ടു പിന്നാലെ കുവൈറ്റ് എയര്‍വേസിന്റെയും ജിഎസ്എ സ്വന്തമാക്കിയ ഗോയല്‍, പുതിയ പങ്കാളികളുമൊത്ത് ബിസിനസ് വിപുലീകരിച്ചു തുടങ്ങി.
ഇന്ത്യന്‍ ആകാശത്തിനു മേലുള്ള മത്സരവും ഇതിനിടെ കടുത്തു. 1993 മെയില്‍ നരേഷ് ഗോയലിന്റെ ജെറ്റ് എയര്‍വേസും സര്‍വീസ് ആരംഭിച്ചു. എന്നാല്‍, രാജ്യത്തെ ഏറ്റവും വിജയകരമായി മാറാന്‍ പോവുകയായിരുന്ന ആ എയര്‍ലൈന്‍സിന്റെ തുടക്കം അത്ര മംഗളകരമായിരുന്നില്ല. ആദ്യ പറക്കലില്‍ അവരുടെ ഒരു ബോയിംഗ് 737-300 വിമാനം തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ഇറങ്ങിയത് തെറ്റായ വ്യോമപാതയിലാണ്. ഈസ്റ്റ് വെസ്റ്റിന്റെ ബോയിംഗ് 737-200 വിമാനങ്ങളെ അപേക്ഷിച്ച് ജെറ്റിന്റെ 737-300 വിമാനങ്ങളുടെത് had low-hanging എഞ്ചിനുകളായതിനാല്‍ അവ അപകടത്തില്‍പ്പെടാനുള്ള സാധ്യതകളും കൂടുതലായിരുന്നു. ഗോയല്‍ പതിയെ ഈസ്റ്റ് വെസ്റ്റിലെ ജീവനക്കാരെ തന്റെ സ്ഥാപനത്തിലേക്ക് വലിക്കാന്‍ ആരംഭിച്ചു, ഒപ്പം അവരുടേതായ പല പദ്ധതികളും ജെറ്റിലും ആവിഷ്‌കരിച്ചു.
1994ലെ ആ വേനല്‍ക്കാലത്ത്, മുഖത്തെ പതിവ് ചിരിയുമായി നരേഷ് ഗോയല്‍ തക്കിയുദ്ദീനെ കാണാനായി വീണ്ടും എത്തി. തങ്ങള്‍ ഉപയോഗിക്കുന്ന ബോയിംഗ് 737-300 പരമ്പരയില്‍പ്പെട്ട വിമാനങ്ങളുടെ പ്രശ്‌നങ്ങളെയും അവയുടെ ലോ എഞ്ചിനുകളെ’യും കുറിച്ച് പരാതിപ്പെട്ട ഗോയല്‍, ഈസ്റ്റ് വെസ്റ്റ് ഉപയോഗിക്കുന്ന 737-200 പരമ്പരയില്‍പ്പെട്ട വിമാനങ്ങള്‍ വാങ്ങാന്‍ തങ്ങളും തീരുമാനിച്ചിട്ടുണ്ടെന്നു വ്യക്തമാക്കി. തങ്ങള്‍ പുതിയ ബോയിംഗ് 737-400 സീരീസില്‍പ്പെട്ട വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മലേഷ്യന്‍ എയര്‍ലൈന്‍സില്‍ നിന്ന് വളരെ പെട്ടെന്ന് അവ ലഭിക്കുമെന്നും തക്കിയുദ്ദീന്‍ ഗോയലിനോട് പറഞ്ഞു എന്നാണ് ഫൈസല്‍ പറയുന്നത്.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇതേ മൂന്ന് ബോയിംഗ് 737-400 വിമാനങ്ങള്‍ ഇന്ത്യയിലെത്തി- ജെറ്റ് എയര്‍വേസിന്റെതായി. ഇന്ത്യന്‍ വ്യോമയാന വിപണിയില്‍. ശരിക്കും നടുക്കമുണ്ടാക്കുന്ന ഒന്നായിരുന്നു ഇത്. ഏതാനും ആഴ്ചകള്‍ സര്‍വീസ് നടത്തിക്കഴിഞ്ഞപ്പോള്‍ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിന്റെ ചിറകുകളിലെ പെയിന്റ് അടര്‍ന്നിരിക്കുന്നതായി യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു, പുതിയ പെയിന്റിനടിയില്‍ ഈസ്റ്റ് വെസ്റ്റിന്റെ കളറുകള്‍ തെളിഞ്ഞു വന്നു. നരേഷ് ഗോയല്‍, താന്‍ നടത്തിയ അട്ടിമറിയില്‍ അഹങ്കാരമൊന്നും പ്രദര്‍ശിപ്പിച്ചില്ലെങ്കിലും ഈസ്റ്റ് വെസ്റ്റിനെ സംബന്ധിച്ചിടത്തോളം, അയാളുടെ നിഷ്‌കരുണമായ പ്രവര്‍ത്തി എവിടംവരെ പോകാം എന്നതിന്റെ രണ്ടാമത്തെ മുന്നറിയിപ്പായിരുന്നു അത്. ഈ കാര്യങ്ങള്‍ ശരിയാണെങ്കില്‍ പോലും ഒരാള്‍ക്കും പൂര്‍ണമായി ഗോയലിനെ കുറ്റപ്പെടുത്താന്‍ കഴിയുമായിരുന്നില്ല. കാരണം, ഇന്ത്യന്‍ ബ്യൂറോക്രസി എങ്ങനെയാണ് ഉപയോഗപ്പെടുത്തേണ്ടത് എന്നത് അയാളും മനസിലാക്കി വരികയായിരുന്നു.
1995 ജൂണില്‍ തക്കിയുദ്ദീന് അപ്രതീക്ഷിതമായി ഒരതിഥി എത്തി. ഇന്ത്യന്‍ വ്യോമയാന വിപണിയിലെ മികച്ച തലച്ചോറുകളിലൊന്നും നരേഷ് ഗോയലിന്റെ വിശ്വസ്തനുമായിരുന്ന മലയാളിയായ ദാമോദരന്‍ ആയിരുന്നു അത്. തനിക്ക് ഗോയലിനൊപ്പം ജോലി ചെയ്ത് മതിയായെന്നും ഇനി അവിടെ തുടരാന്‍ പറ്റില്ലെന്നും ഈസ്റ്റ് വെസ്റ്റില്‍ ചേരണമെന്നുമായിരുന്നു ദാമോദരന്‍ തക്കിയുദ്ദീനെ അറിയിച്ചത്. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ താന്‍ വിവരമറിയിക്കാം എന്ന് ഉറപ്പു നല്‍കി തക്കിയുദ്ദീന്‍ അയാളെ മടക്കി അയച്ചു. ഏതാനും ദിവസം കഴിഞ്ഞ്, തക്കിയുദ്ദീന്‍ തന്റെ ഓഫീസില്‍ തിരക്കു പിടിച്ച ജോലികളില്‍ മുഴുകിയിരിക്കുന്ന ഒരു വൈകുന്നേരം എഴുമണിക്ക് ഫോണ്‍ ബെല്ലടിച്ചു. നരേഷ് ഗോയലായിരുന്നു മറുവശത്ത്: ‘താക്കി, എന്റെ ആള്‍ എനിക്കൊപ്പം തന്നെ മടങ്ങിയെത്തി. ഒരു കാരണവശാലും എന്നോട് ഇനി ഇത്തരമൊരു കളിക്ക് നില്‍ക്കരുത്’. ഇരുകൂട്ടരും തമ്മിലുള്ള ശത്രുത അതിന്റെ പാരമ്യത്തിലെത്തി.
വീട്ടിലേക്ക് പോകുന്ന വഴി 1995 നവംബര്‍ 13-ന് തക്കിയുദ്ദീന്‍ വെടിയേറ്റു വീണു. തക്കിയുദ്ദീന്റെ മരണം ഈസ്റ്റ് വെസ്റ്റിനെ എല്ലാ അര്‍ത്ഥത്തിലും കുഴപ്പങ്ങളില്‍ എത്തിച്ചു. അടുത്ത രണ്ടു വര്‍ഷം കമ്പനി കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോവുകയും 1997-ല്‍ ആ പ്രതിസന്ധികള്‍ക്ക് അടിയറവ് പറയുകയും ചെയ്തു. തക്കിയുദ്ദീന്റെ കൊലപാതകത്തെ കുറിച്ചുള്ള പോലീസ് അന്വേഷണം രണ്ടു വര്‍ഷത്തോളം ഇഴഞ്ഞു നീങ്ങി. ബിസിനസ് ലോകത്തെ ശത്രുതയുടേയും അതിലെ ആശങ്കകളുടേയുമൊക്കെ കാര്യങ്ങള്‍ അന്വേഷണത്തിനിടയില്‍ ഉയര്‍ന്നു വന്നിരുന്നു. ഫൈസലിന്റെ ആ ചെറിയ സ്റ്റേറ്റ്മന്റില്‍ പോലും തന്റെ സഹോദരനും നരേഷ് ഗോയലുമായി വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തെക്കറിച്ചുള്ള വ്യക്തമായ സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ സാധ്യതകളൊക്കെ തന്നെ മുംബൈ പോലീസ് അപ്പാടെ അവഗണിച്ചു കളഞ്ഞു.പോലീസ് ഈ കേസില്‍ അന്വേഷണം അവസാനിപ്പിച്ചത് ശരിയായ നിഗമനത്തിലല്ല എന്ന്, പിന്നീട് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ തെളിയിച്ചു. ഈസ്റ്റ് വെസ്റ്റിന് തിരശീല വീണതോടെ ജെറ്റ് എയര്‍വേസിന്റെ ഭാഗ്യം കുതിച്ചുയര്‍ന്നു തുടങ്ങി.
ഏതെങ്കിലും വിധത്തിലുള്ള കുടുംബ സ്വാധീനശേഷിയോ സാമ്പത്തിക, രാഷ്ട്രീയ, വിദ്യാഭ്യാസ പിന്‍ബലമോ ഇല്ലാത്ത, ചെറുപ്പക്കാരനും അത്യധ്വാനിയുമായ പഞ്ചാബില്‍ നിന്നുള്ള ഗോയലിന്റെ ജീവിതം ഇതുപോലെ തന്നെ നാടകീയതകള്‍ നിറഞ്ഞതാണ്. വിവാദപുരുഷനായി നിലനില്‍ക്കുമ്പോള്‍ തന്നെ അത്ഭുതപ്പെടുത്തുകയും ചിലപ്പോള്‍ രോഷം കൊള്ളിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് അയാളുടേത്. പക്ഷേ, ഇന്നത്തെ കാലത്തെ ഇന്ത്യയുടെ പ്രതിബിംബമാണ് ഗോയല്‍.
2002-ല്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ ജോയിന്റ് ഡയറക്ടര്‍ അന്‍ജാന്‍ ഘോഷ് എഴുതിയ ഒരു കത്തിനെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രക്ഷുബ്ധരായിരുന്നു. ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി സംഗീതാ ഗെയ്രോളയ്ക്കുള്ള ഒരു പേജുള്ള ഘോഷിന്റെ കുറിപ്പില്‍ പറഞ്ഞിരുന്നത്, ‘നരേഷ് ഗോയലും അധോലോക നായകരായ ഛോട്ടാ ഷക്കീലും ദാവൂദ് ഇബ്രാഹിമുമായി പണമിടപാടുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിന് നിരന്തരം
ബന്ധപ്പെടുന്നുണ്ട് എന്ന് ഐബി സ്ഥിരീകരിച്ചിട്ടുണ്ട് ‘എന്നായിരുന്നു. ‘ഗോയലിന്റെ നിക്ഷേപത്തില്‍ അധോലോക സംഘങ്ങളുടെ, പ്രത്യേകിച്ച് ദാവൂദിന്റെയും ചോട്ടാ ഷക്കീലിന്റെയും സഹായത്തോടു കൂടി ശേഖരിച്ച പണവുമുണ്ട് എന്ന കാര്യത്തില്‍ ശക്തമായ സംശയവുമുണ്ട്’ എന്നു കത്തില്‍ പറയുന്നു.
ഗള്‍ഫ് ഷെയ്ക്കുമാരില്‍ നിന്ന് ഉത്ഭവിക്കുന്ന നിഗൂഢമായ നിക്ഷേപങ്ങള്‍ ഗോയലിനും ജെറ്റ് എയര്‍വേസിനും സ്ഥിരമായി ലഭിച്ചുകൊണ്ടിരിക്കുന്നു എന്ന ആരോപണവും ഘോഷ് ഈ കത്തില്‍ ഉന്നയിച്ചിരുന്നു. ‘ഷെയ്ക്കുമാരുമായുള്ള നരേഷ് ഗോയലിന്റെ ചങ്ങാത്തവും വളരെ അടുത്ത ബിസിനസ് ബന്ധങ്ങളും രണ്ടു ദശകത്തിലേറെയായി അറിയപ്പെടുന്നതാണ്. ഈ ബന്ധങ്ങള്‍ മുന്‍നിര്‍ത്തി നേരിട്ടുള്ള നിക്ഷേപങ്ങള്‍ സ്ഥിരമായി വരുന്നുണ്ട് എന്നതുപോലെ, കളങ്കിതമായ മാര്‍ഗത്തിലൂടെ സമ്പാദിച്ചിട്ടുള്ള ധാരാളം പണം ഇന്ത്യയില്‍ തന്നെ ബിസിനസിന്റെ മറവില്‍ വെളുപ്പിച്ചെടുക്കുന്നുമുണ്ട്. കള്ളക്കടത്ത്, അന്യായമായി പിടിച്ചു പറിക്കല്‍ തുടങ്ങിയ അവിഹിത മാര്‍ഗത്തിലൂടെ ഉണ്ടാക്കിയിട്ടുള്ള പണമാണ് ഇതില്‍ കൂടുതലും’, കത്തില്‍ പറയുന്നു. 2001 ഡിസംബര്‍ 12നുള്ള ഈ കത്ത് പൊടുന്നനെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും അത് വലിയ ബഹളത്തിന് ഇടയാക്കുകയും ചെയ്തു.
ദാവൂദുമായും ഷക്കീലുമായും ഗോയല്‍ ടെലിഫോണില്‍ സംസാരിച്ചത് തങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്നും ഐബി തലവന്‍ കെ പി സിംഗും ഷോഷും ഉപപ്രധാനമന്ത്രിയും അഭ്യന്തരമന്ത്രിയുമായ എല്‍ കെ അദ്വാനിയെ അറിയിച്ചു. ജെറ്റ് എയര്‍വെയ്‌സിനെതിരേ ശക്തമായ നടപടി വരുമെന്ന് പലരും കരുതിയെങ്കിലും ഒന്നും ഉണ്ടായില്ല (2014-ല്‍ ജെറ്റ് എയര്‍വേസ് അനുദിനം പുഷ്ടിപ്പെടുന്ന അന്താരാഷ്ട്ര വിമാനക്കമ്പനിയായി മാറിയിരുന്നു. നരേഷ് ഗോയല്‍ രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയുമൊക്കെ പ്രിയപ്പെട്ടയാളും; ആ കാലത്ത് പ്രബലനും കരുത്തനുമായിരുന്ന അദ്വാനിയാകട്ടെ, തന്റെ നിഴല്‍ മാത്രമായും കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യരിലൊരാളായ നരേന്ദ്ര മോദി അപ്പോഴേക്കും ബിജെപിയിലെ പ്രമുഖ മുഖമായി മാറുകയും പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു).
മൂന്നു വര്‍ഷത്തിനു ശേഷം ഇന്റലിജന്‍സ് ബ്യൂറോ തലവന്‍ കെ.പി സിംഗ് ഈ വിഷയത്തില്‍ അസാധാരണമായ ഒരു ട്വിസ്റ്റ്’ നല്‍കി. ജെറ്റ് എയര്‍വേസിന് സുരക്ഷാ അനുമതി നല്‍കുന്നത് തന്റെ ഏജന്‍സി മുമ്പ് അംഗീകരിച്ചതാണെന്നും, ‘ ആ സമയത്ത് എയര്‍ലൈന്‍സിനെ സംബന്ധിച്ചോ അതിലെ ഡയറക്ടര്‍മാരെ സംബന്ധിച്ചോ ഐബിയുടേയോ റോയുടേയോ രേഖകളില്‍ സംശയിക്കത്തക്കതായ ഒന്നുമില്ല’ എന്നതിനാലാണ് അതെന്നും അദ്ദേഹം അവകാശപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിന് കെ.പി സിംഗ് എഴുതി: ‘ജെറ്റ് എയര്‍വേസിനെ സംബന്ധിച്ചോ അതിന്റെ ഉടമസ്ഥന്‍ നരേഷ് ഗോയലിനെ സംബന്ധിച്ചോ, റോയില്‍ നിന്നും മറ്റ് സോഴ്‌സുകളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുള്ള വിവരങ്ങള്‍, എയര്‍ലൈന്‍സിന് മുമ്പ് നല്‍കിയ അനുമതി പിന്‍വലിക്കുന്നതിനെ ന്യായീകരിക്കാന്‍ ഉതകുന്നതല്ല’. ജെറ്റ് എയര്‍വേസിന് ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം സംബന്ധിച്ചും അതിന്റെ നിഗൂഡമായ ഫണ്ടിംഗ് സംബന്ധിച്ചുമുള്ള ഇന്റലിജന്‍സ് അന്വേഷണം അതോടെ അവസാനിച്ചു.
സുരക്ഷാ ഏജന്‍സികളിലെ കുറെയധികം ഉദ്യോഗസ്ഥര്‍ അവരുടെ പ്രൊഫഷണല്‍ കരിയറിലെ നല്ലൊരു ഭാഗം നരേഷ് ഗോയലിന്റെ പിന്നാലെ തന്നെ ചെലവഴിച്ചിരുന്നു. ആ അന്വേഷണങ്ങളൊക്കെയും അയാളുടെ ബിസിനസിന്റെ ഉത്ഭവം, നിഗൂഡമായ ബിസിനസ് കരാറുകള്‍, മിക്ക രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ള അയാളുടെ സുഹൃത് വൃന്ദം, ഒപ്പം അധോലോക ബന്ധം സംബന്ധിച്ചുമായിരുന്നു. ഓരോ സര്‍ക്കാരുകള്‍ മാറി വരുമ്പോഴും ഈ ഉദ്യോഗസ്ഥര്‍ കരുതിയത് കര്‍ശനമായ നടപടി തന്നെ സ്വീകരിക്കുമെന്നാണ്. എന്നാല്‍ നരേഷ് ഗോയല്‍ തുടര്‍ന്നും പടര്‍ന്നു പന്തലിച്ചു.
കെ.പി സിംഗ്, തന്റെ കുറിപ്പില്‍ വസ്തുതകളൊന്നും ഒഴിവാക്കിയിരുന്നില്ല. ഗോയലിനെ കുറ്റവിമുക്തനാക്കുന്നതിനു മുമ്പ് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘ജെറ്റ് എയര്‍വേസ് ഉടമസ്ഥന്‍ തന്റെ സമ്പത്തുണ്ടാക്കിയത് കള്ളക്കടത്തിലൂടെയും മറ്റ് അനധികൃത ഇടപാടുകളിലൂടെയുമാണ് എന്നാണ് കാണപ്പെടുന്നത്. എയര്‍ലൈന്‍സിന്റെ കാര്യത്തില്‍ വിദേശ വിനിമയ നിയന്ത്രണ ചട്ടത്തിന്റെ ലംഘനം ഉണ്ടോ എന്ന അന്വേഷണവും നടന്നിട്ടുണ്ടാവാന്‍ വഴിയുണ്ട്’ എന്നാണ്.
‘യൂണിയന്‍ നേതാക്കളെ വിലയ്ക്ക് വാങ്ങിക്കുക, രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിക്കുക പോലുള്ള, എതിരാളികളായ വ്യോമയാന കമ്പനികളെ തകര്‍ക്കുന്നതിന് നീതിയുക്തമല്ലാത്ത പല കാര്യങ്ങളും ഗോയല്‍ ചെയ്തിട്ടുണ്ടാകാമെന്ന് മുമ്പ് ആരോപണം നേരിട്ടുണ്ട്. അത്തരം കാര്യങ്ങള്‍, പക്ഷേ, അങ്ങേയറ്റം മത്സരബുദ്ധിയുള്ള ബിസിനസില്‍ അത്രകണ്ട് അസാധാരണമല്ല എന്നതു കൊണ്ടും, അത്തരം കാര്യങ്ങള്‍ അയാളുടെ പ്രൊഫഷണല്‍ അധാര്‍മികതയെ പ്രതിഫലിപ്പിക്കുന്നതാണ് എന്നതു കൊണ്ട്, അത് ദേശീയ സുരക്ഷയെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന കാര്യമല്ല എന്നും സിംഗ് തന്റെ കുറിപ്പില്‍ പറയുന്നു.
ഗോയലിന്, ദാവൂദ് സംഘവുമായുള്ള ബന്ധം സംബന്ധിച്ച് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ വിവരങ്ങളെക്കുറിച്ചും സിംഗ് പരാമര്‍ശിക്കുന്നുണ്ട്. ആ വിവരങ്ങള്‍ കേവലം റോയില്‍ നിന്ന് സ്വീകരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്ളതാണെന്നും, എന്നാല്‍ ‘ഗോയല്‍ സമ്പത്തുണ്ടാക്കിയത് കള്ളക്കടത്തിലൂടെയും മറ്റ് അനധികൃത മാര്‍ഗങ്ങളിലൂടെയുമാണെന്നും , ഇതിനകം നല്‍കിയിട്ടുള്ള വിവരങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ ഏജന്‍സി അറിയിച്ചിട്ടുള്ളതാണെന്നും സിംഗിന്റെ കുറിപ്പില്‍ തുടര്‍ന്നു പറയുന്നു. തന്റെ സ്വന്തം ഏജന്‍സിയായ ഐബി, ദാവൂദ് സംഘവും ഗോയലും തമ്മില്‍ നടന്നിട്ടുള്ള സംഭാഷണങ്ങള്‍ ചോര്‍ത്തിയിട്ടുള്ളതിനെ കുറിച്ച് സിംഗ് പരാമര്‍ശിച്ചതേയില്ല; ആ ചോര്‍ത്തിയ വിവരങ്ങള്‍ തന്റെ ഏജന്‍സി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതാണ് എന്ന കാര്യവും.
അത്ഭുതകരമെന്നു പറയട്ടെ, ആഭ്യന്തര മന്ത്രാലയം പ്രത്യകിച്ച് അദ്വാനി ഇക്കാര്യത്തില്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല. അതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ എഴുന്നേറ്റു നിന്ന് എല്ലാ വിധത്തിലുമുള്ള നടപടികള്‍ ഉണ്ടാകുമെന്ന് അംഗങ്ങള്‍ക്ക് ഉറപ്പു നല്‍കിയത്.