അതിവൈകാരികമായി കാര്യങ്ങളെ സമീപിക്കുന്നവരാണ് തമിഴന്‍. അവന്റെ ഓരോ പ്രവര്‍ത്തിയിലും ഈ വൈകാരികതയുടെ ദ്രാവിഡോര്‍ജ്ജം നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഏതൊരു തമിഴ് സിനിമയെടുത്ത് നോക്കിയാലും ഒരു ഡയലോഗില്‍, അല്ലെങ്കില്‍ പാട്ടിലെ ഒരു വരിയില്‍ തമിഴ് മണ്ണിനെയും തമിഴ് മക്കളെയും കുറിച്ച് പ്രതിപാദിക്കുന്നുണ്ടാവും. വെള്ളിത്തിരയില്‍ തങ്ങളെ നോക്കി, ഉടല്‍ മണ്ണുക്ക്, ഉയിര്‍ തമിഴര്‍ക്ക് എന്നുപാടുന്ന നായകന്‍/നായിക; പ്രേക്ഷകരിലേക്ക്(തമിഴരിലേക്ക്) പകര്‍ത്തിവിടുന്നത് ഈ വൈകാരികതയാണ്. അവര്‍ക്കറിയാം ഇന്നത്തെ നിക്ഷേപം നാളെ തങ്ങളെ തുണയ്ക്കുമെന്ന്. കാരണം തമിഴ് സിനിമയിലെ പ്രമുഖരെല്ലാം തങ്ങളുടെ ജീവിതത്തിന്റെ രണ്ടാം പകുതി ആടുന്നത് രാഷ്ട്രീയത്തിലാണ്.
മരത്തൂര്‍ ഗോപാലന്‍ രാമചന്ദ്രന്‍ എന്ന മലയാളിക്ക് മൂന്നുവട്ടക്കാലം തമിഴ്നാട് ഭരിക്കാന്‍ വഴിയൊരുക്കിയത് സിനിമയല്ലാതെ മറ്റെന്താണ്? ഒരു ഇതര നാട്ടുകാരന്‍ ദ്രാവിഡരാഷ്ട്രീയം പറയുന്നതിലെ പൊരുത്തക്കേടുകള്‍ അന്വേഷിക്കാതെ തങ്ങളുടെ തലൈവരെ തലയിലേറ്റാനായിരുന്നു തമിഴ് മക്കള്‍ ഉത്സാഹിച്ചത്. എംജിആര്‍ സിനിമയിലൂടെ തമിഴരുടെ മനസ്സില്‍ അത്രമേല്‍ പാശം നിക്ഷേപിച്ചിരുന്നു. സിനിമയില്‍ എംജിആറിന്റെ നായികയായി തിളങ്ങിയ ജയലളിത എന്ന സുന്ദരിയെ തമിഴ് മക്കള്‍ സ്നേഹിക്കാന്‍ കാരണവും ഇതുതന്നെ. പുരട്ചി തലൈവന്റെ സിനിമ നായിക തമിഴന് തന്റെ പുരട്ചി തലൈവി ആയതിന്റെ രാഷ്ട്രീയവും മറ്റൊന്നായിരുന്നില്ല. അഭിനയിക്കാന്‍ ഏറെയുള്ളത് സിനിമയിലല്ല, രാഷ്ട്രീയത്തിലാണെന്ന തിരിച്ചറിവും അതിനുള്ള കഴിവും മാത്രം മതി ദ്രാവിഡമണ്ണിന്റെ അധികാരം നേടാന്‍ എന്ന ബോധ്യം ജയലളിതയെന്ന പെണ്‍കുട്ടിക്ക് ലഭിച്ചതും സിനിമയില്‍ നിന്നുതന്നെ.
എംജിആറിന്റെ കാര്യത്തിലെന്നപോലെ ദ്രാവിഡ രാഷ്ട്രീയം പറയാന്‍ ജയലളിതയായി മാറിയ കോമളവല്ലിയെന്ന അയ്യങ്കാരു പെണ്ണിന് എന്ത് അവകാശമെന്നും തമിഴ് മക്കള്‍ ചിന്തിച്ചിരുന്നില്ല. കാരണം ആ സുന്ദരി അത്രമേല്‍ അവരുടെ മനസ്സിനെ കീഴ്പ്പെടുത്തിയിരുന്നു. അവളുടെ ശരീരവും ശാരീരവും അവന്റെ സ്വപ്നങ്ങളുടെ നിയന്ത്രണം കൈക്കലാക്കിയിരുന്നു. പോരാത്തതിന് തങ്ങളുടെ തലൈവരുടെ നായികയും. ഇതിനെല്ലാമപ്പുറം എന്ത് യുക്തിയാണു വേണ്ടത്? തൊലിചുളിയാന്‍ തുടങ്ങിയശേഷമായിരുന്നില്ല അവര്‍ വെള്ളിത്തിരവിടാന്‍ തീരുമാനിച്ചത്. കാറ്റിന്റെ ഗതി മനസ്സിലാക്കികൊണ്ടുതന്നെ ജയ 1980ല്‍ എ ഐ എ ഡി എം കെയില്‍ അംഗമായി. കൈപിടിച്ചു കയറ്റിയത് സാക്ഷാല്‍ എംജിആര്‍. തട്ടകം മാറിയെത്തിയപ്പോഴാണ് ഒരു കാര്യം ജയലളിതയ്ക്ക് മനസ്സിലായത്. സിനിമയില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല രാഷ്ട്രീയം; രണ്ടിടത്തും വില്ലന്‍മാരുണ്ട്, സംഘട്ടനങ്ങളുണ്ട്. എംജിആറിന്റെ നോമിനി ആയതുകൊണ്ട് മാത്രം ജയലളതിയ്ക്ക് പലതും തരണം ചെയ്യാന്‍ പറ്റി. പക്ഷെ, അദ്ദേഹത്തിന്റെ മരണത്തോടെ ശത്രുക്കള്‍ സംഘമായി ആ സ്ത്രീയെ ആക്രമിച്ചു പുറത്തുചാടിച്ചു. അവിടം മുതലാണ്, കാലം ജയലളിത എന്ന സ്ത്രീയെ അംഗീകരിച്ചുപോകുന്ന മനഃസ്ഥൈര്യം അവര്‍ പ്രകടിപ്പിച്ചു തുടങ്ങുന്നത്. ഒരുപക്ഷേ വെട്ടിമാറ്റപ്പെട്ട റീലുപോലെ വലിച്ചെറിയപ്പെടുമായിരുന്നൊരു ജീവിതം, തിരികെ പിടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞത് മനസ്സിന്റെ ബലം ഒന്നുകൊണ്ടുമാത്രമാണ്.
അണ്ണാഡിഎംകെയിലേക്ക് അവരുടെ പിന്നീടുള്ള തിരിച്ചുവരവും ആ പാര്‍ട്ടിയുടെ ഛത്രപതിയായി മാറുന്നതുമെല്ലാം ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. പടനായികയായി മാറിയ ജയ തന്റെ മുന്‍കാല അനുഭവങ്ങളില്‍ നിന്ന് ഏറെ പഠിച്ചിരുന്നു. തന്റെ സാമ്രാജ്യത്തില്‍ തനിക്കൊപ്പം ആരും വേണ്ട എന്ന നിര്‍ണയമാണ് അവര്‍ ആദ്യം കൈക്കൊണ്ടത്. ഒരു മണ്‍തരിയുടെ എതിര്‍പ്പുപോലും പാളയത്തില്‍ നിന്ന് തനിക്കെതിരെ ഉയരരുതെന്ന് അവര്‍ ശഠിച്ചു. ആ ശാഠ്യം തന്നെയായിരുന്നു ജയലളിതയുടെ വിജയവും. ഏത് ചക്രവര്‍ത്തിയുടെയും പതനം തുടങ്ങുന്നത് തന്റെ പിന്‍ഗാമിയില്‍ നിന്നാണെന്നതിന് എത്രയോ സാക്ഷ്യങ്ങളുണ്ട്. ജയയുടെ ജീവിതവൈരിയായ മുത്തുവേല്‍ കരുണാനിധി അവസാനകാലത്ത് മനമെരിഞ്ഞ് ജീവിക്കേണ്ടി വന്നതിനു കാരണവും പിന്‍ഗാമികളുടെ പോരിലാണ്. ആ ഗതി തനിക്ക് വരരുതെന്ന് ജയ ഉറപ്പിച്ചിരുന്നു. അവരെ ഒരിക്കല്‍ തെരുവില്‍ വലിച്ചിഴച്ചതും അധികാരത്തിന്റെ ചെങ്കോല്‍ ആരു കൈയാളും എന്ന തര്‍ക്കത്തിന്റെ പേരിലായിരുന്നല്ലോ. അഴിമതി കേസില്‍ നാലുവര്‍ഷത്തെ ജയില്‍ ശിക്ഷയേല്‍ക്കേണ്ടി വന്നപ്പോഴും പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായി ഒരാളെ നിയോഗിക്കാനെ അവര്‍ തയ്യാറായുള്ളൂ. തന്റെ പിന്‍ഗാമി എന്ന നിലയില്‍ ഒരുത്തനെയും അരിയിട്ടിരുത്താന്‍ തലൈവി തയ്യാറായില്ല. മരിക്കും വരെ. അതാണു ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രത്യേകത.
ജയലളിതയില്ലാതാകുമ്പോഴും എഐഎഡിഎംകെ എന്ന പാര്‍ട്ടി ബാക്കിയുണ്ട്. പക്ഷേ, എത്രനാള്‍ ഇതേ പോലെയുണ്ടാകും? എംജിആറിനുശേഷം ഈ പാര്‍ട്ടി ഉണ്ടാവില്ലെന്നായിരുന്നു പ്രവചനം. ജയലളിത ഉണ്ടായിരുന്നില്ലെങ്കില്‍ ആ പ്രവചനം സത്യമാകുമായിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ ജയയില്ലാത്ത പാര്‍ട്ടി എത്രനാള്‍ പിടിച്ചു നില്‍ക്കുമെന്ന് സംശയമാണ്. ജയ ഒരു വന്‍മരമായിരുന്നു.
ജയ പോയതോടെ എ ഐ എഡി എം കെയ്ക്ക് യാദവകുലത്തിനുണ്ടായ അതേ ദുര്യോഗം വന്നു ഭവിച്ചിരിക്കുകയാണ്. പൂര്‍ണമായി മുങ്ങിപ്പോയിട്ടില്ലെന്നു മാത്രം. ഡിഎംകെ ഇപ്പോള്‍ അജയ്യരാണ്. അണ്ണാ അറിവാലയത്തില്‍ നിന്നും ചാണക്യന്‍ ഒഴിഞ്ഞാല്‍ പിന്നെ ഡിഎംകെ ഉണ്ടോ എന്ന ചോദ്യത്തിന് സ്റ്റാലിന്‍ ശക്തമായ മറുപടിയായി മാറി. അതേസമയം ജയയില്ലാത്ത എ ഐ ഡി എം കെയെ ജനങ്ങളും അകറ്റി നിര്‍ത്തിയിരിക്കുകയാണ്. ജയ എന്ന വിശ്വാസം തമിഴ് മക്കള്‍ക്കിടയില്‍ നിന്നും പോകും വരെ എഡിഎംകെ ചിത്രത്തില്‍ നിന്നും മായുകയുമില്ല. ഒന്നും അത്രപെട്ടെന്നു മറക്കുന്നവരല്ല തമിഴര്‍. പക്ഷേ ആ ജനങ്ങളെ ജയയോളം വിശ്വാസത്തില്‍ നിലനിര്‍ത്തികൊണ്ടുപോകാന്‍ ഇപ്പോള്‍ ഉള്ള നേതാക്കന്മാര്‍ക്ക് കഴിയുന്നില്ല. കാരണം അവരെല്ലാം വെറും രാഷ്ട്രീയക്കാര്‍ മാത്രമായാണ് ജനങ്ങള്‍ക്കു മുന്നിലുള്ളത്. മക്കള്‍ മനസില്‍ അവര്‍ക്ക് ആഴത്തില്‍ സ്ഥാനമുണ്ടെന്നു കരുതാനാവില്ല. എംജിആര്‍, കരുണാനിധി, ജയലളിത എന്നിവരൊക്കെ മക്കള്‍ മനസില്‍ കൂടുകൂട്ടിയ വഴി വേറെയാണ്.
സുന്ദരിയായ നായികയോടുള്ള ആരാധാന, അതിനു പിന്നാലെ വെറുപ്പ്, പിന്നെ സഹതാപം, വീണ്ടും ഇഷ്ടം, ഒടുവില്‍ ഭക്തി… ജയലളിതയോടുള്ള തമിഴന്റെ വൈകാരിക സമീപനം ഈ വിധമായിരുന്നു. ഒരു സിനിമ താരമെന്ന നിലയിലും എംജിആറിന്റെ കൂട്ടുകാരിയെന്ന നിലയിലും രാഷ്ട്രീയക്കാരിയെന്ന നിലയിലും പിന്നീട് ഭരണാധികാരിയെന്ന നിലയിലും വ്യത്യസ്തമായ വൈകാരികബന്ധമായിരുന്നു ജയയും ജനവും തമ്മില്‍ ഉണ്ടായിരുന്നത്. പൂമേടയില്‍ കഴിഞ്ഞതിന്റെയും പൊരിവെയിലിലേക്ക് ഇറക്കി വിടപ്പെട്ടതിന്റെയും കണ്ണീരിന്റെയും അപമാനത്തിന്റെയും വിജയത്തിന്റെയും അധികാരത്തിന്റെയുമെല്ലം കയ്പ്പും മധുരവും കുടിച്ചു വന്ന ഒരു പെണ്ണാണവര്‍. വീട്ടാനുള്ള പകയെല്ലാം അവര്‍ വീട്ടിയിരുന്നു. തമിഴ്നാട്ടില്‍ അവരോളം ഏകാധിപത്യസ്വഭാവം ഉണ്ടായിരുന്ന ഒരു ഭരണാധികാരിയും വേറെയില്ല. ഒരു കാമരാജിനോളം ചേര്‍ത്തു നിര്‍ത്താനുള്ള ഗുണം ഒരിക്കലുമില്ലാത്ത മുഖ്യമന്ത്രി, അമ്മ എന്നു ജനം വിളിക്കുമ്പോഴും അവരില്‍ നിന്നും കൃത്യമായ അകലം പാലിച്ച രാഷട്രീയക്കാരി… ഇതൊക്കെയായിട്ടും ജയയോളം ജനപ്രീതി മറ്റൊരു ദ്രാവിഡ നേതാവിനുണ്ടോയെന്ന് സംശയം.
ജനത്തിന്റെ നികുതി പണം കൊണ്ടു തന്നെയാണെങ്കിലും ജനോപകാരപ്രദമായ പലതും അവര്‍ തമിഴ്നാട്ടില്‍ ചെയ്തിരുന്നു. ഉപ്പു മുതല്‍ സിമന്റ് വരെ അമ്മയുടെ പേരില്‍ ഇറക്കി. നമ്മള്‍ മലയാളിക്കിത് പരിഹാസ്യമായ നടപടികളാണെങ്കിലും അവരുടെ ചെയ്തികള്‍ ജനങ്ങള്‍ക്ക് ഗുണം ചെയ്തിരുന്നു. തെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ അമ്മാവെ തമിഴ് മക്കള്‍ കൈവിടാതിരുന്നതും അതു തന്നെ. അതിന് ആദ്യം പറഞ്ഞ അതേ വൈകാരികത തന്നെ കാരണം. ആയുധധാരിയായ വില്ലന്റെ മുന്നില്‍ നില്‍ക്കുന്ന സൂപ്പര്‍ സ്റ്റാറിന് കത്തിയെറിഞ്ഞുകൊടുക്കുന്നതിലെ അതേ ആവേശം തന്നെ തങ്ങളുടെ നേതാവ് മരിച്ചെന്നറിയുമ്പോള്‍ തീയില്‍ കുളിക്കാനും അവര്‍ കാണിക്കുന്നു. മലയാളി ജന്മസിദ്ധമെന്ന് അഹങ്കരിക്കുന്ന ബൗദ്ധികബോധം തമിഴനെ സംബന്ധിച്ച് വൈകാരികബോധം ആണെന്നതു തന്നെ കാരണം. തമിഴന്റെ സനേഹം വാവുകാലത്തെ കടല്‍പോലെയാണ്. അതു ശാന്തമല്ല, ഭയപ്പെടുത്തുന്നൊരു ആവേശമാണതില്‍. എന്നാല്‍ ഇവിടെ മലയാളത്തില്‍ ഒരു നടന്‍ ‘എന്തോ എല്ലാവര്‍ക്കും എന്നെ ഇഷ്ടമാണെന്നു’ പറയുമ്പോള്‍ കൂക്കി വിളിയാണു മറുപടി. മലയാളിയുടെ ഇഷ്ടവും ആരാധനയുമെല്ലാം പൈപ്പുവെള്ളം പോലെയാണ്. അവനിലാണ് പൂര്‍ണനിയന്ത്രണം. എപ്പോള്‍ വേണമെങ്കിലും നിര്‍ത്താനും തുറക്കാനുമുളള സ്വാതന്ത്ര്യം. അവനവനോളം മറ്റാരെയും സനേഹിക്കാനറിയാത്തവനു വൈകാരികത എന്നത് തമാശയാണ്. ചെരുപ്പിടാത്ത, കുളിക്കാത്ത, പരിസരം നോക്കാതെ കരയുകയും ചിരിക്കുകയും ഒച്ചയിടുകയും ചെയ്യുന്ന പാണ്ടിയെപ്പോലെയല്ല മലയാളിയെന്നു ഊറ്റം കൊള്ളുന്നവര്‍ക്കിടയില്‍ നിന്നും ഒരിക്കലും ഒരു എംജിആറോ, ജയലളിതയോ കരുണാനിധിയോ ഉണ്ടാകില്ല. കോണ്‍ഗ്രസ് ആസ്ഥാനത്ത് ഒരു മൂലയില്‍ മാറി വെയിലും കൊണ്ടിരുന്ന ഒരു മനുഷ്യന്റെ ചിത്രം ഇപ്പോഴും ചില നേതാക്കന്മാരുടെ മനസില്‍ ഉണ്ട്. ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ആ മനുഷ്യന്റെ പേര് പ്രേം നസീര്‍ എന്നായിരുന്നു. പിന്നെയും എത്രയോ പേര്‍ അതുപോലെ…ഇപ്പോള്‍ ചില സിനിമ നടന്മാര്‍ എംപിയും എംഎല്‍എയുമൊക്കെ ആയിട്ടുണ്ടെങ്കില്‍, അതൊന്നും വോട്ട് ചെയ്തവന്റെ വൈകാരിക ബന്ധത്തിന്റെ കണക്കില്‍ പറയാന്‍ കഴിയില്ല. സിനിമ വേറെ രാഷ്ട്രീയം വേറെ എന്നു പറയുന്നവനാണ് മലയാളി. അല്ലെങ്കില്‍ അതാണു മലയാളിയുടെ ബൗദ്ധികത.
ജയലളിത മരിച്ചപ്പോള്‍, അന്ന് ആദരസൂചകമായി സംസ്ഥാനത്ത് പൊതു അവധി പ്രഖ്യപിച്ചതറിഞ്ഞ് ആഹ്ലാദത്തോടെ പാതിവഴിയില്‍ ട്രെയിനിറങ്ങി തിരികെ വീട്ടിലേക്കു പോയ ബൗദ്ധിക മലയാളിയുടെ ഒരാളുടെയും മുഖത്ത് കണ്ടത് ആരോടെങ്കിലുമുള്ള ആദരവ് ആയിരുന്നില്ല, ഏതുമേതതും ആഘോഷിക്കുന്നവന്റെ അഹങ്കാരമായിരുന്നു. പക്ഷേ, തമിഴനങ്ങനയല്ല, അതുകൊണ്ടാണ് അവനിന്നും ജയലളിത ഒരു വികാരമായി തന്നെ നില്‍ക്കുന്നത്.