UPDATES

ട്രെന്‍ഡിങ്ങ്

പൊറോട്ടയ്ക്കും പ്രത്യേക അവകാശമുണ്ട്; മലയാളിയുടെ ദേശീയ ഭക്ഷണത്തെ തുണച്ച് ഹൈക്കോടതിയും

മലബാര്‍ പൊറോട്ട, ഗോതമ്പ് പൊറോട്ട എന്നിവയ്ക്കാകും ഇളവ് ബാധകമാവുക

                       

പൊറോട്ടയും ബീഫും, മലയാളിയുടെ മികച്ച കോംമ്പിനേഷനാണ്. ദേശീയ ഭക്ഷണമെന്ന ഖ്യാതിയും പൊറോട്ടയ്ക്കുണ്ട്. പൊറോട്ട പ്രേമികളുടെ തര്‍ക്കങ്ങളും പുത്തന്‍ പരീക്ഷണങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ വൈറലാവാറുമുണ്ട്. എന്നാല്‍ ഇതിനെയെല്ലാം കടത്തി വെട്ടി മലയാളികള്‍ക്കായി ഒരു നിയമയുദ്ധം തന്നെ നടത്തി ജയിച്ച് വന്നിരിക്കുകയാണ് ഈ ഭക്ഷണ വിഭവം ഇപ്പോള്‍. കേരള ഹൈക്കോടതിലാണ് പൊറോട്ടയ്ക്ക് വേണ്ടിയുള്ള കേസ് നടന്നത്.

വില്ലനായ ജിഎസ്ടി

അധിക ജിഎസ്ടിയാണ് പൊറോട്ടയ്ക്ക് വില്ലനായി എത്തിയത്. അതും പാക്കറ്റിലാക്കിയ പൊറോട്ടയ്ക്കാണ് ഇത്തരത്തില്‍ നികുതി നല്‍കേണ്ടി വന്നത്. പാക്കറ്റിലാക്കിയ പൊറോട്ടയ്ക്ക് നിലവില്‍ നല്‍കുന്നത് 18 ശതമാനം ജിഎസ്ടിയാണ്. സമാന പാക്കറ്റ് ഫുഡുകളായ ബ്രഡ്ഡിനും ചപ്പാത്തിയ്ക്കുമാവട്ടെ 5 ശതമാനമാണ് ജിഎസ്ടി. ഇത് പൊറോട്ടയ്ക്കും ബാധകമാണെന്നായിരുന്നു പരാതിക്കാരായ മോഡേണ്‍ ഫുഡ് എന്റര്‍പ്രൈസസിന്റെ ഹര്‍ജി. നേരത്തെ ഇതേ വിഷയം ചൂണ്ടികാണിച്ച് കമ്പനി എ എ ആര്‍ അപ്പലേറ്റ് അതോറിറ്റിയെ സമീപിച്ചിരുന്നു. എന്നാല്‍ പൊറോട്ടയെ ബ്രഡിന് തുല്യമായി കാണാനാവില്ലെന്നായിരുന്നു അതോറിറ്റി പറഞ്ഞത്. ഇതിന് കാരണമായി ചൂണ്ടികാണിച്ചത് ബ്രഡ് റെഡി ടു യൂസ് ഭക്ഷ്യവസ്തുവാണെന്നതാണ്. എന്നാല്‍ പാക്കറ്റ് പൊറോട്ട വീണ്ടും പാചകം ചെയ്യണം. അതിനാല്‍ ഇവയെ തുല്യമായി കാണാന്‍ സാധിക്കില്ലെന്നും കേരളാ അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിങ് ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ പാക്കറ്റിലാക്കിയ മലബാര്‍ പൊറോട്ടയ്ക്ക് വേണ്ടി പോരാടാന്‍ തന്നെയായിരുന്നു കമ്പനിയുടെ തീരുമാനം. അങ്ങനെയാണ് കേസ് ഹൈക്കോടതിയിലെത്തിയത്. ബ്രഡ്ഡിനും ചപ്പാത്തിയ്ക്കും സമാനമാണ് മലബാര്‍ പൊറോട്ടയെന്ന് വ്യക്തമാക്കിയ കോടതി ഇവയെല്ലാം ധാന്യപ്പൊടിയില്‍ ആണ് ഉണ്ടാക്കുന്നതെന്നും പ്രത്യേക അവകാശം ചപ്പാത്തിയ്ക്കും റൊട്ടിയ്ക്കുമുള്ളതല്ലെന്നും വ്യക്തമാക്കി. ഒപ്പം പാക്കറ്റ് പൊറോട്ടയ്ക്ക്അഞ്ച് ശതമാനം ജിഎസ്ടി മാത്രമെ ഈടാക്കാവൂ എന്ന് നിര്‍ദേശിക്കുകയും ചെയ്തു. മോഡേണ്‍ ഫുഡ് എന്റര്‍പ്രൈസസ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗിന്റെ ഉത്തരവ്. ഇതോടെ പാക്കറ്റിലാക്കിയ മലബാര്‍ പൊറോട്ട , ഗോതമ്പ് പൊറോട്ട എന്നിവയ്ക്കാകും ഇളവ് ബാധകമാവുക.

 

Share on

മറ്റുവാര്‍ത്തകള്‍