UPDATES

‘കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്’

‘മൂന്നാം മോദി സര്‍ക്കാരിന്റെ റോഡ് മാപ്പ് തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം’

                       

18ാം ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനും മുന്നേ തന്നെ നരേന്ദ്ര മോദി തന്റെ മൂന്നാം സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തെ രൂപരേഖ തയ്യാറാക്കാന്‍ ആവശ്യപെട്ടതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ അടുത്ത 25 വര്‍ഷത്തേക്ക് ഇന്ത്യക്ക് വേണ്ടിയുള്ള ഭരണ തന്ത്രം മെനയുന്നതില്‍ നിര്‍മിത ബുദ്ധിയുടെ സഹായം സ്വീകരിച്ചിട്ടുണ്ടെന്നുകൂടി പറഞ്ഞുവയ്ക്കുകയാണ് പ്രധാനമന്ത്രി. ‘അടുത്ത 25 വര്‍ഷത്തേക്ക് ഇന്ത്യയുടെ വികസനത്തിന് ഒരു പദ്ധതി തയ്യാറാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗപ്പെടുത്തി’ എന്നാണു പ്രധാനമന്ത്രി മോദി പറഞ്ഞത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ പ്രത്യേക ആഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ‘2047 വീക്ഷിത് ഭാരത്’ എന്ന പദ്ധതിയെക്കുറിച്ചും ആഭിമുഖത്തില്‍ അദ്ദേഹം സംസാരിച്ചു. രണ്ട് വര്‍ഷമായി ഈ പദ്ധതി പുരോഗമിക്കുകയാണെന്നാണു പ്രധാനമന്ത്രി സൂചിപ്പിച്ചത്.

വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ തന്റെ ആദ്യ 100 ദിവസത്തെ ലക്ഷ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നും മോദി എടുത്തു പറഞ്ഞിരുന്നു. ‘നിര്‍ഭാഗ്യവശാല്‍, മുന്‍കാല രാഷ്ട്രീയ സംസ്‌കാരം കുടുംബത്തെ എങ്ങനെ ശക്തമാക്കാം, കുടുംബത്തിന്റെ വേരുകള്‍ എങ്ങനെ പറിച്ചെടുക്കാന്‍ ആരെയും അനുവദിക്കരുത് എന്നതായിരുന്നു. അതേസമയം, രാജ്യത്തെ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യം ശക്തമാകുമ്പോള്‍ അതിന്റെ നേട്ടങ്ങള്‍ എല്ലാവരും അനുഭവിക്കുന്നു. അതിനാല്‍ 2024, ലെ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഞങ്ങളുടെ ട്രാക്ക് റെക്കോര്‍ഡ് സൂക്ഷിക്കുന്നുണ്ട്.” പ്രധാനമന്ത്രിയുടെ വാക്കുകള്‍. 2019-ലും തന്റെ ഗവണ്‍മെന്റ് അതിന്റെ ആദ്യ 100 ദിവസങ്ങളില്‍ ശ്രദ്ധേയമായ നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും, ഈ പ്രതിബദ്ധത ആവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ സര്‍ക്കാരിനായുള്ള ആദ്യ 100 ദിവസത്തേയും അടുത്ത അഞ്ച് വര്‍ഷത്തേയും രൂപരേഖ തയ്യാറാക്കുന്നതിനായി പ്രധാനമന്ത്രി മോദി നേരത്തെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആദ്യ 100 ദിവസത്തേയും അടുത്ത അഞ്ച് വര്‍ഷത്തേയും അജണ്ട എങ്ങനെ മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് ചര്‍ച്ച ചെയ്യാന്‍ അതത് മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും കാണാനും മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടു.

ഇതുവരെ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്ത സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തേക്കുള്ള രൂപരേഖ തയ്യാറാക്കാന്‍ മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടത് അനുചിതമാണെന്നാണു മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അഭിപ്രായപ്പെടുന്നത്. പ്രധാനമന്ത്രിയുടെ ആവശ്യം ‘പാരമ്പര്യവിരുദ്ധവും കീഴ്‌വഴക്കമില്ലാത്തതും’ എന്നായിരുന്നു ചന്ദ്രശേഖറിന്റെ നിരീക്ഷണം. 2007 മുതല്‍ 2011 വരെ കാബിനറ്റ് സെക്രട്ടറിയായിരുന്ന കെ എന്‍ ചന്ദ്രശേഖര്‍ ദ വയറിനുവേണ്ടി കരണ്‍ ഥാപ്പറിന് നല്‍കിയ 30 മിനിട്ട് അഭിമുഖത്തിലായിരുന്നു തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

‘പ്രധാനമന്ത്രിമാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് പ്രതീക്ഷിച്ച് ആദ്യമെ പദ്ധതി തയ്യാറാക്കാന്‍ ആവശ്യപ്പെടുന്നത് ഇതാദ്യമായാണ്. മുന്‍ കാലങ്ങളില്‍ ഇത്തരമൊരു സംഭവം നടന്നത് എന്റെ ഓര്‍മയിലില്ല” അദ്ദേഹം പറയുന്നു. ”ഇത് അഭിലഷണീയമായ നടപടിയല്ല, ജനാധിപത്യത്തിന്റെ ആത്മാവിന് ഇത് നല്ലതല്ലെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

”തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഒരു സര്‍ക്കാരിന്റെ റോളും സ്വഭാവവും തീര്‍ച്ചയായും മാറും”. തന്റെ ആശയം കൂടുതല്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഒരു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ നിലവിലുള്ള സര്‍ക്കാര്‍ ജനാധിപത്യം ആവശ്യപ്പെടുന്ന രീതിയില്‍ ഒരു ഇടക്കാല സംവിധാനം മാത്രമായി പ്രവര്‍ത്തിക്കണമെന്നാണ് ഞാന്‍ കരുതുന്നത്.’ അദ്ദേഹം പറയുന്നു. സ്ഥാനമൊഴിയുന്ന ഗവണ്‍മെന്റ് വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന വിശ്വാസത്തില്‍, ഭാവി പദ്ധതികള്‍ക്കായി ഒരു റോഡ് മാപ്പ് തയ്യാറാക്കാന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരോട് ആവശ്യം ഉന്നയിച്ചിരിക്കുന്നു. ഇന്ത്യയിലായാലും വിദേശത്തായാലും ഇത്തരമൊരു മുന്നൊരുക്കത്തെക്കുറിച്ച്ചിന്തിക്കാന്‍ കഴിയില്ലെന്നാണ് മുന്‍ ക്യാബിനറ്റ് സെക്രട്ടറി പറഞ്ഞത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചത് ‘അനുചിതവും സര്‍ക്കാര്‍ അധികാരങ്ങളുടെ ദുരുപയോഗവുമാണെന്നും ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. ‘ഞാന്‍ പൂര്‍ണമായി സമ്മതിക്കുന്നു, പ്രധാനമന്ത്രിയുടെ നടപടി അനൗചിത്യമാണ്’ അദ്ദേഹം പറഞ്ഞു.

2009ല്‍ ചന്ദ്രശേഖര്‍ ക്യാബിനറ്റ് സെക്രട്ടറിയായിരിക്കെ നടന്ന സംഭവങ്ങളും ആഭിമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഭാവി ഗവണ്‍മെന്റിനായി ഒരു റോഡ്മാപ്പ് സൃഷ്ടിക്കുന്നതിനുള്ള ഉത്തരവ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള അദേഹത്തിന്റെ കാഴ്ചപ്പാട് അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ജനാധിപത്യപരമായ ഔചിത്യത്തെയും ന്യായമായ തെരഞ്ഞെടുപ്പിന്റെ മനോഭാവത്തെയും ലംഘിക്കുന്ന വസ്തുതകളും അദ്ദേഹം തുറന്നു കണിക്കുന്നുണ്ട്. അഭിമുഖം പൂര്‍ണമായി ഇവിടെ കാണാം;  https://www.youtube.com/watch?v=BaulTI5BwcM

 

Share on

മറ്റുവാര്‍ത്തകള്‍