UPDATES

സ്പാനിഷ് ഫുട്‌ബോളിലെ ‘വിവാദ ചുംബനം’; മുന്‍ ഫുട്‌ബോള്‍ തലവന് നിയമത്തിന്റെ ചുവപ്പ് കാര്‍ഡ്

ലോകകപ്പ് വിജയത്തിനു പിന്നാലെയായിരുന്നു കേസിനാസ്പദമായ സംഭവം

                       

അനുവാദമില്ലാതെ വനിത ഫുട്‌ബോള്‍ താരത്തെ പരസ്യവേദിയില്‍ ചുംബിച്ച സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ലൂയിസ് റൂബിയെല്‍സ് കോടതി വിചാരണ നേരിടണം. സ്പാനിഷ് ഹൈക്കോടതി കേസ് സ്വീകരിക്കാന്‍ തയ്യാറായതോടെയാണ് മുന്‍ ഫുട്‌ബോള്‍ മേധാവിക്ക് നിയമനടപടികള്‍ക്ക് വിധേയനാകേണ്ടി വരുന്നത്. ചുംബനം ഉഭയസമ്മതപ്രകാരമാണെന്ന് പരസ്യമായി പറയാന്‍ വനിത താരത്തെ നിര്‍ബന്ധിച്ചുവെന്ന ആരോപണം നേരിടുന്ന വനിതാ ടീം മുന്‍ പരിശീലകന്‍ ജോര്‍ജ് വില്‍ഡ ഉള്‍പ്പെടെ മറ്റു മൂന്നുപേര്‍ കൂടി റൂബിയെല്‍സിനൊപ്പം വിചാരണ നേരിടണമെന്നാണു ബുധനാഴ്ച ഹൈക്കോടതി പറഞ്ഞത്. ബലപ്രയോഗം നടത്തിയെന്ന് കണ്ടെത്തിയാല്‍ ഓരോരുത്തര്‍ക്കും ഒന്നര വര്‍ഷം വരെ തടവ് ലഭിക്കാം.

ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ്, 2023 ഓഗസ്റ്റിലാണ് വനിത ലോകകപ്പ് കിരീടം നേടിയ സ്പാനിഷ് ടീമിന്റെ മെഡല്‍ദാന ചടങ്ങിനിടയില്‍ ടീമിലെ ഫോര്‍വേര്‍ഡ് ജെന്നിഫര്‍ ഹെര്‍മോസോയെ റൂബിയെല്‍സ് ബലമായി ആലിംഗനം ചെയ്യുകയും നെറ്റിയിലും ചുണ്ടുകളിലും ചുംബിക്കുകയും ചെയ്തത്. റൂബിയെല്‍സിന്റെ പ്രവര്‍ത്തിക്കെതിരേ ഹെര്‍മോസോ അന്നു തന്നെ രംഗത്തു വരികയും, പിന്നാലെ വനിത ടീം ഒന്നടങ്കം തങ്ങളുടെ സഹതാരത്തിനു വേണ്ടി നിലകൊള്ളുകയും ചെയ്തതോടെ റൂബിയല്‍സ് പ്രതിരോധത്തിലായി. എങ്കിലും, ഹേര്‍മോസോയുടെ സമ്മതത്തോടെയാണ് താനവരെ ചുംബിച്ചതെന്ന പ്രതിവാദം ഉയര്‍ത്തി പിടിച്ചു നില്‍ക്കാനാണ് റൂബിയെല്‍സ് ശ്രമിച്ചത്. വിവാദം വലുതായതോടെ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷസ്ഥാനം ഒഴിയാന്‍ അയാള്‍ക്കുമേല്‍ സമ്മര്‍ദ്ദം വന്നെങ്കിലും പിടിച്ചു നില്‍ക്കാനാണ് ശ്രമിച്ചത്. ഒടുവില്‍ ഫിഫ റൂബിയെല്‍സിന് വിലക്ക് ഏര്‍പ്പെടുത്തി. ഇതിനു പിന്നാലെയാണ് അയാള്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷസ്ഥാനത്ത് നിന്നും രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായത്.

ലൂയിസ് റൂബിയെല്‍സ് വിചാര നേരിടേണ്ടതിനാവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഈ വര്‍ഷം ജനുവരിയില്‍ ഹൈക്കോടതി ജഡ്ജി ചൂണ്ടിക്കാട്ടിയിരുന്നു. സമ്മതത്തോടെയല്ലാത്തതും, ഏകപക്ഷീയവും അപ്രതീക്ഷിതവുമായ പ്രവര്‍ത്തിയാണ് റൂബിയെല്‍സില്‍ നിന്നുണ്ടായതെന്ന് പ്രാഥമികാന്വേഷണത്തില്‍ നിന്നും വ്യക്തമായതായി ജഡ്ജി ഡി ജോര്‍ഡ് തന്റെ ഉത്തരവില്‍ പറഞ്ഞിരുന്നു. അതേസമയം തന്നെ, റൂബിയെല്‍സിന്റെ പ്രവര്‍ത്തി ലൈംഗികത്വരയോടെയുള്ളതാണോ, അതോ വലിയൊരു വിജയത്തിന്റെ ആവേശത്തില്‍ കാണിച്ച പ്രകടനമാണോ എന്ന കാര്യത്തില്‍ പരിശോധന ആവശ്യമാണെന്നും ജഡ്ജി ചൂണ്ടിക്കാണിക്കുന്നുണ്ട്.

റൂബിയെല്‍സ് മെഡല്‍ദാന ചടങ്ങില്‍ വച്ച് ഹെര്‍മോസോയെ ബലമായി ചുംബിക്കുന്നതിന്റെ വീഡിയോ വൈറലായതിനു പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സ്പാനീഷ് ഫുട്‌ബോള്‍ മേധാവിയുടേത് തരംതാണ പ്രവര്‍ത്തിയായിരുന്നുവെന്നാണ് എല്ലാവരും കുറ്റപ്പെടുത്തിയത്.

ആ ചുംബനം എല്ലാ സന്തോഷത്തെയും അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നുവെന്നാണ് ജെന്നിഫര്‍ ഹെര്‍മോസോ പറഞ്ഞത്. അനിഷ്ടം പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തു. ടീമിന്റെ വിജയാഘോഷങ്ങളുടെ ഭാഗമായ മറ്റൊരു വീഡിയോയില്‍ റൂബിയെല്‍സിന്റെ ചുംബനത്തിലുള്ള അനിഷ്ടം വ്യക്തമാക്കിക്കൊണ്ട് ജെന്നിഫര്‍ പറഞ്ഞത്, ‘എനിക്കത് ഒട്ടും ഇഷ്ടമായില്ല’ എന്നായിരുന്നു.

സ്പാനിഷ് സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റിന്റെ നിലവിലെ നടത്തിപ്പ് രീതിയില്‍ മാറ്റം വരുത്താനും, ടൂര്‍ണമെന്റ് സൗദി അറേബ്യയിലേക്ക് മാറ്റാനുമായി റൂബിയെല്‍സ് സ്വീകരിച്ച തീരുമാനത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു പ്രത്യേക അഴിമതി അന്വേഷണ സംഘം ഒരു മാസം മുമ്പ് റൂബിയാലെസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ചുംബന കേസില്‍ നിയമനടപടി നേരിടേണ്ടിയും വന്നിരിക്കുന്നത്.

താനൊരുതരത്തിലുള്ള അഴിമതിയും കാണിച്ചിട്ടില്ലെന്നും, വ്യാജ ആരോപണങ്ങളാണ് സ്പാനീഷ് മാധ്യമങ്ങള്‍ തനിക്കെതിരേ ഉയര്‍ത്തുന്നതെന്നുമാണ് റൂബിയെല്‍സ് പറയുന്നത്. ചുംബന വിവാദത്തിലും തന്റെ നിരപരാധിത്വം തെളിയുമെന്ന വാദമാണ് ലൂയിസ് റൂബിയെല്‍സ് ഉയര്‍ത്തുന്നത്.

Content Summary; Spain’s former football chief luis rubiales will face court trial for kiss of footballer jenni hermoso

Share on

മറ്റുവാര്‍ത്തകള്‍