UPDATES

വിദേശം

ബ്ലിങ്കര്‍ വാള്‍; കടലിനടയില്‍ കണ്ടെത്തിയ മനുഷ്യ ചരിത്രം

അതിശയിപ്പിക്കുന്ന ഈ കണ്ടെത്തല്‍ പതിനായിരം വര്‍ഷം മുമ്പ് നിര്‍മിച്ചതാകാമെന്നു കരുതുന്നു

                       

പുരാതന മനുഷ്യനും ചരിത്രവും എന്നും അപൂര്‍ണമായൊരു ഏടാണ്. കാലചക്രത്തിന്റെ തെരച്ചിലില്‍ കണ്ടെത്തുന്ന ഓരോ കണ്ണികളും മറനീക്കി പുറത്തു വരുമ്പോഴാണ് അപൂര്‍ണമായ ചരിത്രത്തിന് പൂര്‍ണത കൈവരുന്നത്. അത്തരത്തില്‍ ഒരു അപ്രതീക്ഷിത കണ്ടെത്തലായിരുന്നു ജര്‍മനിയില്‍ ബാള്‍ട്ടിക് തീരത്ത് കണ്ടെത്തിയത്. ജര്‍മനിയുടെ ഉള്‍ക്കടല്‍ തീരമായ ബാള്‍ട്ടിക് തീരത്തെ കടലിനടിയില്‍ നിന്നും കണ്ടെത്തിയത് മതില്‍ കെട്ടിന്റെ അവശിഷ്ടങ്ങളാണ്. ഗവേഷകര്‍ ആകസ്മികമായി കണ്ടെത്തിയ ഈ മതില്‍ കെട്ട് മനുഷ്യന്‍ ശിലായുഗ കാലത്ത് നിര്‍മിച്ച താണെന്നാണ് കരുതപ്പെടുന്നത്. ഇവ ഇതുവരെ കണ്ടത്തിയതില്‍ വച്ച് ഏറ്റവും പഴയ മെഗാസ്ട്രക്ചറായിരിക്കുമെന്ന്(ബൃഹത് കൃത്രിമ നിര്‍മാണം) ഗവേഷകര്‍ പറയുന്നത്. മെക്ക്‌ലെന്‍ബര്‍ഗ് ഉള്‍ക്കടലിലെ കടല്‍ത്തീരത്ത് ഏകദേശം ഒരു കിലോമീറ്ററോളം നീളമുള്ള മതിലാണ് ശാസ്ത്രജ്ഞര്‍ ആകസ്മികമായി കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളൊത്തുള്ള പഠന യാത്രയ്ക്കിടയില്‍ മള്‍ട്ടിബീം സോണാര്‍ സിസ്റ്റം തീരത്തിന് 10 കിലോമീറ്റര്‍ (ആറ് മൈല്‍) അകലെയായി മതില്‍ കെട്ട് കണ്ടെത്തുകയായിരുന്നു.

‘ബ്ലിങ്കര്‍ വാള്‍’ എന്ന് പേരിട്ടിരിക്കുന്ന മതില്‍കെട്ടിനോട് സാമ്യമുള്ള നിര്‍മിതിയുടെ ഘടനയില്‍ ഗവേഷകരുടെ സൂക്ഷ്മ പരിശോധനയില്‍, ഏകദേശം 1,400 ഓളം ചെറിയ കല്ലുകള്‍ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ 300 ഓളം വലിയ ഉരുളന്‍ കല്ലുകള്‍ മറ്റു പാറകളെ ബന്ധിപ്പിക്കുന്ന നിലയിലാണുള്ളത്. എന്നിരുന്നാലും അവയില്‍ പലതും ഒരു കൂട്ടം മനുഷ്യര്‍ ഒന്നിച്ച് പരിശ്രമിച്ചാല്‍ പോലും നീക്കാന്‍ കഴിയാത്തത്ര ഭാരമുള്ളവയാണ് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതിശയിപ്പിക്കുന്ന ഈ കണ്ടെത്തല്‍ കടലിനടിയില്‍ 21 മീറ്റര്‍ വെള്ളത്താല്‍ മൂടപ്പെട്ട നിലയിലാണ്. 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചതുപ്പിന്റെയോ തടാകത്തിന്റെയോ കരയില്‍ വേട്ടയാടി ജീവിച്ചിരുന്നവര്‍ നിര്‍മിച്ചതാകാമെന്നാണ് ഗവേഷകരുടെ വിശ്വാസം.

മതില്‍കെട്ട് എന്തിന് വേണ്ടിയാണ് നിര്‍മിച്ചതെന്നത് ഗവേഷകരെ കുഴപ്പിക്കുന്ന ചോദ്യമാണെങ്കിലും, റെയിന്‍ഡിയര്‍ (മാന്‍ വര്‍ഗ്ഗം) കൂട്ടങ്ങളെ പിന്തുടരാന്‍ വേട്ടക്കാരെ സഹായിക്കാനുള്ളതായിരുന്നു എന്നാണ് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നത്. വേട്ടയാടുന്നതിനായി മതില്‍ കെട്ടിന് പിറകിലൂടെ മൃഗങ്ങളെ പിന്തുടരുമ്പോള്‍ അവ വേട്ടക്കാരുടെ മുകളിലൂടെ ചാടാന്‍ ശ്രമിക്കില്ലായെന്നും അതിനാലാകണം ഇത്തരമൊരു സൃഷ്ടി നിര്‍മിക്കാനുള്ള കാരണം എന്നും കരുതപ്പെടുന്നു. കടല്‍ തീരത്ത് ഒരു കൃത്രിമ തടസം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാകാം ഈ നിര്‍മിതിയെന്നും ജര്‍മന്‍ തുറമുഖ പട്ടണമായ വാനെമുണ്ടെയിലെ ലൈബ്‌നെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബാള്‍ട്ടിക് സീ റിസര്‍ച്ചിലെ ഗവേഷകനായ ജേക്കബ് ഹേര്‍സണ്‍ പറഞ്ഞു. ബ്ലിങ്കര്‍ വാളിനോട് ചേര്‍ന്നുള്ള രണ്ടാമത്തെ മതില്‍ കടല്‍ത്തീരത്തെ അവശിഷ്ടങ്ങളില്‍ കുഴിച്ചിട്ടിരിക്കാമെന്നും ഗവേഷകര്‍’ പ്രൊസീഡിംഗ്‌സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസില്‍ എഴുതിയിട്ടുണ്ട്. പുരാതന ഭൂപ്രകൃതി പുനര്‍നിര്‍മിക്കുന്നതിനും മൃഗങ്ങളുടെ അസ്ഥികള്‍ക്കും മനുഷ്യ പുരാവസ്തുക്കള്‍ക്കുമായി കൂടുതല്‍ തിരച്ചിലില്‍ ഏര്‍പ്പെടാനും ഗവേഷകനായ ജേക്കബ് ഹേര്‍സണ്‍ ഈ സ്ഥലം വീണ്ടും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു. വേട്ടയാടാന്‍ ഉപയോഗിക്കുന്ന അമ്പുകളും മറ്റും, മതിലിന് ചുറ്റുമുള്ള അവശിഷ്ടങ്ങളില്‍ കുഴിച്ചിട്ടിരിക്കാം എന്നും ജേക്കബ് വിശ്വസിക്കുന്നു.

ഒരു മീറ്ററില്‍ താഴെ ഉയരമുള്ള ഭിത്തിയുടെ മൂലകള്‍ വലിയ പാറക്കല്ലുകളുടെ അടുത്ത് എത്തുമ്പോള്‍ ദിശ മാറുന്നു, ചെറിയ കല്ലുകളുടെ കൂമ്പാരങ്ങള്‍ അവയെ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് വേണ്ടി മനഃപൂര്‍വ്വം സ്ഥാപിച്ചതാണെന്ന് സൂചിപ്പിക്കുന്നതാണ്. മുഴുവനായി നോക്കുകയാണെങ്കില്‍ മതിലിന്റെ കല്ലുകള്‍ക്ക് 142 ടണ്ണിലധികം ഭാരമുണ്ടെന്ന് കരുതപ്പെടുന്നു.

ഈ മതില്‍ ഒരു പുരാതന വേട്ടയാടല്‍ പാതയാണെങ്കില്‍, അത് 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതാകാനാണ് സാധ്യത, ഏകദേശം 8,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉയര്‍ന്ന സമുദ്രനിരപ്പില്‍ മുങ്ങിയിരിക്കാം എന്നും കരുതപ്പെടുന്നു. ‘ലോകത്തിലെ വേട്ടയാടലിനുള്ള വാസ്തുവിദ്യയുടെ ഏറ്റവും പഴക്കമേറിയ ഉദാഹരണങ്ങളുടെ കൂട്ടത്തില്‍ ബ്ലിങ്കര്‍വാളിനെ ഉള്‍പ്പെടുത്തുകയും യൂറോപ്പിലെ പഴക്കം ചെന്ന ഏറ്റവും വലിയ മനുഷ്യ നിര്‍മിതിയാക്കി മാറ്റുകയും ചെയ്യുമെന്നും ഗവേഷകര്‍ പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍