കാലാവസ്ഥാവ്യതിയാനം നേരിടാതെ തങ്ങളെ ഉഷ്ണതരംഗത്തിലേക്കു നയിച്ച സ്വിസ് സർക്കാരിനെതിരേ യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിച്ച ഒരു കൂട്ടം പ്രായമായ സ്വിസ് സ്ത്രീകൾക്ക് അനുകൂലമായി യൂറോപ്യൻ മനുഷ്യാവകാശ കോടതി (ഇസിഎച്ച്ആർ) ഏപ്രിൽ ഒൻപത് ചൊവ്വാഴ്ച വിധി പ്രസ്താവിച്ചു. 2,000-ത്തിലധികം സ്ത്രീകൾ കൊണ്ടുവന്ന കേസിൽ യൂറോപ്യൻ കോടതിയുടെ തീരുമാനം യൂറോപ്പിലുടനീളവും അതിനപ്പുറവും ചർച്ചചെയ്യപ്പെടും. ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നതിനായി മുന്നോട്ടുവെച്ച പഴയ ലക്ഷ്യങ്ങൾ പാലിക്കാതെ സർക്കാർ അവരുടെ മനുഷ്യാവകാശം ലംഘിച്ചെന്ന് സ്ട്രാസ്ബർഗിലെ യൂറോപ്യൻ മനുഷ്യാവകാശക്കോടതി വിധിച്ചു.
‘കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ മതിയായ ആഭ്യന്തര നയങ്ങൾ ആവിഷ്‌കരിക്കുന്നതിൽ പരാജയപ്പെട്ടുകൊണ്ട് സ്വിസ് സർക്കാർ സ്വകാര്യവും കുടുംബപരവുമായ ജീവിതത്തിനുള്ള മനുഷ്യാവകാശം ലംഘിച്ചുവെന്ന് കോടതി പ്രസിഡൻ്റ് സിയോഫ്ര ഒ ലിയറി പറഞ്ഞു’.
ഒരു കാർബൺ ബജറ്റിലൂടെയോ ,ദേശീയ ഹരിതഗൃഹ വാതക ഉദ്‌വമന പരിമിതികളിലൂടെയോ കാർബൺ ഉദ്‌വമനം കണക്കാക്കുന്നതിലെ പരാജയവും കേസിൽ ഉൾപ്പെടുന്നു, എന്നും സിയോഫ്ര ഒ ലിയറി കൂട്ടിച്ചേർത്തു. ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള മുൻകാല ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സ്വിസ് സർക്കാർ പരാജയപ്പെട്ടതായും സിയോഫ്ര അഭിപ്രായപ്പെട്ടു.
ഈ കേസിൽ വിജയം കൈവരിക്കാൻ സാധിച്ചെങ്കിലും സമാനമായ രണ്ട് കേസുകൾ കോടതി തള്ളി കളഞ്ഞു. ഇതി ആദ്യത്തേത് ആറ് പോർച്ചുഗീസ് യുവാക്കൾ 32 യൂറോപ്യൻ സർക്കാരുകൾക്കെതിരെ നൽകിയതാണ്. മറ്റൊന്ന് മുൻ ഫ്രഞ്ച് മേയർ ഫ്രഞ്ച് ഭരണകൂടത്തിനെതിരേ മുൻമേയർ നൽകിയ കേസുമാണ്.
‘എല്ലാ രാജ്യങ്ങൾക്കെതിരെയും ഞങ്ങൾ വിജയിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്, പക്ഷെ അങ്ങനെ സംഭവിക്കാത്തതിൽ ഞാൻ നിരാശനാണ്’ എന്ന് പോർച്ചുഗീസ് യുവതാരങ്ങളിലൊരാളായ സോഫിയ ഒലിവേര പ്രസ്താവനയിൽ പറഞ്ഞു.
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാരുകൾ കാർബൺ ഉദ്വമനം കൂടുതൽ കുറയ്ക്കണമെന്ന് കേസിൽ കോടതി പറഞ്ഞു. വിധിക്കെതിരെ അപ്പീൽ നൽകാൻ കഴിയില്ല. താപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തുക എന്ന പാരീസ് ഉടമ്പടിയുടെ ലക്ഷ്യത്തിന് അനുസൃതമായി 2030-ലെ ഉദ്‌വമനം കുറയ്ക്കൽ ലക്ഷ്യങ്ങൾ പരിഷ്‌ക്കരിക്കുന്നത് ഉൾപ്പെടെ, ലക്ഷ്യംകൈവരിക്കാൻ കൂടുതൽ കർശനമായ നടപടികൾ നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർബന്ധിതരാകും.