UPDATES

വിദേശം

മാലദ്വീപില്‍ ചൈനയ്ക്ക് വിജയം, ഇന്ത്യക്ക് തിരിച്ചടി

ചൈനീസ് പിന്തുണയുള്ള മുഹമ്മദ് മൊയ്‌സുവാണ് മാലദ്വീപിന്റെ പുതിയ പ്രസിഡന്റ്

                       

മലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുഹമ്മദ് മൊയ്‌സുവിന്റെ വിജയം ക്ഷീണമുണ്ടാക്കുന്നത് ഇന്ത്യയ്ക്ക്. ശനിയാഴ്ച്ച നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് മുഹമ്മദ് സോഹലിനെയാണ് മൊയ്‌സു പരാജയപ്പെടുത്തിയത്. ചൈനയെ പിന്തുണയ്ക്കുന്ന മുഹമ്മദ് മൊയിസു ഇന്ത്യയുടെ വിമര്‍ശകനാണ്. സോഹലിന്റെ വിജയമായിരുന്നു ഇന്ത്യ പ്രതീക്ഷിച്ചിരുന്നത്. ദക്ഷിണേഷ്യന്‍ ദ്വീപ് സമൂഹത്തില്‍ മൊയ്‌സുവിലൂടെ ചൈന ആധിപത്യം സ്ഥാപിക്കുകയാണെങ്കില്‍, അതിന്റെ തിരച്ചടി ഇന്ത്യയ്ക്കാണ്.

മാലദ്വീപില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ ദശാബ്ദക്കാലമായി വടംവലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യയും ചൈനയും തമ്മിലുള്ള ഒരു വലിയ ഭൗമരാഷ്ട്രീയ പോരാട്ടമായായിരുന്നു ഈ തെരഞ്ഞെടുപ്പിനെ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നത്. കാലങ്ങളായി മാലദ്വീപില്‍ സ്വാധീനം ചെലുത്താന്‍ ഇന്ത്യയും ചൈനയും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഏകദേശം 500,000 ജനസംഖ്യയുള്ള ഒരു ചെറിയ രാജ്യമായിരുന്നിട്ടും മാലദ്വീപ് ഇന്ത്യയ്ക്കും ചൈനയ്ക്കും പടിഞ്ഞാറിനും വളരെ സുപ്രധാനമായ രാജ്യങ്ങളിലൊന്നാണ്. ഗള്‍ഫില്‍ നിന്ന് എണ്ണ ലഭിക്കാന്‍ ചൈന ഉപയോഗിക്കുന്ന പാത ഉള്‍പ്പെടെ, കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് പോകുന്ന പ്രധാനപ്പെട്ട ഷിപ്പിംഗ് റൂട്ടുകളുടെ ഒരു പ്രധാന പോയിന്റായാണ് മാലദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഈ രാജ്യങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള മാര്‍ഗമായും മാലദ്വീപിനെ കാണുന്നു. ചൈന ഈ മേഖലയില്‍ അവരുടെ സ്വാധീനം വിപുലീകരിക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് തന്നെ മുഹമ്മദ് മൊയ്‌സുവിന്റെ സ്ഥാനാരോഹണം അയല്‍ക്കാര്‍ക്ക് ആഹ്ലാദം പകരുന്നതാണെങ്കിലും ഇന്ത്യയ്ക്ക് ആധിയുണ്ടാക്കുന്നതാണ്.

റണ്‍-ഓഫില്‍ 54 ശതമാനം വോട്ടുകള്‍ നേടിയാണ് മൊയ്‌സു തന്റെ എതിരാളിയായ സോലിഹിനെ പരാജയപ്പെടുത്തിയത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും പകുതിയിലധികം വോട്ടുകള്‍ ലഭിക്കാതെ വന്നതോടെയാണ് റണ്‍-ഓഫ് എന്ന പേരില്‍ മറ്റൊരു റൗണ്ട് വോട്ടിംഗ്കൂടി നടത്തിയത്. 85 ശതമാനം പോളിംഗ് ആണ് ശനിയാഴ്ച്ച നടന്നത്. ഈ മാസം ആദ്യം നടന്ന ഒന്നാംഘട്ട പോളിംഗിനെക്കാള്‍ അല്‍പ്പം കൂടുതല്‍. വാച്ച്‌ഡോഗ് സംഘമായ ട്രാന്‍സ്പരന്‍സി മാലദ്വീപ് ആരോപിക്കുന്നത് വോട്ടെടുപ്പില്‍ ചില തിരിമറികളൊക്കെ നടന്നെന്നാണ്. എന്നാലര്‍ വിശദാംശങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. ഇതിടിനടയില്‍ വന്നൊരു ഔദ്യോഗിക പ്രതികണ പ്രകാരം, ഒരാള്‍ ഒരു പ്ലാസ്റ്റിക് ബാലറ്റ് ബോക്‌സ് തകര്‍ത്തുവെന്നും, എന്നാല്‍ ബാലറ്റുകളൊന്നും തന്നെ നഷ്ടപ്പെടാതിരുന്നതിനാല്‍ കൗണ്ടിംഗിനെ തടസമുണ്ടായില്ലെന്നാണ്. 14 വോട്ടര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറുകളെ ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു എന്നാണ് പരാതി.

കടുത്ത മത്സരമായിരുന്നു സോഹിലും മൊയ്‌സുവും തമ്മില്‍ നടന്നത്. ശനിയാഴ്ച്ച രാത്രിയോടെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതാണെങ്കിലും ഞായറാഴ്ച്ചയോടെ മൊയ്‌സുവിന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഞായറാഴ്ച്ച രാവിലെ വരെ യാതൊരുവിധ ആഘോഷവും പാടില്ലെന്ന് ശനിയാഴ്ച്ച രാത്രി പാര്‍ട്ടിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ ഓഫിസിലെത്തിയ മൊയ്‌സു പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.

നവംബര്‍ 17 ന് ആയിരിക്കും മുഹമ്മദ് മൊയ്‌സു മാലദ്വീപിന്റെ പ്രസിഡന്റായി അധികരമേറ്റെടുക്കുക. അതുവരെ ഇബ്രാഹിം മുഹമ്മദ് സോഹല്‍ രാജ്യത്തിന്റെ കെയര്‍ ടേക്കര്‍ പ്രസിഡന്റായി തുടരും.

ആരാകും മാലദ്വീപ് പ്രസിഡന്റ്? ടെന്‍ഷന്‍ ഇന്ത്യക്കും ചൈനയ്ക്കുമാണ് 

അധികാരത്തിലെത്തിയതു മുതല്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും മാലദ്വപിന്റെ നയതന്ത്രബന്ധം ന്യൂഡല്‍ഹിയുമായി ചേര്‍ത്തു നിര്‍ത്താനായിരുന്നു മുഹമ്മദ് സോഹലി ശ്രമിച്ചിരുന്നത്. ചൈനയെ അകറ്റി നിര്‍ത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതേസമയം, മൊയ്‌സുവിന്റെ മുന്‍ ഭരണകാലത്ത് അദ്ദേഹം വിമര്‍ശനം മുഴുവന്‍ കേട്ടിരുന്നത് ചൈനീസ് പ്രേമത്തിന്റെ പേരിലായിരുന്നു. നിരവധി അഴിമതിയാരോപണങ്ങളും അതിന്റെ പേരില്‍ ഉയര്‍ന്നിരുന്നു. ചൈനയുടെ സാമ്പത്തിക പിന്തുണയോടെ ദ്വീപ് രാജ്യത്തെ പുരോഗതിയിലെത്തിക്കാനായിരുന്നു മൊയ്‌സുവിന് താത്പര്യം. ചൈനീസ് വായ്പ്പകളുടെ കുത്തൊഴുക്കായിരുന്നു അന്ന് ‘ അറ്റോള്‍’ രാജ്യത്തേക്ക് ഉണ്ടായിരുന്നത്. അതിന്റെ പേരില്‍ ഒരുപാട് പണം അദ്ദേഹം മാലദ്വീപിനു വേണ്ടി വാങ്ങുകയും ചെയ്തിരുന്നു. എന്നാലതില്‍ കൂടുതലും സ്വന്തം കാര്യത്തിനായി കൈക്കലാക്കിയെന്നതാണ് അഴിമതിക്കഥകളില്‍ പറയുന്നത്.

മുന്‍ പ്രസിഡന്റ് അബ്ദുള്ള യമീനാണ് മൊയ്‌സുവിന്റെ രാഷ്ട്രീയ ഉപദേശകന്‍. പേരുകേട്ട ചൈനീസ് ആരാധകനാണ് യമീനും. തന്റെ ഭരണകാലത്ത് വന്‍തോതിലാണ് ചൈനീസ് കടം വാങ്ങിച്ചു കൂട്ടിയത്. കൂടാതെ, കടുത്ത ഇന്ത്യ വിമര്‍ശകനുമായിരുന്നു. രണ്ടു കാര്യത്തിലും യമീനെ പിന്തുടരുകയാണ് മൊയ്‌സുവും. യമീന്‍ കടം വാങ്ങി മാലദ്വീപിനെ ചൈനയ്ക്ക് പണയം
വച്ചിരിക്കുകയാണെന്ന പ്രതിഷേധമാണ് 2018-ല്‍ ഇന്ത്യയോട് അടുത്തു നില്‍ക്കുന്ന മുഹമ്മദ് സോഹലിനെ അധികാരത്തിലെത്തിച്ചത്. യമീന്‍ നേരെ ജയിലിലേക്കും പോയി.

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ചൈനയുമായുള്ള ബന്ധം വീണ്ടും ശക്തിപ്പെടുത്തുമെന്ന് മൊയ്‌സു വ്യക്തമാക്കിയിരുന്നതാണ്. കഴിഞ്ഞ വര്‍ഷം ചൈനീസ് പാര്‍ട്ടി നേതാക്കളുമായി നടത്തിയൊരു കൂടിക്കാഴ്ച്ചയില്‍ അദ്ദേഹം നല്‍കിയ ഉറപ്പ്, തന്റെ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് പുതിയ തിരക്കഥയെഴുതുമെന്നാണ്. മറ്റൊരു വാഗ്ദാനം അഴിമതി കേസില്‍ അകത്തു കിടക്കുന്ന അബ്ദുള്ള യമീന്റെ ജയില്‍ മോചനമാണ്. ജയിലില്‍ നിന്നും വീട്ടുതടങ്കലിലേക്ക് മാറ്റാനുള്ള നീക്കം തുടങ്ങുകയും ചെയ്തു.

Share on

മറ്റുവാര്‍ത്തകള്‍