UPDATES

നിര്‍ണായകമാണ് ഇന്ത്യക്ക് 2024

രാമക്ഷേത്രം, പൊതു തെരഞ്ഞെടുപ്പ്, യുയുസി, നിയമസഭ തെരഞ്ഞെടുപ്പുകള്‍

                       

ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് 2024. രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നു എന്നതാണ് 2024 നെ ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്ന വര്‍ഷമാക്കി മാറ്റുന്നത്. ഇന്ത്യന്‍ മതേതരത്വം എന്ന ആശയത്തിന്റെ വിധി നിര്‍ണയിച്ചിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം, യൂണിഫോം സിവില്‍ കോഡ് നടപ്പാക്കല്‍, പ്രധാന സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ എന്നിങ്ങനെ ഗൗരവമേറിയ പലതിനും ഈ വര്‍ഷം സാക്ഷ്യം വഹിക്കും.

ലോക്സഭാ പോരാട്ടത്തിലെ ഏറ്റവും പ്രധനപ്പെട്ട തുറുപ്പു ചീട്ടും ബിജെപിയുടെ പ്രഖ്യാപിത അജണ്ടകളില്‍ ഒന്നുമാണ് അയോധ്യയിലെ രാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ ചടങ്ങ്. ഏഴ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനു പുറമെ, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലുള്ള സുപ്രീം കോടതി വിധിപ്രകാരമുള്ള ജമ്മു കശ്മീരിലെ ആദ്യ തെരഞ്ഞെടുപ്പുകൂടി ഈ വര്‍ഷം നടക്കാനിരിക്കുന്നുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിന് വലിയ പ്രത്യാഘാതം സൃഷ്ടിക്കാന്‍ പാകത്തിലുള്ള സംഭവികസങ്ങള്‍ക്കാണ് 2024 വഴിവക്കുകയെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് പറയുന്നതും. ഹിന്ദുത്വ കാര്‍ഡില്‍ ബി.ജെ.പി മൂന്നാം ടേമിലേക്ക് കടക്കുമോ, അതോ നിരവധി അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും ഒന്നിച്ച് നിന്ന് ബി.ജെ.പി തരംഗം മറികടക്കാന്‍ പ്രതിപക്ഷ മുന്നണിക്ക് കഴിയുമോ? തുടങ്ങിയ ചോദ്യങ്ങള്‍ക്കും വൈകാതെ 2024 ഉത്തരം പറയും.

രാമക്ഷേത്ര ഉദ്ഘാടനം

1992 ഡിസംബര്‍ 6-ന് ബാബറി മസ്ജിദ് തകര്‍ത്തത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിമറിച്ച ഒരു നിര്‍ണായക നിമിഷമായിരുന്നു. ഇനി മുതല്‍ അവിടം രാമക്ഷേത്രമാണ്. ഹിന്ദുത്വയുടെ പ്രധാന മൂലധന നിക്ഷേപങ്ങളിലൊന്ന്. ജനുവരി 22-നാണ് രാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഡിസംബര്‍ 30 ന്, പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷനും, ഒരു പുതിയ വിമാനത്താവളവും ഉദ്ഘാടനം ചെയ്തുകൊണ്ട്, പ്രധാനമന്ത്രി ഒരു റാലിയെ അഭിസംബോധന ചെയ്തിരുന്നു. ജനുവരി 22 ന് ക്ഷേത്രം തുറക്കുന്നതോടെ എന്താണ് സംഭവിക്കാന്‍ സാധ്യതയുള്ളതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ അഭിസംബോധന.”അയോധ്യയില്‍ ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കപ്പെടുമ്പോള്‍, ഒരു കാര്യം വ്യക്തമാണ് ക്ഷേത്രനഗരി പാരമ്പര്യത്തെയും ആധുനിക വികസനത്തെയും ഒരുമിച്ചു ചേര്‍ക്കുന്നുണ്ട്. അതായത് ഭരണകക്ഷിയായ ബിജെപിയുടെ കാഴ്ചപ്പാടില്‍ ഇത് ഒരു രാജ്യത്തിന്റെ ‘ദേശീയ മഹത്വത്തിന്’ അത്യന്താപേക്ഷിതമാണ്”പ്രധാനമന്ത്രിയുടെ പ്രസംഗത്തെ ചൂണ്ടിക്കണിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ ഡെപ്യൂട്ടി അസോസിയേറ്റ് എഡിറ്റര്‍ വികാസ് പഥക് പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ്

ഏപ്രില്‍, മെയ് മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതെങ്കിലും നിശ്ചയിച്ചതിലും നേരത്തെ തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത ചൂണ്ടിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ബിജെപി കൈക്കൊണ്ട തീരുമാനങ്ങളും പ്രതിപക്ഷം എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നതും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമാകും. അതിനാല്‍, വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് രാജ്യം. തുടര്‍ ഭരണത്തിനായുള്ള മൂന്നാം തെരഞ്ഞെടുപ്പ് ബിജെപി വലിയ ആത്മവിശ്വാസത്തോടെയാണ് നേരിടാന്‍ ഇറങ്ങുന്നത്. ബിജെപിയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിപക്ഷത്തിന്റെ സംഘടനാ ശക്തി ദുര്‍ബലമാണ്. ജനുവരി 14ന് രാഹുല്‍ ഗാന്ധിയുടെ ആരംഭിക്കുന്ന ഭാരത് ന്യായ് യാത്ര വരുന്ന തെരഞ്ഞെടുപ്പിന് ഫലം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വിശ്വാസം.

നിയമസഭാ തിരഞ്ഞെടുപ്പുകള്‍

ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളും നടക്കുന്നത്.

ആന്ധ്രാപ്രദേശ്

വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമാണ് ആന്ധ്രാപ്രദേശ്. 2019-ല്‍ പാര്‍ട്ടി 175 അംഗ നിയമസഭയില്‍ 151 സീറ്റുകളും 25 ലോക്സഭാ സീറ്റുകളില്‍ 22 എണ്ണവും നേടിയപ്പോള്‍ എന്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി 23 സീറ്റുകളിലേക്കും മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും ചുരുങ്ങി. ഇത്തവണ, വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ശക്തി ഏറ്റെടുക്കാന്‍ ടിഡിപി പല്ലും നഖവും ഉപയോഗിച്ചായിരിക്കും പോരാടുക. ഈ സെപ്തംബറില്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് 250 കോടി രൂപയുടെ അഴിമതി കേസില്‍ നായിഡു അറസ്റ്റിലായിരുന്നു. നായിഡുവിന്റെ മകന്‍ എന്‍ ലോകേഷ് ഡിസംബറില്‍ യുവഗലം (യുവജന ശബ്ദം) എന്ന പേരില്‍ പദയാത്ര നടത്തി യുവാക്കള്‍ക്കിടയില്‍ രാഷ്ട്രീയ ചലനങ്ങള്‍ക്ക് ശ്രമിച്ചിരുന്നു.

ഒഡീഷ

നിലവില്‍ ബിജു ജനത ദള്‍ ആണ് ഭരണകക്ഷി. തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി രണ്ട് മാസത്തെ കര്‍മ പദ്ധതി തയ്യാറാക്കിയിരുന്നു. കൂടാതെ ബിജെഡിയുമായുള്ള സഖ്യം ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ രണ്ട് പാര്‍ട്ടികളും ദേശീയ തലത്തില്‍ പരസ്പരം പിന്തുണയ്ക്കുന്നുണ്ട്. എല്ലാ പ്രധാന തെരഞ്ഞെടുപ്പുകളിലും ബിജെഡി കേന്ദ്രത്തിനാണ് പിന്തുണ നല്‍കുന്നത്.

സിക്കിം

പ്രതിപക്ഷത്തായിരുന്ന സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്‌കെഎം) 2019-ല്‍ 32 നിയമസഭാ സീറ്റുകളില്‍ 17 ഉം നേടി ഭരണത്തിലെത്തിയിരുന്നു. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് 15 സീറ്റുകളാണ് നേടിയത്. പ്രേം സിങ് തമാങ്യ ആയിരുന്നു മുഖ്യമന്ത്രി. ബിജെപിയുടെ നോര്‍ത്ത് ഈസ്റ്റ് ഡെവലപ്മെന്റ് അലയന്‍സിന്റെ (എന്‍ഇഡിഎ) ഭാഗമാണ് സിക്കിം ക്രാന്തികാരി മോര്‍ച്ച. ഇക്കുറിയും മത്സരം ഇഞ്ചോടിഞ്ച് കനക്കുമെന്നാണ് വിലയിരുത്തല്‍.

അരുണാചല്‍ പ്രദേശ്

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 57 സീറ്റുകളില്‍ 41 സീറ്റും ബിജെപിക്ക് ലഭിച്ചു, ജനതാദള്‍ (യുണൈറ്റഡ്) ഏഴ് സീറ്റുകളാണ് നേടിയത്. 2020 ഡിസംബറില്‍ ജെഡിയു എംഎല്‍എമാരില്‍ ആറ് പേര്‍ ബിജെപിയില്‍ ചേര്‍ന്നു. 2022 ഓഗസ്റ്റില്‍, ബിഹാറില്‍ ബിജെപിയും ജെഡിയുവും തമ്മിലുള്ള സഖ്യം പിളര്‍ന്നതിനെ തുടര്‍ന്ന് ഏക ജെഡിയു എംഎല്‍എ തേസാം പോങ്തെ ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ വടക്കുകിഴക്കന്‍ തേരോട്ടം തുടരുമോയെന്ന് 2024 ല്‍ കണ്ടറിയണം.

മറ്റ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍

ഈ വര്‍ഷാവസാനം മറ്റ് മൂന്ന് പ്രധാന നിയമസഭ പോരാട്ടങ്ങളാണ് നടക്കുക.

മഹാരാഷ്ട്ര

2019ലെ തെരെഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തെ സംബന്ധിച്ച് അപ്രതീക്ഷിതമായ ഒന്നായിരുന്നു. ബിജെപിയും ശിവസേനയും സഖ്യകക്ഷികളായിരുന്നെങ്കിലും ഇരു പാര്‍ട്ടികളും പിരിയുകയും മഹാ വികാസ് അഘാഡി നിലവില്‍ വരികയും ചെയ്തു. പാര്‍ട്ടിക്കുള്ളിലെ പ്രേഷങ്ങള്‍ മൂലം അതും പിരിഞ്ഞു. ബിജെപി കൂട്ടുകെട്ടില്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയാണ് ഭരണത്തിലുള്ളത്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അജിത് പവാര്‍ വിഭാഗവും 2023 ല്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. 2024 നവംബറില്‍ നിയമസഭാ കാലാവധി അവസാനിക്കുന്ന സംസ്ഥാനത്ത് എന്‍സിപി നേതാവ് ശരദ് പവാറിനെപ്പോലുള്ള പ്രമുഖരും നിലവിലെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെപ്പോലുള്ള സ്വാധീനമുള്ള നേതാക്കളുമുണ്ട്. ഈ ട്വിസ്റ്റുകള്‍ക്കും തിരിവുകള്‍ക്കും സമവാക്യങ്ങള്‍ക്കും ഇടയില്‍, സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകള്‍ ആവേശകരമാകും. തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യവും ശ്രദ്ധിക്കപ്പെട്ടേക്കാം.

ജാര്‍ഖണ്ഡ്

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 2000 നവംബര്‍ 15 ന് ബിഹാറിനെ വിഘടിച്ചു നിലവില്‍ വന്നതിനു ശേഷം, ജാര്‍ഖണ്ഡില്‍ ആറു തവണ മുഖ്യമന്ത്രി ഭരണവും മൂന്ന് തവണ രാഷ്ട്രപതി ഭരണവും ഉണ്ടായിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിമാരിലൊരാളായ രഘുബര്‍ ദാസിന് മാത്രമേ ഭരണ കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ (2014 മുതല്‍ 2019 വരെ). ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച തലവനും സംസ്ഥാന മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനും തന്റെ കാലാവധി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. ഇതിന് തടയിടാനെന്നവണ്ണം മുഖ്യ മന്ത്രിക്കെതിരെയുള്ള ഇഡിയുടെ നീക്കങ്ങളും നടക്കുന്നുണ്ട്. ബിജെപിയും സംസ്ഥാനത്ത് എന്നത്തേക്കാളും സജീവമാണ്. ബാബുലാല്‍ മറാണ്ടി സംസ്ഥാന അധ്യക്ഷനായി നിയമിതനായതു മുതല്‍ ബിജെപി നീക്കങ്ങള്‍ പ്രബലമാണ്. നിയമസഭ കാലാവധി 2025 ജനുവരിയിലാണ് അവസാനിക്കുക.

ഹരിയാന

കഴിഞ്ഞ തവണ ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളില്‍ 40 സീറ്റുകളും ബിജെപി നേടിയിരുന്നു. 20 സീറ്റുകള്‍ നേടിയ ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജനനായക് ജനതാ പാര്‍ട്ടിയുമായി ബിജെപി സഖ്യമുണ്ടാക്കി മനോഹര്‍ ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രിയായി. ഈ അഞ്ച് വര്‍ഷത്തിനിടയില്‍, സഖ്യം നിരവധി പ്രശ്‌നങ്ങളാണ് കൈകാര്യം ചെയ്തത്. സഖ്യത്തിന്റെ പിളര്‍പ്പിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളും ഉയര്‍ന്നിരുന്നു. സംസ്ഥാനത്ത് അധികാരത്തില്‍ എത്താനുള്ള ബിജെപി തന്ത്രങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും. നവംബറില്‍ നിയമസഭയുടെ കാലാവധി അവസാനിക്കും.

ജമ്മു കശ്മീര്‍

2023 ഡിസംബര്‍ 11-നാണ്, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ 2019-ലെ തീരുമാനത്തിന് സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി അംഗീകാരം നല്‍കിയത്. സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ ‘ഏറ്റവും നേരത്തെ’ ഉത്തരവിടുകയും 2024 സെപ്റ്റംബര്‍ 30-ന് കേന്ദ്രഭരണ പ്രദേശമായ ജമ്മു-കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനുള്ള സമയപരിധി നിശ്ചയിക്കുകയും ചെയ്തിരുന്നു. അസാധുവാക്കലിന് ശേഷം ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്തതിനാല്‍ ഇത് നിര്‍ണായകമാണ്. സംസ്ഥാനത്തെ പാര്‍ട്ടികള്‍ സ്ഥിരമായി ഉയര്‍ത്തിക്കാട്ടുന്ന പ്രശ്‌നം കൂടിയാണിത്. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന് കോടതി ഒരു സമയപരിധി നിശ്ചയിച്ചിട്ടില്ല, എന്നാല്‍ വിഷയം കേന്ദ്രം എങ്ങനെ സമീപിക്കും എന്നത് പ്രധാന വിഷയമായി മാറും.

ഏകീകൃത സിവില്‍ കോഡ്

തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ ഒരു റാലിയില്‍ പ്രധാനമന്ത്രി മോദി അനുകൂലിച്ച് സംസാരിച്ചതിനെ തുടര്‍ന്ന് ഏകീകൃത സിവില്‍ കോഡ് (യുസിസി) എന്ന നിര്‍ദ്ദേശം ശക്തമായിരുന്നു. യു.സി.സി നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജൂലൈയില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗവും വിളിച്ചു ചേര്‍ത്തിരുന്നു. 2022 ലെ ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ തുടര്‍ന്ന്, ബി.ജെ.പി ഉത്തരാഖണ്ഡിനായി യു.സി.സി ഡ്രാഫ്റ്റ് രൂപീകരിക്കാന്‍ മേയ് മാസത്തില്‍ ഒരു വിദഗ്ധ സമിതി രൂപീകരിച്ചു. സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമത്തിന്റെ കരട് പൂര്‍ത്തിയാക്കിയിരുന്നു. പുഷ്‌കര്‍ സിംഗ് ധാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വരും മാസങ്ങളില്‍ യുസിസി നടപ്പിലാക്കുന്നത് ചര്‍ച്ച ചെയ്യുന്നതിനും അംഗീകരിക്കുന്നതിനുമായി ഒരു പ്രത്യേക സമ്മേളനം വിളിക്കുമെന്നാണ് കരുതുന്നത്.

Share on

മറ്റുവാര്‍ത്തകള്‍