UPDATES

മാര്‍ച്ച് 15 നകം സൈന്യത്തെ പിന്‍വലിക്കണം; ഇന്ത്യക്ക് ഡെഡ്‌ലൈന്‍ വച്ച് മാലദ്വീപ്

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമോ മാലദ്വീപ് വിദേശകാര്യ ഓഫിസോ പുറപ്പെടുവിച്ച പ്രസ്താവനകളില്‍ ഇങ്ങനെയൊരു സമയപരിധി പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

                       

തങ്ങളുടെ രാജ്യത്ത് നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യക്ക് അന്ത്യശ്വാസനം നല്‍കി മാലദ്വീപ്. ഇന്ത്യ-മാലദ്വീപ് ബന്ധം ഏറ്റവും പ്രക്ഷുബ്ദമായിരിക്കുന്ന സാഹചര്യത്തില്‍ തന്നെയാണ് അന്തരീക്ഷം കൂടുതല്‍ ഇരുണ്ടതാക്കി മാലദ്വീപിന്റെ ഭാഗത്ത് നിന്നും വെല്ലുവിളി ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യ തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സു പരിഹസിച്ചതിനു പിറ്റേദിവസമാണ് ദ്വീപ് ഭരണകൂടം മാര്‍ച്ച് 15 ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ന്യൂഡല്‍ഹിക്ക് മുന്നില്‍ സമയപരിധി വച്ചത്.

മാലിയില്‍ ഞായറാഴ്ച്ച ചേര്‍ന്ന ഇന്ത്യ-മാലദ്വീപ് ഉന്നതതല കോര്‍ ഗ്രൂപ്പ് യോഗത്തിലാണ് മൊയ്‌സു സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള സമയപരിധി മുന്നോട്ടുവച്ചത്. ‘യോഗത്തില്‍ പസിഡന്റ് മൊയ്‌സുവിന് വേണ്ടി, മാലിദ്വീപ് പ്രതിനിധികള്‍ മാര്‍ച്ച് 15 നകം ഇന്ത്യന്‍ സൈനികരെ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു എന്നാണ് പ്രസിഡന്റ് ഓഫീസിലെ പോളിസി ഡയറക്ടര്‍ അഹമ്മദ് നസിം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ”ഈ തീയതി സര്‍ക്കാരും പ്രത്യേകിച്ച് പ്രസിഡന്റും അജണ്ട പ്രകാരം നിര്‍ദ്ദേശിച്ചതാണ്. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു’, നസിം പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം ദ്വീപ് രാജ്യത്ത് വേണ്ടെന്നത് പ്രസിഡന്റിന്റെയും സര്‍ക്കാരിന്റെയും നയത്തിന്റെ ഭാഗമാണെന്ന് പോളിസി ഡയറക്ടര്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമോ മാലദ്വീപ് വിദേശകാര്യ ഓഫിസോ പുറപ്പെടുവിച്ച പ്രസ്താവനകളില്‍ ഇങ്ങനെയൊരു സമയപരിധി പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയുടെ പിണക്കം മുതലെടുത്ത് മാലദ്വീപിന് ചുവപ്പ് പരവതാനി വിരിച്ച് ചൈന

കോര്‍ ഗ്രൂപ്പ് യോഗത്തിന്റെ ഭാഗമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ ഇങ്ങനെയൊരു സമയപരിധിയുടെ കാര്യം പറയുന്നില്ല. നടന്നുകൊണ്ടിരിക്കുന്ന വികസന സഹകരണ പദ്ധതികളുടെ നടത്തിപ്പ് ത്വരിതപ്പെടുത്തുന്നതും, ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനും ഉള്ള നടപടികള്‍ സ്വീകരിക്കുന്നതിനും ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട വിശാലമായ വിഷയങ്ങളിലും ഇരുപക്ഷവും കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടത്തിയെന്നാണ് ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നത്.

മാലദ്വീപിലെ ജനങ്ങള്‍ക്ക് മാനുഷികവും ആരോഗ്യസുരക്ഷ സേവനങ്ങളും നല്‍കുന്ന ഇന്ത്യന്‍ വ്യോമയാന സംവിധാനങ്ങളുടെ തുടര്‍ച്ചയായ പ്രവര്‍ത്തനം പ്രാപ്തമാക്കുന്നതിന് പരസ്പര പ്രവര്‍ത്തനക്ഷമമായ ഒരു പരിഹാരം കണ്ടെത്തുന്നതിനും യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്. രോഗികളെ മാലി വിമാനത്താവളത്തില്‍ എത്തിക്കുന്നതിനും മരുന്നുകളും ഭക്ഷണസാധനങ്ങളും പോലുള്ള അവശ്യ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും ദ്വീപ് രാഷ്ട്രം ദീര്‍ഘകാലമായി ഇന്ത്യയുടെ വ്യോമയാന സംവിധാനത്തെ ആശ്രയിക്കുന്നുണ്ട്. ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ മുന്നു മഹാവര്‍, ഡെപ്യൂട്ടി ഹൈ കമ്മീഷണര്‍ മായങ്ക് സിംഗ്, ഇന്ത്യന്‍ നാവിക സേനയിലെയും കോസ്റ്റ് ഗാര്‍ഡിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉഭകക്ഷി ചര്‍ച്ചയില്‍ ഇന്ത്യന്‍ ഭാഗത്ത് നിന്നുണ്ടായിരുന്നു.

മാലദ്വീപില്‍ ചൈനയ്ക്ക് വിജയം, ഇന്ത്യക്ക് തിരിച്ചടി

ഇന്ത്യന്‍ സൈന്യത്തെ ദ്വീപില്‍ നിന്നും പിന്‍വലിക്കുന്നത് വേഗത്തിലാക്കുമെന്ന് പറയുന്നതല്ലാതെ, ഒരു സമയപരധി മാലദ്വീപ് വിദേശകാര്യ ഓഫിസിന്റെ പ്രസ്താവനയിലും പറയുന്നില്ല.

ഏറ്റവും പുതിയ കണക്ക് പ്രകാരം 88 ഇന്ത്യന്‍ സൈനികര്‍ മാലദ്വീപില്‍ ഉണ്ട്. ഡിസംബറില്‍ ദുബായില്‍ നടന്ന സിഒപി 28 ഉച്ചകോടിക്കിടെ മോദി മുയിസുവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇന്ത്യയും മാലിദ്വീപും കോര്‍ ഗ്രൂപ്പ് രൂപീകരിച്ചത്. ഗ്രൂപ്പിന്റെ അടുത്ത യോഗം പരസ്പരം സൗകര്യപ്രദമായ തീയതിയില്‍ ഇന്ത്യയില്‍ നടക്കുമെന്ന് ഇരുപക്ഷവും പ്രസ്താവനയില്‍ പറഞ്ഞു.

അധികാരമേറ്റതിന്റെ പിറ്റേദിവസം തന്നെ, ഇന്ത്യന്‍ സൈനികരെ തങ്ങളുടെ രാജ്യത്ത നിന്നും പിന്‍വലിക്കണമെന്ന് മൊഹമ്മദ് മൊയ്സൂ ഇന്ത്യന്‍ ഭരണകൂടത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ചൈനയെ പിന്തുണയ്ക്കുന്ന നേതാവാണ് മൊഹമ്മദ് മൊയ്സൂ. ഇന്ത്യയുടെ കടുത്ത വിമര്‍ശകനും. മാല്‍ഡിവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും നിലവിലെ പ്രസിഡന്റുമായിരുന്ന മുഹമ്മദ് സോലിഹിനെ പരാജയപ്പെടുത്തിയാണ് മൊയ്സൂ അധികാരത്തിലെത്തിയത്. സോലിഹ് ഇന്ത്യയുടെ പ്രിയപ്പെട്ട ചങ്ങാതിയായിരുന്നു. സോലിഹ് 2018-ല്‍ അപ്രതീക്ഷിതമായി അധികാരത്തിലേറിയത് മുതല്‍, ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തിയിരുന്നു. മാലദ്വീപുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് ചരിത്രകാലത്തോളം പഴക്കമുണ്ടെങ്കിലും സോലിഹിന് മുമ്പുള്ള സര്‍ക്കാരുകള്‍ ചൈനീസ് നിക്ഷേപങ്ങളായരുന്നു ഗണ്യമായി പ്രോത്സാഹിപ്പിച്ചിരുന്നത്. മുഹമ്മദ് സോലിഹ് അധികാരത്തിലേറിയത് മുതല്‍ മുന്‍ സര്‍ക്കാര്‍ ചൈനയുമായി മുന്നോട്ടുവച്ചിരുന്ന സാമ്പത്തിക ബന്ധത്തില്‍ നിന്ന് പിന്മാറുകയും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വിപുലീകരിക്കുകയും ചെയ്തു.

സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ സമ്മതിച്ചെന്ന് മാലദ്വീപ് പ്രസിഡന്റ്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മാലദ്വീപ് മന്ത്രിമാര്‍ സമൂഹമാധ്യമത്തില്‍ കൂടി അധിക്ഷേപിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് ആക്കം കൂട്ടിയത്. മന്ത്രിമാരെ മാലദ്വീപ് സര്‍ക്കാരില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ക്ക് അത് ആക്കം കൂട്ടി. മാലിദീപില്‍ ഏറ്റവും കൂടുതല്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ റിസര്‍വേഷന്‍ റദ്ദാക്കുന്നതിലേക്ക് ഈ സംഭവം വഴിവച്ചിരുന്നു. ടൂറിസത്തെ ആശ്രയിക്കുന്ന ദ്വീപ് രാഷ്ട്രത്തിന് ഇന്ത്യയുടെ ഈ നീക്കം കനത്ത തിരിച്ചടിയാവുമോ എന്ന ആശകകള്‍ക്കിടയില്‍ പ്രസിഡന്റ് മൊയ്‌സു ചൈന സന്ദര്‍ശിക്കുകയും ആ രാജ്യവുമായി 20 ഓളം കരാറുകള്‍ ഒപ്പിടുകയും ചെയ്തിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍