November 10, 2024 |
Share on

‘ഹിറ്റ്; ദ ഫസ്റ്റ് കേസ്’ മോഡല്‍ കൊലപാതകം

പതിനഞ്ചുകാരന്റെ കൊലപാതകത്തിലെ ട്വിസ്റ്റ് പൊളിച്ച് പൊലീസ്

‘ദൃശ്യം മോഡല്‍ കൊലപാതകം’ എന്ന തലക്കെട്ട് മലയാളിക്ക് പരിചിതമാണ്. മോഹന്‍ലാല്‍-ജീത്തു ജോസഫ് സിനിമയുടെ പ്രമേയം അനുകരിച്ച് നടത്തിയ ചില കൊലപാതകങ്ങളാണ് ദൃശ്യം മോഡലായി മാറിയത്. സിനിമയിലെ പൊലീസ് അല്ല യഥാര്‍ത്ഥ കേരള പൊലീസ് എന്നതിനാല്‍ കൊലപാതകികളെല്ലാം അഴിക്കുള്ളിലായി. യഥാര്‍ത്ഥ സംഭവങ്ങള്‍ സിനിമയ്ക്ക് ആധാരമാകുന്നതുപോലെ, സിനിമാക്കഥകളും ചിലപ്പോഴൊക്കെ യഥാര്‍ത്ഥ ജീവിതത്തില്‍ പരീക്ഷിക്കപ്പെടാറുണ്ട്. അതില്‍ പ്രധാനം കൊലപാതകങ്ങളും മോഷണങ്ങളും തട്ടിക്കൊണ്ടു പോകലുമൊക്കെയാണ്. ഇതൊക്കെ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലാകെയും ലോകത്തുമെല്ലാം നടക്കുന്നതാണ്. greater noida teenager’s murder

ഗ്രേറ്റര്‍ നോയിഡയിലും അങ്ങനെയൊരു കൊലപാതകം നടന്നു. ഒമ്പതാം ക്ലാസുകാരനായ കുനാല്‍ ശര്‍മയെ കൊല്ലാന്‍ കൊലയാളികള്‍ കണ്ടത് രാജ്കുമാര്‍ റാവുവിന്റെ ഹിറ്റ്; ദ ഫസ്റ്റ് കേസ് ആയിരുന്നു(തെലുഗ് ചിത്രമായ ഹിറ്റിന്റെ ഹിന്ദി വേര്‍ഷന്‍).

ബുലാന്ദ്ഷഹറിലെ കനാലില്‍ നിന്നാണ് 15 കാരന്റെ മൃതദേഹം കിട്ടുന്നത്. ഗ്രേറ്റര്‍ നോയിഡയിലെ മയാന ആയിരുന്നു കുനാലിന്റെ ഗ്രാമം. പിതാവ് നടത്തുന്ന ധാബയില്‍ നിന്നും 38 കിലോമീറ്റര്‍ ദൂരെയായിട്ടായിരുന്നു അവന്റെ മൃതദേഹം കിടന്നിരുന്ന കനാല്‍. ഒരു കൗമാരക്കാരനോട് ഇങ്ങനെയൊരു ക്രൂരത കാണിക്കാന്‍ മാത്രം അവന് ആരാണ് ശത്രുക്കളായി ഉണ്ടായിരുന്നതെന്ന ചോദ്യത്തിന് കുടുംബത്തിന് ഉത്തരമില്ലായിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ആ കൊടുംക്രൂരതയുടെ പിന്നിലെ കാരണങ്ങളെല്ലാം പൊലീസ് വെളിച്ചെത്തു കൊണ്ടു വന്നു.

ആ കൊലപാതകം നടത്തിയത്, 15കാരന്റെ സഹോദരന്റെ സ്ഥാനത്തുള്ള ബന്ധുവായിരുന്നു. വീട്ടാത്തൊരു കടത്തിന്റെയും, ഒരു ധാബയുടെയും പേരില്‍ നടത്തിയ കൊലപാതകം.

‘ഞാന്‍ ജീവിക്കാനുള്ള സാധ്യത വെറും 30 ശതമാനമായിരുന്നു’

കഴിഞ്ഞ ബുധനാഴ്ച്ച ഗ്രേറ്റര്‍ നോയിഡയിലെ ധാബയ്ക്ക് സമീപം നടന്ന ഏറ്റുമുട്ടലിനുശേഷമാണ് ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ നാല് പേരെ പൊലീസ് പിടികൂടുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോയതും, കൊന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ മുഖ്യ സൂത്രധാരന്‍ മനോജ് ശര്‍മ എന്നയാളായിരുന്നു. ഇയാളുടെ അമ്മായിയുടെ മകനാണ് കൊല്ലപ്പെട്ട കുനാല്‍.

ധാബ നടത്തി വരികയായിരുന്ന മനോജ്, കൊല്ലപ്പെട്ട കുനാലിന്റെ പിതാവായ കൃഷ്ണ കുമാറില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. കടം തിരികെ കൊടുക്കാതെ വന്നതോടെ മനോജ് നടത്തി വന്ന ധാബ കൃഷ്ണ കുമാര്‍ ഏറ്റെടുത്തു. പിന്നീട് കൃഷ്ണ കുമാര്‍ ഈ ധാബ നടത്തിപ്പോരുകയായിരുന്നു. കുനാലും പിതാവിനെ ധാബയില്‍ സഹായിച്ചിരുന്നു.

ധാബ കൃഷ്ണ കുമാറിന് കൊടുക്കേണ്ടി വന്നതില്‍ മനോജ് എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എങ്കിലും അയാളുടെയുള്ളില്‍ ദേഷ്യവും വൈരാഗ്യവും നിറഞ്ഞിരുന്നു. പകയേറിയാണ് അയാളില്‍ കൊലപാതക ചിന്ത വരുന്നത്. മകനെ നഷ്ടപ്പെട്ടാല്‍ കൃഷ്ണ കുമാര്‍ അതോടെ തകരുമെന്നും, പിന്നീടയാള്‍ക്ക് ധാബ നടത്തിക്കൊണ്ടു പോകാന്‍ കഴിയാതെ വരികയും അങ്ങനെ ധാബ വീണ്ടും തന്റെ കൈയില്‍ തന്നെ വരുമെന്നുമായിരുന്നു മനോജിന്റെ ആലോചന.

കൊല ചെയ്യാന്‍ തീരുമാനിച്ചതിനുശേഷമാണ് മനോജ് നെറ്റ്ഫ്‌ളിക്‌സില്‍ ‘ഹിറ്റ്’ കാണുന്നത്. കൊലപാതകം എങ്ങനെ വേണമെന്ന് പ്ലാന്‍ ചെയ്യുന്നത് സിനിമ കണ്ടശേഷമാണ്.

മനോജിന് കൊടുത്തതുപോലെ കൃഷ്ണ കുമാര്‍, ഹിമാന്‍ഷു എന്നയാള്‍ക്കും രണ്ട് ലക്ഷം രൂപ കടം കൊടുത്തിരുന്നു. മനോജ് ഇടനില നിന്നായിരുന്നു ഹിമാന്‍ഷുവിനും പണം കൊടുക്കുന്നത്. അതേ ഹിമാന്‍ഷുവിനെ തന്നെ മനോജ് തന്റെ പദ്ധതിക്കായി കൂടെക്കൂട്ടി. മറ്റു രണ്ടുപേര്‍ കൂടി സംഘത്തില്‍ വന്നു, കുനാല്‍ ഭാട്ടിയും തനുവും. എംബിബിഎസ് വിദ്യാര്‍ത്ഥിയായ തനു, ഭാട്ടിയുടെ സുഹൃത്തായിരുന്നു.

മേയ് ഒന്നാം തീയതി തനു ധാബയില്‍ എത്തി. അവള്‍ കുനാലിന്റെയടുത്ത് ചെന്ന് ഹിമാന്‍ഷുവിന് കാണണമെന്ന് അറിയിച്ചു. തനുവിനൊപ്പം കാറിനടുത്തേക്ക് വന്ന കുനാലിനെ കൊലയാളികള്‍ ബലപ്രയോഗത്തിലൂടെ വണ്ടിക്കുള്ളിലേക്ക് കയറ്റി. അകത്തുവച്ച് കൈകാലുകള്‍ കൂട്ടിക്കെട്ടിയ ശേഷം അവര്‍ കുനാലിനെ ഒരു സ്യൂട്ട്‌കെയ്‌സിനുള്ളിലാക്കി. പിന്നീടവര്‍ നോയിഡയില്‍ സ്ഥിതി ചെയ്യുന്ന, ഹിമാന്‍ഷുവിന്റെ ജെയ്പീ വിഷ്ടൗണ്‍ ഫ്‌ളാറ്റിലേക്ക് പോയി. അവിടെവച്ച് കുനാലിനെ തലയിലടിച്ച് കൊലപ്പെടുത്തി. പിന്നീട് മൃതദേഹം ബുലാന്ദ്ഷഹറിലുള്ള കനാലില്‍ ഉപേക്ഷിച്ചു.

കുനാലിനെ കൊന്നതിന്റെ പിറ്റേദിവസം മുതല്‍ മനോജ് തന്റെ അമ്മായിയുടെ വീട്ടില്‍ സ്ഥിരമായി പോവുകയും, കാണാതായ സഹോദരനെ(കുനാല്‍) തിരയാന്‍ എല്ലാവര്‍ക്കുമൊപ്പം കൂടുകയും ചെയ്തിരുന്നു. ‘ മനോജ് ഞങ്ങളുടെ കുടുംബത്തിലെ ഒരാളായിരുന്നു. കുനാലിനെ കാണാതായതില്‍ പിന്നെ മനോജും ഹിമാന്‍ഷുവും സ്ഥിരമായി വീട്ടില്‍ വരുമായിരുന്നു. അവര്‍ ഞങ്ങളെ സഹായിക്കുന്നതായാണ് തോന്നിയത്. എനിക്കറിയില്ലായിരുന്നു എന്റെ കുഞ്ഞിനെ കൊന്നവരാണ് എനിക്കൊപ്പം ഇരിക്കുന്നതെന്നും, ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതെന്നും” കുനാലിന്റെ പിതാവ് ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്ന വാക്കുകള്‍. കുനാലിന്റെ മൃതദേഹം കണ്ടെത്തിയശേഷവും മനോജും ഹിമാന്‍ഷുവും കൃഷ്ണ കുമാറിന്റെ വീട്ടില്‍ ചെന്നിരുന്നു. കുനാലിന് അമ്മയില്ല, താനായിരുന്നു അവന്റെയെല്ലാ കാര്യങ്ങളും നോക്കി വളര്‍ത്തിയിരുന്നുവെന്നു കൃഷ്ണ കുമാര്‍ പറയുന്നു. നന്നായി പഠിക്കുമായിരുന്ന കുനാലിന് ഐഎഎസ് ഓഫിസറാകാനായിരുന്നു ആഗ്രഹമെന്നും ആ പിതാവ് പറയുന്നു.

കുനാലിന്റെ കൊലപാതകം അന്വേഷിക്കുന്നതില്‍ വീഴ്ച്ച വരുത്തിയെന്നാരോപിച്ച് ബേട്ട-2 പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്ന് പതിനൊന്നംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു. സംശയം തോന്നി നടത്തിയ ചോദ്യം ചെയ്യലില്‍ മനോജ് കുമാര്‍ കുറ്റം സമ്മതിച്ചു. ‘ഹിറ്റ്’ സിനിമയില്‍ നിന്നാണ് തങ്ങള്‍ക്ക് കൊലപാതകം ആസൂത്രണം ചെയ്യാനുള്ള വഴികള്‍ കിട്ടിയതെന്നു പ്രതികള്‍ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. വണ്ടിയിലെ സ്റ്റിക്കര്‍ മാറ്റിയും, വസ്ത്രങ്ങള്‍ മാറ്റിയും, മൃതദേഹത്തില്‍ നിന്നും വിരലടയാളങ്ങള്‍ മായ്ച്ചു കളഞ്ഞും, മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ചുമെല്ലാം തങ്ങളിലേക്കെത്താനുള്ള തെളിവുകള്‍ എല്ലാം നശിപ്പിച്ചുവെന്നായിരുന്നു പ്രതികള്‍ കരുതിയത്. പക്ഷേ, പൊലീസ് അവരെക്കാള്‍ ബുദ്ധിമാന്മാരായിരുന്നു.

Content Summary; Greater Noida teenager’s murder plot straight out of movie hit; the first case

Advertisement