ജാർഖണ്ഡിൽ വച്ച് വിദേശ സഞ്ചാരികൾക്ക് നേരിടേണ്ടി വന്ന ദുരന്തം ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണംകെടുത്തിയ ഒരു സംഭവമായിരുന്നു. 2024 മാർച്ച് ഒന്ന് വെള്ളിയാഴ്ചയാണ് ജാർഖണ്ഡിലെ ദുംക ജില്ലയിൽ വച്ച് സ്പാനിഷ് വിദേശ സഞ്ചാരിയായ വനിത കൂട്ടബലാത്സംഗത്തിനിരയാകുന്നത്. അപ്രതീക്ഷിതമായി താനങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്ന ദുരനുഭവത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇരുവരും.
മരണത്തെ മുഖാമുഖം കണ്ട തങ്ങളുടെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ മൂന്ന് മണിക്കൂറിനെ കുറിച്ച് ഒരു നടുക്കത്തോടെയാണ് ഇരുവരും ഓർമ്മിക്കുന്നത്. ഏപ്രിൽ 17-ാം തീയതി തങ്ങളുടെ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോകളിലൂടെയാണ് തങ്ങൾക്കുണ്ടായ അനുഭവം വിവരിച്ചത്.
59 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ മൂന്ന് മണിക്കൂറിൽ കടന്നു പോയ സംഘർഷ ഭരിതമായ മുഹൂർത്തങ്ങളുടെ ഭീകരത മുഴുവൻ ഇരുവരും പങ്കുവെക്കുന്നുണ്ട്. കൂടാതെ, തങ്ങൾക്കുണ്ടായ ദുരന്ത കഥയുടെ അവസാനമെന്നോണമാണ് ഈ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതെന്നും എന്നും അവർ വ്യക്തമാക്കുന്നുമുണ്ട്.
ഞങ്ങൾ മരണത്തെ വളരെ അടുത്ത കണ്ടിട്ടുണ്ട്, അത് ഞങ്ങളിൽ വല്ലാത്ത ആഘാതം സൃഷ്ടിച്ചിട്ടുമുണ്ട്, പക്ഷെ ഇതൊന്നും ഞങ്ങളുടെ ജീവിത പദ്ധതിയെ മാറ്റി മറിക്കാൻ ഞങ്ങൾ അനുവദിക്കില്ല. അതോടൊപ്പം, ഇതിനൊന്നിനും തങ്ങളെ തകർക്കാനാകില്ല എന്നും യാത്രകൾ ഇനിയും തുടരുക തന്നെ ചെയ്യുമെന്നും ദമ്പതികൾ വ്യക്തമാക്കി. നിർഭാഗ്യം നമ്മെ പിടിമുറുക്കുമ്പോൾ അതിനെ ഏത് തരത്തിൽ നേരിടണമെന്നും ശക്തമായി എങ്ങനെ മുന്നോട്ട് പോകണമെന്നും നാം അറിഞ്ഞിരിക്കണം എന്നും ഇരുവരും പറയുന്നു,
പ്രതികൾ പലതവണ മർദിക്കുകയും കത്തിമുനയിൽ ബന്ദിയാക്കി നിർത്തിയിരിക്കുകയുമായിരുന്നു. സംഭവത്തിന്റെ ഓർമയിൽ 63 കാരനായ യുവതിയുടെ ഭർത്താവ് പറയുന്നു.
‘ യാത്രക്കിടെ ഹൻസ്ദിഹ പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുമഹട്ടിൽ ഞങ്ങൾ താൽക്കാലികമായൊരുക്കിയ ടെന്റിൽ രാത്രി തങ്ങുന്നതിനിടെയാണ് കുറ്റവാളികളിൽ ആക്രമിക്കുന്നത്. ആ സമയത്ത് എന്ത് ചെയ്യണെമെന്ന് എനിക്ക് അറിയില്ലായിരുന്നു , ആദ്യം അവൾ മരിച്ചുവെന്നാണ് ഞാൻ കരുതിയത്. ഒരു കുറ്റികാട്ടിൽ ആയിരുന്നു അവൾ കിടന്നിരുന്നത്. പെട്ടന്നാണ് അവൾ എന്റെ അടുത്തേക് വരുന്നത് ഞാൻ കണ്ടത്. അത് ആർക്കും സങ്കൽപ്പിക്കാൻ കഴിയാത്തതത്ര സന്തോഷമാണ് ആ നിമിഷം എനിക്ക് നൽകിയത്. അപ്പോഴും അവളെ സംരക്ഷിക്കാൻ കഴിയാതിരുന്നതിന്റെ കുറ്റബോധം എന്നെ പിടിമുറുക്കുകയായിരുന്നു. എന്റെ മുഖത്തും വായിലുമെല്ലാം ഗുരുതരമായി പരിക്കേറ്റിരുന്നു. ഹെൽമെറ്റ് കൊണ്ടും കല്ല് കൊണ്ടും പലതവണ തലയിൽ അടിച്ചാണ് പരിക്കേല്പിച്ചത്. പ്രതികൾ ഞങ്ങളിൽ നിന്ന് ഒന്നും മോഷ്ടിച്ചിട്ടില്ല അവരുടെ പ്രധാന ഉദ്ദേശം അവളെ ബലാത്സംഗം ചെയ്യുക എന്നത് മാത്രമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങൾ ചികത്സക്കായി ആശുപത്രിയിൽ പോയപ്പോൾ, കുറച്ച് പരിശോധനകൾക്ക് ശേഷം തങ്ങളെ കൊതുകുകൾ നിറഞ്ഞ തകർന്ന ജനാലകളുമുള്ള ഒരു മുറിയിലേക്കാണ് അയച്ചത്. ആ മുറിയാണ് അവർക്കുണ്ടായിരുന്ന ഏറ്റവും മികച്ച ഒന്ന്. എന്താണ് സംഭവിക്കുന്നത് എന്നതിന്റെ ശരിയായ ചിത്രം ഞങ്ങൾക്ക് ഞങ്ങൾക്കപ്പോഴും ഇല്ലായിരുന്നു. പോലീസ് അധികൃതർ ഞങ്ങളുടെ കാര്യം ഗൗരവമായി എടുക്കാൻ പോകുകയാണെന്നോ, അല്ലെന്നോ ഞങ്ങൾക്ക് അറിയില്ലായിരുന്നു. അതിനാൽ നടക്കുന്ന എല്ലാം റെക്കോർഡ് ചെയ്യാൻ ഞങ്ങൾ തീരുമാനിക്കയായിരുന്നു വെന്നും ഇരുവരും പറഞ്ഞു.
തങ്ങൾക്കുണ്ടായ ദുരനുഭവം യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് ക്രൂരത പുറം ലോകം അറിയാൻ ഇടയായത്. ഈ സംഭവത്തോടെ, ഇന്ത്യയുടെ ചില ഭാഗങ്ങളിലേക്ക് സ്ത്രീകൾ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന തരത്തിലുള്ള പല വാർത്തകളും സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.
‘ ഏഴു പേർ ചേർന്ന് കഴിഞ്ഞ ദിവസം ഞങ്ങളെ ആക്രമിക്കുകയും മർദിച്ചവശരാക്കുകയും ചെയ്തു. എന്റെ പങ്കാളിയുടെ കഴുത്തിൽ കത്തിവച്ചു, അദ്ദേഹത്തെ മർദിച്ച് അവശനാക്കി കത്തിമുനയിൽ നിർത്തി, എന്നെ ബലാത്സംഗം ചെയ്തു.’ എന്ന് യുവതി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചതോടെയാണ് കാര്യങ്ങളുടെ ഗൗരവം പുറത്ത് വന്നത്. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷം, മാർച്ച് രണ്ടിനു മൂന്ന് പേരെ ജാർഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്യുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. റോയിട്ടേഴ്‌സ്, അൽ ജസീറ തുടങ്ങിയ പല വിദേശ മാധ്യമങ്ങളും ഈ സംഭവത്തോടൊപ്പം ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചു കൂടി വ്യാപകമായി റിപ്പോർട്ട് ചെയ്‌തിരുന്നു. 2022ൽ ഇന്ത്യയിൽ പ്രതിദിനം ശരാശരി 90 ബലാത്സംഗങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു എന്ന കണക്കുകളും സംഭവത്തിന് പിന്നാലെ പുറത്തു വന്നിരുന്നു.