UPDATES

ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം (കേരളത്തിന്റെയും)

വളരെ ചുരുക്കം നേതാക്കള്‍ക്ക് മാത്രമെ തന്റെ സഞ്ചാരത്തിനൊപ്പം ഒരു നാടിന്റെ ഗതിവിഗതികള്‍ കൂടി നിര്‍ണയിക്കാന്‍ സാധിക്കൂ, അതിലൊരാളായിരുന്നു ഉമ്മന്‍ ചാണ്ടി

                       

ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയം ജീവിതം രാഷ്ട്രീയ കേരളത്തിന്റെ ചരിത്രം കൂടിയാണ്. വളരെ ചുരുക്കം നേതാക്കള്‍ക്ക് മാത്രമെ തന്റെ സഞ്ചാരത്തിനൊപ്പം ഒരു നാടിന്റെ ഗതിവിഗതികള്‍ കൂടി നിര്‍ണയിക്കാന്‍ സാധിക്കൂ, അതിലൊരാളായിരുന്നു ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിയുടെ 12 നിയമസഭ തെരഞ്ഞെടുപ്പ് വിജയങ്ങളിലൂടെയുള്ള, അമ്പതാണ്ടിനുമേലുള്ള വിശാലമായ ആ രാഷ്ട്രീയ ജീവിതത്തിന്റെ ഹ്രസ്വമായ വിവരണം മാത്രമാണിത്.

ഒന്നാം ജയം (1970)
1970 സെപ്റ്റംബര്‍ 17നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഉമ്മന്‍ ചാണ്ടി ആദ്യമിറങ്ങുന്നത്. നിയമസഭയിലേക്കുള്ള കന്നിമത്സരത്തിനിറങ്ങുന്നത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കുമ്പോഴാണ്. പുതുപ്പള്ളി മണ്ഡലത്തില്‍ അന്ന് നടന്നത് വാശിയേറിയ ത്രികോണ മത്സരം. രണ്ടു തവണ ജയിച്ചിട്ടുള്ള സിപിഎമ്മിലെ സിറ്റിംഗ് എംഎല്‍എ ഇ.എം. ജോര്‍ജിനെ 7,288 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചു.

ഉമ്മന്‍ ചാണ്ടിക്ക് അന്നു പ്രായം 27. മുപ്പതു വയസില്‍ താഴെയുള്ള അഞ്ചു യൂത്ത് കോണ്‍ഗ്രസുകാര്‍ അന്നു നിയമസഭയിലെത്തിയിരുന്നു. എകെ. ആന്റണി, എന്‍. രാമകൃഷ്ണന്‍, കൊട്ടറ ഗോപാലകൃഷ്ണന്‍, എ സി ഷണ്‍മുഖദാസ് എന്നിവര്‍. 1970 ഒക്ടോബര്‍ 4ന് പുതിയ നിയമസഭ നിലവില്‍ വന്നു. കോണ്‍ഗ്രസ് പിന്തുണയോടെ സി. അച്യുതമേനോന്‍ വീണ്ടും മുഖ്യമന്ത്രിയായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ഉമ്മന്‍ ചാണ്ടി തുടര്‍ന്ന് തൊഴിലാളി മേഖലയില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചു.

രണ്ടാം ജയം (1977)
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 1975 സെപ്റ്റംബറില്‍ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പ് 1977 മാര്‍ച്ച് 19നാണു നടന്നത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ രണ്ടാമൂഴം. 15,910 വോട്ടിനായിരുന്നു ജയം. ജനതാ പാര്‍ട്ടയിലെ പി.സി ചെറിയാന്‍ എതിര്‍സ്ഥാനാര്‍ഥി. 111 സീറ്റ് എന്ന സര്‍വകാല റിക്കാര്‍ഡ് നേടിയ യുഡിഎഫ് കെ. കരുണാകരന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 25ന് അധികാരത്തിലേറി. അതില്‍ ഉമ്മന്‍ ചാണ്ടി 33-ാം വയസില്‍ തൊഴില്‍വകുപ്പ് മന്ത്രിയായി. രാജന്‍ കേസിലെ കോടതിവിധിയെ തുടര്‍ന്ന് കരുണാകരന്‍ മന്ത്രിസഭ ഒരു മാസം കഴിഞ്ഞപ്പോള്‍ ഏപ്രില്‍ 25ന് രാജിവച്ചു. എകെ ആന്റണി 36-ാം വയസില്‍ മുഖ്യമന്ത്രിയായി. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ തുടര്‍ന്നു. കേരളത്തില്‍ അന്നുണ്ടായിരുന്ന 15 ലക്ഷം തൊഴില്‍രഹിതര്‍ക്ക് തൊഴിലില്ലായ്മ വേതനം നടപ്പാക്കിയതും, തിരുവനന്തപുരത്തെ ചെങ്കല്‍ച്ചൂള കോളനിയില്‍ പുതിയ കോണ്‍ക്രീറ്റ് വീടുകള്‍ നിര്‍മിച്ചതും, പിഎസ് സി നിയമനപ്രായപരിധി 35 വയസാക്കിയതും ചുമട്ടുതൊഴിലാളി നിയമം പാസാക്കിയതുമൊക്കെ തൊഴില്‍ മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നേട്ടങ്ങളായിരുന്നു.

ഇതിനിടെ കോണ്‍ഗ്രസ് അഖിലേന്ത്യാ തലത്തില്‍ പിളര്‍ന്നു. 1978 ഒക്ടോബര്‍ 27ന് ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. തുടര്‍ന്ന് പി.കെ വാസുദേവന്‍ നായരുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ രൂപീകരിച്ചെങ്കിലും ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് മന്ത്രിമാര്‍ തുടര്‍ന്നില്ല. അവര്‍ക്കു പകരം എസ്. വരദരാജന്‍ നായര്‍, എം.കെ രാഘവന്‍, എ.എല്‍ ജേക്കബ്, ദാമോദരന്‍ കാളാശേരി എന്നിവര്‍ മന്ത്രിമാരായി. കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഈ മന്ത്രിസഭ രാജിവച്ചു. സി.എച്ച് മുഹമ്മദ് കോയയുടെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചെങ്കിലും കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണ നല്‍കുകയായിരുന്നു. രണ്ടര വര്‍ഷം മാത്രം ആയുസുണ്ടായിരുന്ന അഞ്ചാം നിയമസഭ നാലു മന്ത്രിസഭകള്‍ക്ക് സാക്ഷിയായി.

മൂന്നാം ജയം (1980)
കോണ്‍ഗ്രസിലെ അഖിലേന്ത്യാ പിളര്‍പ്പിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഒരു വിഭാഗം ദേവരാജ് അരശ് അധ്യക്ഷനായ കോണ്‍ഗ്രസിന്റെ ഭാഗമായി. 1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -യു ഉള്‍പ്പെട്ട ഇടതുമുന്നണിയില്‍ നിന്ന് മത്സരിച്ച് ഉമ്മന്‍ ചാണ്ടി 13,659 വോട്ടിനു ജയിച്ചു. എംആര്‍ജി പണിക്കരായിരന്നു എതിര്‍ സ്ഥാനാര്‍ത്ഥി. മുന്നണി മാറിയിട്ടും ഭൂരിപക്ഷത്തില്‍ വലിയ വ്യത്യാസം ഉണ്ടായില്ല. ഇടതുമുന്നണിയോട് പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടിയ ഉമ്മന്‍ ചാണ്ടിക്കു പകരം പി.സി ചാക്കോ, നായനാര്‍ മന്ത്രിസഭയില്‍ സ്ഥാനം കണ്ടെത്തി. 16 മാസം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്- യു മന്ത്രിസഭയക്കുള്ള പിന്തുണ പിന്‍വലിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ്- എ രൂപീകരിക്കുകയും ഉമ്മന്‍ ചാണ്ടി എ വിഭാഗത്തിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകുകയും ചെയ്തു.

കോണ്‍ഗ്രസ്- എ ഉള്‍പ്പെടുന്ന 71 പേരുടെ പിന്തുണയുമായി കെ കരുണാകരന്റെ നേതൃത്വത്തില്‍ 1981 ഡിസം 28ന് പുതിയ മന്ത്രിസഭ അധികാരത്തിലേറി. ഉമ്മന്‍ ചാണ്ടി ആഭ്യന്തര മന്ത്രിയായി. പോലീസ് യൂണിഫോമില്‍ സമൂല മാറ്റം. പാവാട പോലുള്ള കാക്കിനിക്കറിനു പകരം പാന്റ്സ്. കുന്തം പോലെ നീണ്ട തൊപ്പിക്ക് പുതിയ ഡിസൈന്‍ എന്നീ പരിഷ്‌കാരങ്ങള്‍ നടപ്പായത് അക്കാലത്തായിരുന്നു.

ലോനപ്പന്‍ നമ്പാടന്‍ എംഎല്‍എ കൂറുമാറിയതിനെ തുടര്‍ന്ന് കെ കരുണാകരന്‍ മന്ത്രിസഭ 80 ദിവസം കഴിഞ്ഞപ്പോള്‍ രാജിവച്ചു.

നാലാം ജയം (1982)
1982ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി തോമസ് രാജനായിരുന്നു എതിരാളി. ഉമ്മന്‍ ചാണ്ടി 15,983 വോട്ടിനു ജയിച്ചു. യുഡിഎഫ് 77 സീറ്റു നേടി. കോണ്‍ഗ്രസ് എയില്‍ നിന്ന് ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി, കെ പി നൂറുദീന്‍ എന്നിവരുടെ പേരുകള്‍ മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നു. സിറിയക് ജോണിന്റെ പേരു നിര്‍ദേശിച്ച് ഉമ്മന്‍ ചാണ്ടി സ്വയം പിന്മാറി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുക്കപ്പെട്ടു. 1982 ഡിസംബര്‍ 13ന് ഇന്ദിരാഗാന്ധിയുടെ സാന്നിധ്യത്തില്‍ കൊച്ചിയില്‍ നടന്ന മഹാസമ്മേളനത്തില്‍ രണ്ടു കോണ്‍ഗ്രസുകളും ലയിച്ചു. കെ. കരുണാകരന്‍ നിയമസഭാ കക്ഷിനേതാവും ഉമ്മന്‍ ചാണ്ടി ഉപനേതാവുമായി. അതോടൊപ്പം യുഡിഎഫ് കണ്‍വീനറുമായി. കരുണാകരന്‍ 5 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി. 85 അവസാനമായപ്പോഴേക്കും പ്രതിച്ഛായ ചര്‍ച്ചയെ തുടര്‍ന്ന് വയലാര്‍ രവി ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിഞ്ഞു. വകുപ്പുമാറ്റ പ്രക്രിയയില്‍ അതൃപ്തി രേഖപ്പെടുത്തി ഉമ്മന്‍ ചാണ്ടി യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു മാറി.

അഞ്ചാംജയം (1987)
1987ലെ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി സിപിഎമ്മിലെ വി എന്‍ വാസവനെതിരേ 9,164 വോട്ടിനു ജയിച്ചു. ഇടതുമുന്നണി ജയിച്ച് നായനാര്‍ മുഖ്യമന്ത്രിയായി.

ആറാം ജയം (1991)
സിപിഎമ്മിലെ വി.എന്‍ വാസവന്‍ രണ്ടാം തവണയും ഏറ്റുമുട്ടി. 13,811 വോട്ടിനായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജയം. 1991 ജൂണ്‍ 24ന് കെ. കരുണാകരന്‍ നാലാം തവണ മുഖ്യമന്ത്രിയും ഉമ്മന്‍ ചാണ്ടി ധനമന്ത്രിയുമായി. 1992 ജൂണ്‍ 3ന് കെ കരുണാകരന്‍ വാഹനാപകടത്തില്‍പ്പെട്ടു. എ.കെ ആന്റണിയെ തോല്‍പ്പിച്ച് വയലാര്‍ രവി കെപിസിസി പ്രസിഡന്റായി. എം.എ കുട്ടപ്പന് രാജ്യസഭാ സീറ്റ് നല്കാത്തതില്‍ പ്രതിഷേധിച്ച് ഉമ്മന്‍ ചാണ്ടി 94 ജൂണ്‍ 16ന് ധനകാര്യമന്ത്രി സ്ഥാനം രാജിവച്ചു. വനംമന്ത്രി കെ.പി വിശ്വനാഥന്റെ രാജി, കൂത്തുപറമ്പ് വെടിവയ്പ് തുടങ്ങിയ വിവാദങ്ങളെ തുടര്‍ന്ന് കെ. കരുണാകരന്‍ 95 മാര്‍ച്ച് 16നു രാജിവച്ചു. എ.കെ ആന്റണി 94 ഡിസംബറില്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്നു രാജിവച്ചിരുന്നു. 95 മാര്‍ച്ച് 22ന് ആന്റണി മുഖ്യമന്ത്രിയായി. കെ പി വിശ്വനാഥനു പകരം വിഎം സുധീരന്‍ മന്ത്രിയായി. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ചേര്‍ന്നില്ല. കെ കരുണാകരന്‍ കേന്ദ്രമന്ത്രിയായി.

ഏഴാം ജയം (1996)
സിപിഎമ്മിലെ റെജി സഖറിയക്കെതിരേ 10,155 വോട്ടിനു ജയിച്ചു. എന്നാല്‍ യുഡിഎഫ് തോറ്റു. ആന്റണി പ്രതിപക്ഷ നേതാവായി. നായനാര്‍ മൂന്നാംതവണ മുഖ്യമന്ത്രിയായി.

എട്ടാം ജയം (2001)
2001 മെയ് മാസം നടന്ന തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിയില്‍ ലഭിച്ചത് അപ്രതീക്ഷിത എതിരാളി- ചെറിയാന്‍ ഫിലിപ്പ്. ഇടതു സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചെറിയാന്‍ ഫിലിപ്പിനെതിരേ 12,575 വോട്ടിനായിരുന്നു ജയം. 99 എംഎല്‍എമാരുമായി എകെ ആന്റണി മൂന്നാംവട്ടം മുഖ്യമന്ത്രിയായി. ഉമ്മന്‍ ചാണ്ടിക്കു പകരം കെ വി തോമസ് മന്ത്രിയായി. ഉമ്മന്‍ ചാണ്ടി വീണ്ടും യുഡിഎഫ് കണ്‍വീനറായി. കെപിസിസി അധ്യക്ഷനും എംപിയുമായിരുന്ന കെ മുരളീധരന്‍ തത്സ്്ഥാനങ്ങള്‍ രാജിവച്ച് വൈദ്യുതി മന്ത്രിയായി. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി ഒഴികെ 19 സീറ്റിലും യുഡിഎഫ് തോറ്റു.

തുടര്‍ന്ന് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് എകെ ആന്റണി സ്വയം രാജിവച്ചു. രാജി പിന്‍വലിക്കാന്‍ മുഴുവന്‍ എംഎല്‍എമാരും സമ്മര്‍ദം ചെലുത്തിയിട്ടും ആന്റണി വഴങ്ങിയില്ല. ഉമ്മന്‍ ചാണ്ടി 2004 ഓഗസ്റ്റ് 31ന് കേരളത്തിന്റെ 19-ാം മുഖ്യമന്ത്രിയായി. ‘അതിവേഗം ബഹുദൂരം’ എന്നായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മുദ്രാവാക്യം. വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി രാജിവച്ചപ്പോള്‍ ഇബ്രാഹിം കുഞ്ഞ് മന്ത്രിയായി. 2005 മെയ് ഒന്നിന് കരുണാകരവിഭാഗം പിളര്‍ന്ന് ഡിഐസി എന്ന പുതിയ പാര്‍ട്ടി ഉണ്ടാക്കി. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും ഡിഐസിയും തമ്മില്‍ ധാരണ ഉണ്ടാക്കി നേട്ടം കൈവരിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎം ആ ബന്ധം വേണ്ടെന്നു വച്ചു. രമേശ് ചെന്നിത്തല പുതിയ കെപിസിസി അധ്യക്ഷനായി. ഇതിനിടെ ആരോഗ്യമന്ത്രി രാമചന്ദ്രന്‍ മാസ്റ്റര്‍ രാജിവച്ചു. ദാവോസില്‍ ലോകസാമ്പത്തിക ഫോറത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഉമ്മന്‍ ചാണ്ടി അവിടെ ഐസില്‍ തെന്നിവീണ് ഇടുപ്പ് ഒടിഞ്ഞു. യുഡിഎഫ് സര്‍ക്കാരിനെതിരേ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം 25 മണിക്കൂര്‍ സഭ ചര്‍ച്ച ചെയ്തു. ലാവ്ലിന്‍ കേസ് നിരത്തി ഭരണമുന്നണി അവിശ്വാസത്തെ അനായാസം അതിജീവിച്ചു. ഡിഐസി യുഡിഎഫില്‍ തിരിച്ചെത്തി. അവസാന നിമിഷം നടത്തിയ ഏച്ചുകെട്ടല്‍ തെരഞ്ഞെടുപ്പില്‍ മുഴച്ചുതന്നെ നിന്നു.

ഒന്‍പതാം ജയം (2006)
സിപിഎമ്മിലെ സിന്ധു ജോയിയായിരിന്നു മുഖ്യഎതിരാളി. ഉമ്മന്‍ ചാണ്ടി 19,863 വോട്ടിനാണ് ജയിച്ചു. 98 സീറ്റുമായി എല്‍ഡിഎഫ് അധികാരത്തിലേറി. യുഡിഎഫിന് 42 സീറ്റ്. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായി.

പത്താം ജയം (2011)
സിപിഎമ്മിലെ സുജ സൂസന്‍ ജോര്‍ജായിരുന്നു ഇത്തവണ എതിര്‍ സ്ഥാനാര്‍ത്ഥി. 33,255 എന്ന പടുകൂറ്റന്‍ ഭൂരിപക്ഷം നേടിയാണ് ഉമ്മന്‍ ചാണ്ടി നിയമസഭയിലെത്തിയത്. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിനൊടുവില്‍ 72 സീറ്റിന്റെ നേരിയ വിജയവുമായി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി. 2011 മെയ് 18ന് ഉമ്മന്‍ ചാണ്ടി രണ്ടാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ടി.എം ജേക്കബിന്റെ നിര്യാണത്തെ തുടര്‍ന്ന് പിറവത്ത് മകന്‍ അനൂപ് ജേക്കബ് ജയിച്ചു മന്ത്രിയായി. സിപിഎമ്മിന്റെ നെയ്യാറ്റിന്‍കര എംഎല്‍എ ആയിരുന്ന ആര്‍. ശെല്‍വരാജ് തത്സ്ഥാനം രാജിവച്ച് യുഡിഎഫിലെത്തുകയും തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ ജയിക്കുകയും ചെയ്തു. ഇതോടെ യുഡിഎഫിന്റെ ഭൂരിപക്ഷം 73 സീറ്റായി.

ടൈറ്റാനിയം കേസ്, പാമോയില്‍ കേസ്, പാറ്റൂര്‍ ഭൂമി കേസ് തുടങ്ങിയവ ഈ ഭരണകാലത്ത് ഉമ്മന്‍ ചാണ്ടിക്കെതിരേ ഉയര്‍ന്നു വന്നു. ബാറുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് 2013ല്‍ ബാര്‍ കോഴക്കേസ് പിടിച്ചുകുലുക്കി. തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് 2015 നവം 10ന് കെ എം മാണി ധനമന്ത്രി സ്ഥാനം രാജിവച്ചു. 2013 ജൂണില്‍ സോളാര്‍ കേസിനു തുടക്കമിട്ടു. സര്‍ക്കാരിന്റെ അവസാനകാലത്ത് ചില ഭൂമിയിടപാടുകളും വിവാദമുയര്‍ത്തി.

2014 ജനുവരി ഒന്നിന് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി. തുടര്‍ന്ന് വി.എം സുധീരന്‍ കെപിസിസി അധ്യക്ഷനായി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 12 സീറ്റ് നേടി. ദേശീയതലത്തില്‍ യുപിഎ തകര്‍ന്നപ്പോഴാണ് കേരളത്തില്‍ മികച്ച പ്രകടനം ഉണ്ടായത്.

11-ാം ജയം (2016)
എസ് എഫ് ഐ നേതാവ് ജയ്ക്ക് സി.തോമസായിരുന്നു എതിരാളി. ഉമ്മന്‍ ചാണ്ടി 27,092 വോട്ടിനു ജയിച്ചു. യുഡിഎഫ്- 47, എല്‍ഡിഎഫ്- 91, ബിജെപി-1, സ്വത-1 എന്നിങ്ങനെ ആയിരുന്നു സീറ്റു നില. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി എല്ലാ ഭരണഘടനാപദവികളില്‍ നിന്നും മാറിനിന്നു. പിന്നീട് എഐസിസി ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എന്നീ പദവികളിലേക്ക് ഉയര്‍ത്തപ്പെട്ടു.

12 -ാം ജയം (2021)
തെരഞ്ഞെടുപ്പ് ജീവിതത്തില്‍ ഉമ്മന്‍ ചാണ്ടി ചില വെല്ലുവിളികള്‍ നേരിട്ട ഏക തെരഞ്ഞെടുപ്പ്. 2016 ല്‍ ബിജെപി ഒ. രാജഗോപാലിലൂടെ കേരളത്തില്‍ ആദ്യമായൊരു നിയമസഭ സീറ്റ് നേമത്ത് പിടിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അകൗണ്ട് കേരളത്തില്‍ പൂട്ടിക്കുമെന്ന് സിപിഎമ്മും കോണ്‍ഗ്രസും ഒരുപോലെ വെല്ലുവിളിച്ചിരുന്നു. വി. ശിവന്‍കുട്ടി സിപിഎം സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കപ്പെട്ടെങ്കിലും രാജഗോപാലിനെതിരേ കോണ്‍ഗ്രസില്‍ നിന്ന് ആരു നില്‍ക്കുമെന്നത് തര്‍ക്കമായി. ഉമ്മന്‍ ചാണ്ടിയുടെതടക്കം പേരുകള്‍ ഉയര്‍ന്നുവന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ടുപോകരുതെന്ന ആവശ്യവുമായി മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തിനിറങ്ങി. പുതുപ്പള്ളി വിട്ട് മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടിയും വാശി കാണിച്ചതോടെ 12 ആം തവണയും സ്വന്തം മണ്ഡലത്തില്‍ നിന്ന് തന്നെ അദ്ദേഹം മത്സരം നേരിട്ടു. ജയ്ക് സി. തോമസ് തന്നെയായിരുന്നു ഇത്തവണയും എതിരാളി. 9,044 വോട്ടുകള്‍ക്ക് ഉമ്മന്‍ ചാണ്ടി ഒരിക്കല്‍ കൂടി പുതുപ്പള്ളിയുടെ എംഎല്‍എ ആയി. എല്‍.ഡി.എഫ് വീണ്ടും അധികാരത്തിലേറിയപ്പോള്‍ ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിലോ യുഡിഎഫിലോ സ്ഥാനങ്ങളൊന്നും ഏറ്റെടുക്കാന്‍ തയ്യാറായില്ല. രോഗം അദ്ദേഹത്തെ പൊതുമണ്ഡലത്തില്‍ നിന്നും അകറ്റുകയും ചെയ്തു.

ജീവിതരേഖ
1943: ഒക്ടോബര് 31-ന് പുതുപ്പള്ളി കരോട്ടുവള്ളക്കാലില് കെ.ഒ.ചാണ്ടി ബേബി ചാണ്ടി ദമ്പതിമാരുടെ മൂന്നു മക്കളില് രണ്ടാമനായി ജനനം.
1958: കെ.എസ്.യുവിന്റെ ഒരണസമരത്തിലൂടെ രാഷ്ട്രീയ വഴിയിലേക്ക്.
പുതുപ്പള്ളി സെന്റ് ജോര്ജ് ഹൈസ്‌കൂള് യൂണിറ്റ് സെക്രട്ടറി.
1965: കെ.എസ്.യു. സംസ്ഥാന ജനറല് സെക്രട്ടറി.
1967: കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്.
1969: യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ്.
1970: പുതുപ്പള്ളി നിയോജകമണ്ഡലത്തില് നിന്ന് നിയമസഭയിലേക്ക്.
1971: യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള രാജി.
1977: സംസ്ഥാന തൊഴില് മന്ത്രി. തൊഴിലില്ലായ്മ വേതനം നടപ്പാക്കുന്നു.
1981: കരുണാകരന് മന്ത്രി സഭയില് ആഭ്യന്തരമന്ത്രി. യൂണിഫോം പരിഷ്‌കാരത്തിലൂടെ പോലീസ് വേഷം നിക്കറില് നിന്ന് പാന്റിലേക്ക്.
1982: ഐക്യജനാധിപത്യമുന്നണി കണ്വീനര്.
1991: സംസ്ഥാന ധനകാര്യമന്ത്രി.
1994: കരുണാകരന് മന്ത്രിസഭയില്‍ നിന്നുള്ള രാജി.
1995: നിയമസഭാ പ്രവേശത്തിന്റെ രജതജൂബിലി.
2001: ഐക്യജനാധിപത്യമുന്നണി കണ്‍വീനറായി രണ്ടാം തവണ. മികച്ച നിയമസഭാ സാമാജികനുള്ള പുരസ്‌കാരം.
2004: ഓഗസ്റ്റ് 30-ന് മുഖ്യമന്ത്രിയായി രണ്ടാമൂഴം.
2005: മുഖ്യമന്ത്രിയായിരിക്കേ മേയ് 23-ന് ഉദ്യോഗസ്ഥര്‌ക്കൊപ്പം വനത്തിലൂടെ നടന്ന് മറയൂര് കമ്പക്കല്ലിലെ 1,040 കോടിയുടെ കഞ്ചാവുകൃഷി നശിപ്പിക്കാന് നേരിട്ടെത്തി.
2006: സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസില് വെച്ച് മഞ്ഞുപാളിയില് തെന്നിവീണ് ഇടുപ്പെല്ലിന് പരിക്ക്.
2013: ഒക്ടോബര് 27-ന് മുഖ്യമന്ത്രിക്ക് നേരേ കണ്ണൂരില് വെച്ചുണ്ടായ കല്ലേറില് പരിക്കേറ്റു.
2013: ജനസമ്പര്ക്ക പരിപാടിക്ക് യു.എന്. അവാര്ഡ്.
2006: പ്രതിപക്ഷനേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
2018: കോണ്ഗ്രസ് കേന്ദ്ര നേതൃത്വത്തിലേക്ക്. ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല് സെക്രട്ടറി.
2020: നിമയസഭാ സാമാജികത്വത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷം.

കുടുംബം
ഭാര്യ: മറിയാമ്മ ഉമ്മന്‍
മക്കള്‍: മറിയ, അച്ചു, ചാണ്ടി ഉമ്മന്
സഹോദരങ്ങള്‍: വത്സമ്മ, അലക്‌സ് വി.ചാണ്ടി.

Share on

മറ്റുവാര്‍ത്തകള്‍