Continue reading “എല്ലാവരുടെയുമായിരുന്ന ഉമ്മന്‍ ചാണ്ടി”

" /> Continue reading “എല്ലാവരുടെയുമായിരുന്ന ഉമ്മന്‍ ചാണ്ടി”

"> Continue reading “എല്ലാവരുടെയുമായിരുന്ന ഉമ്മന്‍ ചാണ്ടി”

">

UPDATES

എല്ലാവരുടെയുമായിരുന്ന ഉമ്മന്‍ ചാണ്ടി

                       

ഇന്ത്യയിലെ പ്രമുഖ ബിസിനസ് പത്രത്തിന്റെ രണ്ട് മുതിര്‍ന്ന എഡിറ്റര്‍മാര്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ കേരളത്തിലെത്തി. മുന്‍ നിശ്ചയ പ്രകാരമായിരുന്നു ഈ കൂടിക്കാഴ്ച. അഭിമുഖത്തിനായി ക്ലിഫ് ഹൗസിലെത്തിയ എഡിറ്റര്‍മാര്‍ കണ്ടത് ഒരു വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ ഫയലുകള്‍ നോക്കുകയൂം അപേക്ഷ സ്വീകരിക്കുകയും മറ്റും ചെയ്യുന്ന ഉമ്മന്‍ ചാണ്ടിയെയാണ്. ഡല്‍ഹിയിലെ ‘ഫ്യൂഡല്‍’ അന്തരീക്ഷത്തില്‍ ഉന്നത പരിഗണനകളോടെ മന്ത്രിമാരുമായി ഒറ്റയ്ക്കൊറ്റയ്ക്ക് അഭിമുഖം നടത്തിയിരുന്ന അവര്‍ക്ക് ഇത് ഒരേ സമയം അത്ഭുതവും അസ്വസ്ഥതയും ഉണ്ടാക്കി. വലിയ തിരക്കിനിടയില്‍ മുഖ്യമന്ത്രി 15 മിനിറ്റോളം ഇവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവും നല്‍കി. അതായിരുന്നു. ഉമ്മന്‍ ചാണ്ടി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ ഒറ്റപ്പെട്ട ഒരു പ്രതിഭാസം. ‘പ്രോട്ടോക്കോളി’ല്ലാതെ ഏതൊരാള്‍ക്കും ഏതൊരു പാര്‍ട്ടിക്കാരനും സമീപിക്കാവുന്ന നേതാവ്. എല്ലാവരുടെയും ‘ഉമ്മഞ്ചാണ്ടി’

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അധികാരത്തിലിരിക്കുമ്പോഴും എളുപ്പം സമീപിക്കാന്‍ കഴിയുന്ന രാഷ്ട്രീയക്കാരനായിരുന്നു ഉമ്മന്‍ ചാണ്ടി. ബ്യൂറോക്രസിയെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് നേരിടേണ്ടി വരിക എന്നത് രാഷ്ട്രീയക്കാരെ ഒരു പരിധി വരെ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ ബാധ്യസ്ഥരാക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ച് രാഷ്ട്രീയത്തിനപ്പുറം ജനക്കൂട്ടത്തില്‍ ‘ അകപ്പെടുക’ എന്നത് ഒരു ലഹരിയുമായിരുന്നു. ഒരിക്കലും അവസാനിപ്പിക്കാന്‍ തയ്യാറാകാതിരുന്നതും ആസ്വദിച്ച് മതിയാകാതിരുന്നതുമായ ലഹരി. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും പൊളിറ്റിക്കല്‍ ക്ലാസ് ജനങ്ങള്‍ക്ക് അപ്രാപ്യരാണ്. അവിടെയാണ് കേരളത്തിലെ രാഷ്ട്രീയക്കാരുടെ മെച്ചം. പൊതുജനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും തമ്മില്‍ ഇഴയടുപ്പമുള്ള ബന്ധം കേരളത്തിന്റെ ഒരു സവിശേഷതയാണ്. വില്ലേജ് ഓഫീസില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കറ്റ് മുതല്‍ കളക്ട്രേറ്റില്‍ നിന്ന് പട്ടയം വരെ ലഭിക്കാന്‍ സാധാരണ ജനങ്ങള്‍ വാര്‍ഡ് തലം മുതല്‍ സംസ്ഥാന നേതൃത്വം വരെയുള്ള രാഷ്ട്രീയക്കാരെയാണ് സമീപിക്കാറ്. ഉദ്യോഗസ്ഥ തലത്തിലുള്ള ‘സ്വാഭാവിക’ തടസങ്ങള്‍ മറികടക്കാന്‍ സാധാരണക്കാര്‍ക്കുള്ള ഏക ആശ്രയം രാഷ്ട്രീയക്കാരാണ്. കാലാകാലങ്ങളിലുള്ള വോട്ടു മാത്രമാണ് പലപ്പോഴും പ്രതിഫലം. ജനമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ബലവും ബലഹീനതയും.

ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് പറയുമ്പോള്‍,കൂടെയുള്ളവരായാലും വിപരീത പക്ഷത്തുള്ളവരായാലും ഒരുപോലെ സമ്മതിക്കുന്നത് ആ ജനകീയതയാണ്. ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ ആവര്‍ത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തില്‍ അഞ്ച് പതിറ്റാണ്ടിലേറെ പൂര്‍ത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തില്‍ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ത്തന്നെ അത്യപൂര്‍വം പേര്‍ക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂര്‍വം സമാജികരുടെ നിരയിലാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. ആ സവിശേഷത തന്നെ ജനഹൃദയങ്ങളില്‍ അദ്ദേഹം നേടിയ സ്വാധീനത്തിന്റെ തെളിവാണ്; ഈ വാക്കുകള്‍ പിണറായി വിജയന്റെതാണ്. ജനങ്ങളുടെ നേതാവ് എന്നായിരുന്നു രാഹുല്‍ ഗാന്ധി ഉമ്മന്‍ ചാണ്ടിയെ വിശേഷിപ്പിച്ചത്. ഉമ്മന്‍ചാണ്ടി സാമാജികത്വത്തിന്റെ അമ്പതാണ്ട് പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിച്ചപ്പോള്‍ രാഹുല്‍ പറഞ്ഞത്; ‘ഉമ്മന്‍ ചാണ്ടി സാമാജിക ജീവിതത്തിന്റെ അമ്പതാം വാര്‍ഷികം തികച്ചുവെന്നതിനല്ല, മറിച്ച് അദ്ദേഹം ഇക്കാലമത്രയും ജനങ്ങളുടെ നേതാവായി കഴിഞ്ഞു എന്നതിനാണ് താന്‍ അഭിനന്ദനമറിയിക്കുന്നത്’ എന്നായിരുന്നു. കേരളത്തിലെ ജനങ്ങളുടെ വേദന അറിയുന്നയാള്‍. ഏത് നേരത്തും അദ്ദേഹത്തെ കാണാന്‍ ജനങ്ങള്‍ക്ക് സാധിച്ചു; രാഹുലിന്റെ സാക്ഷ്യം.

ആന്ധ്രയില്‍ പ്രചാരണം നടത്തുന്ന സമയത്തുണ്ടായ ഒരനുഭവവും രാഹുല്‍ വിവരിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുമൊത്താണ് പ്രചാരണം. ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് യാത്ര തിരിക്കവെ ഹെലികോപ്റ്ററില്‍ വെച്ച് ചാണ്ടിയുടെ മുണ്ടിലാകെ രക്തം പുരണ്ടിരിക്കുന്നത് താന്‍ ശ്രദ്ധിച്ചു. ഇക്കാര്യം താന്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. അദ്ദേഹം ചിരിച്ചു. ആ ചിരിയില്‍ നിന്ന് മനസ്സിലായി രക്തം വരുന്നത് അദ്ദേഹം അറിഞ്ഞിട്ടുണ്ട്. അദ്ദേഹം മുണ്ട് മാറ്റിയപ്പോള്‍ കാലില്‍ വലിയൊരു മുറിവ് കണ്ടു. ഇതാണ് ഉമ്മന്‍ചാണ്ടിയുടെ സ്പിരിറ്റ്.

ഉമ്മന്‍ ചാണ്ടി തന്റെ രാഷ്ട്രീയ ഗുരുക്കന്മാരായി കണ്ടിരുന്നവരും, അദ്ദേഹത്തിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചവരും, പിന്നാലെ വന്നവരുമെല്ലാം ഒരുപോലെ ജനങ്ങളും ഉമ്മന്‍ ചാണ്ടിയുമായുള്ള ബന്ധം അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുള്ളിടത്തെല്ലാം ജനമുണ്ടായിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയും ഒരര്‍ത്ഥത്തില്‍ ഒരു ആള്‍ക്കൂട്ടമാണ്. ആ ആള്‍ക്കൂട്ടത്തെ സമര്‍ത്ഥമായി നയിച്ചുകൊണ്ടുപോയ നേതാവ് കൂടിയായിരുന്നു ഉമ്മന്‍ ചാണ്ടി. കേരളമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയമേഖല. കേരളം വിട്ടൊരിക്കലും മാറാന്‍ ആഗ്രഹിച്ചതുമില്ല. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ ശക്തമായിരുന്ന കാലങ്ങളിലും ഡല്‍ഹി രാഷ്ട്രീയത്തിലേക്കോ, കേന്ദ്ര ഭരണത്തിലോ പങ്കാളിയാകാന്‍ ഒരിക്കലും ശ്രമിച്ചിട്ടുമില്ല, വന്ന ഓഫറുകള്‍ നിഷേധിക്കുകയും ചെയ്തു. ഇക്കാര്യം സിപിഎം നേതാവായ പിണറായി വിജയന്‍ തന്നെ പറയുന്നുണ്ട്; ‘1970 ല്‍ ഞാനും ഉമ്മന്‍ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്. എന്നാല്‍, ഞാന്‍ മിക്കവാറും വര്‍ഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവര്‍ത്തനരംഗത്തായിരുന്നു. ഇടയ്ക്കൊക്കെ സഭയിലും. എന്നാല്‍, ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ക്കിങ്ങോട്ട് എന്നും സഭാംഗമായി തന്നെ തുടര്‍ന്നു. പല കോണ്‍ഗ്രസ് നേതാക്കളും കെ കരുണാകരനും എ കെ ആന്റണിയുമടക്കം പാര്‍ലമെന്റംഗമായും മറ്റും പോയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിക്ക് എന്നും പ്രിയങ്കരം നിയമസഭയായിരുന്നു. അദ്ദേഹം അത് വിട്ടുപോയതുമില്ല. കേരള ജനതയോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിന് ഇതിലും വലിയ ദൃഷ്ടാന്തം ആവശ്യമില്ല’.

രോഗം മാത്രമാണ് ഉമ്മന്‍ ചാണ്ടിയെ തളര്‍ത്തിയത്. എന്നിട്ടും ഉമ്മന്‍ ചാണ്ടി ആ രോഗത്തെ കുറച്ചധികം കാലം തനിക്കും ജനങ്ങള്‍ക്കുമിടയില്‍ വിടവ് ഉണ്ടാക്കാന്‍ അനുവദിച്ചില്ല. മരണം ചില സാഹചര്യത്തില്‍ ഒന്നിന്റെയും അവസാനമാകുന്നില്ലെന്ന് പറയാറുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തിലുമത് സത്യമാകും. ജനങ്ങളുടെ മനസില്‍ ആ നേതാവ് ഒരിക്കലും ഇല്ലാതാകില്ല.

Share on

മറ്റുവാര്‍ത്തകള്‍