UPDATES

ഒരേയൊരു ഉമ്മന്‍ ചാണ്ടി

കേരളത്തിന്റെ ജനകീയ നേതാവ്

                       

1970 ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലം. പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഉമ്മന്‍ ചാണ്ടിയെ ആയിരുന്നു. 27 കാരനായ ഉമ്മന്‍ ചാണ്ടിയുടെ കന്നി മത്സരം. പാര്‍ട്ടി ചിഹ്നം നല്‍കാന്‍ എത്തിയത് അന്നത്തെ സമുന്നതനായ കോണ്‍ഗ്രസ് നേതാവ് പ്രൊഫ. കെ എം ചാണ്ടി. അദ്ദേഹം ഉമ്മന്‍ ചാണ്ടിയോട് അര്‍ത്ഥശങ്കയില്ലാത്ത വിധം ഒരു കാര്യം പറഞ്ഞു; ‘പുതുപ്പള്ളിയില്‍ ജയിക്കുമെന്ന് കരുതേണ്ട, രണ്ടാം സ്ഥാനത്ത് വന്നാല്‍ ജയിച്ചെന്നു ഞങ്ങള്‍ കണക്കു കൂട്ടും’. കോണ്‍ഗ്രസ് വിഘടിച്ചു നില്‍ക്കുകയും സംഘടന കോണ്‍ഗ്രസ് കോട്ടയം ജില്ലയില്‍ ആധിപത്യം സ്ഥാപിച്ചു നില്‍ക്കുകയും ചെയ്യുന്ന സമയമായിരുന്നു. കെ എം ചാണ്ടിയുടെ വാക്കുകള്‍ക്ക് പിന്നിലെ വികാരവും അതായിരുന്നു. രണ്ട് തവണ ജയിച്ചിട്ടുള്ള സിപിഎമ്മിന്റെ സിറ്റിംഗ് എംഎല്‍എ ഇ.എം ജോര്‍ജിനോടായിരുന്നു എതിരിടേണ്ടിയിരുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ വിജയം സ്വന്തം പാര്‍ട്ടിക്കാര്‍ പോലും പ്രതിക്ഷിച്ചിരുന്നില്ല. 1970 സെപ്തംബര്‍ 17 ന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് പോലും ഞെട്ടി! 7,288 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയുടെ ജനപ്രതിനിധിയായി. അന്നു തൊട്ട് ഇന്നോളം, കാലം ഇനിയുമെത്ര മുന്നോട്ടു പോയാലും പുതുപ്പള്ളിയെന്നാല്‍ ഉമ്മന്‍ ചാണ്ടി തന്നെയാണ്. മരണത്തിന് പോലും ആ മനുഷ്യനും ആ നാടുമായുള്ള ബന്ധം പിരിക്കാന്‍ കഴിയില്ല. പര്യായമായി ഉമ്മന്‍ ചാണ്ടി മാറി കഴിഞ്ഞു. തലമുറകള്‍ പലതും പുതുപ്പള്ളിയിലും കേരളത്തിലും മാറി വന്നെങ്കിലും ഉമ്മന്‍ ചാണ്ടി ഓരോരുത്തര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. തങ്ങളുടെ കൂട്ടത്തിലുള്ളൊരാള്‍ എന്നായിരുന്നു ഓരോ പ്രായക്കാരും ഉമ്മന്‍ ചാണ്ടിയെ കരുതിയത്.

ആദ്യ തെരഞ്ഞെടുപ്പ് ചെലവിലേക്കായി പാര്‍ട്ടി ഫണ്ടായി 25,000 രൂപയായിരുന്നു ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയിരുന്നത്. സംഭാവനയായി 2,500 രൂപയും കിട്ടി. വിജയത്തിനു പിന്നാലെ, അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന കെ.കെ വിശ്വനാഥനെ കാണാന്‍ ഉമ്മന്‍ ചാണ്ടി ചെന്നത് വിജയാഘോഷം പങ്കുവയ്ക്കാനായിരുന്നില്ല, തെരഞ്ഞെടുപ്പ് ചെലവ് കഴിഞ്ഞു മിച്ചം വന്ന 2,500 രൂപ തിരികെ ഏല്‍പ്പിക്കാനായിരുന്നു. വിശ്വനാഥന്‍ ആ പണം സ്വീകരിച്ചില്ല. ഉമ്മന്‍ ചാണ്ടിക്ക് തെരഞ്ഞെടുപ്പ് ചെലവിലേക്കായി വന്‍ തുകയുടെ ആവശ്യം ഒരിക്കലും വന്നിരുന്നില്ല. പണം കൊണ്ടല്ലാതാതൊരു നിക്ഷേപം പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി നിക്ഷേപിച്ചിട്ടുണ്ടായിരുന്നു; ജനങ്ങളുടെ സ്നേഹവും വിശ്വാസവും. 1970-നുശേഷം നടന്ന പതിനൊന്നു തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം ഉയര്‍ത്തിക്കൊണ്ട് പുതുപ്പള്ളി ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരത്തേക്ക് അയയ്ക്കുന്നത് ആ നിക്ഷേപത്തിന്റെ പലിശയെടുത്തായിരുന്നു.

ഉമ്മന്‍ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവ് വളരുന്നത് ജനങ്ങളിലൂടെയായിരുന്നു. അദ്ദേഹത്തിന്റെ പ്രധാന ആസ്തി ജനപിന്തുണയാണ്. അരനൂറ്റാണ്ടിലേറെയായിട്ടും അതിനൊരു ഇളക്കം തട്ടിയിട്ടിയിരുന്നില്ല. ഉമ്മന്‍ ചാണ്ടിയെ മറ്റുള്ള നേതാക്കളില്‍ നിന്നും വ്യത്യസ്തനാക്കയതുമതാണ്. രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വരുന്നൊരാളല്ല അദ്ദേഹം, രാഷ്ട്രീയത്തില്‍ എത്തിയശേഷം ജനങ്ങളല്ലാതെ ഗോഡ്ഫാദര്‍മാരും വേറെയുണ്ടായിട്ടില്ല. ആള്‍ക്കൂട്ടത്തിനിടയില്‍ അല്ലാതെ ഉമ്മന്‍ ചാണ്ടിയെന്ന നേതാവിനെ കണ്ടിട്ടില്ല. സ്വകാര്യത ആഗ്രഹിക്കാത്തവരുണ്ടാകില്ല, കുടുംബത്തിനുവേണ്ടി കുറച്ചു സമയം മാറ്റിവയ്ക്കാന്‍ തയ്യാറാകാത്തവര്‍ ഇന്നത്തെ രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടിയല്ലാതെ മറ്റാരുമില്ലായിരുന്നു. മുടി ചീകാത്ത, ഭക്ഷണം കഴിക്കാത്ത, ഉറങ്ങാത്ത നേതാവ് എന്ന് ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് പറയും. വാസ്തവമാണത്. മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് അദ്ദേഹം ഭക്ഷണം ഉപേക്ഷിക്കുന്നത്, വിശ്രമം ഒഴിവാക്കുന്നത്, ഉറക്കം നഷ്ടപ്പെടുത്തുന്നത്. കഠിനമായി ജോലി ചെയ്യുന്ന ഒരു രാഷ്ട്രീയക്കാരനും ഭരണാധികാരിയുമായിരുന്നു എന്നും ഉമ്മന്‍ ചാണ്ടി.

ഉമ്മന്‍ ചാണ്ടിയുടെ നിയമസഭ ജീവിതത്തിന് നാല്‍പ്പത് വര്‍ഷം തികഞ്ഞ 2011-ല്‍ ജയ്ഹിന്ദ് ചാനല്‍ മോഹന്‍ ലാലും ഉമ്മന്‍ ചാണ്ടിയും ഒരുമിച്ചുള്ള അഭിമുഖം സംപ്രേക്ഷണം ചെയ്തിരുന്നു. മോഹന്‍ലാലിന്റെ അഭിനയ ജീവതത്തിന് മുപ്പത് വര്‍ഷം തികയുന്ന സമയം കൂടിയായിരുന്നു. അന്നത്തെ സംഭാഷണത്തിനിടയില്‍ മോഹന്‍ ലാല്‍, ഉമ്മന്‍ ചാണ്ടിയോട് അവസാനമായി കണ്ട സിനിമ ഏതാണെന്നു ചോദിച്ചു. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്നായിരുന്നു മറുപടി! ഇപ്പോള്‍ ചോദിച്ചാലും ആ മറുപടി തന്നെയായിരിക്കും പറയുക. ഒരു സിനിമ കാണുന്ന സമയം ഉണ്ടെങ്കില്‍ പത്തു മനുഷ്യരോട് സംസാരിച്ച് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിയില്ലേ എന്നതായിരുന്നു അദ്ദേഹത്തിന്റെ പോളിസി.

കഠിനമായൊരു കാലം പരുവപ്പെടുത്തിയ നേതാവാണ് ഉമ്മന്‍ ചാണ്ടി. തീവ്രമായ അനുഭവങ്ങളിലൂടെ കടന്നു വന്ന രാഷ്ട്രീയക്കാരിലൊരാള്‍. പോരാടി മുന്നേറിയൊരാള്‍. പത്രക്കെട്ടുകള്‍ കയറ്റി അയക്കുന്ന വണ്ടികളെ യാത്രയ്ക്ക് ആശ്രയിച്ച്, പണമില്ലാത്തതുകൊണ്ട് എവിടെ നിന്നെങ്കിലും കിട്ടുമ്പോള്‍ മാത്രം ഭക്ഷണം കഴിച്ച്, ബസ് സ്റ്റാന്‍ഡുകളിലും പാര്‍ട്ടി ഓഫിസുകളിലും കിടന്നുറങ്ങിയൊക്കെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പൊതുപ്രവര്‍ത്തനം. അന്നനുഭവിച്ച കഠിനമായ സാഹചര്യങ്ങള്‍ തന്നെയാണ് അദ്ദേഹത്തെ കരുത്തനാക്കിയതും.

കേരളത്തില്‍ ഒരു മണ്ഡലത്തെ വ്യക്ത്യധിഷ്ഠിതമാക്കി തീര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച് രണ്ടു നേതാക്കളായിരുന്നു കെ എം മാണിയും ഉമ്മന്‍ ചാണ്ടിയും. തെരഞ്ഞെടുപ്പ് വിജയങ്ങളിലും നിയമസഭ കാലയളവിലും ഉമ്മന്‍ ചാണ്ടിയെക്കാള്‍ മുന്നിലാണ് മാണിയെങ്കിലും, സ്വന്തം മണ്ഡലങ്ങളിലുള്ള സ്വാധീനത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് പിന്നിലാണ് മാണി. ഇരുവരുടെയും ഭൂരിപക്ഷത്തിലെ ഏറ്റക്കുറച്ചിലുകളിലൂടെ വ്യക്തമാണത്. പുതുപ്പള്ളിയെ ഉമ്മന്‍ ചാണ്ടി സ്വന്തമാക്കി എന്നു പറയുന്നതിനേക്കാള്‍, പുതുപ്പള്ളി ഉമ്മന്‍ ചാണ്ടിയെ സ്വന്തമാക്കി എന്നു പറയുന്നത് കൂടുതല്‍ അനുയോജ്യമാകുന്നതും സ്വന്തം മണ്ഡലവുമായി പുലര്‍ത്തിയിരുന്ന ആത്മബന്ധമാണ്. മണ്ഡലത്തെ മൊത്തത്തില്‍ പരിപോഷിപ്പിക്കുന്നതിനപ്പുറം അവിടെയുള്ള ഓരോ വ്യക്തികളോടും ബന്ധം പുലര്‍ത്തുകയും അവരുടെ കൂടെ എന്നും എന്തിനും ഉണ്ടാകുമെന്ന വിശ്വാസം സ്ഥാപിച്ചെടുക്കുകയും ചെയ്തു എന്നതാണ് കെ എം മാണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും പ്രത്യേകത. അക്കാര്യത്തില്‍ മാണിയെക്കാള്‍ വിജയിച്ചിട്ടുമുണ്ട് ഉമ്മന്‍ ചാണ്ടി.

ഉമ്മന്‍ ചാണ്ടി ഓരോ ആളെയും തന്നോട് ചേര്‍ത്താണ് നിര്‍ത്തിയത്. പുതുപ്പള്ളിയിലെ ഓരോ മനുഷ്യനും അവന്റെ കുടുംബാംഗമാണ് അദ്ദേഹം. മറിച്ച് ചിന്തിക്കാനുള്ള അവസരം ആ രാഷ്ട്രീയ നേതാവ് ഉണ്ടാക്കിയില്ല. ലോകത്തിന്റെ ഏതു കോണിലായാലും ഞായറാഴ്ച്ച ദിവസം പുതുപ്പളളിയില്‍ ഉണ്ടായിരിക്കണമെന്ന നിര്‍ബന്ധമുണ്ടിയരുന്നു ഉമ്മന്‍ ചാണ്ടിക്ക്. രാവിലെ പള്ളിയില്‍ പോയി വരുമ്പോഴേക്കും അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു ജനക്കൂട്ടം തന്നെ കാണും. അതില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിയില്‍പ്പെട്ടവരുമുണ്ടാകും. എല്ലാവരുടെയും പ്രശ്നങ്ങള്‍ കേള്‍ക്കും, പരിഹരിക്കും. എംഎല്‍എ ആയശേഷം അദ്ദേഹം ആരംഭിച്ചതാണ് പുതുപ്പള്ളി ദര്‍ബാര്‍ എന്ന പേരിലുള്ള ഈ ജനകീയ ഇടപെടല്‍. ഇതിന്റെയൊരു ലാര്‍ജര്‍ എക്സ്റ്റന്‍ഷന്‍ ആയിരുന്നു മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം നടത്തിയ ജനസമ്പര്‍ക്ക പരിപാടി. പതിനൊന്നര ലക്ഷം ജനങ്ങളെയാണ് അദ്ദേഹം കാണുകയും അവരുടെ പരാതികളും പ്രശ്നങ്ങളും കേള്‍ക്കുകയും പരിഹരിക്കുകയും ചെയ്തിട്ടുള്ളത്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഓഫിസ് എന്നും ജനനിബിഡമായിരുന്നു. ഒരു ദിവസം പലതവണ അദ്ദേഹം പുറത്തിറങ്ങി കോറിഡോറില്‍ തന്നെ കാണാന്‍ നില്‍ക്കുന്നവരെ വന്നു കണ്ടു സംസാരിച്ചു മടങ്ങുമായിരുന്നു. മറ്റൊരാളുടെ പ്രശ്നം തന്റെ പ്രശ്നമായി കരുതുന്നൊരാള്‍ക്ക് ഒരിക്കലും ജനങ്ങള്‍ക്കിടയില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയില്ലല്ലോ.

ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വലിയ ഗുണമായിരുന്നു ക്ഷമ. ഓരാളോടും മുഖം കറുത്ത് സംസാരിക്കില്ല, പ്രകോപിതനാകില്ല. കൂടെ ചേര്‍ന്നാല്‍ പിന്നീടൊരിക്കലും ആരും ഉമ്മന്‍ ചാണ്ടിയെ വിട്ടുപോകാത്തതും അദ്ദേഹത്തിന്റെ ഇത്തരം ഗുണങ്ങള്‍ കൊണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയൊരു കാന്തമായിരുന്നു, ഒരിക്കല്‍ ആകര്‍ഷിക്കപ്പെട്ടാല്‍, പിന്നീട് നമ്മള്‍ ആഗ്രഹിച്ചാല്‍ പോലും വിട്ടുപോകാന്‍ കഴിയില്ല…ഉമ്മന്‍ ചാണ്ടി എന്ന നേതാവ് നമുക്കിടയില്‍ തന്നെയുണ്ടാകും എന്നും; ഈ ജനക്കൂട്ടത്തെ വിട്ട് അദ്ദേഹം എവിടെ പോകാന്‍?

 

Share on

മറ്റുവാര്‍ത്തകള്‍