Continue reading “ആയിരമായിരം നന്മകഥകളുടെ ഉമ്മന്‍ ചാണ്ടി”

" /> Continue reading “ആയിരമായിരം നന്മകഥകളുടെ ഉമ്മന്‍ ചാണ്ടി”

"> Continue reading “ആയിരമായിരം നന്മകഥകളുടെ ഉമ്മന്‍ ചാണ്ടി”

">

UPDATES

കേരളം

ആയിരമായിരം നന്മകഥകളുടെ ഉമ്മന്‍ ചാണ്ടി

                       

ഡല്‍ഹി നിവാസികള്‍ക്ക് മാത്രമല്ല മലയാളികള്‍ എവിടെയുണ്ടോ അവര്‍ക്ക് രാഷ്ടീയത്തിനും ജാതിക്കും അതീതമായി സഹായം നല്‍കിയ വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടി എന്ന ഒ സി. അതുകൊണ്ട് തന്നെ അവര്‍ക്കാര്‍ക്കും ഉമ്മന്‍ ചാണ്ടിയെ മറക്കുവാന്‍ കഴിയില്ല. അതാണ് തിരുവനന്തപുരത്ത് നിന്ന് എം.സി. റോഡിലൂടെയുള്ള ഉമ്മന്‍ ചാണ്ടിയുടെ ഭൗതീക ശരീരം വഹിച്ച വിലാപയാത്ര ദ്യശ്യങ്ങള്‍ തെളിയിക്കുന്നത്. അവിടെയെല്ലാം ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ പരസ്പരം അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. അവരുടെ സംസാരത്തില്‍ മുഴുവന്‍ നിറഞ്ഞ് നിന്നത് ഉമ്മന്‍ ചാണ്ടി എന്ന വിശാല മനസിന്റെ ഉടമയെ കുറിച്ചായിരുന്നു.

ഡല്‍ഹിയിലെ കേരള ഹൗസില്‍ രാത്രി അത്താഴം കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകരെ കണ്ട്, കാണുവാന്‍ വന്നവരെ കണ്ട് അത്താഴം കഴിച്ച് എല്ലാവരും പിരിഞ്ഞു പോകുമ്പോഴും ഉമ്മന്‍ ചാണ്ടി സജീവമായി ഉണ്ടായിരിക്കും. രാത്രി വിമാനത്തിന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ കൊച്ചിയിലോ തിരുവനന്തപുരത്തോ എത്തുന്ന ഉമ്മന്‍ ചാണ്ടിയെ പുലര്‍ച്ചെയുള്ള പരിപാടിക്ക് എത്രയോ തവണ കണ്ടിരിക്കുന്നു. ഡല്‍ഹിയിലേയ്ക്കും തിരിച്ച് കേരളത്തിലേയ്ക്കും പലപ്പോഴും ഇത്തരത്തില്‍ രാത്രിക്ക് രാത്രിയാണ് യാത്ര. അദ്ദേഹത്തിന്റെ ഉറക്കം മിക്കവാറും രാത്രികാലങ്ങളിലുള്ള ഇത്തരം യാത്രകളില്‍ വിമാനത്തിലോ കാറിലോ ആയിരിക്കും. കേരളത്തില്‍ രാത്രി തീവണ്ടിയിലാണ് യാത്ര. വിശ്രമം ക്ഷീണം ഉണ്ടാക്കുന്ന ഒരു നേതാവ് ലോകത്തുണ്ടെങ്കില്‍ അത് ഉമ്മന്‍ചാണ്ടി തന്നെ.

മുഖ്യമന്ത്രിയായിരുന്നപ്പോഴും, പ്രതിപക്ഷനേതാവായിരുന്നപ്പോഴും അദ്ദേഹത്തിന്റെ മുറി തുറന്നു തന്നെയാണ് കിടക്കുന്നത്. മുഖ്യമന്ത്രി ആയിരിക്കുന്ന അവസരത്തില്‍ അദ്ദേഹത്തെ കാണുവാന്‍ പോകുമ്പോള്‍ അദ്ദേഹത്തിന്റെ കിടപ്പുമുറിയിലടക്കം ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും എന്നുവേണ്ട ഒരു കൂട്ടം ആളുകള്‍ ഉണ്ടാവുക സ്വാഭാവികം. ജനക്കൂട്ടം തന്നെയായിരുന്നു കേരളത്തിലെ പോലെ ഡല്‍ഹിയിലും അദ്ദേഹത്തിന്റെ ഊര്‍ജം. ഭക്ഷണമോ വെള്ളമോ തന്റെ പൊതു ജീവിതത്തില്‍ അദ്ദേഹം ഗൗരവത്തില്‍ എടുത്തിട്ടില്ല എന്ന് തന്നെ പറയാം. സ്വന്തം ആരോഗ്യം പോലും അദ്ദേഹം ഗൗരവമായി കണ്ടിരുന്നില്ല എന്നാണ് സത്യം.

ഒരിക്കല്‍ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് എയര്‍ ഇന്ത്യയില്‍ വിമാനയാത്ര നടത്തിയപ്പോള്‍ വിമാനത്തില്‍ നാഗര്‍കോവില്‍ സ്വദേശികളായ രണ്ടുപേര്‍ ഉണ്ടായിരുന്നു. അവര്‍ മുംബൈയില്‍ ഒരു ഇന്റര്‍വ്യൂവിന് പോവുക എന്ന ലക്ഷ്യവുമായാണ് വിമാനത്തില്‍ യാത്ര ചെയ്യുന്നത്. ലീവ് ഇല്ലാത്തതുകൊണ്ടാണ് അവര്‍ വിമാനയാത്ര തന്നെ തിരഞ്ഞെടുത്തത്. നാഗര്‍കോവില്‍ നിന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തുകയും തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കും, കൊച്ചിയില്‍ നിന്ന് മറ്റൊരു വിമാനത്തില്‍ മുംബൈയിലേക്കും യാത്ര ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അവര്‍ക്ക് കൊച്ചിയില്‍ നിന്ന് ജെറ്റ് എയര്‍വേയ്‌സിന്റെ മുംബൈയ്ക്കുള്ള കണക്ഷന്‍ വിമാനത്തിലാണ് ഇന്റര്‍വ്യൂവിന് പോകേണ്ടിയിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കുള്ള വിമാനം കൊച്ചിയില്‍ ഇറക്കുവാന്‍ സാധിക്കാതെ വന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന ഉമ്മന്‍ ചാണ്ടിയും അന്നത്തെ വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പ് മന്ത്രി എം എ ബേബിയും വളരെ കുറച്ച് യാത്രക്കാരും അടക്കമുള്ള വിമാനം സാങ്കേതിക കാരണത്താല്‍ ചെന്നൈയില്‍ ഇറക്കുകയും ചെയ്തു.

വിമാനത്തിലെ ഡല്‍ഹി യാത്രക്കാരെ ചെന്നൈയില്‍ നിന്ന് ഡല്‍ഹിക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ കയറ്റിവിട്ടു. ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനം ഇല്ലാത്തതിനാല്‍ യുവാക്കള്‍ക്ക് ചെന്നൈയില്‍ നിന്ന് തിരിച്ച് കൊച്ചിയില്‍ തന്നെ വരേണ്ടി വന്നു. അസ്വസ്ഥരായ യുവാക്കളെ കണ്ട് അന്നു വിമാനത്തില്‍ ഉണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി അവരോട് കാര്യങ്ങള്‍ തിരക്കി. അവര്‍ കാര്യങ്ങള്‍ പറഞ്ഞു. മുംബൈയിലെ ഇന്റര്‍വ്യൂവിന് പങ്കെടുക്കാനുള്ള അവരുടെ ആവലാതി ആയിരുന്നു പരക്കംപാച്ചിലിന്റെ പിന്നില്‍ ഉണ്ടായിരുന്നത്. അവര്‍ ബുക്ക് ചെയ്ത വിമാനം പോയെങ്കിലും അതേ കമ്പനിയുടെ മറ്റൊരു വിമാനം കൊച്ചിയില്‍ നിന്ന് മുംബൈയിലേക്ക് ഉണ്ടായിരുന്നു. എന്നാല്‍ ചെന്നൈയില്‍ നിന്നുള്ള വിമാനം കൊച്ചിയില്‍ ഇറങ്ങും മുമ്പ് മുംബൈയിലേക്കുള്ള കമ്പനിയുടെ അവസാന വിമാനം പറന്നുയരും എന്ന അറിയിപ്പ് കിട്ടി. മന്ത്രി എം.എ. ബേബിയുടെ ഫോണ്‍ വാങ്ങി ഇടപെട്ടുകൊണ്ട് മുംബൈ വിമാനം നിര്‍ത്തിച്ചു. ഈ രണ്ടു യുവാക്കളെ ബുക്ക് ചെയ്ത ആദ്യ വിമാന ടിക്കറ്റില്‍ തന്നെ വിമാനത്തില്‍ കയറ്റുവാനുള്ള സാഹചര്യം ഒരുക്കിയത് ഉമ്മന്‍ ചാണ്ടി എന്ന വിശാലമനസ്സുള്ള വ്യക്തി ഇടപെട്ടാണ്. ഉമ്മന്‍ ചാണ്ടിയുടെ സമയോചിതമായ ഇടപെടല്‍ മൂലം അവര്‍ ഇന്റര്‍വ്യൂവിന് പങ്കെടുത്തു. കേരളത്തിലെ ഒരു വോട്ടര്‍ അല്ല അവര്‍ എന്ന് ഉത്തമ ബോധ്യം ഉണ്ടായിട്ട് കൂടി മറ്റുള്ളവരെ സഹായിക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ മനസ്സ് എടുത്തു പറയേണ്ട ഒന്നാണ്.

മറ്റൊരു അനുഭവം പ്രധാനമന്ത്രിയായിരുന്ന വി പി സിംഗിന്റെ കവിതകള്‍ മലയാളത്തില്‍ ലേഖകന്‍ വിവര്‍ത്തനം ചെയ്ത അവസരത്തിലാണ്. കേരളത്തില്‍ അന്ന് അത്ര പ്രശസ്തമോ സാമ്പത്തിക ശേഷിയോ ഇല്ലാത്ത ഒരു പ്രസിദ്ധീകരണസ്ഥാപനമായിരുന്നു വിവര്‍ത്തന പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകം തയ്യാറായെന്നും പ്രകാശനത്തിന് രാജാ സാബ് (വി. പി. സിംഗ്) വരുമോ എന്നും ഞാന്‍ ചോദിച്ചു. വിവര്‍ത്തകനായതുകൊണ്ടുള്ള കടമയാണ് അങ്ങനെ ചോദിക്കാന്‍ കാരണം. അദ്ദേഹം വരാമെന്ന് ഏറ്റു. പക്ഷെ മുന്‍ പ്രധാനമന്ത്രിയുടെ ചിലവ് വഹിക്കാനോ, അദ്ദേഹത്തിന്റെ കാര്യങ്ങള്‍ ക്രമീകരിക്കാനോ അന്നത്തെ സാഹചര്യത്തില്‍ പ്രസാധകര്‍ക്ക് കഴിയില്ലായിരുന്നു. അതിന് പരിഹാരം കണ്ടത് മുന്‍ മന്ത്രിയായ പ്രൊഫസര്‍ കെ. വി. തോമസ് ഇടപ്പെട്ടാണ്. ഡല്‍ഹി കേരള ഹൗസില്‍ ഉണ്ടായിരുന്ന മുഖ്യമന്ത്രിയുടെ അടുത്ത് എന്നെയും കൊണ്ട് പോയി. കാര്യങ്ങള്‍ വിവരിച്ചു. എതിര്‍ രാഷ്ട്രീയ ചേരിയിലായിരുന്നിട്ട് കൂടി വി. പി. സിംഗിനെ ഒരാളോട് പോലും അഭിപ്രായം ചോദിക്കാതെ ഒരാളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാതെ സ്റ്റേറ്റ് ഗസ്റ്റ് ആക്കി മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി മാറ്റി.

കാര്‍ട്ടൂണിസ്റ്റ് കുട്ടിയുടെ ആദ്യത്തെ അനുസ്മരണ പ്രഭാഷണത്തിനായി രാഷ്ട്രപതിയായിരുന്ന പ്രണാബ് മുഖര്‍ജിയെ കേരള കാര്‍ട്ടൂണ്‍ അക്കാദമി സമീപിക്കുന്നു. കേരളം സന്ദര്‍ശിക്കുന്ന അവസരത്തില്‍ നടത്താം അതിന് അദ്ദേഹം സമ്മതിക്കുന്നു. തിരുവനന്തപുരത്ത് രാഷ്ട്രപതി സന്ദര്‍ശനത്തിന് പോകുന്ന വിവരം രാഷ്ട്രപതി ഭവന്‍ തന്നെ അറിയിക്കുന്നു. തിരുവനന്തപുരം വേദിയൊരുക്കുവാന്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി ഭാരവാഹികള്‍ ശ്രമിക്കുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും അടുത്ത ആളുകള്‍ അടക്കമുള്ളവര്‍ കാര്‍ട്ടൂണ്‍ അക്കാദമിയുടെ രാഷ്ട്രപതിയുടെ പരിപാടി നടത്താതിരിക്കുവാന്‍ വലിയ ശ്രമങ്ങള്‍ നടത്തുകയും അതിന്റെ ഫലമായി തിരുവനന്തപുരത്ത് ഒരു വേദി ലഭിക്കാതിരിക്കുകയും ചെയ്ത ഒരു സന്ദര്‍ഭം ഓര്‍ക്കുകയാണ്. നിയമസഭയ്ക്ക് അകത്തു വിജെടി ഹാളിലോ മസ്‌കറ്റ് ഹോട്ടലിന്റെ ഹാളിലോ ഒന്നും അനുമതി ലഭിക്കാത്തതിനാല്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ കുട്ടി അനുസ്മരണം അനിശ്ചിതത്തിലായി. ഇതിന് പരിഹാരവുമായി അടുപ്പക്കാരെ എതിര്‍ത്തുകൊണ്ട് ഉമ്മന്‍ ചാണ്ടിയെടുത്ത നിലപാടുകള്‍ അനുസ്മരിക്കാതെ നിവൃത്തിയില്ല. പക്ഷെ പരിപാടി രാഷ്ട്രപതി നേരിട്ട് ഇടപെട്ട് രാഷ്ട്രപതി ഭവനില്‍ നടന്നു. അനുസ്മരണ പ്രഭാഷണം കഴിഞ്ഞേ അദ്ദേഹം കേരളത്തിലേയ്ക്ക് പോയുള്ളൂ. പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലുമെത്തി.

ത്യശ്ശൂര്‍ ജില്ലയിലുള്ള ഒരു സുഹൃത്തിനെ ചിലര്‍ തട്ടിക്കൊണ്ടുപോയ ഒരു സന്ദര്‍ഭം ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്. സ്വന്തം കുടുംബത്തിലുള്ള ആളുകള്‍ തന്നെയായിരുന്നു കൊട്ടേഷന്‍ കൊടുത്ത് അയാളെ തട്ടിക്കൊണ്ടുപോയത്. സ്വന്തം കുടുംബത്തിലുള്ളവര്‍ തന്നെയാണ് തട്ടികൊണ്ടുപോയ വ്യക്തിയുടെ ഭാര്യയേയും, കുട്ടികളേയും കൂട്ടി പോലീസ് സ്റ്റേഷനിലും കമ്മിഷണര്‍ ഓഫീസിലും പോയത്. വിഷയം ഡല്‍ഹിയില്‍ ഉണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ ലേഖകനും ചില സുഹൃത്തുക്കളും കേരള ഹൗസില്‍ എത്തി. വിഷയം വളരെ ഗൗരവമുള്ളതാണെന്ന് തിരിച്ചറിഞ്ഞ ഉമ്മന്‍ചാണ്ടി തൃശ്ശൂര്‍ പോലീസ് കമ്മീഷണറെ നേരിട്ട് വിളിക്കുകയും, എന്തുകൊണ്ട് പരാതിക്കാരെ കാണുന്നില്ല എന്ന് തിരക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ പോലീസ് കമ്മീഷണറുടെ മുന്നിലേക്ക് എത്തിക്കാന്‍ ഇവരെ കെട്ടേഷന്‍ നല്‍കിയ കുടുംബക്കാര്‍ സമ്മതിച്ചിരുന്നില്ല. പരാതികള്‍ പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിക്കാതെ ഭാര്യയെയും മക്കളെയും അവര്‍ പറ്റിക്കുകയായിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തൃശ്ശൂര്‍ പോലീസ് കമ്മീഷണറോട് പരാതിക്കാരെ നേരില്‍ കാണണമെന്നും, 24 മണിക്കൂറിനുള്ളില്‍ തട്ടിക്കൊണ്ടുപോയ വ്യക്തിയെ കണ്ടെത്തണമെന്നും പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് തനിക്ക് സമയാസമയം ലഭിക്കണമെന്ന് കര്‍ക്കശമായി പറയുന്ന മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയുടെ മുഖം ഓര്‍മ്മയിലേക്ക് ഓടിയെത്തുകയാണ.് 24 മണിക്കൂറിനുള്ളില്‍ തട്ടിക്കൊണ്ടുപോയ വ്യക്തി തിരിച്ചു വീട്ടില്‍ എത്തി എന്നുള്ള ഒരു സന്തോഷ വിവരം അദ്ദേഹം തന്നെയാണ് ഞങ്ങളെയൊക്കെ അറിയിച്ചത്. എടുക്കുന്ന തീരുമാനം ശരിയാണ് എന്ന് ഉത്തമ ബോധ്യം ഉണ്ടെങ്കില്‍ അത് നടപ്പിലാക്കുന്നതില്‍ അദ്ദേഹം കാണിച്ചിട്ടുള്ള ആ വലിയ മനസ്സിന് മുന്നില്‍ പ്രണമിക്കുന്നു. മലയാള കാര്‍ട്ടൂണിനോടും, കാര്‍ട്ടൂണ്‍ അക്കാദമിയോടും, അക്കാദമി നടത്തുന്ന പരിപാടികളോടും വലിയ താല്പര്യം കാണിച്ചിരുന്ന ആ വലിയ മനസ്സിന്റെ ഉടമയായ ഉമ്മന്‍ ചാണ്ടി സാറിന്റെ വിയോഗത്തില്‍ പ്രണമിക്കുന്നു … ആദരാഞ്ജലികള്‍.

Share on

മറ്റുവാര്‍ത്തകള്‍