UPDATES

ഉത്തരകാലം

അമേഠി, റായ്ബറേലി സസ്‌പെന്‍സ് ഇന്നെങ്കിലും പൊളിക്കുമോ?

നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണം

                       

നെഹ്‌റു-ഗാന്ധി കുടുംബ മണ്ഡലങ്ങളായ റായ്ബറേലിയിലും അമേഠിയിലും നിലനിര്‍ത്തിയിരിക്കുന്ന സസ്‌പെന്‍സ് ഇന്ന് അവസാനിച്ചേക്കും. രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കയും ഇരു മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥിയാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. വെള്ളിയാഴ്ച്ചയാണ് രണ്ടു മണ്ഡലങ്ങളിലും നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസമെന്നിരിക്കെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ ഇന്ന് തന്നെ നടത്തേണ്ട അവസ്ഥ വന്നിരിക്കുന്നത്. മേയ് 20 ന് ആണ് വോട്ടെടുപ്പ്.

ബുധനാഴ്ച്ച മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍, ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ഉറപ്പിച്ച് പറഞ്ഞത്, അടുത്ത 24 മണിക്കൂറിനുള്ളില്‍ തീരുമാനം ഉണ്ടാകുമെന്നാണ്. സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി ചുമതലപ്പെടുത്തിയതിന്‍ പ്രകാരം പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആയിരിക്കും അവസാന തീരുമാനം എടുക്കുകയെന്നും ജയറാം രമേഷ് അറിയിച്ചിട്ടുണ്ട്.

ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രകാരം, ഈ അവസാന നിമിഷത്തിലും പാര്‍ട്ടിയുടെ താത്പര്യം അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും മത്സരിക്കണമെന്നാണ്. ഇരുവരിലും പാര്‍ട്ടി നേതൃത്വം ഉറച്ചു നില്‍ക്കുന്നതിനാല്‍, മറ്റാരുടെയും പേരുകള്‍ ഇതുവരെ പരിഗണിച്ചിട്ടുമില്ല. എന്നാല്‍ രാഹുലോ, പ്രിയങ്കയോ മത്സരിക്കുന്നതില്‍ സൂചനകളൊന്നും പുറത്തു വിട്ടിട്ടുമില്ല.


ലോക ഭൂപടത്തിന് മുന്നിൽ മലയാളിക്ക് എന്ത് കാര്യം


രാഹുല്‍ അമേഠിയില്‍ നില്‍ക്കുന്നില്ലെങ്കില്‍ സ്മൃതി ഇറാനിക്കെതിരേ പ്രിയങ്ക നില്‍ക്കണമെന്ന ആവശ്യം പ്രവര്‍ത്തകരില്‍ ശക്തമാണ്. ഇതുവരെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രിയങ്ക പ്രവേശിച്ചിട്ടില്ല. ഇത്തവണ ഇറങ്ങുകയാണെങ്കില്‍, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്ന നെഹ്‌റു-ഗാന്ധി കുടുംബത്തിലെ ഏട്ടാമത്തെ അംഗമായിരിക്കും അവര്‍.

പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന്റെ കുടുംബ സീറ്റുകളായിരുന്നു ഉത്തര്‍പ്രദേശിലെ റായ്ബറേലിയും അമേഠിയും. ഫിറോസ് ഗാന്ധി, ഇന്ദിരാ ഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി മുതല്‍ സോണിയയും രാഹുലും എല്ലാം ‘ഈസി വാക്കോവര്‍’ നേടിയിരുന്ന ലോക്സഭ മണ്ഡലങ്ങള്‍. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയതല്ല. അമേഠിയില്‍ രാഹുലിനെ ബിജെപിയുടെ സ്മൃതി ഇറാനി തോല്‍പ്പിച്ചു. അമേഠിയിപ്പോള്‍ ബിജെപിയുടെ കൈയിലാണ്. രാഹുല്‍ ഗാന്ധിയാണെങ്കില്‍ കോണ്‍ഗ്രസിനു രാജ്യത്ത് ഏറ്റവും സുരക്ഷിതമായ മണ്ഡലമെന്ന് അവകാശപ്പെടാവുന്ന വയനാട് തട്ടകമാക്കി. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും വയനാട് തന്നെ രാഹുലിന് മത്സരിക്കാന്‍ കൊടുത്തു. റായ്ബറേലിയില്‍ സോണിയ ഗാന്ധിയായിരുന്നു എംപി. അവര്‍ ഇത്തവണ ഇവിടെ മത്സരിക്കുന്നില്ല. രണ്ടു പതിറ്റാണ്ട് അവരുടെ സ്വന്തമായിരുന്ന മണ്ഡലമാണ് റായ്ബറേലി. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സോണിയ മണ്ഡലമൊഴിഞ്ഞതോടെ അമേഠിക്ക് പിന്നാലെ റായ്ബറേലിയും കൈവിട്ടു പോകുന്ന ലക്ഷണമാണ്.

വയനാട് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഏപ്രില്‍ 26 ന് ശേഷമാണ് രാഹുല്‍ അമേഠിയിലും മത്സരിക്കുമെന്ന സൂചനകള്‍ ശക്തമായത്. കോണ്‍ഗ്രസിനകത്തു നിന്നും ഇത്തരം അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. നെഹ്‌റു-ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ അമേഠിയിലും റായ്ബറേലിയിലും മത്സരിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രമേയം പാസാക്കി ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. രണ്ട് അഭിമാന മണ്ഡലങ്ങളും ഇത്തവണ ബിജെപി പിടിച്ചെടുക്കമെന്ന പേടിയിലാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് ഘടകം. അതുകൊണ്ടാണ് പുതിയതായി രൂപീകരിച്ച സംസ്ഥാന ഇലക്ഷന്‍ കമ്മിറ്റി പ്രമേയം പാസാക്കി നെഹ്‌റു-ഗാന്ധി കുടുംബത്തില്‍ നിന്ന് ആരെങ്കിലും ഇത്തവണ അമേഠിയിലും റായ്ബറേലിയിലും മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡിനോട് അഭ്യര്‍ത്ഥിച്ചത്. ഏകകണ്ഠമായി അവതരിപ്പിച്ച പ്രമേയത്തില്‍, നെഹ്‌റു-ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവര്‍ രണ്ടു മണ്ഡലങ്ങളിലും മത്സരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് അനുവദിച്ചു കിട്ടിയ 17 സീറ്റുകളില്‍, അമേഠിയിലും റായ്ബറേലിയിലും മാത്രമാണ് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തത്. കേരളത്തിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏഷ്യാനെറ്റിന് നല്‍കി അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുലിന്റെയും പ്രിയങ്കയുടെയും ഉത്തരേന്ത്യന്‍ മല്‍സരം സംബന്ധിച്ച് പ്രവചനം നടത്തിയിരുന്നു. രാഹുല്‍ വീണ്ടും അമേഠിയില്‍ മല്‍സരിക്കുന്നുവെങ്കില്‍ ഗാന്ധി കുടുംബത്തിന്റെ സ്വന്തം മണ്ഡലം തിരിച്ച് പിടിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായത് കൊണ്ടുതന്നെയാണെന്ന മറുസാധ്യതയാണ് ഇവിടെ കോണ്‍ഗ്രസിനു പ്രതീക്ഷ നല്‍കുന്നത്. തുടക്കത്തിലെ ആവേശം ഒടുക്കം വരെ നിലനിര്‍ത്താന്‍ സാധിക്കുമോയെന്നതില്‍ ഇന്ത്യ മുന്നണിക്കുള്ളില്‍തന്നെ സംശയമുള്ളവരും വിമര്‍ശനമുള്ളവരുമുണ്ടായിരുന്നു. അവര്‍ക്കും എന്‍ഡിഎയ്ക്കുമുള്ള മറുപടി തന്നെയായിരിക്കും അടുത്തഘട്ടത്തിലെ മുന്നണി നീക്കങ്ങള്‍. അമേഠിയിലും റായ്ബറേലിയിലും ഗാന്ധിസഹോദരങ്ങള്‍ തൂത്തുവാരുമെന്നും യുപിയില്‍ ബിജെപി 50 സീറ്റുകള്‍ കടക്കില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ ആഭ്യന്തര വിലയിരുത്തല്‍.

English Summary; congress set to end amethi, raebareli candidates suspense amid uncertainty over rahul gandhi priyanka gandhi bids

Share on

മറ്റുവാര്‍ത്തകള്‍