പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന്റെ കുടുംബ സീറ്റുകളായിരുന്നു ഉത്തര്‍പ്രദേശിലെ റായ്ബറേലിയും അമേഠിയും. ഫിറോസ് ഗാന്ധി, ഇന്ദിരാ ഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി മുതല്‍ സോണിയയും രാഹുലും എല്ലാം ‘ ഈസി വാക്കോവര്‍’ നേടിയിരുന്ന ലോക്‌സഭ മണ്ഡലങ്ങള്‍. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയതല്ല. അമേഠിയില്‍ രാഹുലിനെ ബിജെപിയുടെ സ്മൃതി ഇറാനി തോല്‍പ്പിച്ചു. അമേഠിയിപ്പോള്‍ ബിജെപിയുടെ കൈയിലാണ്. രാഹുല്‍ ഗാന്ധിയാണെങ്കില്‍ കോണ്‍ഗ്രസിനു രാജ്യത്ത് ഏറ്റവും സുരക്ഷിതമായ മണ്ഡലമെന്ന് അവകാശപ്പെടാവുന്ന വയനാട് തട്ടകമാക്കി. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും വയനാട് തന്നെ രാഹുലിന് മത്സരിക്കാന്‍ കൊടുത്തു. റായ്ബറേലിയില്‍ സോണിയ ഗാന്ധിയായിരുന്നു എംപി. അവര്‍ ഇത്തവണ ഇവിടെ മത്സരിക്കുന്നില്ല. രണ്ടു പതിറ്റാണ്ട് അവരുടെ സ്വന്തമായിരുന്ന മണ്ഡലമാണ് റായ്ബറേലി. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സോണിയ മണ്ഡലമൊഴിഞ്ഞതോടെ അമേഠിക്ക് പിന്നാലെ റായ്ബറേലിയും കൈവിട്ടു പോകുന്ന ലക്ഷണമാണ്.
രണ്ട് അഭിമാന മണ്ഡലങ്ങളും ഇത്തവണ ബിജെപി പിടിച്ചെടുക്കമെന്ന പേടിയിലാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് ഘടകം. അതുകൊണ്ടവര്‍ ഒരു പ്രമേയം പാസാക്കി- ഗാന്ധി കുടുംബത്തില്‍ നിന്ന് ആരെങ്കിലും ഇത്തവണ അമേഠിയിലും റായ്ബറേലിയിലും മത്സരിക്കണം. പുതിയതായി രൂപീകരിച്ച സംസ്ഥാന ഇലക്ഷന്‍ കമ്മിറ്റിയുടെതാണ് പ്രമേയം. ഏകകണ്ഠമായി അവതരിപ്പിച്ചിരിക്കുന്ന പ്രമേയത്തില്‍, ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവര്‍ രണ്ടു മണ്ഡലങ്ങളിലും മത്സരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
രാഹുല്‍ ഇത്തവണ അമേഠിയില്‍ ഇറങ്ങുമെന്ന് ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും, ആദ്യഘട്ടം പ്രഖ്യാപിച്ച 39 സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ ഇടംപിടിച്ച രാഹുലിന് വയനാട് തന്നെയായിരുന്നു നല്‍കിയത്. ഏതായാലും രാഹുലും സോണിയയും യുപിയില്‍ മത്സരിക്കില്ലെന്ന് ഉറപ്പായ സ്ഥിതിക്ക്, മുത്തച്ഛനും മുത്തശ്ശിയും അമ്മയുമെല്ലാം മത്സരിച്ചു ജയിച്ച റായ്ബറേലിയിലോ, വല്യച്ഛനും അച്ഛനും സഹോദരനുമൊക്കെ ജയിച്ചു കയറിയ അമേഠിയിലോ പ്രിയങ്ക ഗാന്ധി മത്സരിക്കാനിറങ്ങുമോ എന്നുമാത്രമാണ് ഇനി കാത്തിരിക്കാനുള്ള സര്‍പ്രൈസ്.
ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസിന് അനുവദിച്ചു കിട്ടിയ 17 സീറ്റുകളില്‍ ആരൊക്കെ സ്ഥാനാര്‍ത്ഥികളാകണമെന്ന കാര്യത്തില്‍ ഞായറാഴ്ച്ച എ ഐ സിസി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയുടെ നേതൃത്വത്തില്‍ ലക്‌നൗവില്‍ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു.
‘ അമേഠിയുടെയും റായ്ബറേലിയുടെയും കാര്യത്തില്‍ വിശദമായ ചര്‍ച്ച നടന്നു. ഈ രണ്ടു മണ്ഡലങ്ങളും ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വികാരം പരിഗണിച്ച് പാര്‍ട്ടി പ്രസിഡന്റിന് മുന്നില്‍ ഏകകണ്ഠമായൊരു പ്രമേയം ഞങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ്, അമേഠിയിലും റായ്ബറേലിയിലും ആരെയാണ് പരിഗണിക്കുന്നതെങ്കിലും അവര്‍ തീര്‍ച്ചയായും ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവരായിരിക്കണം’ അവിനാശ് പാണ്ഡെ പറയുന്നു. ഈ രണ്ടു മണ്ഡലങ്ങളും ഒഴിച്ച് ബാക്കി 15 ഇടത്തും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയായി. സംസ്ഥാന അധ്യക്ഷന്‍ അജയ് റായ് വരാണസിയിലും മുന്‍ എംഎല്‍എ ഇമ്രാന്‍ മസൂദ് ഷഹറന്‍പൂരിലും തനൂജ് പൂനിയ ബരാബങ്കിയിലും മത്സരിക്കാന്‍ സാധ്യത. ഝാന്‍സിയില്‍ മുന്‍ എംപി പ്രദീപ് ജെയ്ന്‍ ആദിത്യയുടെ പേരാണ് പരിഗണനയില്‍. ഫത്തേപ്പൂര്‍ സിക്രിയില്‍ മുന്‍ എം പി രാജ് ബബ്ബറിന്റെ പേരും അവസാനവട്ടത്തില്‍ എത്തിയിട്ടുണ്ട്. മഹാരാജ്ഗഞ്ചില്‍ സിറ്റിംഗ് എംഎല്‍എ വീരേന്ദ്ര ചൗധരിയും ബാന്‍സ്‌ഗോണില്‍ മുന്‍ എംപി കമല്‍ കിഷോര്‍ കമാന്‍ഡോയും മത്സരിച്ചേക്കും.
ഇന്ത്യ സഖ്യധാരണപ്രകാരം സമാജ്‌വാദി പാര്‍ട്ടിയും അതിന്റ ചെറുസഖ്യഘടകളും ചേര്‍ന്ന് ആകെയുള്ള 80 സീറ്റില്‍ 63 ഇടത്തും മത്സരിക്കും. ബാക്കിയുള്ള 17 സീറ്റാണ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് കൊടുത്തിരിക്കുന്നത്. അമേഠി, റായ്ബറേലി, കാണ്‍പൂര്‍, ഫത്തേപ്പൂര്‍ സിക്രി, ബാന്‍സ്‌ഗോണ്‍, ഷഹറന്‍പൂര്‍, പ്രയാഗ് രാജ്, മഹാരാജ്ഗഞ്ച്, വരാണസി, അമ്രോഹ, ഝാന്‍സി, ബുലാന്ദ്ഷഹര്‍, ഗാസിയാബാദ്, മഥുര, സിതാപൂര്‍, ബരാബങ്കി, ദിയോറ എന്നീ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.