സെപ്തംബറിലാണ് ചൈന അനുകൂല നേതാവായ മൊഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. അന്ന് മുതല്‍ ദ്വീപില്‍ ഇന്ത്യ വിരുദ്ധ വികാരം സജീവമാണ്. മുയിസുവിന്റെ ചൈന സന്ദര്‍ശനം മാലദ്വീപിന്റെ വിദേശനയം വ്യക്തമാക്കുന്നതായിരുന്നു. കൂടാതെ ദ്വീപില്‍ സേവനം അനുഷ്ഠിക്കുന്ന ഇന്ത്യന്‍ സൈനികരെ തിരിച്ചയിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. ഈ ആഴ്ച, തന്റെ സര്‍ക്കാരിന്റെ വിദേശ താല്പര്യം ഒരിക്കല്‍ കൂടി ഇന്ത്യയോട് വ്യക്തമാക്കിയിരിക്കുകയാണ് മുയിസു.
ചൊവ്വാഴ്ച നടത്തിയ പൊതു പ്രസംഗത്തില്‍ മുയിസു ഇക്കാര്യം ആണയിട്ട് പറയുന്നുണ്ട്. ”മെയ് 10 ന് രാജ്യത്ത് യൂണിഫോമിലോ, സിവില്‍ വസ്ത്രത്തിലോ ഒരു ഇന്ത്യന്‍ സൈനികന്‍ പോലും ഉണ്ടാകില്ല. ഇന്ത്യന്‍ സൈന്യം ഏതെങ്കിലും തരത്തിലുള്ള വസ്ത്രം ധരിച്ച് ഈ രാജ്യത്ത് താമസിക്കില്ല. ഞാന്‍ ഇത് ആത്മവിശ്വാസത്തോടെ പ്രസ്താവിക്കുന്നു,”. മേഖലയിലെ ചെറിയ രാജ്യങ്ങളെ ഇന്ത്യ ഭീഷണിപ്പെടുത്തുകയാണെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുയിസു ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് തിരിച്ചടിയെന്നോണം, ഭീഷണിപ്പെടുത്തുന്നവര്‍ക്ക്4.5 ബില്യണ്‍ ഡോളര്‍ സഹായം നല്‍കുന്നില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പ്രതികരിച്ചിരുന്നു. മാലദ്വീപ് ഇപ്പോഴും ഇന്ത്യയില്‍ നിന്ന് സ്വീകരിക്കുന്ന സമ്പത്തിക സഹായം പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
ഈ ആഴ്ച, മുയിസുവിന്റെ സര്‍ക്കാര്‍ ചൈനയുമായി സൗജന്യ ‘സൈനിക സഹായം’ ലഭിക്കുന്നതിന് കരാര്‍ ഉണ്ടാക്കിയിരുന്നു, കൂടാതെ ചൈനയില്‍ നിന്ന് 12 ആംബുലന്‍സുകളും ദ്വീപിന് ലഭിച്ചിരുന്നു. നയതന്ത്രത്തിനും സമ്പദ്വ്യവസ്ഥയ്ക്കുമായി മാലദ്വീപ് ചൈനയുമായി മുമ്പ് ഇടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കിലും, പ്രതിരോധ കാര്യങ്ങള്‍ക്കായി അവര്‍ ഔദ്യോഗികമായി ബന്ധപ്പെടുന്നത് ഇതാദ്യമാണ്. സൈനിക സഹായം കൂടി സ്വീകരിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ നയങ്ങളും രൂപപ്പെടുത്തിയേക്കും.
”ചൈനയുമായി സൈനിക ബന്ധം സ്ഥാപിക്കാന്‍ മുയിസു ഇത്ര വേഗത്തില്‍ നീങ്ങിയത് ആശ്ചര്യകരമാണ്, ദ്വീപിന്റെ നയം ഇന്ത്യയെ അസ്വസ്ഥമാക്കുമെന്ന് വ്യക്തമാണ്, പുതിയ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്, ഇത് തീര്‍ച്ചയായും മേഖലയിലെ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കും.’ മാലദ്വീപ് സര്‍ക്കാരിന്റെ മുന്‍ ഉപദേശകനും വെസ്റ്റേണ്‍ ഓസ്ട്രേലിയ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറുമായ അസിം സാഹിര്‍ പറയുന്നു.
ഏകദേശം 500,000 ആളുകള്‍ മാത്രമുള്ള മാലദ്വീപ് മനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രമായാണ് അറിയപ്പെടുന്നത്. എന്നാല്‍ വലിപ്പം കുറവാണെങ്കിലും തന്ത്രപരമായി രാജ്യത്തിന് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലായതിനാല്‍ മേഖലയില്‍ സ്വാധീനം ചെലുത്താന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും താല്‍പ്പര്യമുണ്ട്. ഗള്‍ഫില്‍ നിന്നും ചൈനയിലേക്ക് എണ്ണ വിതരണം നടത്തുന്ന പ്രധാന കപ്പല്‍ പാതയിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. കൂടാതെ, സമീപത്ത് ഒരു പ്രധാന യുഎസ് നാവിക താവളമുണ്ട്. അതിനാല്‍, രാജ്യം ഭൂമിശാസ്ത്രപരമായി ചെറുതാണെങ്കിലും, അതിന്റെ സ്ഥാനവും പ്രധാന രാജ്യങ്ങളുടെ താല്‍പ്പര്യങ്ങളും കാരണം ഭൗമരാഷ്ട്രീയമായി വലിയ സ്വാധീനമേഖലയാണ് മാലദ്വീപ്.
മാലദ്വീപ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സ്വാധീനം ചെലുത്താന്‍ ചൈന കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇതിന് മറുപടിയായാണ്, ഇന്ത്യ, മാലദ്വീപിനെ പിന്തുണയ്ക്കാന്‍ ധാരാളം പണവും വിഭവങ്ങളും ചെലവഴിച്ചത്. മുന്‍ മാലദ്വീപ് സര്‍ക്കാര്‍, പ്രസിഡന്റ് മുഹമ്മദ് സോലിഹിന്റെ കീഴില്‍, ഇന്ത്യയുമായി കൂടുതല്‍ അടുത്തിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ചൈനയെ മറികടന്ന് ദ്വീപിന്റെ ഏറ്റവും വലിയ സാമ്പത്തിക പിന്തുണക്കാരനുമായി. ദ്വീപില്‍ ആശുപത്രികള്‍, സ്‌കൂളുകള്‍, വിമാനത്താവളങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി വലിയ തോതില്‍ ഇന്ത്യ പണം ചെലവാക്കിയിരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍, ‘ഇന്ത്യ പുറത്ത്’ എന്ന മുദ്രാവാക്യത്തിലൂന്നിയാണ് മുയിസു പ്രചാരണം നടത്തിയത്. രാജ്യത്തിന്റെ ദേശീയ സുരക്ഷയും പരമാധികാരവും നിലനിര്‍ത്തണമെങ്കില്‍ രാജ്യത്ത് നിലയുറപ്പിച്ചിരിക്കുന്ന ഡസന്‍ കണക്കിന് ഇന്ത്യന്‍ സൈനികരെ നീക്കം ചെയ്യണമെന്നായിരുന്നു ആവശ്യം. ഇന്ത്യ ദ്വീപിന് നല്‍കിയ അടിയന്തര സേവനത്തിനുള്ള ഹെലികോപ്റ്ററുകളും വിമാനങ്ങളും രാജ്യത്തിന് ഭീഷണിയാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് മുയിസു നടത്തിയ പ്രചാരണം. അദ്ദേഹത്തിന്റെ പുരോഗമന സഖ്യ സര്‍ക്കാര്‍ അവരുടെ ചൈന അനുകൂല ചായ്വുകള്‍ക്ക് നേരത്തെ തന്നെ അറിയപ്പെട്ടിരുന്നതാണ്. 2013 നും 2018 നും ഇടയില്‍ അവര്‍ അവസാനമായി അധികാരത്തിലിരുന്നപ്പോള്‍ ചൈനയുമായി ഒരു സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിട്ടു. അക്കാലത്ത് തലസ്ഥാനമായ മാലെയുടെ മേയറായിരുന്നു മുയിസു. നഗരത്തെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന 150 മില്യണ്‍ പൗണ്ടിന്റെ പദ്ധതിയായ ചൈന മാലദ്വീപ് ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജിന്റെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചതും മുയിസു ആയിരുന്നു.
അധികാരമേറ്റതിന് ശേഷം മുയിസുവിന്റെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനം ചൈനയിലേക്കായിരുന്നു. ഇരു രാജ്യങ്ങളും ഏകദേശം 15 കരാറുകളില്‍ ഒപ്പുവച്ചു. അധികാരത്തിലെത്തിയ മുയിസു എല്ലാ ഇന്ത്യന്‍ സൈനികരെയും രാജ്യത്ത് നിന്ന് നീക്കം ചെയ്യുമെന്ന തന്റെ പ്രതിജ്ഞയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപിന് 80 മൈല്‍ വടക്കുള്ള ഇന്ത്യന്‍ ദ്വീപസമൂഹമായ ലക്ഷദ്വീപിനെ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടിയത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പിരിമുറുക്കം കൂടുതല്‍ ശക്തമാക്കി. വിനോദ സഞ്ചാരം പ്രധാന വരുമാനമാര്‍ഗമായി കാണുന്ന തങ്ങളുടെ രാജ്യത്ത് നിന്ന് യാത്രക്കാരെ അകറ്റാനുള്ള ശ്രമമായാണ് മാലദ്വീപിലെ ചിലര്‍ മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ കണ്ടത്. ഇതിന്റെ പേരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ മാലദ്വീപ് മന്ത്രിമാര്‍ സമൂഹ മാധ്യമങ്ങളിലൂടെ പരിഹസിക്കുന്നതില്‍ വരെ കാര്യങ്ങളെത്തി. എന്നാല്‍ ആ അഭിപ്രായങ്ങളുടെ പേരില്‍ അവരെ പിന്നീട് സസ്‌പെന്‍ഡ് ചെയ്തു. രാജ്യത്തെ അപമാനിച്ചതിന്റെ പേരില്‍ ഇന്ത്യയില്‍ മാലദ്വീപിലേക്കുള്ള വിനോദ സഞ്ചാരം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നു. ഒരു ഇന്ത്യന്‍ ട്രാവല്‍ കമ്പനി അതിന്റെ ദ്വീപിലേക്കുള്ള വിമാനങ്ങള്‍ തന്നെ നിര്‍ത്തിവച്ചിരുന്നു.
കഴിഞ്ഞ മാസമാണ് ചൈനീസ് ഗവേഷണ കപ്പലിന് കടലില്‍ പ്രവേശിക്കാന്‍ മാലദ്വീപ് അനുമതി നല്‍കിയത്. ഇന്ത്യ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. മാലദ്വീപ് പ്രതിരോധ മന്ത്രാലയവും ചൈനയും തമ്മില്‍ പ്രഖ്യാപിച്ച സൗജന്യ സൈനിക സഹായവും ഇന്ത്യയെ കൂടുതല്‍ അലോസരപ്പെടുത്താന്‍ സാധ്യതയുള്ളതായി വിദഗ്ദ്ധര്‍ വിലയിരുത്തുന്നുണ്ട്. സംഘര്‍ഷങ്ങള്‍ക്കിടയിലും മേഖലയില്‍ സൈനിക സാന്നിധ്യം ശക്തമാക്കാനുള്ള പ്രകടമായ ശ്രമത്തിലാണ് ഇന്ത്യ. ഇതിന്റെ ഭാഗമായാണ് ലക്ഷദ്വീപില്‍ രണ്ടാമത്തെ നാവിക താവള് പദ്ധതി ഇന്ത്യ പ്രഖ്യാപിച്ചത്.
ഇന്ത്യയുമായുള്ള മാലദ്വീപിന്റെ ശിഥിലമായ ബന്ധവും രാജ്യത്തിന്റെ മോശം സാമ്പത്തിക സാഹചര്യവും മുതലെടുത്ത് പ്രതിരോധ കരാറുണ്ടാക്കാന്‍ ചൈന ശ്രമിച്ചുവെന്ന ആശങ്കകള്‍ നിലനില്‍ക്കെ, പുതിയ മുയിസു സര്‍ക്കാരിനോടുള്ള ഇന്ത്യയുടെ പ്രതികരണം പ്രതികൂല സ്വഭാവമുള്ളതാണെന്നും, ഈ പ്രതികരണം ദ്വീപിനെ ചൈനയുമായി കൂടുതല്‍ അടുപ്പിക്കുമെന്നുമാണ് പ്രൊഫ. അസിം സാഹിര്‍ ഗാര്‍ഡിയനോട് പറയുന്നത്. എന്നിരുന്നാലും, ഇന്ത്യ നല്‍കുന്ന വലിയ തുകയുടെ സാമ്പത്തിക സഹായം കണക്കിലെടുക്കുമ്പോള്‍, ബന്ധം പൂര്‍ണമായി വിച്ഛേദിക്കാനും മാലദ്വീപിന് കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ”ഇന്ത്യയെ ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് മുയിസു ശ്രമിക്കുന്നത്. പക്ഷേ അദ്ദേഹത്തിന് എത്ര ദൂരം താണ്ടാന്‍ കഴിയുമെന്ന് എനിക്കറിയില്ല,” പ്രൊഫ. അസിം സാഹിര്‍ പറയുന്നു.