UPDATES

മോഹന്‍ലാലിന്റെ സാള്‍ട്ട് മാംഗോ ട്രീം കേട്ട് ചിരിച്ച ഒന്നാം ക്ലാസുകാരിയും ‘ തോല്‍വി’യിലെ ശോശാമ്മയും

ആശ മഠത്തില്‍ ശ്രീകാന്ത്/അഭിമുഖം

                       

ഉപ്പുമാവിന്റെഇംഗ്ലീഷ് സാള്‍ട്ട് മാങ്കോ ട്രീയെന്ന് മോഹന്‍ലാല്‍ പറയുമ്പോള്‍ പൊട്ടിചിരിച്ച കുട്ടികളിലൊരാള്‍ പിന്നീട് വെള്ളിത്തിരയിലെത്തുന്നത് കുട്ടന്‍ പിള്ളയുടെ ശിവരാത്രിയെന്ന സിനിമയിലൂടെയാണ്. ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ എസ് ഐ ശകുന്തളയായി എത്തുന്ന ആശ മഠത്തില്‍ ശ്രീകാന്തിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ജോര്‍ജ് കോര സംവിധാനം ചെയ്യുന്ന നവംബര്‍ മൂന്നിന് തിയേറ്ററുകളിലെത്തിയ ‘തോല്‍വി എഫ്സിയാണ്’ ആശയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.

തിയേറ്ററുകളിലെത്തിയ തോല്‍വി എഫ്സി ഫാമിലി കോമഡി ഡ്രാമ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. തൊട്ടതെല്ലാം പരാജയമാകുന്ന കുരുവിളയുടെയും കുടുംബത്തിന്റെയും സന്തതസഹചാരിയാണ് തോല്‍വി. കുടുംബത്തിലെ ഓരോരുത്തര്‍ക്കും ജോലി, പണം, പ്രണയം തുടങ്ങി എല്ലാം കൈവിട്ടു പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജീവിതം തിരിച്ചുപിടിക്കാനായി കുരുവിളയും കുടുംബവും നടത്തുന്ന നെട്ടോട്ടങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഹാസ്യത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിക്കുകയാണ് ജോര്‍ജ് കോരയും സംഘവും. തോല്‍വി അത്ര മോശം കാര്യമല്ലെന്നും തോല്‍വിയെ ആഘോഷമാക്കി മാറ്റണമെന്നുമുള്ള സന്ദേശവുമായി പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനം സാമൂഹ്യമാധ്യമങ്ങളിലടക്കം തരംഗമായി മാറിയിരുന്നു. തോല്‍വി എഫ്സിയെ കുറിച്ചും തന്റെ സിനിമ ജീവിതത്തെകുറിച്ചും അഴിമുഖവുമായി സംസാരിക്കുകയാണ് ആശ മഠത്തില്‍ ശ്രീകാന്ത്‌.

‘തോല്‍വി’യിലെ ശോശാമ്മ

കേരളത്തിലെ ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് തോല്‍വി എഫ്സി. ഒരു മുഴനീള കുടുംബ ചിത്രത്തില്‍ എല്ലാവീടുകളിലും കാണാറുള്ള വീട്ടമ്മയായ ശോശാമ്മയെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. മറ്റു പ്രത്യേകതകള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത ജോലിയും കുടുംബവും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുന്ന സാധാരണ വീട്ടമ്മയാണ് ശോശാമ്മ. ഊര്‍ജ്ജസ്വലരായ ഒരു കൂട്ടം ചെറുപ്പക്കാരോടൊപ്പവും ജോണി ആന്റണി, ചിത്രത്തിന്റെ സംവിധയകന്‍ കൂടിയായ ജോര്‍ജ് കോര, ഷറഫുദ്ദീന്‍, മീനാക്ഷി തുടങ്ങിയ മുന്‍ നിര താരങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് സിനിമയില്‍ നിന്ന് ലഭിച്ച ഏറ്റവും മികച്ച അനുഭവം. വളരെയധികം ആസ്വദിച്ചാണ് സിനിമയിലെ ഓരോ സീനുകളും ചിത്രീകരിച്ചത്.

തേടി വരുന്ന സിനിമ

‘ദൂരെ ദൂരെ ഒരു കൂടുകൂട്ടാം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലാണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. ഒന്നാം ക്ലാസില്‍ പഠിക്കുകയായിരുന്നു. അതിലെ രംഗങ്ങളും മോഹന്‍ലാല്‍, മേനക്, ശ്രീനിവാസന്‍, ജഗദീഷ് തുടങ്ങിയവരെക്കുറിച്ച് ഇപ്പോഴും  ഓര്‍ക്കുന്നുണ്ട്. സിനിമ അഭിനയത്തിന്റെ അനുഭൂതി തിരിച്ചറിഞ്ഞു തുടങ്ങുന്നത് കുട്ടന്‍ പിള്ളയുടെ ശിവരാത്രി പോലുള്ള സിനിമകളിലൂടെയാണ്. വലിയ രീതിയില്‍ സിനിമ മോഹമുള്ള ഒരു അഭിനേതാവായിരുന്നില്ല ഞാന്‍. എന്നാല്‍ എല്ലായ്പ്പോഴും സിനിമകള്‍ എന്നെ തേടി വന്നിട്ടിട്ടുണ്ട്. പിന്നീട് നൃത്തവും പഠനവും കുടുംബജീവിതവുമെല്ലാം ആദ്യ പരിഗണനകളായി. വിജയകുമാര്‍ പ്രഭാകരന്റെ ആദ്യ സംവിധനത്തില്‍ പുറത്തിറങ്ങിയ ‘ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍’ എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്. അതിനുശേഷമാണ് കുട്ടന്‍ പിള്ളയുടെ ശിവരാത്രിയിലെ കഥാപാത്രം തേടിയെത്തുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഒരു പരസ്യ ചിത്രം കണ്ടിട്ടാണ് ജീന്‍ മാര്‍ക്കോസ് സിനിമയിലേക്ക് ക്ഷണിക്കുന്നത്. പിന്നീട് മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ്, വലിയ പെരുന്നാള്‍, ഹൃദയം, മ്യാവു എന്നീ സിനിമകളിലും ഭാഗമാവാന്‍ കഴിഞ്ഞു. ഫിലിപ്സ്, കുണ്ടന്നൂരിലെ കുല്‍സിത ലഹള എന്നിവയാണ് വരാന്‍ പോകുന്ന ചിത്രങ്ങള്‍. ഒരു വലിയ ഇടവേളക്ക് ശേഷം വാണി വിശ്വനാഥ് തിരിച്ചുന്ന, ശ്രീനാഥ് ഭാസി മുഖ്യ കഥാപാത്രമായി എത്തുന്ന ആസാദിയാണ് ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങാനായി കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ഓരോ സിനിമകളും പകര്‍ന്ന് നല്‍കുന്നത് ഓരോ അനുഭവങ്ങളാണ്.

സിനിമ നല്ലതാണെങ്കില്‍ മറ്റൊന്നും പേടിക്കേണ്ട

സിനിമയോടൊപ്പം തന്നെ പഴക്കമുള്ളതാണ് സിനിമ നിരൂപണവും. സിനിമയെ സംബന്ധിച്ചിടത്തോളം നിരൂപണങ്ങള്‍ ഒഴിച്ചുനിര്‍ത്താന്‍ കഴിയാത്ത ഒന്നാണ്. എന്നാല്‍ ഓരോ വ്യക്തിയുടെയും ആസ്വാദന നിലവാരം വ്യത്യാസപ്പെട്ടിരിക്കും. നിരൂപണങ്ങള്‍ എത്ര മോശമായാലും ആളുകള്‍ സിനിമ കാണാന്‍ എത്തുക തന്നെ ചെയ്യും. അതുകൊണ്ട് സിനിമയെ കുറിച്ചുള്ള മോശം നിരൂപണത്തെ വലിയ അളവില്‍ പേടിക്കേണ്ടതില്ല. അതേസമയം ചെറിയ ശതമാനം ആളുകളില്‍ ഈ നിരൂപങ്ങള്‍ക്ക് സ്വാധീനം ഉണ്ടാക്കാനും കഴിയുന്നുണ്ട്. തിയേറ്ററിലെത്തിയ ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണമറിയാനുള്ള ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിലാണ്. നല്ല സിനിമയെന്ന് പ്രേക്ഷകര്‍ അടിവരയിട്ടു കഴിഞ്ഞാല്‍ നിരൂപണങ്ങള്‍ക്കുമപ്പുറം ചിത്രം തീര്‍ച്ചയായും വിജയിച്ചിരിക്കും.

കോഴിക്കോട് സ്വദേശിയായ ആശ പരസ്യ ചിത്രങ്ങളുടെ സംവിധായകനായ ഭര്‍ത്താവ് ശ്രീകാന്തിനും രണ്ടു ആണ്‍ മക്കള്‍ക്കുമൊപ്പം നിലവില്‍ ദുബായിലാണ് താമസിക്കുന്നത്. ശ്രീകാന്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയിലെ പ്രൊഡക്ഷന്‍ ചുമതല കൂടി വഹിക്കുന്നുണ്ട് ആശ.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Related news


Share on

മറ്റുവാര്‍ത്തകള്‍