UPDATES

അങ്ങനെ തോല്‍പ്പിക്കാനാകില്ല…

ജീവിതത്തോട് പൊരുതി ജയിക്കുന്ന ശ്രീക്കുട്ടന് ലക്ഷ്യങ്ങളിനിയുമുണ്ട്

                       

വെല്ലുവിളികളും പ്രതികൂല സാഹചര്യങ്ങളും നിറഞ്ഞ ഒരു ലോകത്ത്, പ്രതിബന്ധങ്ങളെ അഭിമുഖീകരിച്ച് മുന്നേറുന്നവര്‍ എന്നും ആദരിക്കപ്പെട്ടിട്ടേയുള്ളു. അകക്കണ്ണിലെ വെളിച്ചം കൊണ്ട് പടവെട്ടി ഉള്‍കരുത്തിന്റെ അതിജീവന പാതയിലാണ് ശ്രീക്കുട്ടന്‍. കേരളവര്‍മയുടെ ചെയര്‍മാന്‍ സ്ഥാനമല്ല, സിവില്‍ സര്‍വീസ് എന്ന വലിയൊരു ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ് ശ്രീക്കുട്ടന്റെ യാത്ര. ജനിച്ച നാള്‍ മുതല്‍ വിധിയോട് പൊരുതി ജയിച്ചവനാണ്, ഇനി എന്തൊക്കെ നേരിടേണ്ടി വന്നാലും തോല്‍ക്കാന്‍ ശ്രീക്കുട്ടനെ കിട്ടില്ല. ആളും ആരവങ്ങളും കൂട്ടിനില്ലാതിരുന്ന കാലത്തും പടവെട്ടി കയറാന്‍ കടമ്പകളേറെയുണ്ടായിരുന്നു. അത് ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. കണ്ണില്‍ ഇരുട്ടാണെകിലും ശ്രീക്കുട്ടന്റെ അകക്കണ്ണ് കാഴ്ചയുള്ളവരേക്കാള്‍ തിളക്കമേറിയതാണ്. നിശ്ചയദാര്‍ഢ്യത്തിന്റെയും അജയ്യമായ ഉള്‍കരുത്തിന്റെയും നേര്‍ചിത്രമാണ് ശ്രീക്കുട്ടന്‍ എന്ന ബി എ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി.

അതിജീവനത്തിന്റെ രാഷ്ട്രീയപാഠങ്ങള്‍

‘പൊളിറ്റിക്‌സ് പഠിക്കണമെന്ന മോഹത്തോടെയാണ് ഞാന്‍ കേരളവര്‍മ കോളജില്‍ ചേരുന്നത്. സജീവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ അല്ലങ്കില്‍ പോലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സംഭവ വികാസങ്ങളും എല്ലാം വളരെ നന്നായി ശ്രദ്ധിക്കുന്ന കൂട്ടത്തിലാണ്. അതുകൊണ്ടാണ് കെ എസ് യു അവസരം തന്നപ്പോള്‍ മടി കൂടാതെ സ്വീകരിച്ചതും. പൂര്‍ണമായും കാഴ്ച ശക്തിയില്ലാതെയാണ് ഞാന്‍ പിറന്ന് വീണത്. എല്ലാവരെയും സംബന്ധിച്ച് അത് ഉള്‍കൊള്ളാന്‍ പ്രയാസമായിരുന്നു. പിന്നെയാ ഇരുട്ടിനോട് പൊരുത്തപ്പെട്ടു. അവിടെ നിന്നങ്ങോട്ട് അതിജീവനത്തിന്റെതായി ജീവിതം; തന്റെ ജീവിത കഥ ശ്രീക്കുട്ടന്‍ പറഞ്ഞു തുടങ്ങുന്നു.

പാലക്കാട് ഹെലന്‍ കെല്ലര്‍ സെന്റിനറി മെമ്മോറിയല്‍ മോഡല്‍ സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡിലാണ് ഒന്നു മുതല്‍ ഏഴ് വരെ പഠനം പൂര്‍ത്തിയാക്കിയത്. അവിടെ നിന്നാണ് ജീവിതത്തിന്റെ ബാലപാഠങ്ങള്‍ സ്വായക്തമാക്കുന്നത്. ബ്രയില്‍ ലിപി പഠിക്കുന്നതും അക്ഷരങ്ങളുടെ ലോകത്തോട് കൂട്ടുകൂടുന്നതും അവിടെവച്ചാണ്. പിന്നീട് എട്ടുമുതല്‍ 12 ക്ലാസ് വരെ മുണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് പഠിച്ചത്. പഠനവും പാട്ടുമായിരുന്നു ലോകം. പത്തിലും പന്ത്രണ്ടിലും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടികൊണ്ടാണ് പാസായത്. പഠനത്തോടൊപ്പം പാട്ടും എനിക്ക് ഹരമായിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ ശാസ്ത്രീയ സംഗീതത്തിനും ലളിത ഗാന മത്സരങ്ങളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. തുടര്‍ച്ചയായി മൂന്ന് തവണ സംസ്ഥാന തലത്തില്‍ സമ്മാനങ്ങള്‍ നേടാനായിട്ടുണ്ട്. ഇതിനൊക്കെ ശേഷമാണ് കേരളവര്‍മയിലെത്തുന്നത് എത്തുന്നത്. ഇവിടെ എത്തിയതിനു ശേഷവും ആര്‍ട്‌സ്, ഇന്റര്‍ സോണ്‍, ഡി സോണ്‍ മത്സരങ്ങളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.

പഠനം കൂടുതലായും സോഫ്റ്റ്‌വെയറുകളും ബ്രയില്‍ ലിപിയും ഉപയോഗിച്ചാണ്. എല്ലാത്തിനും കൂടെ നില്‍ക്കുന്ന കുടുംബവും കൂട്ടുകാരുമാണ് എന്റെ ഏറ്റവും വലിയ കരുത്ത്. അവര്‍ പകര്‍ന്ന് തന്ന ആത്മധൈര്യവും പിന്തുണയുമാണ് ഏന്ത് വിഷമസന്ധികളെയും നേരിടാന്‍ പ്രാപ്തനാക്കുന്നത്. സുഹൃത്തുക്കളുടെ ഒരായിരം കരങ്ങള്‍ ഇപ്പോഴും എന്നെ ചുറ്റിയുണ്ടാകും; ശ്രീക്കുട്ടന്‍ വാചാലനാകുന്നു.

സിവില്‍ സര്‍വീസ് എന്ന സ്വപ്നം

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും തര്‍ക്കങ്ങളും ശ്രീക്കുട്ടനെ ഭയപ്പെടുത്തുകയോ പിന്തിരിപ്പിക്കുകയോ ചെയ്യുന്നില്ല. വീട്ടുകാര്‍ തനിക്കൊപ്പം തന്നെ നില്‍ക്കുന്നുണ്ടെന്ന ധൈര്യവും അയാള്‍ക്കുണ്ട്. ‘അച്ഛനും അമ്മയും കൂടെ നില്‍ക്കുകയാണ് ഉണ്ടായത്. എന്റെ ഇഷ്ടങ്ങളാണ് അവര്‍ക്ക് എന്നും പ്രധാനം. ഇന്നു വരെ എന്റെ ഒരു ആഗ്രഹത്തിനും അവര്‍ തടസം നിന്നിട്ടില്ല. അച്ഛനാണ് എല്ലാത്തിനും കൂടെ നില്‍ക്കുന്നത്. ക്യാംപ്സ് ലൈഫില്‍ രാഷ്ട്രീയത്തില്‍ ഉണ്ടെങ്കിലും സജീവ രാഷ്ട്രീയ പ്രവര്‍ത്തനമല്ല എന്റെ ലക്ഷ്യം. സിവില്‍ സര്‍വീസ് എന്ന സ്വപ്നം ചെറുപ്പം മുതലേ കൂടെ കൂട്ടിയിട്ടുള്ളതാണ്. ഓരോ അനുഭവങ്ങളും ആ സ്വപ്നത്തിലേക്കുള്ള ചവിട്ടു പടികളായാണ് ഞാന്‍ കാണുന്നത്’- ശ്രീക്കുട്ടന്‍ വ്യക്തമായി തന്റെ ജീവിതലക്ഷ്യം പറയുന്നു.

ജനാധിപത്യത്തെ പരാജയപ്പെടുത്തിയവര്‍

‘ഇലക്ഷന് കഴിഞ്ഞ് ആദ്യ ഘട്ട കൗണ്ടിംഗ് കഴിഞ്ഞപ്പോള്‍ 896 വോട്ടുകള്‍ നേടി കെ എസ് യു ആണ് വിജയിച്ചത്. എന്നാല്‍ ആദ്യം വന്ന റിസള്‍ട്ട് അംഗീകരിക്കാനായി എസ് എഫ് ഐ തയ്യാറായില്ല. അവര്‍ റീ കൗണ്ടിംഗ് ആവശ്യപ്പെട്ടു. അത് ഞങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. കാരണം തെരെഞ്ഞെടുപ്പ് കഴിയുമ്പോള്‍ എന്തെങ്കിലും സംശയം ഉണ്ടായാല്‍ സ്വാഭാവികമായും നടത്തേണ്ട ഒരു പ്രക്രിയയാണ് റീ കൗണ്ടിംഗ്. എന്നാല്‍ രണ്ടാം തവണയും റീ കൗണ്ടിംഗ് നടന്നപ്പോള്‍ അത് ശരിയായ രീതിയിലല്ല നടന്നത്. പല പ്രശ്‌നങ്ങളും അതിനിടയില്‍ വന്നു. ഒന്നു രണ്ടു തവണ നിര്‍ത്തി വയ്‌ക്കേണ്ടതായി വന്നു. കറണ്ട് ഒരു ഒന്നരമണിക്കൂറോളം ഇല്ലായിരുന്നു. അങ്ങനെ ഒരു പാട് തടസങ്ങള്‍ക്കിടയിലാണ് റീ കൗണ്ടിംഗ് നടത്തിയത്.

ഒന്‍പത് മണി കഴിഞ്ഞിട്ടും കൗണ്ടിംഗ് കഴിയാത്ത് മൂലം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് റിട്ടേര്‍ണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കി. എന്നാല്‍ ഞങ്ങള്‍ നല്‍കിയ പരാതി സ്വീകരിക്കാന്‍ പോലും റിട്ടേര്‍ണിംഗ് ഓഫീസര്‍ തയ്യറായില്ല. അതുകൊണ്ട് പരാതി ഞങ്ങള്‍ പ്രിന്‍സിപ്പലിന് നല്‍കുകയും തുടര്‍ന്ന് കൗണ്ടിംഗ് നിര്‍ത്തി വെക്കാനായി പ്രിന്‍സിപ്പല്‍ നിര്‍ദേശിക്കുകയും ചെയ്തു. പക്ഷെ റിട്ടേര്‍ണിംഗ് ഓഫീസര്‍ കൗണ്ടിംഗ് നിര്‍ത്തി വയ്ക്കാന്‍ തയ്യാറായില്ല, മാത്രമല്ല കൗണ്ടിംഗ് തുടരുകയും ചെയ്തു. റീകൗണ്ടിംഗ് ഓഫീസറുടെ നീതിരഹിത പ്രവര്‍ത്തിയില്‍ പ്രതിഷേധിച്ച് കെ എസ് യു വോട്ടെണ്ണല്‍ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോന്നു. 12 മണിയോട് കൂടിയാണ് റീ കൗണ്ടിംഗ് അവസാനിക്കുന്നത്. രണ്ടാം തവണത്തെ റീകൗണ്ടിങ് അവസാനിക്കുബോള്‍ ഞങ്ങള്‍ അറിയുന്നത് എസ് എഫ് ഐ 10 വോട്ടുകളുടെ ലീഡില്‍ ജയിച്ചു എന്നാണ്. കൗണ്ടിംഗ് റൂമില്‍ ഉണ്ടായിരുന്നത് മുഴുവന്‍ ലെഫ്റ്റ് അനുകൂല സംഘടനകളിലെ അംഗങ്ങള്‍ ആയിരുന്നു. അവര്‍ വോട്ടെണ്ണലില്‍ ഇടപെട്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.

എസ് എഫ് ഐയുടെ നീതിപൂര്‍വമല്ലാത്ത പ്രവര്‍ത്തിയെ കോടതി വഴി സമീപിക്കാനാണ് തീരുമാനം. റീ ഇലക്ഷന്‍ നടത്താനായി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. തിരക്കുകള്‍ എല്ലാം ഒഴിഞ്ഞ് തിരികെ കോളേജില്‍ എത്തിയപ്പോള്‍ സഹപാഠികളും കുട്ടികളും ആര്‍പ്പുവിളികളുടെ അകമ്പടിയോടെയുള്ള ഗംഭീര സ്വീകരണങ്ങളോടെയാണ് വരവേറ്റത്. അവരുടെ മനസ്സില്‍ അവര്‍ തെരെഞ്ഞെടുത്ത ചെയര്‍മാന്‍ ഞാന്‍ ആണെന്ന രീതിയിലാണ് എല്ലാരും എന്നെ സ്വീകരിച്ചത്. എസ് എഫ് ഐ യുടെ ഭാഗത്ത് നിന്ന് ഇതുവരെ യാതൊരു തരത്തിലുള്ള പ്രതികരണവുമുണ്ടായിട്ടില്ല. അവര്‍ നിശബ്ദരായി നില്‍ക്കുകയായിരുന്നു.

കൂട്ടുകാരുടെ നടുവില്‍

ജയിച്ചെന്ന് അറിഞ്ഞപ്പോള്‍ പലതരം വികാരങ്ങളാണ് എന്നെ പൊതിഞ്ഞത്. ആദ്യം എനിക്ക് ഉള്‍ക്കൊള്ളാനായില്ല. പുറത്തുവന്നത് കണ്ണീരായിരുന്നു. പിന്നെ മനസ് നിറഞ്ഞ സന്തോഷത്തിലേക്കു വഴിമാറി. എസ്എഫ് ഐയ്ക്ക് അത്രയും മേല്‍ക്കോയ്മയുള്ള ഒരു ക്യാമ്പസാണത്. ഏകദേശം നാല്‍പ്പത് വര്‍ഷത്തോളമായി അവിടെ ഒരു കെഎസ്‌യു സ്ഥാനാര്‍ത്ഥി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ട്. സുഹൃത്തുക്കള്‍ നല്‍കിയ പിന്തുണ എത്രത്തോളമാണെന്ന് വാക്കുകള്‍ കൊണ്ട് പോലും പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. അത്രയധികം അവര്‍ എന്റെ കൂടെ നിന്നിട്ടുണ്ട്.

ശ്രീക്കുട്ടന്‍ ഞങ്ങളുടെ അഭിമാനമാണ്

‘അവന്റെ ഇഷ്ടങ്ങള്‍ക്ക് ഞങ്ങള്‍ കൂടെ നില്‍ക്കുന്നു എന്ന് മാത്രമേയുള്ളൂ. നല്ലതും ചീത്തയും തിരിച്ചറിയാന്‍ കെല്‍പ്പുള്ളയാളാണ് ശ്രീക്കുട്ടന്‍. മക്കള്‍ എന്ത് കാര്യം ആവശ്യപ്പെടുന്നോ അത് സാധിച്ച് കൊടുക്കുന്ന ഉത്തരവാദിത്വമാണ് എനിക്ക് ഉള്ളത്. ശ്രീക്കുട്ടന്റെ അമ്മയും അങ്ങനെയാണ്. എന്താണോ അവന്റെ ഇഷ്ടം, അതിന് വേണ്ടി അവന്റെ കൂടെ താങ്ങും തണലുമായി നില്‍ക്കുക എന്നത് മാത്രമാണ് ഞങ്ങള്‍ ചെയ്തിട്ടുള്ളത്. അവന്റെ എല്ലാ ആവശ്യങ്ങള്‍ക്കും കൂടെ നടക്കാറുള്ളത് ഞാന്‍ ആണ്. പഠിക്കുമ്പോഴും പാട്ട് പാടുമ്പോഴുമാണ് അവന് ഏറ്റവും കൂടുതല്‍ സന്തോഷം കിട്ടുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കോളേജില്‍ നിന്ന് വന്നാലും സംഗീത അധ്യാപികയുടെ കീഴില്‍ പാട്ട് പഠിക്കാന്‍ പോകാറുണ്ട്. ഒരു പാട് സങ്കടങ്ങള്‍ ഉണ്ടായിരുന്നു ഞങ്ങള്‍ക്ക് അവനെ പറ്റി. ദൈവം കാഴ്ചയില്ലാതെ അവനെ കയ്യിലേക്ക് തന്നപ്പോള്‍ ഞങ്ങള്‍ കുറെ കരഞ്ഞിട്ടുണ്ട്. പിന്നെ അതിനോട് പൊരുത്തപ്പെട്ടു. ഇപ്പോള്‍ ചെറിയ സന്തോഷങ്ങള്‍ പോലും ഞങ്ങള്‍ക്ക് വലുതാണ്. ശ്രീക്കുട്ടനെ ഓര്‍ത്ത് അഭിമാനം മാത്രമേയുള്ളു. അവന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സിവില്‍ സര്‍വീസ്. അത് നേടിയെടുക്കാന്‍ ഞങ്ങളാല്‍ കഴിയുന്ന എന്തൊക്കെ ചെയ്ത് കൊടുക്കാന്‍ സാധിക്കുമോ അതെല്ലാം ചെയ്യണം എന്നാണ് ഞങ്ങളുടെ ആഗ്രഹം; ശ്രീകുട്ടന്റെ അച്ഛന്‍ ശിവദാസന്റെ വാക്കുകള്‍. അച്ഛനും അമ്മ സുപ്രിയ്ക്കും ജ്യേഷ്ഠന്‍ സുനന്ദും അടങ്ങുന്ന കൊച്ചു കുടുംബമാണ് ശ്രീകുട്ടന്റെ ഏറ്റവും വലിയ പിന്‍ബലം.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍