വിദ്യാഭ്യാസം കൊണ്ട് ജീവിതത്തോട് പൊരുതി നില്‍ക്കാന്‍ തീരുമാനിച്ചതാണ് നീനു. സര്‍ക്കാര്‍ പക്ഷേ, ആ യുവതിയെ തോല്‍പ്പിക്കുകയാണ്! ഏറെ കഠിനാധ്വാനം ചെയ്തതിന്റെ ഫലമായിരുന്നു പി എസ് സി നടത്തിയ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കോമേഴ്‌സ് പരീക്ഷയിലെ ഒന്നാം റാങ്ക്. ലിസ്റ്റ് വന്നു ആറ് മാസങ്ങള്‍ പിന്നിട്ടിട്ടും ഒന്നാം റാങ്കുകാരിയായ നീനുവിനടക്കം ലിസ്റ്റില്‍ പേരുള്ളവര്‍ക്കാര്‍ക്കും നിയമനം ലഭിച്ചിട്ടില്ല. അവരുടെ കഴിവിനും കഷ്ടപ്പാടിനും യാതൊരു വിലയുമില്ലാതെ പോകുന്നു.
അച്ഛനും അമ്മയും അനിയത്തിയും മകളും അടങ്ങുന്ന സാധാരണ കുടുംബമാണ് കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര പ്രദേശമായ മുക്കം സ്വദേശിനി നീനുവിന്റേത്. അച്ഛന്‍ ഗോവിന്ദന് കൂലിപ്പണിയാണ്. അമ്മ ഉഷ വീട്ടു ജോലികള്‍ക്കു പോകുന്നു. സാമ്പത്തികമായി വളരെ കഷ്ടപ്പാടുണ്ടെങ്കിലും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് നീനു റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിയത്. പി എച് ഡി വിദ്യാര്‍ത്ഥികൂടെയാണ് നീനു. എന്നാല്‍ ഒന്നാം റാങ്ക് തന്റെ വീട്ടിലെ ഷോകെയ്സില്‍ നിരന്നിരിക്കുന്ന അനേകം സമ്മാനങ്ങളില്‍ ഒന്ന് മാത്രമാണെന്ന് നീനു വളരെ വിഷമത്തോടെയാണ് തിരിച്ചറിഞ്ഞത്. പഠനത്തിന്റെ പേരില്‍ ദാമ്പത്യജീവിതം പോലും നഷ്ടപെട്ട നീനുവിന്റെയും കുടുംബത്തിന്റെയും ഏക പ്രതീക്ഷയായിരുന്നു ഈ പി എസ് സി റാങ്ക് ലിസ്റ്റ്.
‘2023 സെപ്റ്റംബര്‍ 19 നാണ് അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കോമേഴ്സ് റാങ്ക് ലിസ്റ്റ് നിലവില്‍ വരുന്നത്. മൂന്ന് വര്‍ഷമാണ് ലിസ്റ്റിന്റെ കാലാവധി. ഒരു പാട് കഷ്ടപ്പെട്ട് നേടിയതാണ് ഒന്നാം റാങ്ക്. സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടില്‍ നിന്ന് ദരിദ്രമായ സാമ്പത്തിക ചുറ്റുപാടില്‍ നിന്ന് ഒത്തിരി ത്യാഗം സഹിച്ചുകൊണ്ടാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആദ്യത്തെ ഒന്ന് രണ്ടു മാസത്തിനു ശേഷം ജോലി കിട്ടുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. എക്‌സസ് വെയിറ്റേജ് എന്ന പ്രശ്‌നം വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയതല്ല’: നീനു അഴിമുഖത്തോട് പറയുന്നു.
നീനു തുടരുന്നു; ‘വിശദീകരണ രൂപത്തിലുള്ള പ്രയാസമേറിയ പരീക്ഷയും ഇരട്ട മൂല്യ നിര്‍ണയവും കഴിഞ്ഞതിനു ശേഷമാണ്, ഇന്റര്‍വ്യൂ. അതിലും മികച്ച പ്രകടനം കാഴ്ച വച്ചാണ് ഒന്നാമതെത്തിയത്. എന്റെ പ്രതീക്ഷ ആദ്യ റാങ്കുകളില്‍ ഉള്ളവര്‍ക്ക് ജോലി പ്രവേശനത്തിന് വലിയ തടസം നേരിടില്ല എന്നായിരുന്നു. പിന്നീട് അന്വേഷിച്ചപ്പോഴാണ് മുന്‍പുള്ള പല റാങ്ക് ലിസ്റ്റുകളുടെയും അവസ്ഥ ഇത് തന്നെയാണെന്ന് അറിയാന്‍ കഴിഞ്ഞത്’.
കോളേജുകളില്‍ 16 മണിക്കൂര്‍ അധ്യാപകര്‍ ജോലി ചെയ്യണമെന്നാണ് ചട്ടം. നിലവില്‍ അതില്‍ താഴെമാത്രമാണ് ജോലി സമയം വരുന്നുള്ളൂ എന്നതിനാല്‍, ഈ പ്രശ്നം പരിഹരിക്കാന്‍ പുതിയ നിയമനങ്ങള്‍ തടഞ്ഞിരിക്കുകയാണ് സര്‍ക്കാര്‍. പി എസ് സി പരീക്ഷയുടെ സമയത്തോ, ഇന്റര്‍വ്യൂ നടക്കുമ്പോഴോ ഒന്നും തന്നെ ഇത്തരത്തില്‍ ഒരു പ്രശ്‌നം നില നില്‍ക്കുന്നതായോ, ആ പ്രശ്നം പരിഹരിക്കാതെ റാങ്ക് ലിസ്റ്റില്‍ നിന്ന് ആരെയും നിയമിക്കില്ല എന്നതിലോ യാതൊരു അറിവും ആര്‍ക്കും ഉണ്ടായിരുന്നില്ല എന്നാണ് നീനു പറയുന്നത്.
പ്രശ്‌നത്തിന് പരിഹാരം ലഭിക്കാനായി എം എല്‍ എ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി തുടങ്ങി മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ ഈ കാലയളവില്‍ നീനു കയറിയിറങ്ങി. എക്‌സസ് പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്, അതിനൊരു തീരുമാനം ആകണം… സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയാണ്… സര്‍ക്കാരിന്റെ അവസ്ഥ മനസിലാകൂ… ലിസ്റ്റ് വന്നിട്ട് ഇത്രയല്ലേ ആയുള്ളൂ കുറച്ചു വെയിറ്റ് ചെയ്യൂ, ജോലി കിട്ടുമായിരിക്കും, 2026 വരെയില്ലേ റാങ്ക് ലിസ്റ്റ് കാലാവധി, തല്‍ക്കാലം വേറെ ജോലി നോക്കൂ എന്നിങ്ങനെയുള്ള സ്ഥിരം മറുപടികളാണ് നീനുവിന് ഓരോയിടത്തു നിന്നും ലഭിച്ചത്.
‘ആദ്യം ഞങ്ങളുടെ എംഎല്‍എയെയാണ് സമീപിച്ചത്. ശരിയാക്കാം എന്നു വാക്ക് തന്നതാണ്, പക്ഷേ, ഉപകാരം ഒന്നുമുണ്ടായില്ല. പിന്നീട് പല സ്ഥലങ്ങളിലും പല നേതാക്കളെയും നീതി കിട്ടാന്‍ സമീപിച്ചിരുന്നു. അവസാന പ്രതീക്ഷ എന്നോണമാണ് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തു വന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിനെ കാണുന്നത്. ഒരു ദിവസം മുഴുവന്‍ അവിടെ ചെലവഴിച്ചതിന് ശേഷമാണ് എനിക്ക് മന്ത്രിയെ കാണാന്‍ സാധിച്ചത്. എക്‌സസിന്റെ പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ വകുപ്പിന് ഒന്നും ചെയ്യാന്‍ കഴിയില്ല. സര്‍ക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ട് എന്നൊക്കെയാണ് മന്ത്രി പറഞ്ഞത്. സര്‍ക്കാരിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടോ ഇല്ലയോ എന്നറിയാതെ പരീക്ഷ എഴുതി കാത്തിരിക്കുന്ന ഞങ്ങളെ പോലുള്ള പാവങ്ങളെ പരിഗണിക്കണം എന്നാണ് ഞാന്‍ മന്ത്രിയോട് പറഞ്ഞത്. സാമ്പത്തികമായി ഉന്നതയിലല്ലാത്ത കുടുംബത്തില്‍ നിന്നായതു കൊണ്ട് പ്രശ്‌നം പരിഹരിക്കുന്നത് വരെ മറ്റൊരു ജോലി നോക്കാനാണ് മന്ത്രി എനിക്ക് മറുപടി തന്നത്. ഈ പ്രശ്‌നത്തിന് പെട്ടന്നൊരു പരിഹാരമുണ്ടാക്കാന്‍ സാധിക്കില്ലായെന്ന് അന്ന് ഞാന്‍ തിരിച്ചറിഞ്ഞു’.
കാലാവധി കഴിയുന്നതിന് മുന്‍പ് ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമുണ്ടാകുമോ, സര്‍ക്കാര്‍ ഈ വിഷയത്തില്‍ എന്ത് തീരുമാനമാണ് കൈക്കൊള്ളുന്നത് തുടങ്ങിയ ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍ ഉഴലുകയാണ് നീനുവിനെ പോലെ റാങ്ക്‌ലിസ്റ്റില്‍ പേര് വന്ന് നിയമനം കാത്തിരിക്കുന്ന അനേകം വിദ്യാര്‍ത്ഥികള്‍്.
നിവേദനങ്ങള്‍ തകൃതിയായി സമര്‍പ്പിക്കുന്നുണ്ട് എന്നല്ലാതെ കാര്യമായ പുരോഗതിയൊന്നും ഇവരുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. എക്‌സസ് പ്രശ്‌നം പെട്ടന്ന് ഒരു ദിവസം കൊണ്ടുണ്ടായതല്ല. മാത്രമല്ല ആ ബാധ്യത പാവപെട്ട ഉദ്യോഗാര്‍ത്ഥികളുടെ ഭാവി അടങ്ങിയിരിക്കുന്ന ഈ റാങ്ക് ലിസ്റ്റില്‍ തന്നെ തീര്‍ക്കുന്നത് ഞങ്ങളോട് ചെയ്യുന്ന അനീതിയായാണെന്നാണ് നീനു പറയുന്നത്.
‘സപ്ലിമെന്ററി ലിസ്റ്റില്‍ നിന്ന് ഇതുവരെ രണ്ട് നിയമനങ്ങള്‍ നടന്നിട്ടുണ്ട്. മെയിന്‍ ലിസ്റ്റില്‍ നിന്ന് ഒരു നിയമനവും ഇത് വരെ നടത്തിയിട്ടില്ല. നിലവില്‍ കോമേഴ്‌സില്‍ 27 ഒഴിവുകള്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷേ, എക്്‌സസ് പ്രശ്‌നത്തില്‍ തീരുമാനമാകാതെ ഒരു പോസ്റ്റിലേക്കും നിയമനം നടത്തില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കാനായി ഈ പോസ്റ്റുകള്‍ എല്ലാം ഉപയോഗിച്ചാല്‍ കോമേഴ്‌സില്‍ മറ്റൊരു ഒഴിവിലേക്കും മൂന്ന് വര്‍ഷത്തില്‍ നിയമനം ഉണ്ടാകില്ല. 16 മണിക്കൂറാണ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ജോലി സമയം. പക്ഷെ 16 മണിക്കൂറില്‍ കുറവ് ജോലി ചെയ്യുന്ന അധ്യാപകരും പല സര്‍ക്കാര്‍ കോളേജുകളിലുമുണ്ട്. ഇത്തരത്തില്‍ കുറവ് ജോലി സമയം ഉള്ള അധ്യാപകരെ സര്‍ക്കാര്‍ ബാധ്യതയായാണ് കണക്കാക്കുന്നത്. 16 മണിക്കൂര്‍ ജോലിയുള്ള പല കോളേജുകളിലും ഗസ്റ്റ് ലക്ചറര്‍മാരെ ഉപയോഗിച്ചാണ് നിലവില്‍ പഠിപ്പിക്കുന്നത്. ഇവര്‍ക്ക് ശമ്പളം കൊടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നുണ്ട്. പക്ഷെ ലിസ്റ്റില്‍ ഉള്ളവര്‍ക്ക് നിയമനം നല്‍കാനാണ് കഴിയാത്തത്’ നീനു പറയുന്നു.
“2019 ൽ വിജ്ഞാപനം വന്നതിനു ശേഷമാണ് എക്സസ് പ്രശ്‍നം നില നിലനിൽക്കുന്നുണ്ടെന്ന് സർക്കാർ അറിയിക്കുന്നത്. 2018 ൽ പ്രീ ഡിഗ്രി നിർത്തലാക്കിയപ്പോൾ അധ്യാപകരുടെ പ്രവർത്തന സമയം കുറഞ്ഞു. അതുകൊണ്ട് ഒരു മണിക്കൂർ ജോലി ചെയ്താൽ ഒന്നരമണിക്കൂറായി കണക്കാക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ എക്സസ് പോസ്റ്റുകൾക്ക് നൽകിയിരുന്ന ഈ ആനുകൂല്യം എടുത്ത് കളയുകയാണുണ്ടായത്. അതോടെ ഒരു പാട് തസ്തികകൾ എക്സസ് ആയി മാറി ( 16 മണിക്കൂർ ജോലി ഭാരം ഇല്ലാത്ത തസ്തികകൾ). കേരളം ഉന്നത വിദ്യാഭ്യാസ രംഗത്ത് നേടിയ നേട്ടങ്ങൾക്ക് പുറകിൽ ഇത്തരത്തിൽ പ്രവർത്തിച്ച അധ്യാപകർക്ക് വലിയ പങ്കുണ്ട്. എക്‌സസിനെ കുറിച്ച് പഠിക്കുന്നതിനു വേണ്ടി സർക്കാർ സതീശൻ കമ്മീഷനെ നിയമിച്ചിരുന്നു. കമീഷൻ അനുകൂലമായ റിപ്പോർട്ടാണ് നൽകിയത്. പക്ഷെ ആ റിപ്പോർട്ട് പരിഗണിച്ചില്ല. ഇനി നാല് വർഷ ബിരുദം പ്രാബല്യത്തിൽ വരുമെന്നാണ് പറയുന്നത്. എന്നാൽ ഇത്രയും വലിയ ഒരു പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുമ്പോഴും അധ്യാപക-വിദ്യാർത്ഥി അനുപാതത്തെ പറ്റി ചർച്ച ചെയ്യുന്നില്ല. ഇതിന്റെയെല്ലാം പിന്നിൽ വലിയ ഗൂഡാലോചനകൾ ഉണ്ടെന്നാണ് ഞങ്ങളെ പോലുള്ളവർ സംശയിക്കുന്നത്. പ്രിൻസിപ്പൽ നിയമനം പോലും കൃത്യമായി നടന്നിട്ടില്ല. കേസ് നടന്നുകൊണ്ടിരിക്കുകയാണല്ലോ, ഈ സാഹചര്യത്തിൽ നാല് വർഷ ബിരുദം കൂടെ പ്രാബല്യത്തിൽ വന്നാൽ അത് അധ്യാപകേരേയും വിദ്യാർത്ഥികളെയും ഒരു പോലെ ബാധിക്കും.
നാല് വർഷ ബിരുദം കൂടെ പ്രാബല്യത്തിൽ വരുന്നതിന് മുന്നെയെങ്കിലും വിഷയത്തിൽ ഒരു പരിഹാരം നൽകണമെന്നാണ് ഉദോഗാർത്ഥികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്”. അസിസ്റ്റന്റ് പ്രൊഫസർ ഇൻ കോമേഴ്സിൽ റാങ്ക് ലിസ്റ്റിലുള്ള മറ്റൊരു ഉദ്യോഗാർത്ഥി പറയുന്നു.