ഇന്ത്യക്ക് ഇസ്രയേലിനെ ആവശ്യമുള്ളതിനേക്കാള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഇന്ത്യയെ ആവശ്യമുണ്ട് എന്നതാണ് മറ്റെന്തിനേക്കാളും പ്രധാനപ്പെട്ട കാര്യം.
നെതന്യാഹു നേരിടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം. ഇസ്രയേലിന്റെ വിദേശബന്ധങ്ങളുടെ പരിപാലനത്തില്‍ സ്വന്തമായ ഒരു സിദ്ധാന്തം അദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്: അതിനെ നമുക്ക് ബിബി (ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓമനപ്പേര്) സിദ്ധാന്തം എന്ന് വിളിക്കാം. ഇന്ത്യ നിര്‍ണായകമായ പങ്ക് വഹിക്കുന്ന ഒരു സിദ്ധാന്തമാണത്.
1948-ല്‍ സ്ഥാപിതമായതിനുശേഷം നിരവധി സിദ്ധാന്തങ്ങള്‍ ഇസ്രയേലിന്റെ വിദേശബന്ധങ്ങളെ ഭരിച്ചിട്ടുണ്ട്.
ഇസ്രയേലിന്റെ ആദ്യ പ്രധാനമന്ത്രി ഡേവിഡ് ബെന്‍-ഗുറിയോണിന്റെ പേരില്‍ അറിയപ്പെടുന്നതാണ് ഇതില്‍ പ്രഥമവും ഏറ്റവും പ്രശസ്തവും. രാജ്യത്തിന്റെ ശത്രുപക്ഷത്തുള്ള അയല്‍ക്കാരെ കണക്കിലെടുക്കാതിരിക്കുകയും തൊട്ടടുത്ത അയല്‍ക്കാരുമായി സഖ്യത്തിനുള്ള ഒരു സാധ്യതയും നിലനില്‍ക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രാന്തപ്രദേശങ്ങളിലുള്ള അറബ് ഇതര രാജ്യങ്ങളായ ഇറാന്‍, തുര്‍ക്കി, എത്യോപ്യ തുടങ്ങിയവരുമായി ഇസ്രയേല്‍ സഖ്യം വികസിപ്പിക്കണം എന്നാണ് ആ സിദ്ധാന്തം നിഷ്‌കര്‍ഷിക്കുന്നത്. രാജ്യം നിലവില്‍ വന്ന ആദ്യത്തെ മൂന്ന് ദശാബ്ദങ്ങളോളം ഇസ്രയേലിന്റെ വിദേശ നയത്തെ ഭരിച്ചിരുന്നത് ഈ നയമാണ്.
1990 കളില്‍, മാഡ്രിഡ് സമ്മേളനത്തെ തുടര്‍ന്ന് ജോര്‍ദ്ദാനുമായി സമാധാനക്കരാര്‍ ഒപ്പുവക്കുകയും ഒസ്ലോ പ്രക്രിയ അതിന്റെ പ്രതാപകാലം നിലനിറുത്തുകയും ചെയ്തിരുന്നപ്പോള്‍ മറ്റൊരു സിദ്ധാന്തം സ്വാധീനം കൈവരിക്കാന്‍ തുടങ്ങി: പലസ്തീനുമായി സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളോടൊപ്പം ലോക രാഷ്ട്രങ്ങളുമായുള്ള ഇസ്രായേലിന്റെ ബന്ധം ഗണ്യമായി വര്‍ദ്ധിക്കാന്‍ തുടങ്ങി.
ഈ സമയത്തായിരുന്നു ‘ഇരുമ്പ് മറ’ തകര്‍ന്നുവീഴുകയും, ഇസ്രയേല്‍ ഒരിക്കലും ഔദ്യോഗിക ബന്ധങ്ങള്‍ സ്ഥാപിക്കപ്പെടാതിരുന്നതോ അല്ലെങ്കില്‍ ആറു ദിവസ യുദ്ധം അഥവ യോം കിപ്പുര്‍ യുദ്ധം മൂലം ശീതികരിക്കപ്പെട്ടതോ ആ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളുടെ ഒരു വിസ്ഫോടനം തന്നെ സാധ്യമായി. സമാധാന പ്രക്രിയ ഔദ്യോഗിക ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള ബന്ധങ്ങളുടെ മുന്നോടിയായി മാറി; 1992-ല്‍ ഇന്ത്യയുമായും.
പക്ഷെ ഇപ്പോള്‍, ഇറാന്‍ ഇണക്കാനാവാത്ത ശത്രുവായിരിക്കുകയും തുര്‍ക്കി പ്രത്യക്ഷമായി സൗഹാര്‍ദം അവസാനിപ്പിക്കും പലസ്തീനുമായുള്ള സമാധാന പ്രക്രിയ തകരുകയും ചെയ്തതോടെ മറ്റ് രാജ്യങ്ങളുമായി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പാത വെട്ടിത്തുറക്കാനുള്ള സാധ്യതകള്‍ നിലവിലില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, വ്യത്യസ്തമായ ഒരു അടിത്തറയിലാണ് ബിബി സിദ്ധാന്തം കെട്ടിപ്പടുത്തിരിക്കുന്നത്: ലോകത്തിന് എന്ത് നല്‍കാന്‍ ഇസ്രയേലിന് കൊണ്ട് സാധിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണത്.
ഇസ്രയേല്‍-പലസ്തീന്‍ പ്രശ്നത്തില്‍ ന്യൂഡല്‍ഹിയില്‍ പെട്ടെന്നുണ്ടായ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ പറന്നുയരുന്നത്, മറിച്ച്, ഇസ്രയേലിന് നിരവധി കാര്യങ്ങള്‍ വാഗ്ദാനം ചെയ്യാനുണ്ട് എന്നതിനാലാണ്. അതായത്, ജാഫ ഓറഞ്ച് മാത്രമല്ല, മറ്റ് നിരവധി കാര്യങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കഴിയുന്ന രാജ്യമായി ഇസ്രയേല്‍ ഇന്ന് മാറിയിട്ടുണ്ട് എന്നര്‍ത്ഥം.
നെതന്യാഹുവിന്റെ സിദ്ധാന്തം ലളിതമാണ്. ലോകം ഒട്ടനവധി മേഖലകളില്‍ ഇസ്രയേല്‍ സാങ്കേതികവിദ്യ ആഗ്രഹിക്കുന്നു. അതോടൊപ്പം, ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ അതിന്റ വൈദഗ്ധ്യവും ലോകം ആഗ്രഹിക്കുന്നു. പക്ഷെ ഇസ്രയേലിന്റെ ബൃഹത്തായ ഇന്റലിജന്‍സ് മികവുകള്‍ അസാധാരണമായ വിധത്തില്‍ പണച്ചിലവേറിയതാണ്. സൈബര്‍ സുരക്ഷ അല്ലെങ്കില്‍ പുതിയ ആയുധ സംവിധാനം, ജല, കാര്‍ശിക സാങ്കേതികവിദ്യ തുടങ്ങി ഏത് മണ്ഡലത്തിലുമുള്ള അവരുടെ സാങ്കേതികവൈദഗ്ധ്യവും പണച്ചിലവേറിയ ഒന്നാണ്.
അത് താങ്ങണമെങ്കില്‍ രാജ്യത്തിന് ശക്തമായ ഒരു സാമ്പത്തിക അടിത്തറ ഉണ്ടാവണം. ശക്തമായ ഒരു സമ്പദ്ഘടനയ്ക്ക് ഇസ്രയേലിന് അതിന്റെ കമ്പോളങ്ങള്‍ വികസിപ്പിച്ചേ മതിയാവൂ.
ലോകത്തെമ്പാടും തങ്ങളുടെ കമ്പോളങ്ങള്‍ തുറക്കുക എന്നത് ഇസ്രയേലിന്റെ തുടര്‍ന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളാണ്. ഏഷ്യയിലും ലാറ്റിന്‍ അമേരിക്കയിലും ഇസ്രയേല്‍ തങ്ങളുടെ നയതന്ത്ര ബന്ധങ്ങള്‍ അതിവിശാലമാക്കുന്നതോടൊപ്പം ആഫ്രിക്കയിലും സമാനമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അവിടെ കമ്പോളങ്ങള്‍ തുറക്കുന്നതിനേക്കാള്‍ ‘വോട്ടിംഗ് ക്രമ’ങ്ങളില്‍ മാറ്റം വരുത്താനാണ് അവര്‍ക്ക് താല്‍പര്യം.
ഇന്ത്യയെ പോലെ തന്നെ ആഫ്രിക്കയും ഇസ്രയേല്‍ സാങ്കേതികതയേയും സുരക്ഷ വൈദഗ്ധ്യത്തെയും കൊതിയോടെ നോക്കിക്കാണുന്നവരാണ്. പക്ഷെ അവര്‍ക്ക് ഇസ്രയേലിന് മടക്കി നല്‍കാനുള്ളത് കമ്പോളത്തെക്കാള്‍ ഐക്യരാഷ്ട്രസഭയിലെ വോട്ടിംഗ് ക്രമത്തിലുള്ള മാറ്റമാണ്.
54 ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് ഐക്യരാഷ്ട്ര പൊതുസഭയില്‍ അംഗത്വമുള്ളത്. അതില്‍ പകുതിയെങ്കിലും ഇസ്രയേലുമായി ബന്ധപ്പെട്ട പ്രമേയങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചാല്‍, ഇസ്രയേലിന്റെ നയതന്ത്ര സാഹചര്യങ്ങള്‍ പ്രകടമായി തന്നെ മെച്ചപ്പെടും.
ബൃഹത്തായ കമ്പോളം മാത്രമല്ല, ബിബി സിദ്ധാന്തത്തില്‍ ഇന്ത്യയ്ക്ക് വര്‍ദ്ധിത പ്രാധാന്യം ലഭിക്കുന്നതിനുള്ള കാരണം. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ വോട്ടിംഗ് ക്രമത്തില്‍ മാറ്റം വരാനുള്ള സാധ്യത നിലവില്‍ വന്നാല്‍, അതേ നിലപാട് സ്വീകരിക്കുന്നതിന് പഴയ ‘ചേരിചേരാ’ രാജ്യങ്ങളിലെങ്കിലും അത് സ്വാധീനം ചെലുത്തും എന്നവര്‍ പ്രതീക്ഷിക്കുന്നു.
എല്ലാത്തിലുമുപരിയായി, ജെറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കന്‍ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ സമിപകാലത്ത് വോട്ട് ചെയ്തപ്പോള്‍ പലസ്തീന്റെ കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസം പ്രകടമായി. അന്താരാഷ്ട്ര സമൂഹത്തിന്റെ അഭിപ്രായത്തോടുള്ള പുച്ഛം പ്രകടമാക്കിക്കൊണ്ടും, അറബ് ഭൂരിപക്ഷ പ്രദേശങ്ങളെ വിഭജിച്ചുകൊണ്ടും തര്‍ക്ക നഗരത്തെ ‘ജൂതവത്ക്കരിച്ചു’കൊണ്ട് ജെറുസലേമിന്റെ ജനസംഖ്യാ സ്വഭാവം തന്നെ മാറ്റിമറിക്കാനുള്ള നീക്കമാണ് ഇസ്രയേല്‍ നടത്തുന്നത്. ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റി (Knesset)ലെ ലെ 80 അംഗങ്ങളുടെയെങ്കിലും പിന്തുണ ഇല്ലാതെ ‘ഏകീകൃത ജെറുസലേ’മിന്റെ ഒരു ഭാഗവും വിട്ടുകൊടുക്കാന്‍ പാടില്ല എന്ന ഒരു നിയമവും പാര്‍ലമെന്റ് പാസാക്കി.
യുഎസ് പ്രസിഡന്റിന്റെ ജെറുസലേം പ്രഖ്യാപനത്തെ പലസ്തീന്‍ വിമര്‍ശിച്ചതില്‍ തന്റെ രോഷം പ്രകടമാക്കുന്നതിനായി, 1949 മുതല്‍ ഇസ്രയേലുമായുള്ള സംഘര്‍ഷത്തില്‍ കുടിയൊഴിക്കപ്പെടുന്ന പലസ്തീന്‍ അഭയാര്‍ത്ഥികളെ പരിപാലിക്കുന്ന യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്ക്സ് ഏജന്‍സിയുടെ (യുഎന്‍ആര്‍ഡബ്ല്യു) ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുകയായിരുന്നു അമേരിക്കയുടെ പ്രസിഡന്റായിരുന്നപ്പോള്‍ ട്രംപ് ചെയ്ത്.
എന്നാല്‍, പലസ്തീന്റെ അഭിലാഷങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത തത്വദീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രമുള്ളതല്ല. ജമ്മുകാശ്മീരില്‍ പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ഇന്ത്യയുടെ വലിയൊരു ഭൂപ്രദേശവുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ അടിസ്ഥാന താത്പര്യങ്ങളുമായും അത് ബന്ധപ്പെട്ട് കിടക്കുന്നു. അതുകൊണ്ടു തന്നെ അധിനിവേശ പ്രദേശങ്ങളിലെ ഇസ്രയേലിന്റെ ഏകപക്ഷീയമായ നടപടികളെ പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യയ്ക്ക് ഒരു കാരണവശാലും കഴിയില്ല. ഇന്ത്യ-ഇസ്രയേല്‍ ബന്ധങ്ങളുടെ രാഷ്ട്രീയ ഭൂമികയിലുള്ള യാഥാര്‍ത്ഥ്യം ഇതാണ്. മോദി സര്‍ക്കാരിന് അവഗണിക്കാനാവാത്തവിധത്തില്‍ ശക്തമായ ഒരു യാഥാര്‍ത്ഥ്യം കൂടിയാണത്.
(അഴിമുഖം മുമ്പ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍/ റിപ്പോര്‍ട്ടുകള്‍/ വിശകലനങ്ങള്‍ എന്നിവ സാഹചര്യത്തിനനുസരിച്ച് പുനപ്രസിദ്ധീകരിക്കുന്നതാണ് എഡിറ്റേഴ്സ് പിക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്)