ഇസ്രയേലില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കൊല്ലം സ്വദേശി കൊല്ലപ്പെട്ടത് കൊല്ലം സ്വദേശി പാറ്റ് നിബിന്‍ മാക്സ്വെല്‍ ഇസ്രയേലിലെത്തിയത് രണ്ടു മാസം മുമ്പ്. തോട്ടത്തില്‍ കരാര്‍ ജോലിക്കായാണ് 31 കാരനായ നിബിന്‍ അവിടെയെത്തുന്നത്. തിങ്കളാഴ്ച ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തി പ്രദേശമായ മാര്‍ഗലിയോട്ടില്‍ നിബിന്‍ ജോലി നോക്കിയിരുന്ന തോട്ടത്തിലാണ് ലെബനനില്‍ നിന്നുള്ള ടാങ്ക്‌വേധ മിസൈല്‍ പതിച്ചത്. മറ്റ് രണ്ടു മലയാളികള്‍ക്ക് കൂടി സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നു. ഇസ്രയേല്‍
്‌നിബിന് അപകടം സംഭവിച്ച വിവരം ഇസ്രയേലില്‍ തന്നെ ജോലി നോക്കുന്ന സഹോദരനാണ് കുടുംബത്തെ അറിയിക്കുന്നത്. നിബിന്റെ ഭാര്യ ഏഴ് മാസം ഗര്‍ഭിണിയാണ്. ഇവര്‍ക്ക് അഞ്ചുവയസുള്ള ഒരു മകള്‍ കൂടിയുണ്ട്. നിബിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി മൂത്ത സഹോദരന്‍ ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ എത്തിയിട്ടുണ്ട്. ഏകദേശം നാലു ദിവസത്തിനുള്ളില്‍ മൃതദേഹം കേരളത്തിലെത്തിക്കുമെന്നാണ് ഇന്ത്യന്‍ എംബസി അറിയിക്കുന്നത്.
താന്‍ താമസിക്കുന്ന പ്രദേശത്തിന് തൊട്ടരികിലായി മിസൈല്‍ ആക്രമണം ഉണ്ടായതായി ദിവസങ്ങള്‍ക്കു മുമ്പ് നിബിന്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ പറഞ്ഞിരുന്നതായി പിതാവ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നുണ്ട്. കൊല്ലം കൈക്കുളങ്ങര സ്വദേശിയായ നിബിന്റെ പിതാവ് ആന്റണി പറയുന്നതനുസരിച്ചു ”രണ്ടാഴ്ച മുമ്പ്, നിബിന്‍ അവരുടെ ഫാമിന് സമീപം ഉണ്ടായ വ്യോമാക്രമണത്തെക്കുറിച്ച് ഞങ്ങളോട് പറഞ്ഞിരുന്നു. ഇതോടെ മറ്റൊരു സ്ഥലത്തേക്ക് മാറാന്‍ ഞങ്ങള്‍ അവനോട് ആവശ്യപെട്ടിരുന്നു. മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലെന്ന് കരുതിയാണ് നിബിനും കൂടെയുള്ളവരും അതേ ഫാമില്‍ തുടര്‍ന്നത്. ഇസ്രയേലിന്റെ ആ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് കേട്ടതിന് ശേഷം ഞങ്ങള്‍ പലപ്പോഴും അവനെ ബന്ധപ്പെട്ടിരുന്നു’, അദ്ദേഹം പറയുന്നു. നിബിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിന് മുമ്പ് ബുധനാഴ്ച ടെല്‍ അവീവിലേക്ക് കൊണ്ടുപോകും.
തിങ്കളാഴ്ച ഉച്ചയ്ക്ക് മോഷവില്ലില്‍ ടാങ്ക് വേധ മിസൈല്‍ ആക്രമണത്തില്‍ നിബിനെ കൂടാതെ ജോസഫ് ജോര്‍ജ്, പോള്‍ മെല്‍വിന്‍ എന്നീ മലയാളികള്‍ക്കും പരിക്കേറ്റിരുന്നു. മുഖത്തും ശരീരത്തിലും പരിക്കേറ്റതിനെ തുടര്‍ന്ന് ജോര്‍ജിനെ പെറ്റ ടിക്വയിലെ ബെയ്ലിന്‍സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്ക് വിധേയനായ ജോര്‍ജ് സുഖം പ്രാപിച്ചുവരുകയാണ്. അദ്ദേഹത്തിന് ഇന്ത്യയിലെ കുടുംബവുമായി സംസാരിക്കാം,’ എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പിടിഐയെ അറിയിച്ചിട്ടുണ്ട്.
കൊല്ലം എം.എല്‍.എ. മുകേഷ് നിബിന്റെ വീട് സന്ദര്‍ശിച്ചു. കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലെന്ന് അദ്ദേഹം സന്ദര്‍ശനശേഷം പറഞ്ഞു.