UPDATES

‘കടലാസിൽ മാത്രമുള്ള ക്ഷമാപണം സ്വീകരിക്കുന്നില്ല ‘

പതഞ്ജലിയുടെ മാപ്പപേക്ഷ തള്ളി സുപ്രിം കോടതി

                       

പതഞ്ജലി ആയുർവേദിക്കിനെതിരായ സുപ്രിം കോടതി കേസിൽ ബാബ രാംദേവിന് വീണ്ടും തിരിച്ചടി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിൽ നിരുപാധികം ക്ഷമാപണം നടത്തി യോഗാ ഗുരു രാംദേവും പതഞ്ജലി ആയുർവേദ് മാനേജിംഗ് ഡയറക്ടറും സമർപ്പിച്ച സത്യവാങ്മൂലം സ്വീകരിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. തങ്ങൾ അന്ധരല്ലെന്നും ഉദാരതകാണിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് ജബെഞ്ച് മാപ്പപേക്ഷ നിരസിച്ചത്.

പരസ്യങ്ങളിൽ നടപടിയെടുക്കാത്തതിന് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റിയെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ഇത്തരം അശ്രദ്ധകൾ വെച്ചുപൊറുപ്പിക്കില്ലെന്നും  ഈ നിഷ്‌ക്രിയത്വത്തിന് അതോറിറ്റി ഉത്തരവാദിയായിരിക്കുമെന്നും ശക്തമായ ഭാഷയിൽ കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ചാണ് സത്യവാങ്മൂലം തള്ളിയത്. തെറ്റായ അവകാശവാദങ്ങളുമായി വിപണയിൽ പരസ്യങ്ങൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. കടലാസിലുള്ള ക്ഷമാപണം മാത്രമാണിതെന്നും ഇത് സ്വീകരിക്കാൻ ഞങ്ങൾ തയ്യാറല്ലെന്നും കോടതി വ്യക്തമാക്കി. കോടതിയ്ക്കു നൽകുന്നതിനു മുൻപായി മാപ്പപേക്ഷ മാധ്യമങ്ങൾക്ക് അയച്ചെ ന്നും കോടതി കണ്ടെത്തി.

ഫെബ്രുവരി മാസത്തിൽ ഹർജി പരിഗണിച്ച കോടതി പതഞ്ജലിയുടെ പരസ്യങ്ങൾ കർശനമായി വിലക്കിയിരുന്നു. ‘ഔഷധ ഫലപ്രാപ്തി അവകാശപ്പെടുന്നതോ ഏതെങ്കിലും ഔഷധ സമ്പ്രദായത്തിന് എതിരായോ ഉള്ള യാദൃശ്ചിക പ്രസ്താവനകൾ ഒരു തരത്തിലും മാധ്യമങ്ങൾക്ക് നൽകില്ല.’ എന്ന് പതഞ്ജലി 2023 നവംബറിൽ കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. എന്നിരിന്നിട്ടു പോലും അലോപ്പതി മരുന്നുകളെ നേരിട്ട് ആക്രമിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്ന പതഞ്ജലിയുടെ നടപടിയെ അന്ന് ബെഞ്ച് രൂക്ഷമായി വിമർശിച്ചു.

പതഞ്ജലിക്കെതിരായ ആരോപണങ്ങൾ?

‘അലോപ്പതി വഴി തെറ്റിദ്ധാരണകൾ പടരുന്നു: ഫാർമയും മെഡിക്കൽ വ്യവസായവും പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണകളിൽ നിന്ന് നിങ്ങളെയും രാജ്യത്തെയും രക്ഷിക്കൂ’എന്ന തലക്കെട്ടിൽ പതഞ്ജലി ഒരു പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. പരസ്യ വാചകത്തിൽ മോഡേൺ മെഡിസിനെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് വാദിച്ച് 2022 ഓഗസ്റ്റിലാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സുപ്രിം കോടതിയിൽ ഹർജി ഫയൽ ചെയ്യുന്നത്. ഐഎംഎ സമർപ്പിച്ച ഹർജിയിൽ രാംദേവ് അലോപ്പതിയെ ‘വിഡ്ഢിത്തവും പാപ്പരത്തവുമായ ശാസ്ത്രം’ എന്ന് വിശേഷിപ്പിച്ച മറ്റ് സംഭവങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ അലോപ്പതി മെഡിസിൻ കോവിഡ് മരണങ്ങൾക്ക് വഴിവാക്കുന്നതായും രാംദേവ് ആരോപിച്ചിരുന്നു. ഇത്തരം വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചതിലൂടെ പതഞ്ജലിയും കോവിഡ് മഹാമാരിക്കാലത്ത് ആളുകൾ പ്രതിരോധ വാക്‌സിൻ സ്വീകരിക്കാൻ വിസമ്മതിച്ചതിനു കാരണക്കാരായിട്ടുണ്ടെന്നു ഐഎംഎ വാദിച്ചിരുന്നു. തങ്ങളുടെ ഉൽപ്പന്നങ്ങളിലൂടെ രോഗങ്ങൾ സുഖപ്പെടുത്താനാവുമെന്ന അടിസ്ഥാനരഹിതമായ അവകാശവാദങ്ങളാണ് പതഞ്ജലി ഉന്നയിക്കുന്നത്. കൂടാതെ ആധുനിക വൈദ്യശാസ്ത്രത്തിനെതിരേ വ്യവസ്ഥാപിതമായ രീതിയിൽ തുടരെ തുടരെ വ്യാജ വിവരങ്ങൾ ഉന്നയിച്ചുകൊണ്ട് ആക്രണമങ്ങൾ നടത്തുന്നുവെന്നും ഐഎംഎ ആരോപിക്കുന്നുണ്ട്.

നിയമം പറയുന്നത്

ഡ്രഗ്സ് ആൻഡ് അദർ മാജിക്കൽ റെമഡീസ് ആക്ട്, 1954 (ഡോമ), കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്റ്റ്, 2019 (സിപിഎ) എന്നിവയുടെ നേരിട്ടുള്ള ലംഘനമാണ് പരസ്യമെന്ന് ഐഎംഎ അവകാശപ്പെടുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഈ രണ്ട് ചട്ടങ്ങൾ പ്രകാരം കുറ്റകരമാണ്. ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർടൈസ്മെന്റ്സ്) ആക്ടിന്റെ (ഡോമ) സെക്ഷൻ 4, മരുന്നുകൾ സംബന്ധിച്ചു തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് വിലക്കുന്നുണ്ട്. മരുന്നിന് എന്തുചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് തെറ്റായ ധാരണ നൽകുകയോ, മരുന്നിന്റെ ഫലപ്രാപ്തിയെക്കുറിച്ച് തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുകയോ, അല്ലെങ്കിൽ പൊതുവെ തെറ്റായതോ വഞ്ചനാപരമോ ആണെങ്കിൽ, ഒരു പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതായാണ് കണക്കാക്കുക.

ഡോമയുടെ കീഴിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിക്കുന്നത് ആറ് മാസം വരെ തടവും അല്ലെങ്കിൽ പിഴയും ലഭിക്കുന്ന ശിക്ഷയാണ്. രണ്ടാമത്തെ കുറ്റത്തിന് ഒരു വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. 2017 ജനുവരിയിൽ ആയുഷ് മന്ത്രാലയവും അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയും ഒപ്പുവെച്ച ധാരണാപത്രവും ഐഎംഎ എടുത്തുകാണിക്കുന്നുണ്ട്. പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ മെഡിക്കൽ നിലവാരം വികസിപ്പിക്കുന്നതിനും ക്രമീകരിക്കുന്നതിനും ഉത്തരവാദിത്തമുള്ള ആയുഷ്, അത്തരം പരസ്യങ്ങൾ കണ്ടെത്തുമ്പോൾ, അവർ അവലോകനത്തിനായി കൗൺസിലിലേക്ക് പരാതികൾ അയയ്ക്കും. എന്നിരിന്നിട്ടുപോലും, പതഞ്ജലി നിയമത്തെ അവഗണിച്ച് ഡോമയുടെ ലംഘനം തുടരുകയാണെന്ന് ഐഎംഎ അവകാശപ്പെടുന്നു.

ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ (സിപിഎ) സെക്ഷൻ 89, ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമാകുന്ന, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ സൃഷ്ടിക്കുന്ന നിർമ്മാതാക്കൾക്കോ സേവന ദാതാക്കൾക്കോ കടുത്ത പിഴ ചുമത്തുന്നുണ്ട്. ഈ വകുപ്പ് പ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ആദ്യ കുറ്റത്തിന് രണ്ട് വർഷം വരെ തടവും പത്ത് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ, ശിക്ഷ കൂടുതൽ കഠിനമാകും. അഞ്ച് വർഷം വരെ തടവും അമ്പത് ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാം.

സുപ്രിം കോടതി ഇടപെടൽ

പതഞ്ജലിയുടെ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾക്ക് ഇതുനുമുമ്പും സുപ്രിം കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബർ 21 നാണ് കേസ് ആദ്യം പരിഗണിച്ചത്. പതഞ്ജലിയുടെ ഉൽപ്പന്നങ്ങൾക്ക് രോഗങ്ങൾ പൂർണമായും സുഖപ്പെടുത്താൻ കഴിയുമെന്ന് അവകാശപ്പെടുന്നതിനെതിരേ ജസ്റ്റിസ് അമാനുല്ല വാക്കാൽ മുന്നറിയിപ്പ് നൽകിയിരുന്നു. അത്തരം അവകാശവാദം ഉന്നയിക്കുന്ന ഓരോ ഉൽപ്പന്നത്തിനും ഒരു കോടി രൂപ ഈടാക്കുമെന്ന് അന്ന് കോടതി പറഞ്ഞിരുന്നു. ‘അലോപ്പതിക്കെതിരെ ആയുർവേദം’ എന്ന ചർച്ചയിലേക്കല്ല ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്ന വിഷയത്തിലാണ് ശ്രദ്ധയൂന്നുന്നതെന്നും അന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നു. പതഞ്ജലി നിർമിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ പരസ്യം അല്ലെങ്കിൽ ബ്രാൻഡിംഗുമായി ബന്ധപ്പെട്ട് നിയമ ലംഘനം ഉണ്ടാകില്ലെന്ന് അന്ന് പതഞ്ജലിയുടെ അഭിഭാഷകൻ സാജൻ പൂവയ്യ കോടതിക്ക് ഉറപ്പുനൽകിയിരുന്നു. കൂടാതെ, ഔഷധ ഫലപ്രാപ്തി അവകാശപ്പെടുന്ന യാദൃശ്ചികമായ പ്രസ്താവനകളൊന്നും ഉണ്ടാകില്ലെന്നും വാഗ്ദാനം നൽകിയിരുന്നു. കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ കെഎം നടരാജും ആരോപണങ്ങൾ പരിശോധിച്ച് പ്രതികരണത്തിനുള്ള നടപടികൾ നിർദേശിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു.

എന്നാൽ ജനുവരി 15ന് പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തുടർച്ചയായി പ്രസിദ്ധീകരിക്കുന്നുവെന്നാരോപിച്ചു ചീഫ് ജസ്റ്റിസിനും ജസ്റ്റിസ് അമാനുല്ലയ്ക്കും ഒരു അജ്ഞാത കത്ത് ലഭിച്ചിരുന്നു. തുടർന്ന് ഫെബ്രുവരി 27 ന് നടന്ന ഹിയറിംഗിൽ, രോഗങ്ങൾക്ക് ”ശാശ്വതമായ ആശ്വാസം” നൽകാമെന്നും അവരുടെ ഉൽപ്പന്നങ്ങൾ പരമ്പരാഗത മരുന്നുകളേക്കാൾ മികച്ചതാണെന്നുമുള്ള അവകാശവാദങ്ങളോടെ പതഞ്ജലി പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് തുടർന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡ്രഗ്സ് ആക്റ്റ് വ്യക്തമായി നിരോധിച്ചിട്ടുള്ള ഒരു വിഷയത്തിൽ നടപടിയെടുക്കാൻ സർക്കാർ രണ്ട് വർഷമെടുത്തതിൽ ജസ്റ്റിസ് അമാനുള്ള രോഷം പ്രകടിപ്പിച്ചു. രാജ്യത്തെ മുഴുവൻ കബളിപ്പിക്കുന്ന, ഡ്രഗ്സ് ആക്ട് പ്രകാരം നിരോധിക്കണമെന്നു പറയുന്നൊരു കാര്യത്തിൽ നിങ്ങൾ രണ്ട് വർഷമായി കാത്തിരിക്കുകയാണോ? എന്നായിരുന്നു കോടതി ചോദിച്ചത്.

പതഞ്ജലിയുടെ നടപടികൾ അംഗീകരിക്കാനാകില്ലെന്ന് കണ്ടെത്തിയ കോടതി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പതഞ്ജലി ഔഷധ ഉൽപ്പന്നങ്ങളുടെ പരസ്യമോ ബ്രാൻഡിംഗോ പൂർണമായും നിരോധിച്ചു. കൂടാതെ, ഏതെങ്കിലും മാധ്യമം വഴി ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ച് മോശമായ പ്രസ്താവനകൾ നടത്തുന്നതിനെതിരെയും കോടതി പതഞ്ജലിക്ക് വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍