UPDATES

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച പതഞ്ജലി

സുപ്രിം കോടതിയുടെ വിലക്കിനു പിന്നിലെ കാരണങ്ങള്‍

                       

ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ് തെറ്റായ അവകാശവാദങ്ങളുമായി വിപണയില്‍ പരസ്യങ്ങള്‍ ചെയ്യുന്നത് കര്‍ശനമായി വിലക്കിയിരിക്കുകയാണ് സുപ്രിം കോടതി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി പതഞ്ജലിക്കെതിരേ കടുത്ത നടപടികള്‍ക്ക് മുതിര്‍ന്നത്. ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്സനുദ്ദീന്‍ അമാനുല്ലയും അടങ്ങുന്ന ബെഞ്ചാണ് ഫെബ്രുവരി 27 നു പതഞ്ജലിയുടെ പരസ്യങ്ങള്‍ക്കെതിരായ വാദം കേട്ടത്. ‘ഔഷധ ഫലപ്രാപ്തി അവകാശപ്പെടുന്നതോ ഏതെങ്കിലും ഔഷധ സമ്പ്രദായത്തിന് എതിരായോ ഉള്ള യാദൃശ്ചിക പ്രസ്താവനകള്‍ ഒരു തരത്തിലും മാധ്യമങ്ങള്‍ക്ക് നല്‍കില്ല.’ എന്ന് പതഞ്ജലി 2023 നവംബറില്‍ കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നിരിന്നിട്ടു പോലും അലോപ്പതി മരുന്നുകളെ നേരിട്ട് ആക്രമിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പതഞ്ജലിയുടെ നടപടിയെ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു. പതഞ്ജലിക്ക് കാരണം കാണിക്കല്‍ നോട്ടീസും അയച്ചിട്ടുണ്ട്.

പതഞ്ജലിക്കെതിരായ ആരോപണങ്ങള്‍?

‘അലോപ്പതി വഴി തെറ്റിദ്ധാരണകള്‍ പടരുന്നു: ഫാര്‍മയും മെഡിക്കല്‍ വ്യവസായവും പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണകളില്‍ നിന്ന് നിങ്ങളെയും രാജ്യത്തെയും രക്ഷിക്കൂ’എന്ന തലക്കെട്ടില്‍ പതഞ്ജലി ഒരു പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. പരസ്യ വാചകത്തില്‍ മോഡേണ്‍ മെഡിസിനെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് വാദിച്ച് 2022 ഓഗസ്റ്റിലാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സുപ്രിം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നത്. ഐഎംഎ സമര്‍പ്പിച്ച ഹര്‍ജിയില്‍ രാംദേവ് അലോപ്പതിയെ ‘വിഡ്ഢിത്തവും പാപ്പരത്തവുമായ ശാസ്ത്രം’ എന്ന് വിശേഷിപ്പിച്ച മറ്റ് സംഭവങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ അലോപ്പതി മെഡിസിന്‍ കോവിഡ് മരണങ്ങള്‍ക്ക് വഴിവാക്കുന്നതായും രാംദേവ് ആരോപിച്ചിരുന്നു. ഇത്തരം വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചതിലൂടെ പതഞ്ജലിയും കോവിഡ് മഹാമാരിക്കാലത്ത് ആളുകള്‍ പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനു കാരണക്കാരായിട്ടുണ്ടെന്നു ഐഎംഎ വാദിച്ചിരുന്നു. തങ്ങളുടെ ഉല്‍പ്പന്നങ്ങളിലൂടെ രോഗങ്ങള്‍ സുഖപ്പെടുത്താനാവുമെന്ന അടിസ്ഥാനരഹിതമായ അവകാശവാദങ്ങളാണ് പതഞ്ജലി ഉന്നയിക്കുന്നത്. കൂടാതെ ആധുനിക വൈദ്യശാസ്ത്രത്തിനെതിരേ വ്യവസ്ഥാപിതമായ രീതിയില്‍ തുടരെ തുടരെ വ്യാജ വിവരങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആക്രണമങ്ങള്‍ നടത്തുന്നുവെന്നും ഐഎംഎ ആരോപിക്കുന്നുണ്ട്.

നിയമം പറയുന്നത്

ഡ്രഗ്സ് ആന്‍ഡ് അദര്‍ മാജിക്കല്‍ റെമഡീസ് ആക്ട്, 1954 (ഡോമ), കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്റ്റ്, 2019 (സിപിഎ) എന്നിവയുടെ നേരിട്ടുള്ള ലംഘനമാണ് പരസ്യമെന്ന് ഐഎംഎ അവകാശപ്പെടുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഈ രണ്ട് ചട്ടങ്ങള്‍ പ്രകാരം കുറ്റകരമാണ്. ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിള്‍ അഡ്വര്‍ടൈസ്മെന്റ്സ്) ആക്ടിന്റെ (ഡോമ) സെക്ഷന്‍ 4, മരുന്നുകള്‍ സംബന്ധിച്ചു തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കുന്നുണ്ട്. മരുന്നിന് എന്തുചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ച് തെറ്റായ ധാരണ നല്‍കുകയോ, മരുന്നിന്റെ ഫലപ്രാപ്തിയെക്കുറിച്ച് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയോ, അല്ലെങ്കില്‍ പൊതുവെ തെറ്റായതോ വഞ്ചനാപരമോ ആണെങ്കില്‍, ഒരു പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതായാണ് കണക്കാക്കുക.

ഡോമയുടെ കീഴില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിക്കുന്നത് ആറ് മാസം വരെ തടവും അല്ലെങ്കില്‍ പിഴയും ലഭിക്കുന്ന ശിക്ഷയാണ്. രണ്ടാമത്തെ കുറ്റത്തിന് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. 2017 ജനുവരിയില്‍ ആയുഷ് മന്ത്രാലയവും അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഒപ്പുവെച്ച ധാരണാപത്രവും ഐഎംഎ എടുത്തുകാണിക്കുന്നുണ്ട്. പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ മെഡിക്കല്‍ നിലവാരം വികസിപ്പിക്കുന്നതിനും ക്രമീകരിക്കുന്നതിനും ഉത്തരവാദിത്തമുള്ള ആയുഷ്, അത്തരം പരസ്യങ്ങള്‍ കണ്ടെത്തുമ്പോള്‍, അവര്‍ അവലോകനത്തിനായി കൗണ്‍സിലിലേക്ക് പരാതികള്‍ അയയ്ക്കും. എന്നിരിന്നിട്ടുപോലും, പതഞ്ജലി നിയമത്തെ അവഗണിച്ച് ഡോമയുടെ ലംഘനം തുടരുകയാണെന്ന് ഐഎംഎ അവകാശപ്പെടുന്നു.

ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ (സിപിഎ) സെക്ഷന്‍ 89, ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാകുന്ന, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ സൃഷ്ടിക്കുന്ന നിര്‍മ്മാതാക്കള്‍ക്കോ സേവന ദാതാക്കള്‍ക്കോ കടുത്ത പിഴ ചുമത്തുന്നുണ്ട്. ഈ വകുപ്പ് പ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ആദ്യ കുറ്റത്തിന് രണ്ട് വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍, ശിക്ഷ കൂടുതല്‍ കഠിനമാകും. അഞ്ച് വര്‍ഷം വരെ തടവും അമ്പത് ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാം.

സുപ്രിം കോടതി ഇടപെടല്‍

പതഞ്ജലിയുടെ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങള്‍ക്ക് ഇതുനുമുമ്പും സുപ്രിം കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 21 നാണ് കേസ് ആദ്യം പരിഗണിച്ചത്. പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് രോഗങ്ങള്‍ പൂര്‍ണമായും സുഖപ്പെടുത്താന്‍ കഴിയുമെന്ന് അവകാശപ്പെടുന്നതിനെതിരേ ജസ്റ്റിസ് അമാനുല്ല വാക്കാല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത്തരം അവകാശവാദം ഉന്നയിക്കുന്ന ഓരോ ഉല്‍പ്പന്നത്തിനും ഒരു കോടി രൂപ ഈടാക്കുമെന്ന് അന്ന് കോടതി പറഞ്ഞിരുന്നു. ‘അലോപ്പതിക്കെതിരെ ആയുര്‍വേദം’ എന്ന ചര്‍ച്ചയിലേക്കല്ല ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തടയുന്ന വിഷയത്തിലാണ് ശ്രദ്ധയൂന്നുന്നതെന്നും അന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നു. പതഞ്ജലി നിര്‍മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ പരസ്യം അല്ലെങ്കില്‍ ബ്രാന്‍ഡിംഗുമായി ബന്ധപ്പെട്ട് നിയമ ലംഘനം ഉണ്ടാകില്ലെന്ന് അന്ന് പതഞ്ജലിയുടെ അഭിഭാഷകന്‍ സാജന്‍ പൂവയ്യ കോടതിക്ക് ഉറപ്പുനല്‍കിയിരുന്നു. കൂടാതെ, ഔഷധ ഫലപ്രാപ്തി അവകാശപ്പെടുന്ന യാദൃശ്ചികമായ പ്രസ്താവനകളൊന്നും ഉണ്ടാകില്ലെന്നും വാഗ്ദാനം നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെഎം നടരാജും ആരോപണങ്ങള്‍ പരിശോധിച്ച് പ്രതികരണത്തിനുള്ള നടപടികള്‍ നിര്‍ദേശിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു.

എന്നാല്‍ ജനുവരി 15ന് പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നുവെന്നാരോപിച്ചു ചീഫ് ജസ്റ്റിസിനും ജസ്റ്റിസ് അമാനുല്ലയ്ക്കും ഒരു അജ്ഞാത കത്ത് ലഭിച്ചിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 27 ന് നടന്ന ഹിയറിംഗില്‍, രോഗങ്ങള്‍ക്ക് ”ശാശ്വതമായ ആശ്വാസം” നല്‍കാമെന്നും അവരുടെ ഉല്‍പ്പന്നങ്ങള്‍ പരമ്പരാഗത മരുന്നുകളേക്കാള്‍ മികച്ചതാണെന്നുമുള്ള അവകാശവാദങ്ങളോടെ പതഞ്ജലി പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തുടര്‍ന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡ്രഗ്സ് ആക്റ്റ് വ്യക്തമായി നിരോധിച്ചിട്ടുള്ള ഒരു വിഷയത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ രണ്ട് വര്‍ഷമെടുത്തതില്‍ ജസ്റ്റിസ് അമാനുള്ള രോഷം പ്രകടിപ്പിച്ചു. രാജ്യത്തെ മുഴുവന്‍ കബളിപ്പിക്കുന്ന, ഡ്രഗ്സ് ആക്ട് പ്രകാരം നിരോധിക്കണമെന്നു പറയുന്നൊരു കാര്യത്തില്‍ നിങ്ങള്‍ രണ്ട് വര്‍ഷമായി കാത്തിരിക്കുകയാണോ? എന്നായിരുന്നു കോടതി ചോദിച്ചത്.

പതഞ്ജലിയുടെ നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് കണ്ടെത്തിയ കോടതി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പതഞ്ജലി ഔഷധ ഉല്‍പ്പന്നങ്ങളുടെ പരസ്യമോ ബ്രാന്‍ഡിംഗോ പൂര്‍ണമായും നിരോധിച്ചു. കൂടാതെ, ഏതെങ്കിലും മാധ്യമം വഴി ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ച് മോശമായ പ്രസ്താവനകള്‍ നടത്തുന്നതിനെതിരെയും കോടതി പതഞ്ജലിക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍