UPDATES

അടച്ചു പൂട്ടുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍

ആയിരക്കണക്കിന് സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളാണ് 2023 ല്‍ പ്രവര്‍ത്തനം നിര്‍ത്തിയത്

                       

ഈ വര്‍ഷം ഇന്ത്യയില്‍ കാലുറപ്പിക്കാനാകാതെ കൂട്ടമായി അടച്ചുപൂട്ടുകയാണ് സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍. 2023-ല്‍ ആയിരക്കണക്കിന് സ്റ്റാര്‍ട്ട് അപ്പുകളാണ് ഇന്ത്യയില്‍ അടച്ചു പൂട്ടിയത്. സെസ്റ്റ്മണി, സ്ട്രൈക്കര്‍ പോലുള്ള പല പ്രമുഖ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളും തകര്‍ച്ചയുടെ വക്കിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. കമ്പനികള്‍ പാലിക്കേണ്ട നിയമങ്ങളിലും, നിയന്ത്രണങ്ങളിലും മാറ്റങ്ങള്‍ വന്നതോടെയാണു മിക്ക കമ്പനികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടി വന്നതെന്നാണ് റിപോര്‍ട്ടുകള്‍. മറ്റു ചില കമ്പനികള്‍ക്ക് അവരുടെ ഉപയോക്തക്കള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് വാങ്ങാനും ഉപയോഗിക്കാനും ആഗ്രഹിക്കുന്നതെന്ന് നിര്‍ണയിക്കാന്‍ കഴിയാതെ വന്നതോടെ (പ്രൊഡക്റ്റ് മാര്‍ക്കറ്റ് ഫിറ്റ്) വ്യവസ്യത്തില്‍ പരാജയം നേരിടേണ്ടി വന്നു.

എന്തുകൊണ്ടാണ് 2023-ല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടത്?

ഈ വര്‍ഷം നിക്ഷേപകര്‍ തങ്ങളുടെ ചെലവ് നിയന്ത്രിക്കല്‍ കര്‍ശനമാക്കിയിരുന്നു. നിക്ഷേപകര്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളില്‍ ഫണ്ട് ചെയ്യാനായി സന്നദ്ധരായിരുന്നുവെങ്കിലും ‘ചെറി പിക്കിംഗ്’ലൂടെയാണ് അവര്‍ ഫണ്ടിംഗ് നടത്തിയത്. അതായത് തങ്ങളുടെ വഴിയില്‍ വരുന്ന എല്ലാ പുതിയ ബിസിനസിലും നിക്ഷേപിക്കുന്നതിനു പകരം, നിക്ഷേപകര്‍ വിജയത്തിന് ഏറ്റവും മികച്ച സാധ്യതയുള്ള സ്റ്റാര്‍ട്ട് അപ്പുകളെ ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്ത് അവയില്‍ മാത്രമാണ് നിക്ഷേപം നടത്തിയത്. ഇതോടെ വെഞ്ച്വര്‍ ക്യാപിറ്റലിനെ മാത്രം ആശ്രയിച്ചിരുന്ന ആയിരക്കണക്കിന് കമ്പനികള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയാതെയായി. മറ്റുള്ള കമ്പനികള്‍ക്ക് സാമ്പത്തിക ക്രമക്കേടുകളും വികസിച്ചുകൊണ്ടിരിക്കുന്ന റെഗുലേറ്ററി ലാന്‍ഡ്സ്‌കേപ്പ് കാരണവും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടതായി വന്നു.

സ്വകാര്യ മാര്‍ക്കറ്റ് ഡാറ്റാ പ്രൊവൈഡറായ Tracxn പുറത്തുവിടുന്ന കണക്കുകള്‍ അനുസരിച്ച്, 2023-ല്‍ ഡെഡ്പൂള്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ അല്ലെങ്കില്‍ അടച്ചുപൂട്ടലിന്റെ വക്കിലേക്ക് തള്ളപ്പെട്ട കമ്പനികളുടെ എണ്ണം 34,848 ആയിരുന്നു. 2022-ല്‍ ഇതേ വിഭാഗത്തില്‍ 18,049 സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടായിരുന്നതായി, Tracxn പറയുന്നു.ഇതില്‍ സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത് 1,00,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകളായിരുന്നു.ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട സ്വന്തമായി ഫണ്ടിംഗ് ഇല്ലാത്തതും,എന്നാല്‍ അറിയപ്പെടുന്ന നിക്ഷേപകരില്‍ നിന്ന് വലിയ നിക്ഷേപം സ്വീകരിച്ചതുമായ പല സ്റ്റാര്‍ട്ടപ്പുകള്‍ക്കും അടച്ചുപൂട്ടേണ്ടി വന്നു.ചില കമ്പനികള്‍ക്ക് വികസിച്ചുകൊണ്ടിരിക്കുന്ന റെഗുലേറ്ററി ലാന്‍ഡ്സ്‌കേപ്പില്‍ കാലിടറി.ഇതിനു പുറമെ മറ്റു കമ്പനികള്‍ക്ക് അനുകൂലമല്ലാത്ത മാക്രോ ഇക്കോണമിയും പ്രോഡക്റ്റ് മാര്‍ക്കറ്റ് ഫിറ്റ് (PMF) നേടുന്നതിലും പരാജയം നേരിട്ടു. ഈ പ്രതിസന്ധികള്‍ ഒരുമിച്ചു നേരിടേണ്ടി വന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക് കൂട്ടമായി അടച്ചുപൂട്ടേണ്ടി വന്ന നിലയിലാണ്.

റെഗുലേറ്ററി ലാന്‍ഡ്‌സ്‌കേപ്പ് എങ്ങനെയാണ് സ്റ്റാര്‍ട്ടപ്പ് കമ്പനികളെ പ്രതികൂലമായി ബാധിച്ചത് ?

2021 സെപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച 450 മില്യണ്‍ മൂല്യമുള്ള സെസ്റ്റ്മണി 2023-ല്‍ തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഈ വര്‍ഷം നടന്ന അടച്ചുപൂട്ടലുകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് സെസ്റ്റ്മണിയുടേതായിരുന്നു. ബൈ നൗ പേ ലേറ്റര്‍ (BNPL) വ്യവസായത്തിന്റെ പോസ്റ്റര്‍ ചൈല്‍ഡ് ആയിരുന്ന സെസ്റ്റ്മണി 2015-നും ജൂലൈ 2023-നും ഇടയില്‍ 130 മില്ല്യണ്‍ ഡോളറാണ് സമാഹരിച്ചത്. എന്നാല്‍ ഫോണ്‍ പേയുമായുള്ള ഏറ്റെടുക്കല്‍ കരാര്‍ പരാജയപ്പെട്ടത്തോടെ വ്യവസായം തകര്‍ച്ചയുടെ വക്കിലായി. ഇതിന് ബദലായി കമ്പനി സെസ്റ്റ്മണി 2.0, സെമോ 2.0 എന്നിങ്ങനെ പുതിയ പേരില്‍ പ്ലാനുകള്‍ അവതരിപ്പിച്ചെങ്കിലും വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബിഎന്‍പിഎല്‍ ബിസിനസുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതു കൊണ്ട് തന്നെ സെസ്റ്റ്മണിക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നു.

എന്നാല്‍ ഗെയിമിംഗ് സ്റ്റാര്‍ട്ട് അപ്പുകള്‍ അടച്ചുപൂട്ടേണ്ടി വന്നത് നിയന്ത്രണ വെല്ലുവിളികള്‍ മൂലമായിരുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ റിയല്‍ മണി ഗെയിമിംഗില്‍ 28 ശതമാനം ചരക്ക് സേവന നികുതി (ജിഎസ്ടി) ഈടാക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് & കസ്റ്റംസ് (CBIC) സെപ്തംബറില്‍ അറിയിച്ചിരുന്നു. ഈ തീരുമാനം പല കമ്പനികളുടെയും അടച്ചുപൂട്ടലിന് കാരണമായി. ക്വിസി, എംപിഎല്‍ പിന്തുണയുള്ള സ്ട്രൈക്കര്‍ എന്നിവ ഇത്തരത്തില്‍ അടച്ചുപൂട്ടിയ ചില കമ്പനികളാണ്. ഫാന്റോക്ക് പോലുള്ള ഗെയിമിംഗ് കമ്പനികളും പ്രവര്‍ത്തനം നിര്‍ത്തിവച്ചു. കമ്പനികളില്‍ നിന്ന് 28 ശതമാനം ജിഎസ്ടി ചുമത്താനുള്ള നീക്കവും ഇതിന് കാരണമായി. ജിഎസ്ടി യിലിലുണ്ടാവുന്ന വര്‍ദ്ധനവ് സ്റ്റാര്‍ട്ട് അപ്പ് കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നതിനെ പ്രതിയുള്ള ആശങ്കകള്‍ പ്രമുഖ ഗെയിമിംഗ് കമ്പനിയായ റഷ് ഗെയിമിംഗ് യൂണിവേഴ്‌സിന്റെ വക്താവ് കവിന്‍ ഭാരതി മിത്തല്‍ ദേശിയ മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു.”ജിഎസ്ടിയിലെ 400% വര്‍ദ്ധനവ് ഞങ്ങള്‍ക്ക് നേരെയുള്ള വലിയ വെല്ലുവിളിയാണ്. അതില്‍ നിന്ന് ഞങ്ങള്‍ക്ക് ചിലത് ഉള്‍ക്കൊള്ളേണ്ടതുണ്ട്”എന്ന് അദ്ദേഹം പറയുന്നു. സമാനമായി, 21 മില്യണ്‍ ഡോളര്‍ സമാഹരിച്ച ക്രിപ്റ്റോ നിക്ഷേപ പ്ലാറ്റ്ഫോമായ പില്ലോയും ഈ കര്‍ശന നിയന്ത്രങ്ങള്‍ മൂലം അടച്ചുപൂട്ടേണ്ടതായി വന്നു. സെസ്റ്റ്മണിയുടെയും, സ്ട്രൈക്കറിന്റെയും ബിസിനെസ് മോഡലുകള്‍ ഈ നിയന്ത്രങ്ങളില്‍ പെട്ട് പരാജയം നേരിട്ടു. ഇതോടെ പല സ്റ്റാര്‍ട്ട് അപ്പ് കമ്പനികളുടെയും ബിസിനസ് മോഡലുകളും തകര്‍ച്ചയുടെ വക്കിലായി.

പ്രൊഡക്റ്റ് മാര്‍ക്കറ്റ് ഫിറ്റില്‍ എന്ത് തിരിച്ചടിയാണ് നേരിട്ടത്?

മെഡിസിന്‍, ഇലക്ട്രോണിക്‌സ്, ഇ കോമേഴ്സ്, സ്വര്‍ണാഭരണങ്ങള്‍, വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി എല്ലാ ആവിശ്യവസ്തുക്കളും ലഭ്യമാക്കുന്ന ഒരു ബി2ബി സ്റ്റാര്‍ട്ട് അപ്പ് ആയിരുന്നു അനാര്‍. ആക്സല്‍, എലിവേഷന്‍ തുടങ്ങിയ നിക്ഷേപകരുടെ പിന്തുണയോടെയാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. നവംബറില്‍ തങ്ങളുടെ ബിസിനസ് മോഡല്‍ മാറ്റിക്കൊണ്ടിരിക്കുന്നതിനാല്‍ അടച്ചുപൂട്ടുന്നതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. 2023 അനാറിനെ സംബന്ധിച്ച് ഏറ്റവും പ്രയാസം നിറഞ്ഞ കാലഘട്ടമായിരുന്നുവെന്നും, അതിജീവനത്തിനായി ഒറിജിനല്‍ ബിസിനസ് മോഡലിലില്‍ നിന്ന് മാറി മറ്റു പല വ്യത്യസ്ത മോഡലുകളും പരീക്ഷിച്ചതായി അനാറിന്റെ സഹസ്ഥാപകനായ നിഷാങ്ക് ജെയിന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ച ഒരു കുറിപ്പില്‍ പറയുന്നു. മോഡലുകള്‍ മാറ്റി നോക്കിയിട്ടും വാങ്ങുന്നവര്‍ക്ക് മതിയായ മൂല്യം ലഭിക്കുന്നില്ലെന്ന് ശ്രദ്ധയില്‍ പെട്ടതായി അദ്ദേഹം പറയുന്നു. ഉപയോഗിക്കാത്ത മൂലധനം നിക്ഷേപകര്‍ക്ക് തിരികെ നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാനമായി ഒരു എജ്യൂക്കേഷന്‍ സ്റ്റാര്‍ട്ടപ്പ് ആയ ഫ്രണ്ട് റോയും ഉപയോഗിക്കാത്ത മൂലധനം നിക്ഷേപകര്‍ക്ക് തിരികെ നല്‍കുന്നതായി അറിയിച്ചിരുന്നു. എജ്യൂക്കേഷണല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് കൊവിഡ് മഹാമാരി മൂലം വലിയ വളര്‍ച്ച സാധ്യതകളായിരുന്നു വിലയിരുത്തിയത്. എന്നാല്‍ കൊവിഡ് കാലം അവസാനിച്ചതിടെ സ്റ്റാര്‍ട്ട് അപ്പുകള്‍ വലിയ രീതിയിലുള്ള വെല്ലുവിളികള്‍ നേരിട്ടതായി അടച്ചുപൂട്ടേണ്ടി വന്ന ഒരു സ്റ്റാര്‍ട്ട് അപ്പിന്റെ സ്ഥാപകന്‍ പറയുന്നു. അതുകൊണ്ടു തന്നെ ഈ ബിസിനസ് മോഡല്‍ ഇനി പ്രവര്‍ത്തിക്കില്ലെന്ന് സ്ഥാപകര്‍ സ്വയം അംഗീകരിക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍, പണം തിരികെ നല്‍കുന്നതാണ് ഏറ്റവും ബുദ്ധിപരമായ തീരുമാനമെന്നും അദ്ദേഹം പറയുന്നു.

സാമ്പത്തിക തട്ടിപ്പുകള്‍ മൂലം കമ്പനികള്‍ പരാജയപ്പെട്ടിട്ടുണ്ടോ?

സാമ്പത്തിക തട്ടിപ്പ് മൂലവും കമ്പനികള്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. കാര്‍ അറ്റകുറ്റപ്പണികളും അനുബന്ധ ഉപകരണങ്ങളും കൈകാര്യം ചെയ്യുന്ന ഒരു കമ്പനിയായ ഗോ മെക്കാനിക് ആണ് ഇതിനുദാഹരണം. നിക്ഷേപകരില്‍ നിന്ന് കമ്പനിക്ക് ധാരാളം പണം ലഭിച്ചിട്ടുണ്ടെങ്കിലും, എത്ര പണം സമ്പാദിക്കുന്നുവെന്ന് പെരുപ്പിച്ചു കാണിക്കുകയും അവര്‍ക്കില്ലാത്ത രീതിയില്‍ ഫണ്ട് ഉപയോഗിക്കുകയും ചെയ്തിരുന്നു. കമ്പനി അതിവേഗത്തില്‍ വളരുന്നതിനും വെല്ലുവിളികളെ അതിജീവിക്കുന്നതിനും ഈ മാര്‍ഗങ്ങള്‍ സ്വീകരിച്ചതുകൊണ്ട് തങ്ങള്‍ക്കു തെറ്റുപറ്റിയെന്ന് ഗോ മെക്കാനിക്കിന്റെ സഹസ്ഥാപകന്‍ അമിത് ഭാസിന്‍ തുറന്നു പറഞ്ഞിരുന്നു. സാമ്പത്തിക വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കമ്പനിക്ക് പിഴവുകള്‍ സംഭവിച്ചു. ഹെല്‍ത്ത് കെയര്‍ ബിസിനസില്‍ പ്രവര്‍ത്തിക്കുന്ന മോജോ കെയര്‍ എന്ന മറ്റൊരു സ്റ്റാര്‍ട്ട് അപ്പും സമാനമായ രീതിയില്‍ പണം സമ്പാദിക്കുന്നതിനെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് പുറത്തുവിട്ടിരുന്നത്. ഇതോടെ നിക്ഷേപകര്‍ പണം തിരികെ നല്‍കാന്‍ സ്ഥാപകരോട് ആവശ്യപ്പെട്ടിരുന്നു. ഈ സംഭവങ്ങളോടെ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപിക്കുന്ന നിക്ഷേപകര്‍ ശ്രദ്ധാപൂര്‍വമായ പരിശോധനകള്‍ നടത്തുകയും വിജയസാധ്യത കുറവുള്ള കമ്പനികളില്‍ നിക്ഷേപം നടത്താതെയുമായി. ഇതോടെ സാമ്പത്തികമായി തിരിമറി നടത്താത്ത കമ്പനികള്‍ക്കും നിക്ഷേപരെ ലഭിക്കാതെ വരികയും കമ്പനികള്‍ അടച്ചു പൂട്ടുകയും ചെയ്തു.

Share on

മറ്റുവാര്‍ത്തകള്‍