ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗത്തെ പൂര്‍ണമായും മാറ്റി മറിച്ച തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ യഥാര്‍ത്ഥത്തില്‍ എന്തിനു വേണ്ടിയായിരുന്നു? ഇത് നടപ്പാക്കിയപ്പോള്‍ സുതാര്യത ഉണ്ടായിരുന്നോ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സംബന്ധിച്ച് ഉണ്ടായിരുന്നു. ഈ ആരോപണങ്ങള്‍ ഒക്കെ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന വിവരാവകാശ രേഖകള്‍. കാരണം, കള്ളപ്പണം വെളുപ്പിക്കുന്നതിനും പണം കടത്തുന്നതിനുമുള്ള എളുപ്പമുള്ള മാര്‍ഗമായി കോര്‍പ്പറേറ്റുകള്‍ ഇതിനെ ഉപയോഗപ്പെടുത്തുന്നു. റിസര്‍വ് ബാങ്കിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കടുത്ത എതിര്‍പ്പ് മറികടന്നാണ് ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയത്.
തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്ക് പിന്നിലെ കള്ളക്കളികളെ കുറിച്ച് നിതിന്‍ സേഥി തയ്യാറാക്കി അന്വേഷണ റിപ്പോര്‍ട്ട് 2019 നവംബറില്‍ ഹഫിങ്ടണ്‍ പോസ്റ്റിന്റെ പ്രസിദ്ധീകരണ പങ്കാളിയായി അഴിമുഖം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ അന്വേഷണ പരമ്പരയുടെ ഭാഗമാണ് ഈ റിപ്പോര്‍ട്ട്.
2018 ജനുവരി 2-ന് നരേന്ദ്ര മോദി നയിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി ഗവണ്മെന്റ് തെരഞ്ഞെടുപ്പു ബോണ്ടുകളെ സംബന്ധിച്ച നിയമങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാല്‍ രണ്ടു മാസങ്ങള്‍ക്കു ശേഷം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു വന്ന പ്രത്യേക നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇതേ നിയമങ്ങള്‍ ലംഘിക്കപ്പെടുകയും തെരഞ്ഞെടുപ്പു ബോണ്ടുകളുടെ അനധികൃത വില്‍പ്പന ആരംഭിക്കുകയും ചെയ്തു. ആദ്യം ഈ നടപടി ഒരു അപവാദമായി കണക്കാക്കിയെങ്കിലും പിന്നീടത് ഒരു നടപടിക്രമമായി തീരുകയായിരുന്നു.
റിസര്‍വ് ബാങ്ക് അധികൃതരുടെയും, തെരഞ്ഞെടുപ്പു കമ്മീഷന്റെയും, പ്രതിപക്ഷ പാര്‍ട്ടികളുടെയും കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചു നടപ്പിലാക്കിയ തെരഞ്ഞടുപ്പ് ബോണ്ട് പദ്ധതി, വിദേശ കമ്പനികള്‍ക്കും ഇന്ത്യന്‍ വ്യവസായികള്‍ക്കും രാഷ്ട്രീയ രംഗത്തേക്ക് പണമിറക്കുവാനുള്ള നിയമസാധുതയുള്ള വഴികള്‍ തുറന്നുകൊടുത്തു.
2017ലെ അരുണ്‍ ജെയ്റ്റ്‌ലിയുടെ ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിക്കപ്പെട്ട തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയില്‍ ദാതാക്കളുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ഉറപ്പുവരുത്തിയിരുന്നു. അതേ സമയം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാകട്ടെ തങ്ങള്‍ക്കാരില്‍ നിന്നാണ് സംഭാവന ലഭിക്കുന്നത് എന്ന് പോലും വെളിപ്പെടുത്തേണ്ടാത്ത സാഹചര്യമാണ് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഇറക്കിയതിലൂടെ വന്നു ചേര്‍ന്നത്. അതുപോലെതന്നെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ക്ക് പണം സംഭാവന ചെയ്യാനുള്ള നിബന്ധനകളും പരിധികളും എടുത്തുകളയുകയും ചെയ്തു. അതോടെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടിക്ക് പരിധികളില്ലാതെ പണം നല്‍കാനുള്ള സാഹചര്യം രൂപപ്പെട്ടു.
2018 ജനുവരിയില്‍ തീരുമാനിച്ചത് പ്രകാരം തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വില്‍പ്പനയ്ക്കായി വര്‍ഷത്തില്‍ ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ എന്നിങ്ങനെ നാല് തവണ പത്തു ദിവസം വീതം വരുന്ന ഒരു കാലാവധി നിശ്ചയിക്കുകയും ചെയ്തു. പൊതുതെരഞ്ഞെടുപ്പുകള്‍ നടക്കുന്ന വര്‍ഷത്തില്‍ 30 ദിവസം വരുന്ന പ്രത്യേക കാലാവധിയും ഈ നിയമത്തിന്റെ ഭാഗമായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളില്‍ നിന്നും വാങ്ങാവുന്ന രീതിയിലായിരുന്നു തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സജ്ജീകരിച്ചിരുന്നത്.
എന്നാല്‍ അഴിമതി വിരുദ്ധ പ്രവര്‍ത്തകനായ ലോകേഷ് ബത്ര സമ്പാദിച്ച്, അഴിമുഖം അവലോകനം ചെയ്ത ചില അപ്രസിദ്ധീകൃത രേഖകള്‍ പ്രകാരം മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വില്പനയില്‍ വലിയ കൃത്രിമം നടത്തിയിരിക്കുന്നതായി കാണാം. പ്രധാനമന്ത്രിയുടെ ഓഫീസും ധന മന്ത്രാലയവും ചേര്‍ന്ന്, ലോക്‌സഭാ തെരഞ്ഞെടുപ്പിനു വേണ്ടി മാത്രം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ പ്രത്യേക വില്‍പ്പന സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കു വേണ്ടി നടത്തുന്നതിനായി കടുത്ത നിയമലംഘനമാണ് നടത്തിയിരിക്കുന്നത്.
കര്‍ണാടകം, രാജസ്ഥാന്‍, മിസോറാം, ഛത്തീസ്ഗഢ് , മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ 2018ല്‍ നടക്കുകയുണ്ടായി. ഒന്നാം മോദി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ നടന്ന ഈ തെരഞ്ഞെടുപ്പുകള്‍ ലോക്‌സഭ തെരഞ്ഞടുപ്പിന് മുന്‍പ് തങ്ങളുടെ എതിരാളികള്‍ക്ക് വലിയൊരു ആഘാതം നല്‍കാനുള്ള സാധ്യതയായാണ് ബിജെപി കണ്ടത്.
2018-ല്‍ തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ സമാഹരിച്ച തൊണ്ണൂറ്റിയഞ്ച് ശതമാനം തുകയും പോയത് ബി ജെ പിയുടെ അക്കൗണ്ടിലേക്കാണ് എന്ന് അവരുടെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ നടന്ന ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനുവേണ്ടി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ സമാഹരിച്ച പണത്തിന്റെ കണക്കുകള്‍ ഇനിയും ലഭ്യമായിട്ടില്ല.
തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വില്പനയില്‍ തുടക്കം മുതല്‍ തന്നെ നിയമലംഘനങ്ങള്‍ നടന്നിരുന്നതായി കാണാം. നിയമപ്രകാരം ഏപ്രിലില്‍ വില്പന ആരംഭിക്കേണ്ട ബോണ്ടുകള്‍ 2018 മാര്‍ച്ചില്‍ തന്നെ സ്റ്റേറ്റ് ബാങ്ക് ശാഖകളിലൂടെ വില്പന നടത്തിയിരിക്കുന്നതായി കാണാം. 222 കോടിയോളം രൂപയ്ക്കുള്ള ബോണ്ടുകള്‍ വിറ്റഴിക്കപ്പെട്ടപ്പോള്‍ അതിന്റെ സിംഹഭാഗവും പോയത് ബിജെപിയുടെ അക്കൌണ്ടിലേയ്ക്കാണ്. ഇതിനു തൊട്ടടുത്ത മാസം ഏപ്രിലില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരിക്കല്‍ കൂടി തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വില്‍പ്പന നടത്തുകയും 114.90 കോടി രൂപയ്ക്കുള്ള ബോണ്ടുകള്‍ സംഭാവനയിനത്തില്‍ വിറ്റഴിക്കുകയും ചെയ്തു. എന്നാല്‍ ഇതുകൊണ്ടും തൃപ്തി വരാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ മെയ് മാസത്തില്‍ നടക്കാനിരുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശ പ്രകാരം പത്തു ദിവസത്തെ പ്രത്യേക വില്പനയും നടത്തുകയുണ്ടായി.
എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശത്തില്‍ കര്‍ണാടക തെരഞ്ഞെടുപ്പിനു വേണ്ടിയാണ് ഈ പ്രത്യേക വില്പന എന്ന് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ ധനകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വില്പന തീയതിയും കര്‍ണാടക തെരഞ്ഞെടുപ്പും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിച്ചുകൊണ്ട് നടന്നിരിക്കുന്ന നിയമലംഘനങ്ങളെ പറ്റി കുറിപ്പുകളെഴുതി.
‘2018 ജനുവരി 28നു തെരഞ്ഞെടുപ്പ് ബോണ്ടുകളെ സംബന്ധിച്ചു പുറപ്പെടുവിച്ച വിജ്ഞാ പനത്തിന്റെ 8 (2) ഖണ്ഡികയില്‍ ലോക്‌സഭാ തെ രഞ്ഞെടുപ്പിന് വേണ്ടി മാത്രമേ ബോണ്ടുകളുടെ പ്രത്യേക വില്പന അനുവദിക്കാവൂ എന്ന് പറയുന്നുണ്ട്. അതിനാല്‍ തന്നെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു വേണ്ടി തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ പുറത്തിറക്കുന്നത് നിലനില്‍ക്കുന്ന നിയമങ്ങളുടെ ലംഘനമാണ്’ എന്ന് സാമ്പത്തിക മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ വിജയകുമാര്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സംബന്ധിച്ച ഫയലില്‍ 2018 ഏപ്രില്‍ 3-നു കുറിച്ചു. ഈ പ്രശ്‌നത്തിന്റെ അടിസ്ഥാനം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശത്തിലല്ല, മറിച്ച് നിലനില്‍ക്കുന്ന നിയമങ്ങളിലായിരിക്കാമെന്നതിനാല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടതിനെ പറ്റിയും അദ്ദേഹം കുറിപ്പെഴുതി.
തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കും ഒരുപോലെ ഉപയോഗിക്കുന്നവയായതിനാല്‍ ഈ നിയമം അതിന്റെ ഉദ്ദേശ്യത്തെ നിര്‍വ്വഹിക്കുന്നില്ല എന്നും അതിനാല്‍ തന്നെ പരിഷ്‌കരിക്കപ്പെടേണ്ടതുമാണ് എന്നുമാണ് ഏപ്രില്‍ 3-ന് ഈ ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ധനകാര്യ സെക്രട്ടറിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനുമായ എസ്.സി ഗാര്‍ഗ് ഈ നിര്‍ദേശങ്ങളെ തള്ളിക്കളഞ്ഞു.
‘തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ പ്രത്യേക വിതരണം ലോക്‌സഭാ തെരഞ്ഞെടുപ്പുകളെ മുന്‍നിര്‍ത്തിയുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് പ്രത്യേക ജാലകം വഴിയുള്ള വിതരണമാണ്. ഒരുപക്ഷെ ഒരു വര്‍ഷത്തില്‍ ഇത്തരത്തില്‍ പ്രത്യേക ജാലകം വഴിയുള്ള വിതരണങ്ങള്‍ നടന്നെന്ന് വരാം. അതിനാല്‍ തന്നെ നിയമഭേദഗതിയുടെ ആവശ്യമില്ല.’ 2018 ഏപ്രില്‍ 4നു ഗാര്‍ഗ് എഴുതി. ഒരാഴ്ച്ചയ്ക്കു ശേഷം അതേ വകുപ്പിലെ ഒരു കീഴുദ്യോഗസ്ഥന്‍ നിയമത്തില്‍ അനുശാസിച്ച നടപടിക്രമവും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശവും തമ്മിലുള്ള വൈരുദ്ധ്യത്തെ സംബന്ധിച്ച സംശയങ്ങളുന്നയിച്ചിരിക്കുന്നതാ യി കാണാം.
‘പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിതരണത്തിനായി 10 ദിവസത്തേക്ക് പ്രത്യേക ജാലകങ്ങള്‍ തുറക്കുന്നതിനായി ആവശ്യപ്പെട്ടു. എന്നാല്‍ 2018 ജനുവരി 28നുള്ള നിയമപ്രകാരം ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കുന്ന വര്‍ഷം മാത്രമേ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വില്‍ക്കുന്നതിനുള്ള പ്രത്യേക അനുമതി ലഭ്യമാക്കിയിരിക്കുന്നുള്ളു. സമീപഭാവിയിലൊന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്ലാത്തതിനാല്‍ ഇത്തരമൊരു പ്രത്യേകാനുമതി ഇപ്പോള്‍ നല്‍കുന്നത് മേല്‍പ്പറഞ്ഞ നോട്ടിഫിക്കേഷനില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് കടകവിരുദ്ധമായി തീരും.’
ഈ നടപടിക്രമങ്ങളില്‍ ആദ്യമായിട്ടായിരുന്നു തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ പ്രത്യേക വില്പന പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് ഉദ്യോഗസ്ഥര്‍ കുറിച്ചുവയ്ക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ രേഖകളില്‍ പ്രധാനമന്ത്രിയില്‍ നിന്നും നേരിട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പോലും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ എന്ന പേരിലാണ് രേഖപ്പെടുത്തി വെക്കാറ്. ഈ കുറിപ്പ് വന്നതോടുകൂടി നേരത്തെ എതിര്‍പ്പ് രേഖപ്പെടുത്തിയ എസ്.സി ഗാര്‍ഗ് സ്വന്തം നിലപാട് തിരുത്തി.
ഏപ്രില്‍ പതിനൊന്നിന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കയച്ച ഒരു കുറിപ്പില്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കാത്ത വര്‍ഷങ്ങളില്‍ വര്‍ഷത്തില്‍ നാല് പ്രാവശ്യം മാത്രമേ പുറത്തിറക്കുവാന്‍ പാടുള്ളു എന്ന് ഗാര്‍ഗ് പറയുന്നു.
‘തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ മൂല്യവിനിമയ ഉപാധികളായി പുറത്തിറക്കുമ്പോള്‍ വര്‍ഷത്തില്‍ നാല് പ്രാവശ്യം മാത്രമേ വില്‍ക്കുവാന്‍ അനുവദിക്കപ്പെട്ടിട്ടുള്ളു. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ പണത്തിനു പകരമായി ഉപയോഗിച്ചു ദുരുപയോഗം ചെയ്യാനുള്ള സാധ്യത തടയുന്നതിനായാണ് ഇത്തരമൊരു നിബന്ധന വച്ചിരിക്കുന്നത്.’
ഈ നടപടികള്‍, റിസര്‍വ് ബാങ്കിന്റെ കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളത് എന്നുകാണാം.
എന്നിരുന്നാലും നാല് മാസങ്ങള്‍ക്കു മുന്‍പ് 2018 ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സംബന്ധിച്ച നിയമം ലംഘിക്കാമെന്നു അരുണ്‍ ജെയ്റ്റ്‌ലിയോട് പറയുന്നുണ്ട്.
‘പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് മെയ് ഒന്ന് മുതല്‍ പത്തു വരെ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിതരണത്തിനായി ഒരു പ്രത്യേക ജാലകം തുറക്കാവുന്നതാണ്’ എന്നും ഇതേ കുറിപ്പില്‍ ഗാര്‍ഗ് പറയുന്നു.
ഈ പ്രത്യേക സാഹചര്യം എന്താണ് എന്ന് ഗാര്‍ഗ് വ്യക്തമാക്കുന്നില്ലെങ്കിലും പ്രസ്തുത ഉത്തരവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ അനുമതിയോടു കൂടി പാസ്സാവുകയാണ് ഉണ്ടായത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മെയ് ഒന്ന് മുതല്‍ പത്തു വരെ നടത്തിയ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ നിയമവിരുദ്ധ വില്പന പ്രത്യേക സാഹചര്യം കണക്കിലെടുത്തു നടത്തിയ ‘അസാധാരണ’ നടപടിയായാണ് സര്‍ക്കാര്‍ രേഖകളില്‍ രേഖപ്പെടുത്തി വച്ചിട്ടുള്ളത്.
എന്നാല്‍ 2018 അവസാനത്തോടുകൂടി ആറു സംസ്ഥാനങ്ങളിലെ നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചു. അതോടുകൂടി തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സംബന്ധിച്ച നിയമങ്ങള്‍ ലംഘിക്കുകയെന്നത് ബിജെപി സര്‍ക്കാര്‍ ഒരു പതിവാക്കിയിരിക്കുന്നതായി കാണാം.
2018 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചതോടു കൂടി നേരത്തെ പരാമര്‍ശിച്ച ഡെപ്യൂട്ടി ഡയറക്ടര്‍ വിജയ് കുമാര്‍ ഈ തെരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി നവംബറില്‍ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിതരണത്തിനായി ഒരു പ്രത്യേക ജാലകം തുറക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തന്റെ മേലുദ്യോഗസ്ഥര്‍ക്ക് കുറിപ്പയച്ചു. ഇത്തവണ ആരില്‍ നിന്നാണ് ഈ നിര്‍ദേശങ്ങള്‍ ലഭിച്ചിരിക്കുന്നത് എന്നദ്ദേഹം വ്യക്തമാക്കുന്നില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയാ യിട്ടാണ് ഈ നടപടികള്‍ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
2018 മെയിലെ തിരഞ്ഞെടുപ്പു ബോണ്ടുകളുടെ ‘പ്രത്യേക’ (നിയമവിരുദ്ധ) വിതരണം ഒരു കീഴ്വഴക്കമായി തുടരാനാണ് ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് എന്നദ്ദേഹത്തിന്റെ കുറിപ്പുകള്‍ വ്യക്തമാക്കുന്നു.
2018 ഒക്ടോബര്‍ 22 നു വിജയ് കുമാര്‍ എഴുതിയ കുറിപ്പില്‍ ഇങ്ങനെ വായിക്കാം; ‘വരാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പ്രമാണിച്ചു തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ പ്രത്യേക വിതരണത്തിനായി 10 ദിവസം കാലാവധിയുള്ള പ്രത്യേക ജാലകങ്ങള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിനു മുന്‍പ് മെയ് ഒന്ന് മുതല്‍ പത്തു വരെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെ നടന്ന തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ പ്രത്യേക വിതരണത്തിന് സമാനമായ ഒരു നടപടിയായി ഇതിനെ കണക്കാക്കാം’. ധനകാര്യ സെക്രട്ടറി എസ്.സി ഗാര്‍ഗും അന്നത്തെ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ഈ നിര്‍ദേശത്തില്‍ എതിര്‍പ്പുകളൊന്നും ഇല്ലാതെ ഒപ്പുവയ്ക്കുകയും ചെയ്തു. 180 കോടി രൂപയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകളാണ് ഈ കാലയളവില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് സംഭാവന രൂപത്തില്‍ എത്തിപ്പെട്ടത്.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശ പ്രകാരം മെയ് 2018നു നടത്തിയ ഒരു നിയമലംഘനം അതേവര്‍ഷം അവസാനമാകുമ്പോഴേക്കും ഒരു കീഴ്വഴക്കമായി സര്‍ക്കാര്‍ മാറ്റിത്തീര്‍ത്തിരിക്കുന്നതാണ് നമുക്കു കാണാന്‍ കഴിയുന്നത്. മെയ് 2019-ഓടു കൂടി ഏകദേശം ആറായിരം കോടി രൂപയുടെ തിരഞ്ഞെടുപ്പു ബോണ്ടുകളാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകളിലേക്കു സംഭാവന രൂപത്തില്‍ എത്തിപ്പെട്ടിട്ടുള്ളത്. ഇതില്‍ ആദ്യഘട്ടത്തിലെ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഈ പണത്തിന്റെ സിംഹഭാഗവും ബിജെപിയുടെ അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളത്.