ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗത്തെ പൂര്‍ണമായും മാറ്റി മറിച്ച തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ യഥാര്‍ത്ഥത്തില്‍ എന്തിനു വേണ്ടിയായിരുന്നു? ഇത് നടപ്പാക്കിയപ്പോള്‍ സുതാര്യത ഉണ്ടായിരുന്നോ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സംബന്ധിച്ച് ഉണ്ടായിരുന്നു. ഈ ആരോപണങ്ങള്‍ ഒക്കെ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന വിവരാവകാശ രേഖകള്‍. കാരണം, കള്ളപ്പണം വെളുപ്പിക്കുന്നതിനും പണം കടത്തുന്നതിനുമുള്ള എളുപ്പമുള്ള മാര്‍ഗമായി കോര്‍പ്പറേറ്റുകള്‍ ഇതിനെ ഉപയോഗപ്പെടുത്തുന്നു. റിസര്‍വ് ബാങ്കിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കടുത്ത എതിര്‍പ്പ് മറികടന്നാണ് ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയത്.
തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്ക് പിന്നിലെ കള്ളക്കളികളെ കുറിച്ച് നിതിന്‍ സേഥി തയ്യാറാക്കി അന്വേഷണ റിപ്പോര്‍ട്ട് 2019 നവംബറില്‍ ഹഫിങ്ടണ്‍ പോസ്റ്റിന്റെ പ്രസിദ്ധീകരണ പങ്കാളിയായി അഴിമുഖം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്താണ് തെരഞ്ഞെടുപ്പ് ബോണ്ടുകളെന്നും, അവയെങ്ങനെയാണ് വലിയൊരു അഴിമതിയാകുന്നതെന്നും ഈ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി കാലാവധി കഴിഞ്ഞ തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങാനും ധനമന്ത്രാലയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കി. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചട്ടങ്ങള്‍ മറികടന്ന് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വില്‍ക്കാനുള്ള സ്‌പെഷ്യല്‍ വിന്‍ഡോ തുറക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയതിനു പിന്നാലെയാണ്, കാലാവധി കഴിഞ്ഞ ബോണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് നല്‍കാന്‍ വേണ്ടി പാസാക്കിയെടുക്കാന്‍ നിയമം മറികടന്നതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
ഒരു പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ പ്രതിനിധി, കാലാവധി കഴിഞ്ഞ ബോണ്ടുകള്‍ സ്വീകരിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയതിനു ശേഷമാണ് ഗുരുതരമായ ഈ നിയമലംഘനം നടന്നിട്ടുള്ളത്.
ആര്‍ടിഐ പ്രവര്‍ത്തകനായ ലോകേഷ് ബത്ര പുറത്തിവിടുകയും അഴിമുഖം പരിശോധിക്കുകയും ചെയ്ത രേഖകള്‍ ഈ പണം സംഭാവന ചെയ്ത വ്യക്തിയെ കുറിച്ചുള്ള വിവരങ്ങളോ കാലാവധി കഴിഞ്ഞ ബോണ്ടുകള്‍ സ്വീകരിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തിയ രാഷ്ട്രീയ പാര്‍ട്ടിയുടെയോ പേരുകള്‍ പരാമര്‍ശിക്കുന്നില്ല.
തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിതരണത്തിലും കൈമാറ്റത്തിലും വിവിധ തലങ്ങളില്‍ നിലനില്‍ക്കുന്ന രഹസ്യാത്മകതയും നിയമവിരുദ്ധ പ്രവണതകളും മേല്‍പ്പറഞ്ഞ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ബോണ്ടുകളെ റിസര്‍വ് ബാങ്ക്, തെരഞ്ഞെടുപ്പ് കമ്മീഷന്‍, അഴിമതി വിരുദ്ധ പ്രവര്‍ത്തകര്‍, പ്രതിപക്ഷ പാര്‍ട്ടികള്‍, തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനായുള്ള സ്വതന്ത്ര ഏജന്‍സിയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രറ്റിക് റിഫോംസ് തുടങ്ങിയവര്‍ എതിര്‍ത്തതെന്തിനായിരുന്നു എന്ന് കൂടി ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
കാലാവധി കഴിഞ്ഞ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സ്വീകരിക്കുന്നതിനായി എസ്ബിഐക്കുമേല്‍ സമ്മര്‍ദം ചെലുത്തിയ ഈ നടപടിയിലൂടെ അജ്ഞാതരായ ദാതാക്കള്‍ നല്‍കുന്ന വന്‍ സംഭാവനകള്‍ക്ക് വേണ്ടി, തങ്ങള്‍ തന്നെ നിര്‍മ്മിച്ച അഴിമതി വിരുദ്ധ നിയമങ്ങള്‍ പോലും ലംഘിക്കുന്നതിന് തയ്യാറാണെന്ന് തെളിയിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍.
നിലവില്‍ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ നിയമസാധുത സുപ്രീം കോടതിയുടെ പരിഗണനയിലാണ്. തെരഞ്ഞെടുപ്പ് ബോണ്ടുകളെ സംബന്ധിച്ച് ചര്‍ച്ച വേണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുകയുണ്ടായി. അതേസമയം പാര്‍ലമെന്റില്‍ സന്നിഹിതനായിരുന്ന പ്രധാനമന്ത്രി മറുപടി പറയാതെ നടുത്തളത്തിലേക്ക് കണ്ണുംനട്ടിരിക്കുകയാണുണ്ടായത്. ലംഘിക്കപ്പെട്ട നിയമങ്ങള്‍ 2017ലെ ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ കരടുരൂപം അവതരിപ്പിച്ചപ്പോള്‍ തന്നെ, റിസര്‍വ് ബാങ്ക് ഈ ബോണ്ടുകള്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഉപയോഗിക്കുവാന്‍ സാധ്യതയുണ്ടെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.
തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ പ്രവര്‍ത്തനം സംക്ഷിപ്തമായി പറഞ്ഞാല്‍ ഇങ്ങനെയാണ്: എസ്ബിഐ ശാഖകളില്‍ നിന്നും തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന കടലാസ് രസീതികളില്‍ വ്യക്തികള്‍ക്കോ, സംഘടനകള്‍ക്കോ, എന്‍ജിഓകള്‍ക്കോ കോര്‍പ്പറേറ്റുകള്‍ക്കോ പണം നല്‍കി വാങ്ങാവുന്നതാണ്. അതിനു ശേഷം തങ്ങള്‍ക്കിഷ്ടമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യാവുന്നതുമാണ്. രാഷ്ട്രീയ പാര്‍ട്ടികളാകട്ടെ പ്രത്യേകമായി രൂപീകരിച്ച ഒരു അക്കൗണ്ടിലേക്ക് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ നിക്ഷേപിക്കുകയാണ് ചെയ്യുക.
തെരഞ്ഞെടുപ്പ് ബോണ്ടുകളെ എതിര്‍ത്ത റിസര്‍വ് ബാങ്ക്, ഒടുവില്‍ ബോണ്ടുകളിലൂടെ നടക്കാവുന്ന കള്ളപ്പണമിടപാട് നിയന്ത്രിക്കുന്നതിനായി രണ്ടു നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. ഒന്ന്: വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം മാത്രം നിശ്ചിത ദിവസങ്ങളിലേ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വിതരണം ചെയ്യുവാന്‍ പാടുള്ളൂ. രണ്ട്: ബോണ്ടുകള്‍ വാങ്ങിയതിന് ശേഷം പതിനഞ്ചു ദിവസത്തിനുള്ളില്‍ അത് ലഭിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് പണമാക്കേണ്ടതുണ്ട്.
2018-ല്‍ സാമ്പത്തികകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ കൈമാറ്റത്തെ സംബന്ധിച്ച ചട്ടങ്ങള്‍ പ്രകാരം എസ്ബിഐ ശാഖകളിലൂടെ വര്‍ഷത്തില്‍ നാല് പ്രാവശ്യം പുറത്തിറക്കുന്ന തെരഞ്ഞെടുപ്പ് ബോണ്ടുകള്‍, പതിനഞ്ച് ദിവസത്തിനുള്ളില്‍ അത് ലഭിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെടേണ്ടതും അതിലൂടെ ലഭിക്കുന്ന പണം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലോക്സഭാ തെരഞ്ഞെടുപ്പിനു വേണ്ടി വിനിയോഗിക്കാവുന്നതുമാണ് എന്ന് വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ അഴിമുഖം ഇതിനു മുന്‍പ് പ്രസിദ്ധീകരിച്ച രേഖകള്‍ ചൂണ്ടിക്കാണിക്കുന്നതു പോലെ, 2018 മെയില്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്, പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശപ്രകാരം മെയ് 1 മുതല്‍ 10 വരെ ബോണ്ടുകള്‍ വില്‍ക്കാന്‍ പ്രത്യേക സമയം നല്‍കുകയായിരുന്നു.
എസ്ബിഐ ധനമന്ത്രാലയത്തിന് അയച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. 2018 മെയ് 24 ന് ഒരു പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ പ്രതിനിധി മെയ് മൂന്നാം തിയ്യതി പുറത്തിറക്കിയ 20 കോടി വിലവരുന്ന ഒരു തെരഞ്ഞെടുപ്പ് ബോണ്ടുമായി ഡല്‍ഹിയിലുള്ള എസ്ബിഐയുടെ പ്രധാന ബ്രാഞ്ചിനെ സമീപിക്കുന്നു. ഇതില്‍ പകുതി ബോണ്ട് (10 കോടി) മെയ് 3നും ശേഷിക്കുന്നത് മെയ് 5നുമാണ് വാങ്ങിയത്. എന്നാല്‍, ബോണ്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ട സമയപരിധിയായ പതിനഞ്ച് ദിവസം കടന്നു പോയതിനാല്‍ അവ അസാധുവാക്കപ്പെട്ടവയാണെന്ന് ബാങ്ക് അധികൃതര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ബോണ്ടുമായി വന്ന രാഷ്ട്രീയപാര്‍ട്ടിയുടെ പ്രതിനിധി ബോണ്ടുകള്‍ നിക്ഷേപിക്കാനനുവദിക്കണമെന്ന് വാശിപിടിക്കുകയായിരുന്നു. എസ്ബിഐ ഉദ്യോഗസ്ഥര്‍ ധനമന്ത്രാലയത്തിനയച്ച കുറിപ്പുകളില്‍ പ്രസ്തുത രാഷ്ട്രീയ പ്രതിനിധി 15 ദിവസത്തെ കാലാവധി എന്നാല്‍ 15 കലണ്ടര്‍ ദിനമല്ലെന്നും മറിച്ച് 15 പ്രവര്‍ത്തി ദിനങ്ങളാണെന്നും വ്യാഖ്യാനിച്ചുകൊണ്ട് ബോണ്ടുകള്‍ നിക്ഷേപിക്കണമെന്ന് നിര്‍ബന്ധിച്ചുവെന്നാണ് വ്യക്തമാകുന്നത്.
ന്യൂഡല്‍ഹിയിലെ എസ്ബിഐ ശാഖ അതേ ദിവസം തന്നെ തങ്ങളുടെ കോര്‍പ്പറേറ്റ് ഓഫീസിലേക്ക് ഈ വിഷയത്തെ സംബന്ധിച്ച് അന്വേഷങ്ങള്‍ നടത്തിയിരിക്കുന്നതായി കാണാം. 2018 മെയ് 24 വൈകിട്ട് 4.07-ന് എസ്ബിഐയുടെ ചെയര്‍മാന്‍ രജനീഷ് കുമാര്‍ തന്നെ കാലാവധി തീര്‍ന്ന തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സ്വീകരിക്കേണ്ടതുണ്ടോയെന്ന് ധനമന്ത്രാലയത്തിലേക്ക് എഴുതി അന്വേഷിച്ചു.
’15 ദിവസങ്ങളുടെ സമയപരിധി 15 പ്രവര്‍ത്തി ദിനങ്ങളാണെന്ന വാദവുമായി തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വാങ്ങിച്ച ഒരാള്‍ ഞങ്ങളെ സമീപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ കാലാവധി 15 ദിവസങ്ങളാണോ അതോ 15 പ്രവര്‍ത്തി ദിനങ്ങളാണോയെന്ന് ഇതിനാല്‍ വ്യക്തമാക്കണം. ‘ രജനീഷ് കുമാറിന് വേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ മൃത്യുഞ്ജയ് മഹാപാത്ര ഒപ്പിട്ട കത്തില്‍ ചോദിക്കുന്നു.
ഈ അന്വേഷങ്ങള്‍ക്ക് മിന്നല്‍ വേഗത്തില്‍ ഔദ്യോഗിക കുറിപ്പിലൂടെ പ്രതികരിച്ചുകൊണ്ട്, ധനകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടറായ വിജയ് കുമാര്‍ ഇങ്ങനെ എഴുതി: ‘തെരഞ്ഞെടുപ്പ് ബോണ്ടുകളെ സംബന്ധിച്ച നിയമങ്ങള്‍ പ്രകാരം 15 ദിവസമെന്നത് അതിനിടയില്‍ വരുന്ന അവധി ദിനങ്ങളെക്കൂടി ഉള്‍ക്കൊള്ളിച്ച മൊത്തം 15 ദിവസമാണ്’. ഇതിനാല്‍ തന്നെ നേരത്തെ പരാമര്‍ശിച്ച പത്തു കോടിയുടെ ബോണ്ട് അസാധുവാക്കേണ്ടതും പണം പ്രകൃതിക്ഷോഭങ്ങള്‍ക്കിരയായവര്‍ക്ക് ദുരിതാശ്വാസമെത്തിക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യപ്പെടേണ്ടതുമാണ്.
എന്നാല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കുമാറിന്റെ കുറിപ്പ് അവിടംകൊണ്ടവസാനിച്ചില്ല. തുടര്‍ന്ന് അദ്ദേഹം ഇങ്ങനെ കൂടി എഴുതി: ‘കഴിഞ്ഞ തവണ പുറത്തിറക്കിയ ബോണ്ടുകള്‍ സംബന്ധിച്ച് ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നതിനാല്‍ മെയ് 10-ന് മുന്‍പായി വാങ്ങിയ ബോണ്ടുകള്‍ 15 പ്രവര്‍ത്തിദിനങ്ങള്‍ക്കുള്ളില്‍ ബാങ്കില്‍ നിക്ഷേപിച്ചാല്‍ എസ്ബിഐക്ക് സ്വീകരിക്കാവുന്നതാണ്. എന്നാല്‍ ഭാവിയില്‍ ഇത്തരം ആനുകൂല്യങ്ങള്‍ ലഭ്യമാവുന്നതല്ല. ‘ ഈ കുറിപ്പ് ധനകാര്യമന്ത്രിക്കു തൊട്ടുതാഴെ വരുന്ന ധനകാര്യ സെക്രട്ടറി എസ്.സി ഗാര്‍ഗ് ഉടനടി ഒപ്പുവയ്ക്കുകയും എസ്ബിഐ ആസ്ഥാനത്തേക്ക് തിരിച്ചയക്കുകയും ചെയ്തു. അവിടെ നിന്നും അന്നേ ദിവസം തന്നെ പ്രസ്തുത രാഷ്ട്രീയ പാര്‍ട്ടിക്ക് പത്തുകോടി രൂപ വരുന്ന ബോണ്ട് നിയമവിരുദ്ധമായി പണമാക്കി മാറ്റുവാനും സാധിച്ചു. മെയ് 5നു വാങ്ങിയ 10 കോടിയുടെ ബോണ്ട് നിയമവിരുദ്ധമായി പണമാക്കി മാറ്റാന്‍ രാഷ്ട്രീയ പാര്‍ട്ടിയെ അനുവദിച്ചുകൊണ്ട് എസ് ബി ഐ ആസ്ഥാനം ന്യൂ ഡല്‍ഹി മെയിന്‍ ബ്രാഞ്ചിന് നിര്‍ദേശം നല്കി. അതേസമയം മെയ് 3നു വാങ്ങിയ 10 കോടിയ്ക്ക് ധനമന്ത്രാലയത്തിന്റെ പ്രത്യേക ”ഇളവുകള്‍” അനുവദിക്കാന്‍ സാധിക്കാത്തതിനാല്‍ അത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ തീരുമാനിച്ചു എന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
‘ഏതു രാഷ്ട്രീയപാര്‍ട്ടിയുടെ ആവശ്യത്തിനായിരിക്കും ഈ ആനുകൂല്യം ഇത്രയും വേഗത്തിലും ഉത്സാഹത്തിലും നടത്തി കൊടുത്തിരിക്കുക?’ പ്രസ്തുത രേഖകള്‍ വെളിച്ചത്തു കൊണ്ടുവന്ന അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ ലോകേഷ് ബത്ര ചോദിക്കുന്നു. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ബോണ്ടുകളെ സംബന്ധിച്ച മറ്റു പല രഹസ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ പൊതുജനസമക്ഷത്തില്‍ നിന്നും മറച്ചുവയ്ക്കപ്പെട്ടിരിക്കുകയാണ് .