ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗത്തെ പൂര്‍ണമായും മാറ്റി മറിച്ച തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ യഥാര്‍ത്ഥത്തില്‍ എന്തിനു വേണ്ടിയായിരുന്നു? ഇത് നടപ്പാക്കിയപ്പോള്‍ സുതാര്യത ഉണ്ടായിരുന്നോ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സംബന്ധിച്ച് ഉണ്ടായിരുന്നു. ഈ ആരോപണങ്ങള്‍ ഒക്കെ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന വിവരാവകാശ രേഖകള്‍. കാരണം, കള്ളപ്പണം വെളുപ്പിക്കുന്നതിനും പണം കടത്തുന്നതിനുമുള്ള എളുപ്പമുള്ള മാര്‍ഗമായി കോര്‍പ്പറേറ്റുകള്‍ ഇതിനെ ഉപയോഗപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്ക് പിന്നിലെ കള്ളക്കളികളെ കുറിച്ച് നിതിന്‍ സേഥി തയ്യാറാക്കി അന്വേഷണ റിപ്പോര്‍ട്ട് 2019 നവംബറില്‍ ഹഫിങ്ടണ്‍ പോസ്റ്റിന്റെ പ്രസിദ്ധീകരണ പങ്കാളിയായി അഴിമുഖം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്താണ് തെരഞ്ഞെടുപ്പ് ബോണ്ടുകളെന്നും, അവയെങ്ങനെയാണ് വലിയൊരു അഴിമതിയാകുന്നതെന്നും ഈ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
‘അജ്ഞാത’രായി നിന്നുകൊണ്ട് കോര്‍പ്പറേറ്റുകള്‍ക്കും ട്രസ്റ്റുകള്‍ക്കും വ്യക്തികള്‍ക്കും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ കഴിയുന്ന തെരഞ്ഞെടുപ്പ് ബോണ്ട് സംവിധാനം അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി അതിനെ ന്യായീകരിച്ചത് ഇങ്ങനെയായിരുന്നു: ‘സംഭാവന നല്‍കുന്ന ആളുകള്‍ ചെക്കുവഴിയോ മറ്റേതെങ്കിലും സുതാര്യമായ മാര്‍ഗം ഉപയോഗിച്ചോ പണം രാഷ്ട്രീയ പാര്‍ട്ടിള്‍ക്ക് നല്‍കുന്നതില്‍ വൈമുഖ്യം പ്രകടിപ്പിച്ചിരുന്നു. കാരണം സംഭാവന ചെയ്യുന്നവരുടെ വിവരങ്ങള്‍ പുറത്തുവരുകയും അത് അവര്‍ക്ക് പ്രതികൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നായിരുന്നു അഭിപ്രായം’ .
ഇതേ അഭിപ്രായം ബിജെപി അംഗങ്ങള്‍ സ്ഥിരമായി ആവര്‍ത്തിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സംബന്ധിച്ച് അഴിമുഖവും ഹഫ് പോസ്റ്റും നടത്തിയ അന്വേഷണങ്ങളോട് പ്രതികരിക്കാന്‍, ജെയ്റ്റ്ലിയുടെ പിന്‍ഗാമിയായ പീയൂഷ് ഗോയല്‍ നവംബര്‍ 21-ന് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലും ഇതേ കാര്യം തന്നെയാണ് ആവര്‍ത്തിക്കപ്പെട്ടത്.
‘രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം സംഭാവന ചെയ്യാന്‍ തയ്യാറാകുന്നവര്‍ അങ്ങനെ ചെയ്യുന്നത് രാഷ്ട്രീയമായ വൈരാഗ്യത്തിന് കാരണമാകുമെന്ന് ഭയന്ന് തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തയ്യാറായിരുന്നില്ല’ , പീയൂഷ് ഗോയലിന്റെ പത്രസമ്മേളനത്തിനൊടുവില്‍ ബിജെപി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത് ഇത്. എന്നാല്‍ തെരഞ്ഞെടുപ്പ് ബോണ്ടുകളെ സംബന്ധിച്ചുള്ള അരുണ്‍ ജെയ്റ്റ്ലിയുടെ പ്രഖ്യാപനങ്ങള്‍ വന്നിട്ട് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം, ‘അജ്ഞാതരായവര്‍’ 6,108.47 കോടി രൂപ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയതിനും ശേഷം ധനമന്ത്രാലയം ഇപ്പോള്‍ ഒരു കാര്യം സമ്മതിക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം സംഭാവന ചെയ്യാന്‍ തയ്യാറായ ആരും തന്നെ ഇതിനായി ഒരു ദുരൂഹമായ സംവിധാനം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നതാണ് അത്.
വിവരാവകാശ പ്രവര്‍ത്തകന്‍ വെങ്കിടേഷ് നായ്ക്കിന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ ധനമന്ത്രാലയം ഇങ്ങനെ സമ്മതിച്ചു, ‘പണം സംഭാവന ചെയ്യുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് ആരും ഇതുവരെ എന്തെങ്കിലും തരത്തിലുള്ള നിവേദനങ്ങളോ സന്ദേശങ്ങളോ അയച്ചിട്ടില്ല’.
വിവരാവകാശ നിയമം അനുസരിച്ചുള്ള ചോദ്യത്തോട് ധനമന്ത്രാലയം സ്വാഭാവികമായി പ്രതികരിക്കുകയായിരുന്നില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നായ്ക്ക് വിവരാവകാശ പ്രകാരം അപേക്ഷ നല്‍കുന്നത് 2017 ജൂലൈയിലാണ്. നിയമപ്രകാരം മന്ത്രാലയം 30 ദിവസത്തിനകം മറുപടി നല്‍കേണ്ടതാണ്. എന്നാല്‍ ആദ്യത്തെ ഒരു മാസം നായ്ക്കിന്റെ ചോദ്യത്തിന് മറുപടിയൊന്നുമുണ്ടായില്ല. ധനമന്ത്രാലയത്തിന്റെ അനങ്ങാപ്പാറ നയത്തിനെതിരെ അപ്പീല്‍ നല്‍കിയപ്പോള്‍ അതിനെ ബോധപൂര്‍വം വൈകിപ്പിക്കല്‍ സമീപനത്തിലൂടെ നേരിടുകയാണ് അധികൃതര്‍ ചെയ്തത്. വിവിധ വകുപ്പുകളിലൂടെ കൈമാറി അഞ്ചുമാസം വൈകിപ്പിച്ചു.
2018 ജനുവരിയില്‍ നായ്ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ധനമന്ത്രാലയത്തോട് നിര്‍ദ്ദേശിക്കുകയായിരുന്നു. അങ്ങനെ ഒരു വര്‍ഷവും 10 മാസവും കഴിഞ്ഞാണ് നായ്ക്കിന് വിവരാവകാശ പ്രകാരം ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കുന്നതിന് രഹസ്യ സ്വഭാവമുള്ള വഴി ഉണ്ടാക്കണമെന്ന് ആരും ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നില്ല. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഉണ്ടാക്കുന്നതിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ മറ്റൊരു കള്ളം കൂടി പറയുകയായിരുന്നു. നായ്ക്കിന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടി തെരഞ്ഞെടുപ്പ് ബോണ്ട് സംവിധാനം ഉണ്ടാക്കണമെന്നാവാശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനങ്ങളൊന്നും കിട്ടിയില്ലെന്ന് വ്യക്തമാക്കുന്നതാണെങ്കില്‍, കമോഡോര്‍ ലോകേഷ് ബത്രയ്ക്ക് കിട്ടിയ രേഖകളില്‍ തെളിയുന്നത് അജ്ഞാതനായ ഒരാള്‍ ഇതു സംബന്ധിച്ച് അനൌദ്യോഗികമായി ഒരു നിവേദനം നല്‍കിയിരുന്നുവെന്നാണ്. ഒപ്പോ തീയ്യതിയോ ഇല്ലാതെ ഒരു സാധാരണ എ-4 പേപ്പറിലായിരുന്നു ഈ നിവേദനം! സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തരത്തില്‍ ഒപ്പില്ലാത്ത രേഖകള്‍ അനുവദിക്കാറില്ലെന്നാണ് പേര് പുറത്ത് പറയാന്‍ ആഗ്രഹിക്കാത്ത ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞത്; ‘അജ്ഞാതരായി ഇരുന്നുകൊണ്ട് പണം സംഭാവന ചെയ്യുന്ന പദ്ധതിയെ കുറിച്ച് ആരെങ്കിലും എഴുതുകയോ പറയുകയോ ചെയ്തിട്ടുണ്ടാകാന്‍ സാധ്യതയുണ്ട്. സാമ്പത്തികകാര്യ വകുപ്പ് ഇതുമായി ബന്ധപ്പെട്ട് റവന്യു വകുപ്പിനോടോ മറ്റെതെങ്കിലും വകുപ്പിനോടോ അഭിപ്രായം തേടിയിരുന്നുമില്ല. റവന്യൂ വകുപ്പാണ് പിന്നീട് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തെരഞ്ഞെടുപ്പ് ബോണ്ടുകളുമായി ബന്ധപ്പെട്ട ആശയരൂപീകരണത്തിന്റെ ഒരു രേഖയും ഇപ്പോഴും ലഭ്യമല്ല’.
വിവരാവകാശ പ്രവര്‍ത്തകന്‍ ബത്രയെ സംബന്ധിച്ചിടത്തോളം അദ്ദേഹം കണ്ടെത്തിയ സ്ഫോടനാത്മകമായ കാര്യങ്ങള്‍ വിവരാവകാശ നിയമത്തിന്റെ ശക്തിയെയാണ് കാണിക്കുന്നത്. ഈ നിയമത്തെയാണ് ഇല്ലാതാക്കാന്‍ മോദി സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ‘തെരഞ്ഞെടുപ്പ് ഫണ്ടിങ്ങില്‍ സുതാര്യത വരുത്താനാണ് ബോണ്ടുകള്‍ കൊണ്ടുവരുന്നതെന്ന ബിജെപിയുടെ നിലപാട് അത്ഭുതപ്പെടുത്തുന്നതായിരുന്നു. കാരണം മറ്റ് പാര്‍ട്ടികളോടൊപ്പം 2013-ലെ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഉത്തരവ് പാലിക്കാന്‍ തയ്യാറാകാതിരുന്ന പാര്‍ട്ടിയാണ് ബിജെപിയും. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികളെ കൊണ്ടുവരുന്നതായിരുന്നു 2013-ലെ സിഐസിയുടെ നിര്‍ദ്ദേശം. അത് നടന്നിരുന്നുവെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിങ്ങ് സംബന്ധിച്ച കാര്യത്തില്‍ സുതാര്യത ഉണ്ടാകുമായിരുന്നു. അതുകൊണ്ടുതന്നെ സുതാര്യതയുമായി ബന്ധപ്പെട്ട ധനമന്ത്രിയുടെ അവകാശവാദങ്ങളുടെ നിജസ്ഥിതി എനിക്ക് അറിയണമായിരുന്നു’, ബത്ര പറയുന്നു.
ബത്രയുടെ വിവരാവകാശ ചോദ്യങ്ങളാണ് എങ്ങനെയാണ് ആര്‍ബിഐയും തെരഞ്ഞെടുപ്പ് കമ്മീഷനും പല പ്രതിപക്ഷ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് ബോണ്ടിനെ എതിര്‍ത്തത് എന്ന് വെളിപ്പെടുത്തിയത്. മോദി മന്ത്രിസഭയിലെ അംഗങ്ങള്‍ എങ്ങനെയൊക്കെയാണ് പാര്‍ലമെന്റില്‍ കള്ളം പറഞ്ഞതെന്നും, പ്രധാനമന്ത്രിയുടെ ഓഫീസ് ധനമന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ ലംഘിച്ച് എങ്ങനെയാണ് കാലവധി കഴിഞ്ഞ ബോണ്ടുകള്‍ സ്വീകരിക്കുന്നതിന് പ്രത്യേക ഇളവ് നല്‍കിയതെന്നും വ്യക്തമായത് ഇതുവഴിയാണ്. ഈ വെളിപ്പെടുത്തലുകള്‍ നിരവധി പുതിയ ചോദ്യങ്ങള്‍ക്ക് കാരണമാകുകയാണ്.
ധനമന്ത്രാലയത്തിലെ ഏത് വകുപ്പ്, എങ്ങനെയാണ് തെരഞ്ഞെടുപ്പ് ബോണ്ട് എന്ന ആശയത്തെ ആവിഷ്‌ക്കരിച്ചത്? തെരഞ്ഞെടുപ്പ് ബോണ്ടുകളുമായി ബന്ധപ്പെട്ട് നിരവധി നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതുള്ളതിനാല്‍ സാധാരണ മറ്റ് കാര്യങ്ങളില്‍ ചെയ്യാറുള്ളതുപോലെ ഇക്കാര്യത്തില്‍ നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം ആരാഞ്ഞിരുന്നുവോ? തെരഞ്ഞെടുപ്പ് ബോണ്ടുകളുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ ആക്ഷേപങ്ങളില്‍ ഒരു വര്‍ഷത്തോളമായി സര്‍ക്കാരില്‍നിന്ന് മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ എതിര്‍പ്പുമായി മുന്നോട്ട് പോകാതിരുന്നത്? തെരഞ്ഞെടുപ്പ് കമ്മീഷന്റെ എതിര്‍പ്പ് രേഖപ്പെടുത്തിയ കത്ത് തന്നെ സര്‍ക്കാര്‍ മൂടിവെച്ചത് എന്തിനാണ്? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇനി ലഭിക്കുക എളുപ്പമല്ല. കാരണം ഈ വെളിപ്പെടുത്തലുകള്‍ സാധ്യമാക്കിയ വിവരാവകാശ നിയമം ദുര്‍ബലപ്പെടുത്തുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത് എന്നതു കൊണ്ട് തന്നെ.