UPDATES

ഉത്തരകാലം

സോഷ്യലിസ്റ്റ് മണ്ഡലത്തില്‍ ഇത്തവണ ആരു കരകയറും?

മണ്ഡല പര്യടനം

                       

വടകര പാര്‍ലമെന്റ് നിയോജക മണ്ഡലം അങ്കത്തട്ടും വാളും പരിചയും ഉറുമിയും ഓര്‍മ്മപ്പെടുത്തുന്നു. വടകര കെ പി ഉണ്ണികൃഷ്ണന്റെ സ്വന്തം മണ്ഡലം എന്നാണ് അറിയപ്പെടുന്നത്. കോഴിക്കോട് ജില്ലയുടെ വടക്കുള്ള ഒരു പ്രദേശമാണ് വടകര. വടകര കോഴിക്കോട് ജില്ലയില്‍ ആണെങ്കിലും കണ്ണൂര്‍ ജില്ലയിലെ ഏതാനും നിയമസഭാ മണ്ഡലങ്ങള്‍ കൂടി ഈ പാര്‍ലമെന്റ് മണ്ഡലത്തില്‍ വരും. കണ്ണൂരിലെ രൂക്ഷമായ രാഷ്ട്രീയ പോരാട്ടം വടകരയിലും എപ്പോഴും പ്രതിഫലിക്കാറുണ്ട്. ഇപ്പോഴത്തെ വടകര പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ കോഴിക്കോട് ജില്ലയിലെ നാദാപുരം, വടകര, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി നിയമസഭാ മണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ്.

സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള വോട്ടര്‍മാരാണ് അവിടെ കൂടുതലായിട്ടുള്ളത് എന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയാറുണ്ട്. കെ പി ഉണ്ണികൃഷ്ണന്റെ സാന്നിധ്യമാണ് അങ്ങനെ പറയുവാന്‍ സാഹചര്യം ഒരുക്കിയത്. എന്നാല്‍ രാഷ്ട്രീയ ചരിത്രം പരിശോധിച്ചു കഴിഞ്ഞാല്‍ വടകര പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ നിന്നും സോഷ്യലിസ്റ്റുകള്‍ മാത്രമല്ല കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസും ഇവിടെ നിന്ന് ജയിച്ചു കയറിയിട്ടുണ്ട് എന്ന് മനസ്സിലാകും. 1957 കേരളം രൂപീകരിച്ചതിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഡോക്ടര്‍ കെ പി മേനോന്‍ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം തിരഞ്ഞെടുപ്പില്‍ 1962 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എ വി രാഘവന്‍ ജയിച്ചു. 1967 ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടയുടെ എ ശ്രീധരന്‍ ജയിച്ചു.1971ലും 77 ലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി കെ പി ഉണ്ണികൃഷ്ണനാണ് ജയിച്ചത്. എന്നാല്‍ 1980, 84, 89, 91 കാലഘട്ടത്തില്‍ കെ പി ഉണ്ണികൃഷ്ണന്‍ തന്നെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ബാനറില്‍ ഇടത് പിന്തുണയില്‍ പാര്‍ലമെന്റ് അംഗമായത്.

1996 ല്‍ ഒ ഭരതനും, 1998, 99 തിരഞ്ഞെടുപ്പില്‍ എ കെ. പ്രേമജവും, 2004 ല്‍ പി സതീദേവിയും ഇടതുപക്ഷത്തിന്റെ ചെങ്കൊടി പാറിച്ച് വടകരയുടെ പ്രതിനിധിയായി. 2009ലും 2014 ലും മുലപ്പള്ളി രാമചന്ദ്രനേയും 2019 ല്‍ കെ മുരളീധരനേയുമാണ് ഇന്ത്യന്‍ നാഷ്ണല്‍ കോഗ്രസിന്റെ പ്രതിനിധികളായി വടകര തിരഞ്ഞെടുത്തത്.

2019ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര നിയോജക മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ തലശ്ശേരിയില്‍ മാത്രമാണ് ഇടതു മുന്നണിക്ക് ഭൂരിപക്ഷം നേടാന്‍ ആയത്. കൂത്തുപറമ്പ്, വടകര, നാദാപുരം, കുറ്റ്യാടി, കൊയിലാണ്ടി, പേരാമ്പ്ര എന്നീ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ആയിരുന്നു മുന്‍തൂക്കം. എന്നാല്‍ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ വടകരയില്‍ ആര്‍എംപിക്ക് മാത്രമാണ് ജയിച്ചത്. വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ മറ്റ് ആറു മണ്ഡലങ്ങളില്‍ ഇടതുപക്ഷം വമ്പിച്ച മേല്‍ക്കൈ നേടുകയും ഉണ്ടായി. ഇടതുപക്ഷ കോട്ടയാണെന്ന് കാലങ്ങളായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയ വടകര മണ്ഡലം തിരിച്ചുപിടിക്കുക എന്നുള്ള ലക്ഷ്യം ഇടതുമുന്നണിക്ക് ഉണ്ട്. എന്നാല്‍ കാലങ്ങളായി സുരക്ഷിതമായി കൈവശം വെച്ചിരിക്കുന്ന വടകര പാര്‍ലമെന്റ് മണ്ഡലം നിലനിര്‍ത്തുക എന്നുള്ള ലക്ഷ്യം കോണ്‍ഗ്രസിനും ഉണ്ട്. ഒരു ലക്ഷത്തിന് താഴെ മാത്രം വോട്ടര്‍മാരുടെ പിന്തുണ ഉണ്ടായിരുന്ന ബി.ജെ പി അത് ഒരു ലക്ഷം വോട്ടര്‍മാരുടെ പിന്തുണയാക്കി വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍