January 22, 2025 |

ഇത്തവണ കൊല്ലം ആര് പിടിക്കും

മണ്ഡല പര്യടനം

കൊല്ലം പാർലമെൻ്റ് നിയോജക മണ്ഡലം റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടിയുടെ ( ആർഎസ്പി ) സംസ്ഥാന ശക്തികേന്ദ്രമാണ്. ഇടത് പക്ഷവും അവിടെ ശക്തമാണ്. സിപിഐ എമ്മിന്റെയും, സി പി ഐയുടേയും ശക്തി ഒരു പോലെ ഇവിടെ കാണാം. കോൺഗ്രസ് സ്ഥാനാർത്ഥികൾ ഇവിടെ ജയിച്ച ചരിത്രം ഉള്ളത് കൊണ്ട് കൊല്ലത്ത് കോൺഗ്രസിന്റെ പ്രഭാവമില്ലെന്നും പറയാനും സാധിക്കില്ല. ജയിക്കുന്ന സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന മാർജിൻ പിടിക്കാൻ ബി.ജെ പിക്ക് ഇതുവരെ സാധിച്ചിട്ടില്ല എന്നത് പരാമർശിക്കാതിരിക്കാനും കഴിയില്ല. ആർ എസ് പി യുടെ സമുന്നതനായ നേതാവ് ആർ ശ്രീകണ്ഠൻ നായർ അഞ്ച് തവണയാണ് കൊല്ലത്തിൻ്റെ പ്രതിനിധിയായി പാർലമെൻ്റിൽ എത്തിയത്. എന്നാൽ 1980 ൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിൻ്റെ ബി കെ നായർ ശ്രീകണ്ഠൻ നായരെ തോൽപ്പിച്ച് മണ്ഡലം പിടിച്ചു വാങ്ങി.

1984, 1989, 1991 എന്നീ വർഷങ്ങളിൽ നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിൻ്റെ എസ് കൃഷ്ണകുമാർ മണ്ഡലം സ്വന്തമാക്കി വിസ്മയം തീർത്തിരുന്നു.1996 ൽ ആർ എസ് പി യുടെ യുവതുർക്കി എന്ന വിശേഷണവുമായി എത്തിയ എൻ.കെ. പ്രേമചന്ദ്രൻ, കൃഷ്ണകുമാറിനെ തോൽപ്പിച്ച് ജയൻ്റ് കില്ലറായി കൊല്ലം പാർലമെൻ്റ് പ്രതിനിധിയായി ഡൽഹിക്ക് വണ്ടി കയറി. 1998 ൽ പ്രേമചന്ദ്രൻ വിജയം ആവർത്തിച്ചു. ആർ എസ് പി പിളർന്നത് കാരണമാക്കി സിപിഐഎം കൊല്ലം മണ്ഡലം പിടിച്ച് വാങ്ങി.1999 ൽ പി. രാജേന്ദ്രനെ വിജയിപ്പിച്ചു. 2004 ൽ വീണ്ടും വിജയിച്ച പി. രാജേന്ദ്രനെ 2009 ൽ തോൽപ്പിച്ച് കോൺഗ്രസ് നേതാവ് പീതാബരക്കുറുപ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെൻ്റിലെത്തുകയും ചെയ്തു.

2014 ലെ തെരഞ്ഞെടുപ്പ് വന്നപ്പോൾ ആർഎസ്പി കൊല്ലം മണ്ഡലം തിരികെ ചോദിക്കുകയായിരുന്നു. മണ്ഡലം വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയെ കളത്തിലിറക്കി. എൽഡിഎഫ് വിട്ട് യുഡിഎഫിൽ ചേർന്ന ആർ എസ് പി എൻ.കെ. പ്രേമചന്ദ്രനെ മത്സരിപ്പിച്ച് മണ്ഡലത്തിൽ വിജയകൊടി പാറിച്ചു. 2019 ലും എൻ കെ പ്രേമചന്ദ്രൻ ഇപ്പോഴത്തെ ധനമന്ത്രി കെ. എൻ ബാലഗോപാലിനെ തോൽപ്പിച്ച് സി.പി.എമ്മിനോട് പക തീർക്കുകയും ചെയ്‌തു. ഇത്തവണയും പ്രേമചന്ദ്രൻ തന്നെയാണ് യു ഡി എഫ് സ്ഥാനാർത്ഥി. അഞ്ചാം തവണയാണ് പ്രേമചന്ദ്രൻ മത്സരിക്കുന്നത്.

എൽഡിഎഫ് മുന്നണിക്ക് ഇത്തവണ സ്ഥാനാർത്ഥി സിപിഎമ്മിന്റെ പ്രതിനിധിയായ കൊല്ലം എംഎൽഎയും ചലചിത്ര താരവും നടനുമായ എം മുകേഷാണ്. 2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ കൊല്ലം പാർലമെൻറ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടിയ വ്യക്തിയാണ് പ്രേമചന്ദ്രൻ. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ കുണ്ടറ ഒഴിച്ചുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ചത് എൽഡിഎഫ് സ്ഥാനാർത്ഥികളാണ്. മുകേഷിന് ഇത്തവണ അനുകൂലമായി ഇടതുമുന്നണി കണക്കാക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെയാണ്.

Post Thumbnail
ഗർഭിണികൾക്ക് 21,000 രൂപ, 500 രൂപ എൽപിജി സബ്‌സിഡി: ഡൽഹിക്ക് ബിജെപിയുടെ വാഗ്ദാനങ്ങൾവായിക്കുക

ബിജെപി ഇത്തവണ പരീക്ഷിക്കുന്നത് ചലചിത്ര താരം കൂടിയായ കൃഷ്ണകുമാറിനെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥിയായിരുന്ന ന്യൂനപക്ഷ മോർച്ചയുടെ കെ. എൻ. സാബു ഒരു ലക്ഷത്തി മൂവായിരം വോട്ടിന്റെ നേട്ടം ഉണ്ടാക്കിയിരുന്നു. ഇത്തവണ അതിലും കൂടുതൽ വോട്ട് ലഭിക്കുമെന്ന അവകാശവാദവും കെ. എൻ. സാബു ഉയർത്തുന്നുണ്ട്. ഇത്തവണ മോദിയുടെ ഗ്രാരണ്ടി ഫലിക്കുമോ എന്ന് കണ്ടറിയാം…

×