തിരഞ്ഞെടുപ്പുകളില്‍ വോട്ട് ആയി മാറുന്നത് രാഷ്ട്രീയം മാത്രമല്ല, മത-ജാതി സമവാക്യങ്ങള്‍ കൂടി ജയപരാജയങ്ങളുടെ ഉത്തരം നിര്‍ണയിക്കും. ഓരോ മതവിഭാഗങ്ങളും ഏതെല്ലാം മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും ഒപ്പം നില്‍ക്കും, ജാതി വോട്ടുകള്‍ ആരെ തുണയ്ക്കും ആരോട് പിണങ്ങും എന്നതെല്ലാം സംസ്ഥാന ഭരണത്തെ തീരുമാനിക്കുന്ന ഘടകങ്ങളാണ്. ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ വികസന-രാഷ്ട്രീയ ചര്‍ച്ചകള്‍ക്കപ്പുറം, മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ ഏകീകൃത പിന്തുണ ഒരു മുന്നണിക്ക് കിട്ടിയാല്‍, മറ്റെല്ലാം ഘടകങ്ങളെയും അപ്രസക്തമാക്കി അവര്‍ വന്‍വിജയം നേടുമെന്നാണ് നിലവിലെ രാഷ്ട്രീയ വിശകലനങ്ങള്‍ വ്യക്തമാക്കുന്നത്.
2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലെ, മലബാര്‍, കൊച്ചിന്‍, തിരുവിതാംകൂര്‍ മേഖലകളായി തിരിച്ചുള്ള സീറ്റു നില ആദ്യം പരിശോധിക്കാം.

മലബാര്‍ മേഖല
2021 ലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ 14 ജില്ലകളില്‍ വയനാട്, മലപ്പുറം, എറണാകുളം ജില്ലകള്‍ മാത്രമാണ് യുഡിഎഫിന് ഭൂരിപക്ഷം സീറ്റുകള്‍ കൊടുത്തവ. ബാക്കി 11 ജില്ലകളിലും എല്‍ഡിഎഫിന്റെ വ്യക്തമായ മുന്നേറ്റമായിരുന്നു. മേഖല തിരിച്ചു പരിശോധിച്ചാല്‍, കാസറഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെടുന്ന മലബാര്‍ മേഖലയിലെ ആകെ 48 സീറ്റുകളില്‍ 28 ഉം കിട്ടിയത് ഇടതുപക്ഷ മുന്നണിക്കാണ്. ഇവിടെ മാത്രമാണ് രണ്ടു മുന്നണികളും സമാസമം പോരാട്ടം നടത്തിയത്. ഇടതുപക്ഷത്തിന്റെ ഈ മേഖലയിലെ വിജയശതമാനം 58.33 ആയിരുന്നു. മലപ്പുറവും വയനാടും ഒഴിച്ചാല്‍ ബാക്കി വരുന്ന ജില്ലകള്‍ പൊതുവില്‍ ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്നവയുമാണ്. ജില്ല തിരിച്ചുള്ള സീറ്റുകള്‍ നോക്കിയാല്‍ അത് കൂടുതല്‍ വ്യക്തമാകും. കാസറഗോഡ് ആകെയുള്ള 5 സീറ്റില്‍ മൂന്നും എല്‍ഡിഎഫിനാണ്. ഇരു മുന്നണികളുടെയും സിറ്റിംഗ് സീറ്റുകള്‍ക്ക് ഇളക്കം തട്ടിയില്ല. കണ്ണൂരിലെ 11 സീറ്റുകളില്‍, ഇരിക്കൂറും, പേരാവൂരും ഒഴിച്ച് ബാക്കി 9-ഉം എല്‍ഡിഎഫിന് കിട്ടി. വയനാട്ടിലെ മൂന്നു സീറ്റുകളില്‍ നിന്നു മാനന്തവാടി നേടിയപ്പോള്‍, കോഴിക്കോട് വലിയ നേട്ടം തന്നെ ഇടതുപക്ഷം സ്വന്തമാക്കി, വടകരയും കൊടുവള്ളിയും മാറ്റി നിര്‍ത്തി 13-ല്‍ 11ഉം ഇടതിനൊപ്പം ചേര്‍ന്നു. മുസ്ലിം ലീഗിന്റെ കോട്ടയായ മലപ്പുറത്ത് മാത്രമാണ് യുഡിഎഫിന് നേട്ടം കിട്ടിയ ജില്ല. സംസ്ഥാനത്ത് ഏറ്റവുമധികം മണ്ഡലങ്ങളുള്ള ജില്ലയിലെ ആകെ 16 ല്‍ 12 ഉം അവര്‍ക്ക് കിട്ടി(നിലമ്പൂര്‍ സീറ്റ് ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചു പിടിച്ചതും കൂട്ടിയാല്‍ എല്‍ഡിഎഫിനെ അവര്‍ മൂന്നിലേക്ക് ഒതുക്കി).
കൊച്ചി മേഖല
പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുന്ന കൊച്ചിന്‍ മേഖലയിലേക്ക് വരുമ്പോള്‍ ഇടതുപക്ഷത്തിന് കൂടുതല്‍ മേധാവിത്വം കാണാം. ഇവിടെ 70.45 ആണ് അവരുടെ വിജയശതമാനം. നാലു ജില്ലകളിലുമായി ആകെയുള്ള 44 സീറ്റുകളില്‍ 31 ഉം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കിട്ടി. പാലക്കാട്ടെ 12 സീറ്റുകളില്‍ 10 ഉം നേടിയപ്പോള്‍ തൃശൂരിലെ 13-ല്‍ ഒന്നൊഴിച്ച് ബാക്കിയെല്ലാം സ്വന്തം. ഇടുക്കിയില്‍ അഞ്ച് സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ കുത്തക മണ്ഡലമായ തൊടുപുഴ മാത്രം യുഡിഎഫിനൊപ്പവും ബാക്കി നാല് സീറ്റുകളും എല്‍ഡിഎഫിന് ഒപ്പവും വന്നു. മലപ്പുറം കഴിഞ്ഞാല്‍ യുഡിഎഫിന്റെ ഉറച്ച ജില്ലയായി അറിയപ്പെടുന്നത് എറണാകുളമാണ്. മലപ്പുറത്ത് ലീഗ് ആണെങ്കില്‍ എറണാകുളത്ത് കോണ്‍ഗ്രസ് ആണ് സര്‍വശക്തര്‍. അവിടെ 14-ല്‍ ഒമ്പതെണ്ണവും വലതുപക്ഷ സീറ്റുകളായി, ഇടതിന് നാലും.
തിരുവിതാംകൂര്‍ മേഖല
തിരുവിതാംകൂര്‍ മേഖലയാണ് 2021-ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം നേടിക്കൊടുക്കാന്‍ മുന്നില്‍ നിന്നവരെന്നു പറയാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ആകെയുള്ള 48 സീറ്റുകളില്‍ 40 എണ്ണവും ഇടതിനൊപ്പമായിരുന്നു. 83.33 ആയിരുന്നു വിജയശതമാനം. തലസ്ഥാന ജില്ല ആരു പിടിക്കുന്നു അവര്‍ കേരളം പിടിക്കുമെന്ന ചൊല്ലിനെ ശരിവച്ചുകൊണ്ടാണ് ഇടതുപക്ഷം ആകെയുള്ള 14 സീറ്റില്‍ 13 ഉം നേടിയത്. കൊല്ലത്തും അവര്‍ ശക്തി കാണിച്ചു. 9-2 ആയിരുന്നു നില. പത്തനംതിട്ടയിലെ അഞ്ചു സീറ്റും നേടി അവര്‍ സര്‍വ്വാധിപത്യം പുലര്‍ത്തിയപ്പോള്‍, തിരുവിതാംകൂര്‍ ബെല്‍റ്റില്‍ യുഡിഎഫിന് മേല്‍കൈയുള്ള ജില്ലയായ കോട്ടയത്ത് കഴിഞ്ഞ തവണ 9-ല്‍ അഞ്ചും പിടിച്ചത് എല്‍ഡിഎഫ് ആയിരുന്നു. ആലപ്പുഴയും നിര്‍ണായക പിന്തുണ കൊടുത്തത് ഇടതുപക്ഷത്തിനായിരുന്നു. ഹരിപ്പാടില്‍ മാത്രം കോണ്‍ഗ്രസ് ഒതുങ്ങിയപ്പോള്‍ ബാക്കി എട്ട് സീറ്റുകളും ഇടതുപക്ഷം സ്വന്തമാക്കി.
എങ്ങനെയാണ് മത-ജാതി പിന്തുണ മുന്നണികള്‍ക്ക് പ്രയോജനവും തിരിച്ചടിയും ഉണ്ടാക്കിയതെന്ന് ഇനി നോക്കാം. 2016 ല്‍ നിന്നും 2021 ല്‍ എത്തിയപ്പോള്‍ ഉണ്ടായ വ്യത്യാസം കൂടി കാണേണ്ടതുണ്ട്.
ഹിന്ദു വോട്ടുകള്‍
2016-ല്‍ 26 ശതമാനം ഹിന്ദു വോട്ടുകള്‍ യുഡിഎഫിനൊപ്പം നിന്നപ്പോള്‍ 2021-ല്‍ അത് 25 ആയി കുറഞ്ഞു. അതേസമയം എല്‍ഡിഎഫ് ചെറിയ നേട്ടം ഉണ്ടാക്കുകയും ചെയ്തു. അവരുടെ കാര്യത്തില്‍ 48 ശതമാനം 50 ആയി കൂടി. ശ്രദ്ധേയമായ കാര്യം ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ സ്ഥിതിയാണ്. ബിജെപിയുടെ വലതുപക്ഷ-ഹിന്ദുത്വ രാഷ്ട്രീയം കേരളത്തില്‍ ശക്തിപ്പെടുന്നുവെന്ന പ്രചാരണത്തിനിടയിലും 2016 ല്‍ ഉണ്ടായിരുന്ന 22 ശതമാനം ഹിന്ദു വോട്ടുകള്‍ 2021-ല്‍ 21 ആയി കുറയുകയാണ് ചെയ്തത്.
മുസ്ലിം വോട്ടുകള്‍
മുസ്ലിം വോട്ടുകള്‍ പരിശോധിക്കുമ്പോള്‍ 2016-ല്‍ ഉണ്ടായിരുന്ന അതേ വോട്ട് ശതമാനം തന്നെ 2021-ലും യുഡിഎഫ് നിലനിര്‍ത്തുകയാണുണ്ടായത്(58-58). എന്‍ഡിഎയ്ക്ക് കാര്യമായ പിന്തുണയൊന്നും മുസ്ലിം സമുദായത്തില്‍ നിന്നും ഉണ്ടായിട്ടില്ല. അതേസമയം എല്‍ഡിഎഫ് 2016-ല്‍(35%) നിന്നും 2021 ല്‍ എത്തിയപ്പോള്‍ 39 ശതമാനമായി പിന്തുണ കൂട്ടി.
ക്രിസ്ത്യന്‍ വോട്ടുകള്‍
ക്രിസ്ത്യന്‍ വോട്ടുകളില്‍ 2021 ല്‍(57%) 2016നെക്കാള്‍(51%) മെച്ചം യുഡിഎഫ് ഉണ്ടാക്കിയതായി കാണാം. അതേസമയം ഇടതുപക്ഷത്തിനും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള പിന്തുണ കൂടിയിട്ടുണ്ട്. 2016-ലെ 35 ശതമാനത്തില്‍ നിന്നും 2021-ല്‍ 39 ശതമാനമായി ഉയര്‍ന്നു.
ജാതി വോട്ടുകള്‍ എങ്ങനെയാണ് ഓരോ മുന്നണിയെയും സഹായിച്ചതെന്നു കൂടി പരിശോധിക്കേണ്ടതുണ്ട്.
നായര്‍ വോട്ടുകള്‍
സംസ്ഥാനത്ത് പൊതുവില്‍ നായര്‍ വോട്ടുകള്‍ വലത്-ഇടത് മുന്നണികള്‍ക്കായി വിഭജിച്ചു പോകാറാണ് പതിവ്. എന്നാല്‍ 2016-ലെ തിരഞ്ഞെടുപ്പില്‍ നായന്മാരുടെ സഹായം ഇടതുപക്ഷത്തിനാണ് കൂടുതല്‍ കിട്ടിയത്(45 ശതമാനം), അതേസമയം യുഡിഎഫിന് 20 ശതമാനം മാത്രമായിരുന്നു. എന്നാല്‍ ഈ ട്രെന്‍ഡല്ല 2021-ല്‍ കണ്ടത്. യുഡിഎഫിന്റെ കാര്യത്തില്‍ 20 ശതമാനം എന്നത് 38 ശതമാനമായി ഉയര്‍ന്നപ്പോള്‍, 45-ല്‍ നിന്നും ഇടതുപക്ഷത്തിന് കിട്ടിയ നായര്‍ വോട്ട് ശതമാനം 2021-ല്‍ 32 ആയി കൂപ്പുകുത്തി. ഇവിടെ പ്രവര്‍ത്തിച്ചിരിക്കുന്നത് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു. സാമ്പത്തിക സംവരണവും എല്‍ഡിഎഫിനെ തുണച്ചില്ല. എന്നാല്‍ ശബരിമല ആളിക്കത്തിച്ച് ഹിന്ദുത്വബോധം ഉയര്‍ത്താന്‍ നന്നേ പരിശ്രമിച്ച ബിജെപിക്ക് നായന്മാരുടെ പിന്തുണ പ്രതീക്ഷിച്ചതുപോലെ നേടിയെടുക്കാന്‍ സാധിച്ചില്ല എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 2016-ല്‍ കിട്ടിയ 33 ശതമാനം പിന്തുണ 2021-ല്‍ 27 ആയി കുറഞ്ഞു.
മറ്റ് മുന്നാക്ക വോട്ടുകള്‍
നായന്മാരുടെ വോട്ട് കുറഞ്ഞെങ്കിലും ശബരിമലയടക്കമുള്ള വിഷയങ്ങളില്‍ ബ്രാഹ്‌മണര്‍ അടങ്ങിയ മുന്നാക്ക വിഭാഗം ബിജെപിക്ക് അനുകൂലമായി മാറിയെന്നതാണ് 2021-ലെ കണക്ക് കാണിക്കുന്നത്. 2016-ലെ 11 ശതമാനം പിന്തുണ 32 ശതമാനമായി വര്‍ദ്ധിച്ചു. ഈ വോട്ടുകള്‍ ചോര്‍ന്നത് പ്രധാനമായും യുഡിഎഫില്‍ നിന്നായിരുന്നു. 2016-ല്‍ 53 ശതമാനം മുന്നാക്ക വോട്ടുകളും സ്വന്തമാക്കിയിരുന്നത് യുഡിഎഫ് ആയിരുന്നുവെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ 35-ലേക്ക് അതു കുറഞ്ഞു. എല്‍ഡിഎഫിനും തിരിച്ചടിയാണ് ഉണ്ടായത്, 32 ശതമാനത്തില്‍ നിന്നും 27 ആയി ചുരുങ്ങി.
ഈഴവ വോട്ടുകള്‍
കേരളത്തിലെ ഏറ്റവും പ്രബലമായ വിഭാഗം. ഇവരുടെ വോട്ടുകളില്‍ ഭൂരിഭാഗം നേടുന്നവര്‍ക്കും ഭരണത്തിലേക്ക് കൂടുതല്‍ അടുത്ത് ചെല്ലാം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പകുതിയിലേറെയും ഈഴവര്‍ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്തത്(53 ശതമാനം). 2016 ല്‍ നിന്നും(49) ഇടതുപക്ഷം നിലമെച്ചപ്പെടുത്തിയതും കാണാം. എന്നാല്‍ ഈഴവ സമുദായം യുഡിഎഫില്‍ നിന്നും അകന്നു മാറുന്നതായാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടത്. 2016-ല്‍ കിട്ടിയ 28 ശതമാനം പിന്തുണ 2021-ല്‍ 21 ആയി കുറയുകയാണ് ചെയ്തത്. ഇവിടെ ശ്രദ്ധിക്കേണ്ട കണക്ക്, ഈഴവ വിഭാഗത്തില്‍ നിന്നും ബിജെപിയോട് കാണിച്ചു തുടങ്ങിയ താത്പര്യമാണ്. മുന്‍ തിരഞ്ഞെടുപ്പിലെ 18 ശതമാനം അവര്‍ 23 ശതമാനമാക്കി ഉയര്‍ത്തുന്നതാണ് കണ്ടത്.
ദളിത്-ആദിവാസി വോട്ടുകള്‍
2021-ല്‍ ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് കേരളത്തിലെ ദളിത് വിഭാഗമാണെന്നാണ് കണക്കുകള്‍ കാണിക്കുന്നു. മുന്‍ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷ ദളിത് വോട്ടുകള്‍(51) നേടിയ ഇടതുപക്ഷം 2021-ല്‍ 60 ശതമാനമായാണ് പിന്തുണ വര്‍ദ്ധിപ്പിച്ചത്. കോണ്‍ഗ്രസിന് സാരമായ തിരിച്ചടി ഇല്ലെന്നു പറയാമെങ്കിലും അവര്‍ക്ക് ദളിത് സമൂഹത്തിന്റെ വിശ്വാസം ആര്‍ജ്ജിച്ചെടുക്കാന്‍ സാധിച്ചില്ലെന്നാണ് കണക്കുകള്‍(22-21) കാണിക്കുന്നത്. ഹിന്ദു ഏകീകരണം എന്ന പ്രചാരണം നടത്തുന്ന ബിജെപിയോട് ദളിത് സമുദായത്തിന് ഇപ്പോഴും വിശ്വാസം വന്നിട്ടില്ലെന്നാണ് കാണാവുന്നത്. 2016-ല്‍ 23 ശതമാനം പിന്തുണ ദളിത് വിഭാഗത്തില്‍ നിന്നും കിട്ടിയ അവര്‍ക്ക് 2021-ല്‍ വെറും ഏഴ് ശതമാനം വോട്ടുകളാണ് നേടാന്‍ പറ്റിയത്.
അതേസമയം എസ് ടി വോട്ടുകള്‍ ബിജെപിയിലേക്ക് കൂടുതലായി പോകുന്നതും 2021-ല്‍ കണ്ടു. മുന്‍ തവണത്തെ 14 ശതമാനം അവര്‍ കഴിഞ്ഞ തവണ 22 ശതമാനമാക്കി ഉയര്‍ത്തി. ഈ വിഭാഗത്തില്‍ നിന്നും തിരിച്ചടി നേരിട്ടത് ഇടതുപക്ഷമാണെന്നും കാണാം. 2016-ല്‍ 53 ശതമാനം വോട്ടുകള്‍ കിട്ടിയ അവര്‍ക്ക് 2021-ല്‍ 42 ശതമാനം മാത്രമാണ് കിട്ടിയത്. യുഡിഎഫിന്റെ സ്ഥതിയില്‍ കാര്യമായ മാറ്റം ഉണ്ടായതുമില്ല(27-28).
മത-ജാതി വോട്ടുകള്‍ മൂന്നു മേഖലകളായി തരംതിരിച്ചു നോക്കുമ്പോള്‍ ഓരോ മുന്നണിയും എത്രത്തോളം നേട്ടവും കോട്ടവും ഉണ്ടാക്കിയെന്നു കാണാം.
മലബാര്‍ മേഖല
ഹിന്ദു വോട്ടുകള്‍
മലബാര്‍ മേഖലയില്‍ യുഡിഎഫ് അവരുടെ ഹിന്ദു വോട്ടുകള്‍ നിലനിര്‍ത്തുന്നതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടത്, അവരത് വര്‍ദ്ധിപ്പിക്കുകയും ചെയ്തു(21-23). എന്നാല്‍ ഇടതുപക്ഷത്തിന് വലിയ നിരാശയുണ്ടായി. 2016-ല്‍ 62 ശതമാനം ഹിന്ദു വോട്ടുകള്‍ ആ മേഖലയില്‍ നിന്നും സ്വന്തമാക്കിയ ഇടതുപക്ഷത്തിന് തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ 53 ശതമാനം മാത്രം പിന്തുണയാണ് കിട്ടിയത്. അതേസമയം മലബാര്‍ മേഖലയില്‍ നിന്നും നേട്ടം ഉണ്ടാക്കിയത് ബിജെപിയാണ്. 12 ശതമാനത്തില്‍ നിന്നും 21 ശതമാനത്തിന്റെ വര്‍ദ്ധനവാണ് 2016 നെ അപേക്ഷിച്ച് 2021-ല്‍ ഉണ്ടായത്.
മുസ്ലിം വോട്ടുകള്‍
മലബാര്‍ മേഖലയിലെ മുസ്ലിം വോട്ടുകളില്‍ യുഡിഎഫിന് തന്നെയാണ് അപ്രമാദിത്വം. 2016-ലെ 62 ശതമാനത്തില്‍ നിന്നും 2021-ല്‍ അവരത് 63 ശതമാനമാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. അതേസമയം ഇടതുപക്ഷത്തിന് കിട്ടിയ വോട്ട് ശതമാനത്തില്‍ 2016-ലും 2021-ലും മാറ്റം ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കാര്യമായ യാതൊരു പരിഗണനയും മുസ്ലിം വോട്ടുകളില്‍ നിന്നും എന്‍ഡിഎയ്ക്ക് കിട്ടിയിട്ടില്ല.
ക്രിസ്ത്യന്‍ വോട്ടുകള്‍
2021-ല്‍ മലബാര്‍ മേഖലയില്‍ വലിയ നേട്ടമാണ് ക്രിസ്ത്യന്‍ വോട്ടുകളില്‍ ഇടതുപക്ഷം നേടിയത്. മുന്‍ തിരഞ്ഞെടുപ്പില്‍ 48 ശതമാനം ഉണ്ടായിരുന്ന ക്രിസ്ത്യന്‍ വോട്ട് അടുത്ത തിരഞ്ഞെടുപ്പില്‍ 55 ശതമാനമായാണ് എല്‍ഡിഎഫ് വര്‍ദ്ധിപ്പിച്ചത്. മറുവശത്ത് യുഡിഎഫില്‍ നേരിയ കുറവാണ് കാണുന്നത്(48-44). എന്‍ഡിഎയ്ക്ക് യാതൊരു പ്രയോജനവും കിട്ടിയതുമില്ല.
കൊച്ചിന്‍ മേഖല
ഹിന്ദു വോട്ടുകള്‍
ഈ മേഖലയില്‍ ഹിന്ദു വോട്ടുകള്‍ പരിശോധിക്കുമ്പോള്‍ നേട്ടം ഉണ്ടാക്കിയത് എല്‍ഡിഎഫ് ആണ്. മുന്‍ തിരഞ്ഞെടുപ്പില്‍ കിട്ടിയ 41 ശതമാനം പിന്തുണ 46 ശതമാനമാക്കി 2021-ല്‍. മധ്യകേരളത്തിലും യുഡഎഫിന് ഹിന്ദു വോട്ടുകള്‍ നേടുന്നതില്‍ വീഴ്ച്ചയുണ്ടായി. 25 ശതമാനം ഉണ്ടായിരുന്നത് 22 ശതമാനമായി കുറഞ്ഞു. എന്‍ഡിഎയ്ക്കും തിരിച്ചടിയുണ്ടായി(32-25).
മുസ്ലിം വോട്ടുകള്‍
മധ്യകേരളത്തില്‍ ഇടതുപക്ഷത്തെ കാര്യമായി സഹായിച്ചത് മുസ്ലിം സമുദായമായിരുന്നു. 2016-ല്‍ കിട്ടിയ 25 ശതമാനം വോട്ടുകള്‍, 2021 ആയപ്പോള്‍ 49 ശതമാനമായാണ് ഉയര്‍ന്നത്. അതിന്റെ ക്ഷീണം നേരിട്ടവര്‍ യുഡിഎഫുകാരും. മുന്‍ തിരഞ്ഞെടുപ്പില്‍ 61 ശതമാനം മുസ്ലിം വോട്ടും നേടിയ അവര്‍ക്ക് 2021ലേക്ക് എത്തിയപ്പോള്‍ കിട്ടിയത് 45 ശതമാനം മാത്രമാണ്.
ക്രിസ്ത്യന്‍ വോട്ടുകള്‍
കൊച്ചിന്‍ മേഖലയില്‍ നോക്കിയാലും ക്രിസ്ത്യന്‍ വോട്ടുകള്‍ ഇടതുപക്ഷത്തിന് അനുകൂലമായാണ് കൂടുതലും ചെയ്യപ്പെട്ടത്. അവര്‍ക്ക് മുമ്പ് ഉണ്ടായിരുന്ന 48 ശതമാനം വോട്ടുകള്‍ 55 ശതമാനമായി ഉയര്‍ത്തി. അതേസമയം മധ്യകേരളത്തിലെ ക്രിസ്ത്യന്‍ വോട്ടുകളില്‍ യുഡിഎഫിന് കുറഞ്ഞു. മുന്‍ തിരഞ്ഞെടുപ്പില്‍ നേടിയ 48 ശതമാനം അടുത്ത തവണ 44 ആയി ഇടിഞ്ഞതാണ് കണ്ടത്. ബിജെപിയുടെ എന്‍ഡിഎ സഖ്യത്തോടും ക്രിസ്ത്യന്‍ സമുദായം കൂടുതല്‍ അകലം പാലിച്ചു(82).
തിരുവിതാംകൂര്‍ മേഖല
ഹിന്ദു വോട്ടുകള്‍
തെക്കന്‍ കേരളത്തിലെ ഹിന്ദു വോട്ടുകള്‍ യുഡിഎഫിന്റെ കാര്യത്തില്‍ മാറ്റമില്ലാതെ തുടരുകയാണ് ചെയ്തത്(30-30). എന്നാല്‍ ഇടതുപക്ഷം നേട്ടമുണ്ടാക്കി. 48 ശതമാനത്തില്‍ നിന്നും 55 ശതമാനമാക്കി വോട്ട് ഉയര്‍ത്തി. അതേസമയം ബിജെപിക്കും കൂട്ടര്‍ക്കും തെക്കന്‍ കേരളത്തിലെ ഹിന്ദുവോട്ടുകളില്‍ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ആ വിഭാഗം അവരെ കൈയൊഴിഞ്ഞതാണ് കണ്ടത്(22-17).
മുസ്ലിം വോട്ടുകള്‍
തെക്കന്‍ കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ നില മെച്ചപ്പെടുത്തി. കൂടുതല്‍ നേട്ടം ഉണ്ടാക്കിയത് യുഡിഎഫ് ആയിരുന്നു(49-52). എല്‍ഡിഎഫിന് 42 ല്‍ നിന്നും 45 ശതമാനമായും വോട്ട് ഉയര്‍ന്നു.
ക്രിസ്ത്യന്‍ വോട്ടുകള്‍
ക്രിസ്ത്യന്‍ വോട്ടുകളിലും യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ നേട്ടം ഉണ്ടാക്കി. നില കൂടുതല്‍ മെച്ചപ്പെടുത്തിയത് യുഡിഎഫ് ആയിരുന്നു. 53-ല്‍ നിന്നും 57 ശതമാനമായി അവരുടെ ക്രിസ്ത്യന്‍ വോട്ട് ഉയര്‍ന്നു. എല്‍ഡിഎഫിനും വര്‍ദ്ധനവ് ഉണ്ടായി(42-45). എന്നാല്‍ ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നും തങ്ങള്‍ക്ക് പ്രയോജനം കിട്ടുമെന്ന് കരുതിയ ബിജെപിക്ക് മുന്‍ തിരഞ്ഞെടുപ്പില്‍ കിട്ടിയ 17 ശതമാനം പിന്തുണ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും രണ്ട് ശതമാനമാകുന്നത് കാണേണ്ടി വന്നു.
ഈ കണക്കുകള്‍ പരിശോധിച്ചാല്‍, 2021 ലെ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണയും ഹിന്ദു സമുദായത്തില്‍ നിന്നുള്ള ഈഴവ-ദളിത് വോട്ടുകളും ഇടതുപക്ഷ സഖ്യത്തിന് വലിയതോതില്‍ പിന്തുണ നല്‍കിയതായി കാണാം. ഇതേ സ്ഥിതി ഇത്തവണയും തുടര്‍ന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാരിന് മൂന്നാം തവണയും തുടര്‍ച്ച ഉറപ്പിക്കാം. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ജാതി-സാമുദായിക സാഹചര്യങ്ങള്‍ മാറിയിട്ടുണ്ട്. മുസ്ലിം വോട്ടുകളില്‍ മലബാര്‍ മേഖലയില്‍ കാര്യമായ തിരിച്ചടി നേടാതിരിക്കുകയും കൊച്ചിന്‍-തിരുവിതാംകൂര്‍ മേഖലകളില്‍ നല്ല രീതിയിലുള്ള സഹായം കിട്ടുകയും ചെയ്തത് ഇടതുപക്ഷത്തിന് വഴിയൊരുക്കിയെങ്കില്‍, ഇത്തവണ മുസ്ലിം വോട്ട് ഏകീകരണം യുഡിഎഫിന് അനുകൂലമായാല്‍ യുഡിഎഫിന്റെ പ്രതീക്ഷകള്‍ സഫലമാകും. 27-29 ശതമാനം വോട്ടുണ്ട് മുസ്സിം സമുദായത്തിന്. അതിലൊരു ഏകീകരണം ഉണ്ടാവുകയും യുഡിഎഫിനോട് ചേരുകയും ചെയ്താല്‍ കാസറഗോഡ് മുതല്‍ തിരുവനന്തപുരം വരെ അതിന്റെ തരംഗം ഉണ്ടാകും.
ഹിന്ദു വോട്ടുകളില്‍, പ്രത്യേകിച്ച് ഈഴവ- ദളിത് വോട്ടുകളില്‍ പ്രതീക്ഷ വയ്ക്കുന്നവരാണ് ഇടതുപക്ഷം. കഴിഞ്ഞ തവണ അത് ഫലവത്താവുകയും ചെയ്തു. എന്നാല്‍ മലബാര്‍ മേഖലയിലെ കണക്കു നോക്കിയാല്‍ ഇടതിന്റെ ഹിന്ദു വോട്ട് ബാങ്കില്‍ ചോര്‍ച്ച കാണാം. പ്രത്യേകിച്ച് ഈഴവ വോട്ടുകളില്‍. ആ വോട്ട് ചോര്‍ച്ച യുഡിഎഫിലേക്കല്ല, ബിജെപിയിലേക്കാണ്. മലപ്പുറം ജില്ലയില്‍ കാര്യമായ രീതിയില്‍ ഹിന്ദു വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകുന്നുണ്ട്. ഓരോ ബൂത്തില്‍ നിന്നും 100 മുതല്‍ 200 വോട്ടുകള്‍ വരെയാണ് ഇത്തരത്തില്‍ പോകുന്നത്. കോഴിക്കോട് ജില്ലയിലും ഇതേ പ്രവണത കാണാം. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ നാദാപുരത്ത് വലിയ തോതിലുള്ള വളര്‍ച്ച ബിജെപി ഉണ്ടാക്കുന്നുണ്ട്. സംസ്ഥാനത്ത് 21-23 ശതമാനം വോട്ടുകളുണ്ട് ഈഴവര്‍ക്ക്, 54 ശതമാനം ഹിന്ദുക്കളില്‍ 40 ശതമാനം വോട്ടും ഈഴവ വിഭാഗത്തിനാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനോട് നീരസത്തിലായിരുന്നു ഈഴവ വിഭാഗം. ഇത്തവണയും അവരുടെ വിശ്വാസം ആര്‍ജ്ജിക്കാനുള്ള താത്പര്യം കോണ്‍ഗ്രസോ ഐക്യജനാധിപത്യ മുന്നണിയോ കാണിച്ചിട്ടില്ല. ഈ അസംതൃപ്തി എല്‍ഡിഎഫിന് പൂര്‍ണമായി ഗുണം ചെയ്യാന്‍ സാധ്യതയില്ല, മറിച്ച് ബിജെപി നേട്ടം കൊയ്യാം. ഈഴവ വോട്ടുകള്‍ ചോരുന്നത് യുഡിഎഫിനും എല്‍ഡിഎഫിനും ദോഷമാണ്.
ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം ആയിരുന്നു. മലബാര്‍ മേഖലയില്‍ വലിയ നേട്ടമാണ് അവര്‍ ഉണ്ടാക്കിയത്. കൊച്ചിന്‍ മേഖലയില്‍ പൊതുവില്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് കരുതിയ ക്രിസ്ത്യന്‍ വോട്ടുകളില്‍ ഭൂരിഭാഗത്തിനു മുകളിലും പോയത് എല്‍ഡിഎഫിലേക്കായിരുന്നു. തിരുവിതാംകൂര്‍ മേഖലയിലും ഇടതിന് പിന്തുണ കിട്ടി. ഇത്തവണ ഈ ന്യൂനപക്ഷ വിഭാഗം എങ്ങനെ ചിന്തിക്കുന്നുവെന്നത് കൂടി ഭരണസ്വപ്‌നങ്ങളെ സ്വാധീനിക്കും. യുഡിഎഫിന് അവരുടെ വിശ്വാസം തിരിച്ചു പിടിക്കാന്‍ പറ്റിയിട്ടുണ്ടെങ്കില്‍ ക്രിസ്ത്യന്‍ വിഭാഗം വലത്തേക്ക് തിരിയും. ബിജെപിക്ക്, ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് കാര്യമായ സഹായം കിട്ടുമോയെന്നത് സംശയമാണ്. അരമനകളിലൊക്കെ അവര്‍ ബന്ധം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും മൂന്നു മേഖലകളിലും കഴിഞ്ഞ തവണ അവര്‍ക്ക് യാതൊരു സഹായവും കിട്ടിയില്ലെന്നതു മാത്രമല്ല, 2016 നെക്കാള്‍ തിരിച്ചടിയാണ് 2021-ല്‍ ഉണ്ടായതെന്നും കാണാം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായാല്‍ മാത്രമാണ് കഥയില്‍ ട്വിസ്റ്റ് വരൂ.
ഏതായാലും രാഷ്ട്രീയവും വികസനവും മാത്രമല്ല, സാമുദായിക സമവാക്യങ്ങള്‍ കൂടി ചേര്‍ന്നാണ് കേരളത്തിന്റെ ഭാവി നിശ്ചയിക്കാന്‍ പോകുന്നത്.
(സിഎസ്ഡിഎസ്-ലോക്‌നീതി സര്‍വേയില്‍ നിന്നുള്ള വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്)
Content Summary: Kerala Election-2026-How the shift in Caste-Community vote banks could act as a decider for the political fronts fortunes
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.