പാലക്കാട് നിയമസഭ മണ്ഡലം യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. 2011 മുതല്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് എംഎല്‍എയാണ്. 2024-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും ജയിച്ചത് കോണ്‍ഗ്രുകാരന്‍, അതും റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍. എന്നിട്ടും ഈ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫും കോണ്‍ഗ്രസും ഏറ്റവും അസ്വസ്ഥരാകുന്നത് പാലക്കാടിനെ പ്രതി? ബിജെപി-സിപിഎം ലീഡ് എന്ന ആരോപണം ഉയര്‍ത്തി, അതില്‍ മാത്രം ചവിട്ടി നിന്നാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്.

എന്താണ് ഇത്തവണ കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നത്? ബിജെപിയാണോ? അതോ സിപിഎം സ്വതന്ത്രനാക്കി മത്സരത്തിനിറക്കിയ എന്‍എംആര്‍ റസാഖോ? കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളും ആരോപണങ്ങളും എല്ലാം ഒറ്റ പോയിന്റിലേക്കാണ് വരുന്നത്; സിപിഎം മുസ്ലിം വോട്ടുകളില്‍ പിളര്‍പ്പ് ഉണ്ടാക്കുന്നു. അത് വിശദീകരിച്ചാല്‍ ഇങ്ങനെയാണ്; സിപിഎം റസാഖിനെ നിര്‍ത്തിയതോടെ മുസ്ലിം വോട്ടുകളില്‍ പിളര്‍പ്പ് ഉണ്ടാകും. യുഡിഎഫിലേക്ക് വരുമായിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ റസാഖിലേക്കും പോയാല്‍ ബിജെപിക്ക് ഗുണം കിട്ടും. അതുവഴി ശോഭ സുരേന്ദ്രന്‍ വിജയിക്കും.
വിജയസാധ്യതയില്ലാത്ത ഒരു തേര്‍ഡ് പാര്‍ട്ടി ക്യാന്‍ഡിഡേറ്റ് ആയാണ് അവര്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എന്‍എംആര്‍ റസാഖിനെ സിപിഎം രംഗത്തിറക്കിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു. റസാഖ് ‘സ്‌പോയ്‌ലര്‍ എഫക്ട്’ ആകുമെന്നവര്‍ ഭയക്കുന്നു. വിജയസാധ്യതയില്ലാത്ത സ്ഥാനാര്‍ത്ഥി വിജയസാധ്യതയുള്ള മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ ഉണ്ടാക്കുന്ന പ്രതിഭാസമാണ് സ്‌പോയ്‌ലര്‍ എഫക്ട്. മുസ്ലിം വോട്ടിന്മേലാണ് കോണ്‍ഗ്രസിന്റെ ഭയം. റസാഖ് എന്ന മുസ്ലിം നാമധാരി വന്നതോടെ ആ സമുദായിക വോട്ടില്‍ പിളര്‍പ്പ് ഉണ്ടാകുമെന്നും തങ്ങള്‍ക്കത് നഷ്ടമാകുമെന്നും അവര്‍ ഭയക്കുന്നു.
ഈ ഭയത്തിന്റെ അടിസ്ഥാനമെന്താണ്? ഈ ചോദ്യത്തിന് ഉത്തരം തേടുന്നതിനു മുമ്പ് പാലക്കാട് മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവവും സാമുദായിക വോട്ട് വിഹിതങ്ങളും അറിയേണ്ടതുണ്ട്. അതിനൊപ്പം കഴിഞ്ഞ കാല തിരഞ്ഞെടുപ്പ് ചിത്രങ്ങള്‍ കൂടി പരിശോധിക്കാം.
കേരളത്തിലെ ബിജെപി അവരുടെ ‘ ഗുജറാത്ത്’ എന്ന് വിശേഷിപ്പിക്കുന്ന, അവര്‍ തുടര്‍ച്ചയായി ഭരണം പിടിക്കുന്ന പാലക്കാട് നഗരസഭ ഉള്‍പ്പെടുന്നതാണ് പാലക്കാട് നിയമസഭ മണ്ഡലം. 2016 മുതല്‍ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്താണ്. ഇത്തവണ ഒന്നാം സ്ഥാനത്തില്‍ കുറഞ്ഞ് ചിന്തിക്കുന്നില്ല.
സിപിഎമ്മിന്റെ അവസ്ഥ മറ്റ് രണ്ടുപേരെയും അപേക്ഷിച്ച് മോശമാണ്. അഞ്ച് തവണ സീറ്റ് പിടിച്ച പാര്‍ട്ടിയാണെങ്കിലും 2011-ല്‍ രണ്ടാം സ്ഥാനത്ത് വന്നതാണ് സിപിഎമ്മിന് ആശ്വാസം നല്‍കുന്ന ഏക മത്സരം. 2016 മുതല്‍ പാലക്കാട് കോണ്‍ഗ്രസ്-ബിജെപി മത്സരമാണ്.
പാലക്കാട് നഗരസഭ, പിരിയാടി, മാത്തൂര്‍, കണ്ണാടി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് നിയമസഭ മണ്ഡലം. പാലക്കാട് നഗരസഭ കഴിഞ്ഞ മൂന്നു ടേമുകളിലായി ബിജെപിയുടെ കൈവശമാണ്. 24 സീറ്റുകള്‍ നേടി 2015ലാണ് അവര്‍ ആദ്യമായി അധികാരത്തില്‍ വന്നത്. 2020-ല്‍ 28 സീറ്റുകളുമായി അധികാരം ഉറപ്പിച്ചു, 2025-ല്‍ ശക്തമായ മത്സരം യുഡിഎഫില്‍ നിന്നും നേരിടേണ്ടി വന്നെങ്കിലും 25 സീറ്റുമായി ഭരണം നിലനിര്‍ത്തി. യുഡിഎഫ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ അധികം നേടി 17 സീറ്റുകളിലെത്തി. നഗരസഭ പരിധിയില്‍ ശക്തിയില്ലാത്ത സിപിഎമ്മിന് കിട്ടിയത് എട്ട് സീറ്റാണ്.
അതേസമയം നഗരസഭ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതത്തില്‍ ബിജെപിയെക്കാള്‍ നേട്ടം ഉണ്ടാക്കിയത് കോണ്‍ഗ്രസാണ്. നാല് ശതമാനത്തോളം വോട്ടാണ് യുഡിഎഫിന് കൂടിയത്. 2020-ലെ തിരഞ്ഞെടുപ്പില്‍ 40 ശതമാനത്തിന് അടുത്ത് വോട്ട് കിട്ടിയ ബിജെപിക്ക് 1.6 ശതമാനം വോട്ട് കുറയുകയാണുണ്ടായത്.
നിയമസഭ വിജയത്തില്‍ നിര്‍ണായകമാകുന്ന പഞ്ചായത്തുകളിലേക്കു വന്നാല്‍, പിരിയാരി യുഡിഎഫിന്റെ കോട്ടയാണ്. കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് അവിടെ എതിരാളികളെ ദുര്‍ബലരാക്കുന്നു. കണ്ണാടി എല്‍ഡിഎഫിന് വലിയ സ്വാധീനമുള്ളൊരു പഞ്ചായത്താണെങ്കിലും ഇപ്പോഴിത് യുഡിഎഫിന്റെ കൈയിലാണ്. ഇത്തവണയും വാശിയേറിയ പോരാട്ടത്തിനൊടുവില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തുകയാണുണ്ടായത്.
കണ്ണാടി പോലെ, മാത്തൂരും എല്‍ഡിഎഫിന്റെ കൈയിലുണ്ടായിരുന്ന പഞ്ചായത്തായിരുന്നു. എന്നാല്‍ 2020 ലെ വിജയം യുഡിഎഫ് 2025ലും ആവര്‍ത്തിച്ചു. എങ്കിലും മാത്തൂരില്‍ തങ്ങള്‍ പ്രബലര്‍ തന്നെയാണെന്ന ആത്മവിശ്വാസം നല്‍കിയ തിരഞ്ഞെടുപ്പ് ഫലമായിരുന്നു എല്‍ഡിഎഫിന്. കണ്ണാടിയിലും മാത്തൂരും ബിജെപി അവരുടെ വോട്ട് കൂട്ടുന്നുണ്ടെന്നതും ശ്രദ്ധിക്കണം. 2മുതല്‍ 5 ശതമാനം വരെ അവര്‍ക്ക് വോട്ട് വര്‍ദ്ധിക്കുന്നുണ്ട്. എങ്കിലും മൂന്നു പഞ്ചായത്തുകളിലുമായി യുഡിഎഫിന് 40 മുതല്‍ 47 ശതമാനം വരെയും എല്‍ഡിഎഫിന് 31 മുതല്‍ 37 ശതമാനം വരെയും വോട്ട് വിഹിതം ഉള്ളപ്പോള്‍ ബിജെപിക്ക് 15 മുതല്‍ 22 ശതമാനം വരെ മാത്രമാണത്. എന്നാല്‍ നഗരസഭയില്‍ അവര്‍ സ്ഥിരമായി 35 ശതമാനത്തിന് മുകളില്‍ വോട്ട് നിലനിര്‍ത്തുന്നുണ്ട്.
പഞ്ചായത്തുകളുടെ കാര്യമെടുത്താല്‍ 2020 മുതല്‍ യുഡിഎഫ് മൂന്നിടത്തും അവരുടെ വോട്ട് വിഹിതം 40 ശതമാനത്തിന് മുകളില്‍ എത്തിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടിയ വര്‍ദ്ധിച്ച് ഭൂരിപക്ഷം ഇതുവഴിയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം മാത്തൂരും കണ്ണാടിയിലും ഭരണം ഉണ്ടായിരുന്ന എല്‍ഡിഎഫിന് 2020 മുതല്‍ തിരിച്ചടിയാണ്. 41 ശതമാനത്തോളം വോട്ട് വിഹിതം ഉണ്ടായിരുന്ന രണ്ടിടത്തും 36 ആയി കുറഞ്ഞു. കോണ്‍ഗ്രസും ബിജെപിയുമാണ് അവരുടെ വോട്ടു ബാങ്കില്‍ വിള്ളല്‍ വീഴ്ത്തിയത്.
യുഡിഎഫിന്റെ വിജയ പ്രതീക്ഷ ഈ മൂന്നു പഞ്ചായത്തുകളില്‍ തന്നെയാണ്. രാഹുല്‍ ജയിച്ച ഉപതിരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടാണ് കിട്ടിയത്. 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പ് നോക്കുമ്പോള്‍ നഗരസഭയിലും പഞ്ചായത്തുകളിലും അവര്‍ക്ക് വോട്ട് വിഹിതം കാര്യമായി ഉയര്‍ത്താനും കഴിഞ്ഞു. ബിജെപിക്ക് വോട്ട് വിഹിതം നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നല്ലാതെ കോണ്‍ഗ്രസിനെ പോലെ ഉയര്‍ത്താന്‍ സാധിച്ചിട്ടില്ല. പഞ്ചായത്തുകളില്‍ മെച്ചമുണ്ടാക്കി എന്നതല്ലാതെ നഗരസഭ പരിധിയില്‍ സിപിഎമ്മിന് നേട്ടമില്ല. അതുകൊണ്ട് കണക്കുകള്‍ നോക്കിയാല്‍ യുഡിഎഫിന് നേരിയതാണെങ്കിലും മുന്‍തൂക്കമുള്ള മണ്ഡലം തന്നെയാണ് പാലക്കാട്.
2021-ല്‍ ഷാഫി പറമ്പിലും ഇ. ശ്രീധരനും തമ്മില്‍ നടന്നത് ഏറ്റവും വാശിയേറിയ മത്സരമായിരുന്നു. 3859 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാഫി ജയിക്കുന്നത്. വ്യത്യാസം വെറും 2. 71. എന്നാല്‍ 2024-ലെ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സി. കൃഷ്ണ കുമാറിനെ പരാജയപ്പെടുത്തുന്നത് 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്, കോണ്‍ഗ്രസിന്റെ വിജയശതമാനം 13.64 ശതമാനം വോട്ടുകളുടെ വ്യത്യാസത്തില്‍. ഈ കണക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ നഗരസഭയില്‍ ഉണ്ടാക്കിയ മുന്നേറ്റവും മൂന്നു പഞ്ചായത്തുകളിലുമായി നിലനിര്‍ത്തിയ ആധിപത്യവുമായിരിക്കും രമേഷ് പിഷാരടിയെ പോലെ പൂര്‍ണമായും രാഷ്ട്രീയക്കാരനല്ലാത്തൊരാളെ പാലക്കാട് മണ്ഡലത്തില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രേരിപ്പിച്ചത്.
പാലക്കാട് കോണ്‍ഗ്രസ് പ്രതീക്ഷ വയ്ക്കുന്നത് എതിരാളി ബിജെപിയാണ് എന്നിടത്താണ്. അതായത് ബിജെപിയെ പരാജയപ്പെടുത്താന്‍ മതേതര വോട്ടുകള്‍ ഏകീകരിക്കുമെന്ന് അവര്‍ കരുതുന്നു. ബിജെപി ഉണ്ടാക്കിയിരിക്കുന്ന വോട്ട് ബാങ്ക് ഇളകാത്തതാണ്, അതിനപ്പുറമുള്ള വോട്ട് ഇടതുപക്ഷത്തിന് ഉള്‍പ്പെടെ വിഘടിച്ചു പോകുന്നതാണ്. തങ്ങളുടെ പങ്കും, ഇടതിനുള്‍പ്പെടെ പോകുന്നവയും കൂടി ചേര്‍ന്ന് തങ്ങളിലേക്ക് തന്നെ വന്നാല്‍ വിജയം ഉറപ്പെന്ന് യുഡിഎഫ് കരുതുന്നു.
65 മുതല്‍ 68 ശതമാനം വരെ ഹിന്ദുക്കള്‍ ഉള്ള മണ്ഡലമാണ് പാലക്കാട്. ഇതില്‍ നായര്‍, ഈഴവ, വിശ്വകര്‍മ, പട്ടികജാതി വിഭാഗങ്ങള്‍ നിര്‍ണായകമാണ്. 26-28 ശതമാനമാണ് മുസ്ലിം വോട്ടുകള്‍. ക്രിസ്ത്യന്‍ വോട്ടുകള്‍ 4-5 ശതമാനത്തില്‍ നില്‍ക്കും.
നായര്‍ വോട്ടുകളില്‍ 30 മുതല്‍ 40 ശതമാനം വരെ ഇപ്പോള്‍ ബിജെപിക്കൊപ്പമാണ്. 2016 മുതല്‍ ഇതാണ് ട്രെന്‍ഡ്. നായര്‍ വോട്ടുകള്‍ വലിയ തോതില്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പോയിട്ടുണ്ട്. എന്നാല്‍ 2024 ലെ ഉപതിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ നായര്‍ വോട്ടുകളുടെ സഹായം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയിട്ടുണ്ട്. സ്ഥിരമായി നില്‍ക്കുന്ന ഒരു ചെറിയശതമാനം മാത്രമാണ് നായര്‍ വോട്ടുകളായി എല്‍ഡിഎഫിന് കിട്ടുന്നത്. ഈഴവ വോട്ടുകളാണ് എല്‍ഡിഎഫിന്റെ ശക്തി. ഇതില്‍ പകുതിയും അവര്‍ക്ക് കിട്ടുന്നുണ്ടായിരുന്നു. എങ്കിലും ബിജെപി ഈ വോട്ട് ബാങ്കില്‍ വിള്ളലുകള്‍ വീഴ്ത്തുന്നുണ്ട്. ഇവര്‍ രണ്ടുപേരെയും അപേക്ഷിച്ച് യുഡിഎഫിന് ഈഴവരില്‍ നിന്നും കാര്യമായ സഹായം കിട്ടുന്നില്ല. ഹിന്ദു വിഭാഗത്തില്‍ നിര്‍ണായകമായ മറ്റൊരു ഘടകം ദളിത് വോട്ടുകളാണ്. ഇടതുപക്ഷമായിരുന്നു ഇതിന്റെ പ്രധാന ഗുണഭോക്താക്കളെങ്കിലും മറ്റ് ഹൈന്ദവ വിഭാഗങ്ങളിലെന്നപോലെ ഇവിടെയും ബിജെപി സ്വാധീനം ഉണ്ടാക്കുകയാണ്. ഒരുപങ്ക് യുഡിഎഫിലേക്കും പോകുന്നുണ്ട്.
28 ശതമാനത്തോളം വരുന്ന മുസ്ലിം വോട്ടുകളില്‍ യുഡിഎഫ് അമിത പ്രതീക്ഷ വയ്ക്കുന്നുണ്ട്. ഏകദേശം 60 ശതമാനം അവര്‍ക്ക് തന്നെയാണ് കിട്ടുന്നതും. 30 ശതമാനത്തോളം വോട്ടുകള്‍ ഇടതുപക്ഷത്തിനുമുണ്ട് മുസ്ലിം വിഭാഗത്തില്‍ നിന്ന്. ഉപതിരഞ്ഞെടുപ്പില്‍ രാഹുലിന്റെ വന്‍ വിജയത്തിന് മുസ്ലിം വോട്ടുകളുടെ വലിയ തോതിലുള്ള പിന്തുണ സഹായിച്ചിട്ടുണ്ട്. പിരിയാരി പഞ്ചായത്തില്‍ ലീഗ് ശക്തമാണ്. അവിടെ നല്ല രീതിയില്‍ മുസ്ലിം വോട്ടുകളുടെ ഏകീകരണം യുഡിഎഫിലേക്ക് ഉണ്ടായിട്ടുണ്ട്. കണ്ണാടിയിലും മാത്തൂരും ഷാഫി നേടിയതിനെക്കാള്‍ വോട്ട് രാഹുല്‍ നേടിയതും ഈ ഏകീകരണം മൂലമാണ്. 42 ശതമാനം വോട്ടാണ് മണ്ഡലത്തില്‍ രാഹുല്‍ നേടിയത്.
ഇ ശ്രീധരന്‍ മത്സരിച്ചപ്പോള്‍ ഉണ്ടായിരുന്ന 35 ശതമാനം വോട്ട്, ഉപതിരഞ്ഞെടുപ്പില്‍ 28 ശതമാനമായി പോയത് ബിജെപി കാര്യമാക്കുന്നില്ല. പഞ്ചായത്തുകളില്‍ വോട്ട് കൂടുന്നതും നഗരസഭ പരിധിയില്‍ വോട്ട് നിലനിര്‍ത്തുന്നതിനും ഒപ്പമാണ് ശോഭ സുരേന്ദ്രന്‍ എന്ന സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപ്രഭാവത്തിലും അവര്‍ വിശ്വസിക്കുന്നത്.
കണക്കുകള്‍ പ്രകാരം മുന്‍തൂക്കം യുഡിഎഫിന് ഉണ്ട്. എന്നിട്ടും അവര്‍ അസ്വസ്ഥരാകുന്നത് എന്തിനാണെന്നാണ് തുടക്കത്തില്‍ ചോദിച്ചത്. അതിലേക്ക് തിരിച്ചു വരാം. മുസ്സിം വോട്ടുകളുടെ പിളര്‍പ്പ് തന്നെയാണ് അവരെ ഭയപ്പെടുത്തുന്നത്. ഏകദേശം 28 ശതമാനത്തോളം വരുന്ന മണ്ഡലത്തിലെ മുസ്ലിം വോട്ടുകളില്‍ 30 ശതമാനത്തോളം എല്‍ഡിഎഫിന് കിട്ടുമെന്നാണ് മുന്‍സര്‍വേകളില്‍ പറയുന്നത്. ഈ വോട്ടുകള്‍ അതി നിര്‍ണായകമാണ്. ഷാഫി-ശ്രീധരന്‍ മത്സരത്തില്‍ ഈ വോട്ടുകളുടെ ഏകീകരണവും ഒപ്പം സിപിഎം വോട്ടുകളും ബിജെപി വിജയം തടയാന്‍ വേണ്ടി ഷാഫിക്ക് പോയിരുന്നു. 2024 ഉപതിരഞ്ഞെടുപ്പിലും മുസ്സിം വോട്ടുകള്‍ ഏകീകരിക്കപ്പെടുകയും രാഹുലിന് സഹായമായി മാറുകയും ചെയ്തിരുന്നു. പക്ഷേ ഇത്തവണ യുഡിഎഫ് ചകിതരാണ്. എന്‍എംആര്‍ റസാഖ് ഉണ്ടാക്കിയിരിക്കുന്ന ആവേശം സിപിഎം വോട്ടുകള്‍ പാര്‍ട്ടിയില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്തും. അതിലുപരി മുസ്ലിം വോട്ടുകളുടെ പിന്തണയും റസാഖിന് കിട്ടും. പിരിയാരി പഞ്ചായത്ത് യുഡിഎഫിന്റെ പവര്‍ ഹൗസ് ആണെങ്കിലും സിപിഎമ്മിന്റെ പാര്‍ട്ടി അടിത്തറ ശക്തമാണ്. ഏകദേശം 30 ശതമാനത്തോളം മുസ്ലിം വോട്ട് സിപിഎമ്മിന് പിടിക്കാം. മാത്തൂരില്‍ സിപിഎമ്മിന് സ്വാധീനമുണ്ട്. ഒരു മുസ്ലിം സ്ഥാനാര്‍ത്ഥി വന്നാല്‍ അവിടെയുള്ള മുസ്ലിം വോട്ടുകളില്‍ സ്വാധീനം ഉണ്ടാക്കാമെന്ന് അവര്‍ കരുതുന്നു. കണ്ണാടിയില്‍ ഹിന്ദു-ഈഴവ വോട്ടുകളിലാണ് സിപിഎമ്മിന്റെ കരുത്ത്. എങ്കിലും ഈ മുന്നു പഞ്ചായത്തുകളില്‍ നിന്നും മുന്‍കാലങ്ങളെ അപേക്ഷിച്ച് എല്‍ഡിഎഫിന് ഉയര്‍ച്ചയവര്‍ പ്രതീക്ഷിക്കുന്നു. അതിനൊപ്പം റസാഖിന്റെ വ്യക്തിബന്ധങ്ങളിലൂടെ അയാള്‍ പിടിക്കുന്ന വോട്ടുകളും. സ്ഥാനാര്‍ത്ഥിയും എല്‍ഡിഎഫും ഒരുപോലെ പറയുന്നത് ഇത്തവണ വിജയിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഇറങ്ങിയിരിക്കുന്നതെന്നാണ്. ഈ ആത്മവിശ്വാസമാണ് യുഡിഎഫിനെ ഭയപ്പെടുത്തുന്നതും, ബിജെപിയെ ആശ്വാസം കൊള്ളിക്കുന്നതും.
മുസ്ലിം വോട്ടുകള്‍ പിളരുമെന്ന പേടിയില്‍ നിന്നാണ് രാഷ്ട്രീയമോ വികസനമോ പറയാതെ ഡീല്‍ ആരോപണം മാത്രം മുന്നില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്. പക്ഷേ ഈ ആരോപണംകൊണ്ട് എതിരാളികളെയാണ് ഉന്നം വയ്ക്കുന്നതെങ്കിലും മുസ്ലിം വിഭാഗത്തിനുമേലുള്ള വിശ്വാസക്കുറവായും അതു മാറുന്നുണ്ട്. ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയായി വന്നാല്‍ മുസ്ലിങ്ങള്‍ എല്ലാം അയാള്‍ക്ക് വോട്ട് ചെയ്യുമെന്ന ഭയം ആ സമുദായത്തെ അപമാനിക്കലാണ്. ചോദ്യമിതാണ്; മുസ്സിം സ്ഥാനാര്‍ത്ഥിയെയാണോ അതോ മുസ്സിം സമുദായത്തെയാണോ കോണ്‍ഗ്രസ് പേടിക്കുന്നത്?
തിരഞ്ഞെടുപ്പില്‍ സ്ട്രാറ്റജിക് വോട്ടിംഗ് എന്നൊരു സിദ്ധാന്തമുണ്ട്. വോട്ടുകള്‍ ഭിന്നിച്ചു പോയാല്‍ തങ്ങള്‍ ആഗ്രഹിക്കാത്ത മൂന്നാമതൊരു സ്ഥാനാര്‍ത്ഥി വിജയിക്കുമോയെന്ന് വോട്ടര്‍മാര്‍ക്ക് ഭയം വരും, അപ്പോഴവര്‍ കൂടുതല്‍ ജയസാധ്യതയുള്ള ഒരു കക്ഷിക്ക് വോട്ട് ചെയ്യും. മഞ്ചേശ്വരം ഉള്‍പ്പെടെയുള്ള ചില മണ്ഡലങ്ങളില്‍ ഈ സ്ട്രാറ്റജിക് വോട്ടിംഗ് നടക്കാറുള്ളതുമാണ്. ഈയൊരു വിശ്വാസം തങ്ങളുടെ കൂടെ നില്‍ക്കുന്നൊരു വിഭാഗത്തോട് കാണിക്കുന്നില്ല എന്നതാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും വാക്കുകളും പ്രവര്‍ത്തനങ്ങളും കാണിക്കുന്നത്. അതല്ലെങ്കില്‍ കണക്കുകള്‍ക്കും ആശ്വാസപ്പിക്കാനാകാത്തൊരു നിരാശയിലേക്ക് അവര്‍ വീണിരിക്കുന്നു.
Content Summary: Palakkad Assembly Constituency Election analysis. Why is the Congress panicked over CPM’s Muslim candidate?
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.