കേരളത്തില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട. കേരളത്തിലെ മധ്യതിരുവിതാംകൂര്‍ മേഖലയില്‍ ലോക്‌സഭാംഗത്തെ തെരഞ്ഞെടുക്കുന്നതിനായി പുതുതായി രൂപീകരിച്ച മണ്ഡലമാണിത്. പത്തനംതിട്ട ജില്ലയിലെ അഞ്ച് സംസ്ഥാന നിയമസഭാ മണ്ഡലങ്ങളും, കോട്ടയം ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുത്തിയാണ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം രൂപീകരിക്കുന്നത്.
2009ല്‍ പത്തനംതിട്ട പാര്‍ലമെന്റ് നിയോജക മണ്ഡലം രൂപീകരിക്കപ്പെട്ട നാള്‍ മുതല്‍ യുഡിഎഫ് പ്രതിനിധിയായ ആന്റോ ആന്റണി തന്നെയാണ് ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 1982 നവംബര്‍ 1 ന് അന്നത്തെ പത്തനംതിട്ട എം.എല്‍.എ ആയിരുന്ന കെ.കെ.നായരെ കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാന്‍ കെ.കരുണാകരന്‍ സമ്മാനമായി രൂപീകരിച്ചതാണ് പത്തനംതിട്ട ജില്ല. പഴയ കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളുടെ വിവിധ ഭാഗങ്ങള്‍ സംയോജിപ്പിച്ചാണ് പത്തനംതിട്ട ജില്ലയുടെ രൂപീകരണം.
ഇപ്പോഴത്തെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, ഫിലിപ്പോസ് തോമസ്, കെ അനന്തഗോപന്‍ എന്നിവര്‍ പരാജയമടഞ്ഞ മണ്ഡലത്തിലാണ് ഇപ്പോള്‍ തോമസ് ഐസക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വന്നിരിക്കുന്നത്. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അടൂര്‍ നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്നത്. എന്നാല്‍ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴിടത്തും എല്‍ഡിഎഫിന് വിജയിക്കാന്‍ സാധിച്ചു. ഈ വിജയം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ടാകും എന്ന വിശ്വാസമാണ് തോമസ് ഐസക് വച്ചുപുലര്‍ത്തുന്നത്.
ഹാട്രിക് വിജയം നേടിയ സിറ്റിംഗ് എംപി ആന്റോ ആന്റണി കഴിഞ്ഞകാല പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ നിരത്തി വോട്ടുകള്‍ അഭ്യര്‍ത്ഥിക്കുകയാണ്. തന്റെ പാര്‍ലമെന്റ് അംഗമെന്ന നിലയിലെ ചിട്ടയായ പ്രവര്‍ത്തനം ജനങ്ങളുടെ മനസ്സ് കീഴടക്കി എന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട്. ഇതൊക്കെ വോട്ടായി മാറും എന്നുതന്നെയാണ് അദ്ദേഹം വിശ്വസിക്കുന്നത്.
ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഏതാണ്ട് മൂന്ന് ലക്ഷത്തിന്റെ അടുത്ത് വോട്ടുകള്‍ നേടിയ മണ്ഡലമാണ് പത്തനംതിട്ട. മൂന്നുലക്ഷത്തില്‍ കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കുക എന്നുള്ള കടുത്ത വെല്ലുവിളിയാണ് നിലവിലെ എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായ അനില്‍ ആന്റണിക്ക് ഉള്ളത്. അത് നേടുക എന്ന ലക്ഷ്യം തന്നെയാണ് ബിജെപിക്കുള്ളതും. പ്രധാനമന്ത്രി മോദി തന്നെ നേരിട്ട് പത്തനംതിട്ടയില്‍ എത്തി പ്രചാരണം ചൂട് പിടിപ്പിച്ചതും നമ്മള്‍ കണ്ടതാണ്.
സാമ്പത്തികമായി ഏറ്റവും ധനികര്‍ താമസിക്കുന്ന മണ്ഡലം എന്നുള്ള പ്രത്യേകതയും പത്തനംതിട്ടയ്ക്ക് സ്വന്തമാണ്. ഒട്ടുമിക്ക ബാങ്കുകളുടെയും ശാഖകള്‍ പ്രവര്‍ത്തിക്കുന്ന ഒരു മണ്ഡലമാണ് പത്തനംതിട്ട എന്നത് മറ്റൊരു പ്രത്യേകതയാണ്. പ്രവാസികള്‍ ഏറെയുള്ള ഈ മണ്ഡലത്തില്‍ ക്രൈസ്തവര്‍ക്കാണ് മേല്‍ക്കൈ. ശബരിമല തീര്‍ത്ഥാടന കേന്ദ്രം ഈ മണ്ഡലത്തിലാണ് എന്നുള്ളത് ബിജെപിക്ക് ആശ്വാസം പകരുന്നുണ്ട്. ആറന്മുള വള്ളംകളിയും, മാരമണ്‍ കണ്‍വെന്‍ഷനും, ചെറുകോല്‍, കുമ്പനാട് സംഗമങ്ങളും, പെരുമലയും, മഞ്ഞനിക്കര യാത്രകളും നൂറുകണക്കിന് കണ്‍വെന്‍ഷനുകളും, പത്തനംതിട്ടയുടെ വിശേഷണങ്ങളില്‍ പെട്ടതാണ്.