UPDATES

Op-ed

‘ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയ യാത്രക്കാരാണ് കുറ്റക്കാര്‍”

പറഞ്ഞു തീര്‍ക്കാമായിരുന്ന വിഷയം വഷളാക്കി

                       

കെഎസ്ആര്‍ടിസി ബസ് വിവാദം പറഞ്ഞു തീര്‍ക്കാമായിരുന്ന ഒരു വിഷയം അനാവശ്യമായി വലുതാക്കിയതാണെന്നു കേരള ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡിജോ കാപ്പന്‍. സംഭവസ്ഥലത്ത് ദൃക്സാക്ഷികളായി ഉണ്ടായിരുന്ന യാത്രക്കാരുടെ മൗനമാണ് ഏറ്റവും നിരാശാജനകമായ കാര്യമെന്നും ഡിജോ കാപ്പന്‍ പറയുന്നു. ബസില്‍ നിന്ന് ഇറക്കി വിട്ട പക്ഷം, അതിനെതിരെ പ്രതികരിക്കാതിരുന്ന യാത്രക്കാര്‍ കേരളം പോലൊരു സാംസ്‌കാരിക സമൂഹത്തിന് യോജിക്കുന്നതല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. വിഷയത്തില്‍ അഴിമുഖവുമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡിജോ കാപ്പന്റെ വാക്കുകള്‍;

ഇത്തരം സംഭവങ്ങള്‍ക്ക് കേരളം ആദ്യമായല്ല സാക്ഷ്യം വഹിക്കുന്നത്. അവയോരോന്നും എങ്ങനെ കൈകാര്യം ചെയ്തുവെന്നതാണ് ശ്രദ്ധിക്കേണ്ടത്. അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതാണ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു അതിന് മികച്ച ഉദാഹരണം. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ മന്ത്രി ആയിരുന്ന നിലവിലെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. അദ്ദേഹം അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അച്യുതാനന്ദനെതിരെ അപകീര്‍ത്തിപ്പെടുത്തി ഒരു പ്രസംഗം നടത്തിയിരുന്നു.

നിയമസഭയില്‍ അസംബ്ലി നടന്നുകൊണ്ടിരിക്കുന്ന ദിവസമായിരുന്നു അത്. തൊട്ടടുത്ത ദിവസം സഭ കൂടുന്നതിന് മുന്‍പ് സ്പീക്കര്‍ പദവി വഹിച്ചിരുന്ന ജി കാര്‍ത്തികേയനോട് മുഖ്യമന്ത്രി തനിക്ക് സംസാരിക്കാന്‍ കുറച്ചു സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ”തന്റെ മന്ത്രിസഭയിലെ മന്ത്രിമാരിലൊരാള്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിനോട് അപകീര്‍ത്തിപരമായി സംസാരിച്ചിരുന്നു. മുഖ്യമന്ത്രി എന്ന നിലയിലും, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയിലും ഞാന്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു. ബഹുമാനപെട്ട മന്ത്രിയോടും ക്ഷമ ചോദിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ”ഉമ്മന്‍ ചാണ്ടി ക്ഷമാപണത്തിനായി നീക്കിവച്ച ആ സമയം വലിയ സന്ദേശമായിരുന്നു നല്‍കിയത്. ഈ ഒരു സംഭവത്തിനു ശേഷം ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു.

നിലവിലെ സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു മദ്യപിച്ചതായി ആരോപിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ ചെക്കപ്പില്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഈ ഒരു സാഹചര്യത്തില്‍ തന്നെ തര്‍ക്കം അവസാനിപ്പിക്കാനുള്ള നീക്കം നടത്താന്‍ കഴിയുമായിരുന്നു. അതിനുശേഷം ഡ്രൈവര്‍ തന്റെ പരിചയക്കാരനായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം പ്രശ്‌നമവസാനിപ്പിക്കാന്‍ മേയറെ ഫോണ്‍ ചെയ്തിരുന്നു. ആ സന്ദര്‍ഭത്തില്‍ പോലും ഈ രീതിയില്‍ വിഷയമാക്കി തീര്‍ക്കാതെ പ്രശ്‌നം പരിഹരിക്കാമായിരുന്നു.

വരുംകാലത്ത് സിപിഎം പാര്‍ട്ടിയെ നയിക്കേണ്ട, വളര്‍ന്നു വരുന്ന നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പൊതു സമൂഹം അംഗീകരിക്കുന്നില്ല. ഇവര്‍ നിരത്തിയ വാദങ്ങള്‍ തന്നെയാണ് അതിലേക്ക് നയിച്ചത്. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്നും, ഇടത് വശത്തിലൂടെ ഓവര്‍ ടേക്ക് ചെയ്തിട്ടില്ലെന്നും, ബസില്‍ സച്ചിന്‍ ദേവ് എംഎല്‍എ കയറിയിട്ടില്ലെന്ന വാദവുമായിരുന്നു നടത്തിയത്, എന്നാല്‍ ഇതെല്ലം പൊളിഞ്ഞു വീഴുകയാണുണ്ടായത്. പ്രത്യക്ഷത്തില്‍ ഈ വിഷയത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത് എംഎല്‍എയുടെ ഭാഗത്തു നിന്നാണ്. ഒരു ബസിലെ യാത്രക്കരെ അതില്‍ നിന്ന് ഇറക്കി വിടാന്‍ യാതൊരുവിധ അധികാരമോ അവകാശമോ ഇല്ല. മോട്ടര്‍ വാഹന നിയമ പ്രകാരം ചുമതലപ്പെടുത്തിയ പോലീസ് അടക്കമുള്ളവര്‍ക്കാണ് അത്തരം അധികാരമുള്ളൂ. അങ്ങനെയുള്ളപ്പോ തമ്പാനൂരിലേക്കുള്ള യാത്രക്കാരെ സാഫല്യം കോംപ്ലെക്‌സിന് മുന്നില്‍ വച്ച് ഇറക്കി വിട്ടത് എന്ത് അധികാരം ഉപയോഗിച്ചാണ്. അദ്ദേഹം ആവശ്യപ്പെട്ട നിമിഷം തന്നെ ഇറങ്ങിപോവാന്‍ തയ്യാറായ ആളുകളും അതെ കുറ്റത്തില്‍ പങ്കാളികളാണ്. റിസര്‍വേഷന്‍ ആയതുകൊണ്ട് യാത്രക്കരുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമായിരുന്നു. അവരാരും തന്നെ വാര്‍ത്ത മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ലെന്നതും നിരാശാജനകമാണ്. സാംസ്‌കാരികമായി ഉന്നതിയില്‍ നില്‍ക്കുന്ന കേരളസമൂഹത്തെ സംബന്ധിച്ച് അനുയോജ്യമായ സംഭവമായിരുന്നില്ലിത്.

മെമ്മറി കാര്‍ഡ് നഷ്ടപെട്ട സംഭവം പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവായി കണക്കാക്കാവുന്നതാണ്. സംഭവത്തില്‍ തൊണ്ടിമുതലായി കണക്കാക്കി വണ്ടി പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടിയിരുന്നു. എന്നാല്‍ ഇവിടെ അത് സംഭവിച്ചില്ല. എന്നാല്‍ വണ്ടി അടുത്ത ദിവസവും സര്‍വീസ് നടത്തിയിരുന്നു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ ഷൂട്ട് ചെയ്തിരുന്ന വീഡിയോ നിര്‍ബന്ധിച്ചു ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. നിരപരാധിത്വം തെളിയിക്കാന്‍ ഉള്‍പ്പെടെ ആ വീഡിയോകള്‍ സഹായകരമായേനെ. മൂന്ന് ക്യാമറകളാണ് വാഹനത്തിനകത്തുള്ളത്. ഒരെണ്ണം റോഡിലേക്കാണെങ്കില്‍ മറ്റൊരെണ്ണം വാഹനത്തിന് അഭിമുഖമായിട്ടായിരിക്കും നിലകൊള്ളുക. മെമ്മറി കാര്‍ഡ് കാണാതാവുമ്പോള്‍ സ്വാഭാവികമായും അതിലെ വിശ്വാസ്യത കൂടിയാണ് ജനങ്ങള്‍ ചോദ്യം ചെയ്യുക. നിലവില്‍ ആളുകള്‍ വിഭജിക്കപ്പെടുന്നതും, ചിന്തിക്കുന്നതും രാഷ്ട്രീയപരമായാണ്. അത്തരമൊരു സാമൂഹിക ചുറ്റുപാടില്‍ അനുകൂലിച്ചും, പ്രതികൂലിച്ചും വിമര്‍ശനങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ വിഷയങ്ങള്‍ക്ക് ഒരു പടിയെങ്കിലും ആക്കം കൂട്ടിയത് മേയറും, എ എ റഹീം എംപിയും നിരത്തിയ വാദങ്ങള്‍ പൊളിഞ്ഞു വീണതോടെയാണ്.”

Content Summary; Bus passengers association president reaction over mayor arya rajendran family and ksrtc bus driver dispute

Share on

മറ്റുവാര്‍ത്തകള്‍