മണ്‍മറഞ്ഞ ഇതിഹാസ ചെസ് ചാമ്പ്യന്‍ മിര്‍ സുല്‍ത്താന്‍ ഖാന് ഹോണററി ഗ്രാന്റ് മാസ്റ്റര്‍ പദവി. ലോക ചെസ് ഫെഡറേഷന്‍(ഫിഡെ) പ്രസിഡന്റ് ആര്‍ക്കഡി ഡ്വാര്‍കോവിച്ച് ആണ് ഹോണററി ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി പ്രഖ്യാപിച്ചത്. ഒരു തലമുറയിലെ തന്നെ ഏറ്റവും മികച്ച ഏഷ്യന്‍ ചെസ്സ് കളിക്കാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമായ മിര്‍ സുല്‍ത്താന്‍ ഖാനിലൂടെ പാകിസ്താന് അവരുടെ ആദ്യ ഗ്രാന്‍ഡ് മാസ്റ്ററെയും ലഭിക്കുകയാണ്. സുല്‍ത്താന്‍ ഖാന്‍ മരിച്ച് 58 വര്‍ഷം പിന്നിടുമ്പോഴാണ് ഫിഡെ അദ്ദേഹത്തെ ഗ്രാന്റ്മാസ്റ്റര്‍ പദവി നല്‍കി ആദരിക്കുന്നത്.
അവിഭക്ത ഇന്ത്യയിലെ പഞ്ചാബില്‍ 1903-ലാണ് മിര്‍ സുല്‍ത്താന്‍ ഖാന്‍ ജനിക്കുന്നത്. ഇന്നത്തെ വടക്കുകിഴക്കന്‍ പാക്കിസ്ഥാനിലെ സരഗോഡയെ പ്രതിനിധീകരിച്ചിരുന്ന സുല്‍ത്താന്‍. 1929, 1931,1932 വര്‍ഷങ്ങളില്‍ ബ്രിട്ടീഷ് ചെസ് ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുണ്ട്. കൂടാതെ ചെസ് ഒളിമ്പ്യാഡില്‍ ഇംഗ്ലണ്ടിനായി മൂന്ന് തവണ കളിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ആദ്യകാലങ്ങളിലെ ഏറ്റവും ശക്തരായ ചെസ് കളിക്കാരിലൊരാളായ ഫ്രാങ്ക് ജയിംസ് മാര്‍ഷല്‍, പോളിഷ് ചെസ് കളിക്കാരനായ സാവിയേലി ടാര്‍ടകോവറേയും കൂടാതെ മുന്‍ ലോക ചാമ്പ്യന്‍ ജോസ് റൗള്‍ കപാബ്ലാങ്കയെയും അദ്ദേഹം തോല്പിച്ചിട്ടുണ്ട്.
ആധുനിക ചെസില്‍ നിന്ന് വ്യത്യസ്തമായി പാരമ്പരാഗതമായ കളി രീതിയായിരുന്നു മിര്‍ സുല്‍ത്താന്റേത്. തന്റെ പിതാവില്‍ നിന്നാണ് മിര്‍ സുല്‍ത്താന്‍ ചെസ് തന്ത്രങ്ങള്‍ പഠിച്ചെടുത്തത്. നവാബ് സര്‍ ഉമര്‍ ഹയാത്ത് ഖാന്റെ ആശ്രിതനായിരുന്നു മിര്‍ സുല്‍ത്താന്‍. ചെസ് ബോര്‍ഡിലെ സുല്‍ത്താന്‍ ഖാന്റെ നീക്കങ്ങള്‍ ശ്രദ്ധിച്ച നവാബ് അദ്ദേഹത്തിന്റെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുത്തു. 1929ല്‍ നവാബിനൊപ്പം ഇംഗ്ലണ്ടിലെത്തിയ സുല്‍ത്താന്‍ ഖാന്‍ ആ വര്‍ഷത്തെ ബ്രിട്ടീഷ് ചാംപ്യന്‍ഷിപ് വിജയിച്ചത് ചെസ് ലോകത്തിനു തന്നെ അമ്പരപ്പായിരുന്നു.
ലോക ചാമ്പ്യന്‍ അലക്സാണ്ടര്‍ അലെകെയ്ന്‍, മുന്‍ ലോക ചാമ്പ്യന്‍ ഹോസെ റൗള്‍ കപാബ്ലാങ്ക തുടങ്ങിയ അതികായരെ തന്റെ മുന്നില്‍ അടിയറവ് പറയിച്ചു പ്രസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ചെസ് കളത്തില്‍ നിന്നുള്ള പിന്‍വാങ്ങല്‍. അപരാജിതത്വത്തിന്റെ നാലു വര്‍ഷങ്ങള്‍ക്കു ശേഷം നവാബിനൊപ്പം സുല്‍ത്താന്‍ ഖാനും ഇന്ത്യയിലേക്കു മടങ്ങുകയായിരുന്നു.
”ഒരു പഞ്ചാബി ചെസ് കളിക്കാരനും പാകിസ്താന്‍ പൗരനുമായ സുല്‍ത്താന്‍ ഖാന്‍ ഏഷ്യയില്‍ നിന്നുള്ള ഒരു കാലത്തെ ഏറ്റവും ശക്തനായ ചെസ് മാസ്റ്ററായി കണക്കാക്കപ്പെടുന്നു. അഞ്ച് വര്‍ഷത്തില്‍ താഴെ മാത്രമുള്ള തന്റെ അന്താരാഷ്ട്ര കരിയറില്‍, അദ്ദേഹം മൂന്ന് തവണ ബ്രിട്ടീഷ് ചെസ് ചാമ്പ്യന്‍ഷിപ്പ് നേടുകയുണ്ടായി. ചെസ് ബുക്കുകള്‍ കാണാതെയും ചെസ് സിദ്ധാന്തങ്ങളെക്കുറിച്ച് യാതൊരു പരിചയവുമില്ലാതെ വളര്‍ന്നിട്ടും ലോകത്തിലെ പല മുന്‍നിര കളിക്കാരെയും തോല്‍പ്പിച്ച മിര്‍ സുല്‍ത്താന്‍ ഖാന്‍ ആദ്യത്തെ പാകിസ്താന്‍ ഗ്രാന്‍ഡ് മാസ്റ്ററായി, പ്രഖ്യാപിക്കുന്നുവെന്നാണ് ഫിഡെയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.
നിലവില്‍ മുഹമ്മദ് സൊഹൈബ് ഹസനാണ് പാക്കിസ്താന്റെ മുന്‍നിര താരം. ഫിഡെയുടെ പ്രസിഡന്റ് ചെസ് കൂടുതല്‍ ജനകീയമാക്കാനുള്ള ആഗോള ഭരണ സമിതിയുടെ ശ്രമങ്ങളുടെ ഭാഗമായി നിലവില്‍ പാകിസ്ഥാനിലുണ്ട്. എന്നാല്‍ ഫിഡെയുടെ പ്രഖ്യാപനത്തിനു പിന്നാലെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ വരുന്നുണ്ട്. ‘രാഷ്ട്രീയ ആനുകൂല്യങ്ങള്‍ക്കായാണ്’ ഇത്തരം ഒരു പ്രഖ്യാപനം ഫിഡെ നടത്തിയതെന്നും ആക്ഷേപമുണ്ട്.
‘ഇതിനോട് നാം ഓരോരുത്തരും എങ്ങനെ പ്രതികരിക്കണം? മിര്‍ സുല്‍ത്താന്‍ ഖാന് ചെസ്സില്‍ വലിയ പേരുണ്ട്, അദ്ദേഹത്തിന്റെ കഴിവിനെ സംബന്ധിച്ചും ആര്‍ക്കും വിയോജിപ്പുണ്ടാകില്ല. എന്നാല്‍ ഈ തീരുമാനം ന്യായമായ ഒന്നല്ല, മറിച്ച് രാഷ്ട്രീയ നീക്കം മാത്രമാണ്. പാക്കിസ്താനില്‍ ചെസ് പ്രോത്സാഹിപ്പിക്കാനാണോ (യോഗ്യമായ ഒരു ലക്ഷ്യം) അല്ലെങ്കില്‍ മൃദു റഷ്യന്‍ ചായ്‌വുള്ള നയതന്ത്രജ്ഞരാകാന്‍ ഫിഡെ ആഗ്രഹിക്കുന്നുണ്ടോയെന്നും എനിക്കറിയില്ല. ഫിഡെ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തീര്‍ച്ചയായും എന്തൊക്കെയോ നടക്കുന്നുണ്ട്. 1950-ല്‍ ഫിഡെ ഗ്രാന്‍ഡ് മാസ്റ്റര്‍ ടൈറ്റില്‍ നല്‍കിത്തുടങ്ങുന്നത്. ഇക്കാരണത്താല്‍ തന്നെ മികച്ച കളിക്കാരായ കാപബ്ലാങ്ക, അലെകെയ്ന്‍, ലാസ്‌കര്‍ എന്നിവരുപ്പെടെ മിസ്റ്റര്‍ സുല്‍ത്താന്‍ ഖാന്റെ കാലഘട്ടത്തിലെ മറ്റ് പ്രമുഖരാരും ഈ പദവി നേടിയിട്ടില്ല. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി ലഭിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കാം എങ്കിലും ആ പദവി ഞങ്ങളുടെ കരിയറിലെ ഏറ്റവും വലിയ ഉന്നതിയാണ്. ഇവരെയെല്ലാം ഇത്തരത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് അപഹാസ്യമാണ്. എന്നിരുന്നാലും വ്യക്തിപരമായി ഞാനും സുല്‍ത്താന്‍ ഖാന്റെ മേഖലയില്‍ നിന്നായതില്‍ അഭിമാനിക്കുന്നു’ സ്‌കോട്ടിഷ് ഗ്രാന്‍ഡ് മാസ്റ്റര്‍ ജേക്കബ് അഗാര്‍ഡ് എക്സില്‍ പങ്കു വച്ച കുറിപ്പിലൂടെ പറയുന്നു.
ക്ഷയം ബാധിച്ച്, 1966 ഏപ്രില്‍ 25ന് പാകിസ്താനിലെ സരഗോഡയില്‍ വച്ചായിരുന്നു മിര്‍ സുല്‍ത്താന്‍ ഖാന്റെ അന്ത്യം.