മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്ക് തന്റെ ആറാമത്തെ ജീവിത പങ്കാളിയെ തെരഞ്ഞെടുത്തിരിക്കുന്നു. മുന്‍ ശാസ്ത്രജ്ഞ എലീന സുക്കോവയെയാണ് 92 കാരനായ മര്‍ഡോക്ക് ജീവിതത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. മോളിക്യുലാര്‍ ബയോളജിസ്റ്റായ എലീന സുക്കോവക്ക് 67 വയസുണ്ട്. ഇവരുടെ വിവാഹ വാര്‍ത്ത മര്‍ഡോക്കിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
2023 ഏപ്രിലില്‍, 67 കാരിയും റേഡിയോ അവതാരകയുമായ ആന്‍ ലെസ്ലി സ്മിത്തുമായുള്ള രണ്ടാഴ്ച മാത്രം നീണ്ട സഹവാസം അവസാനിപ്പിച്ച മര്‍ഡോക്, നാല് മാസത്തിന് ശേഷം എലീന സുക്കോവയുമായി പ്രണയത്തിലായെന്നാണ് വാര്‍ത്തകള്‍ വന്നത്. മര്‍ഡോക്കിന്റെ കാലിഫോര്‍ണിയയിലെ മുന്തിരിത്തോട്ടവും മൊറാഗ എസ്റ്റേറ്റുമാണ് വിവാഹ വേദി. അതിഥികൾക്കുള്ള ക്ഷണം പൂര്‍ത്തിയായെന്നാണ് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് മുന്‍പ് നാല് തവണ മര്‍ഡോക്ക് വിവാഹിതനായിട്ടുണ്ട്. മര്‍ഡോക്കിന്റെ മൂന്നാം ഭാര്യയായ വെന്‍ഡി ഡെങ് ആതിഥേയത്വം വഹിച്ച കുടുംബ സമ്മേളനത്തിലൂടെയാണ് റുപെര്‍ട്ടും എലീനയും പരിചയപ്പെട്ടുന്നത്. 14 വര്‍ഷത്തെ വിവാഹ ബന്ധത്തിന് ശേഷം 2013 ലാണ് മര്‍ഡോക്കും വെന്‍ഡി ഡെങ്ങും വേര്‍പിരിയുന്നത്.
താന്‍ കെട്ടിപ്പടുത്ത തന്റെ മാധ്യമ സാമ്രാജ്യത്തില്‍ നിന്ന് താന്‍ പടിയിറങ്ങുകയാണെന്ന് പ്രഖ്യാപിച്ച് അഞ്ച് മാസത്തിന് ശേഷമാണ് മര്‍ഡോക്കിന്റെ ഏറ്റവും പുതിയ വിവാഹനിശ്ചയത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത്. റഷ്യന്‍ വംശജനും ബ്രിട്ടീഷ് കോടീശ്വരനുമായ ഊര്‍ജ്ജ നിക്ഷേപകന്‍ അലക്‌സാണ്ടര്‍ സുക്കോവാണ് എലീനയുടെ മുന്‍ ഭര്‍ത്താവ്. നാലാമത്തെ ഭാര്യ നടിയും മോഡലുമായ ജെറി ഹാളുമായി 2022 ലാണ് മര്‍ഡോക്ക് വേര്‍പിരിഞ്ഞത്. എയര്‍ഹോസ്റ്റസായിരുന്ന ആദ്യ ഭാര്യ പട്രീഷ്യ ബുക്കറുമായി 1966 ലാണ് മര്‍ഡോക്ക് വേര്‍പിരിയുന്നത്. മുന്‍ ഭാര്യമാരില്‍ മര്‍ഡോക്കിന് ആറ് കുട്ടികളുണ്ട്. ഫോക്‌സ് കോര്‍പറേഷന്റെ മുന്‍ ചെയര്‍മാനായിരുന്ന മര്‍ഡോകിന് ഏകദേശം 1890 കോടി യുഎസ് ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എലീന സുക്കോവയ്ക്ക് 42 വയസുള്ള ഒരു മകളുണ്ട്; റഷ്യന്‍-അമേരിക്കന്‍ ആര്‍ട്ട് കളക്ടറും ജീവകാരുണ്യ പ്രവര്‍ത്തകയുമായ ദഷ സുക്കോവ.