UPDATES

പരിസ്ഥിതി/കാലാവസ്ഥ

വരണ്ടുണങ്ങുന്ന ആമസോണ്‍; ഇല്ലാതാകുന്ന മണ്‍സൂണ്‍

വനനശീകരണം ജനജീവിതത്തെ തകര്‍ത്തെറിയുമെന്ന് പഠനം

                       

അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ കാലാവസ്ഥ ഗതി നിര്‍ണയിക്കുന്ന തെക്കേ അമേരിക്കന്‍ മണ്‍സൂണ്‍ മുമ്പെങ്ങുമില്ലാത്ത വിധം അപകട ഭീഷണിയില്‍. അന്തരീക്ഷ മലിനീകരണവും ഹരിതഗൃഹ വാതകങ്ങളുമാണ് തെക്കന്‍ മണ്‍സൂണിനെ പൂര്‍ണമായും നാശത്തിന്റ വക്കിലെത്തിക്കുന്നത്. ഭൂമിയുടെ ചൂട് വര്‍ദ്ധിക്കുന്നതും, വന്‍തോതില്‍ വനനശീകരണം നടക്കുന്നതും തെക്കേ അമേരിക്കന്‍ കാലാവസ്ഥയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. മണ്‍സൂണ്‍ താറുമാറാകുന്നത് കാലാവസ്ഥയ്ക്ക് മാത്രമല്ല, ഭൂഖണ്ഡത്തിലെ ജന ജീവിതത്തിനും ഗുരുതര പ്രത്യാഘാതമുണ്ടാക്കും. സയന്‍സ് അഡ്വാന്‍സ് ബുധനാഴ്ച പ്രസിദ്ധീകരിച്ച, വനനശീകരണം മണ്‍സൂണുമായി എങ്ങനെ ബന്ധപെട്ടു കിടക്കുന്നുവെന്ന് പരിശോധിക്കുന്ന പഠനമാണ് ഈ ഗുരുതര പ്രശ്‌നം ചൂണ്ടിക്കാണിക്കുന്നത്.

നിലവിലെ ഗുരുതര സാഹചര്യം മറികടക്കുന്നതിനായി ഇനിയെങ്കിലും അടിയന്തര നയരൂപീകരണം നടത്തണമെന്നാണ് അധികൃതരോട് സയന്‍സ് അഡ്വാന്‍സിനുവേണ്ടി പഠനം നടത്തിയ ഗവേഷകര്‍ ആവശ്യപെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം മഴയുടെ അളവ് 30 ശതമാനമായി കുറയാനും വനത്തിന്റെ നാശത്തിനും ഭക്ഷ്യോത്പാദനത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കുമെന്നും ഗവേഷകര്‍ ചൂണ്ടി കാണിക്കുന്നു.

മുന്‍കാല നിരീക്ഷണങ്ങളുടെയും കമ്പ്യൂട്ടര്‍ സിമുലേഷനുകളുടെയും അടിസ്ഥാനത്തില്‍, ആമസോണ്‍ മഴക്കാടുകളും തെക്കേ അമേരിക്കന്‍ മണ്‍സൂണും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം വെളിപ്പെടുത്തുന്നു. മഴക്കാടുകള്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ബാഷ്പീകരണ പ്രക്രിയയിലൂടെ ശേഖരിക്കുന്ന ഈര്‍പ്പം പിന്നീട് ഭൂഖണ്ഡത്തിലുടനീളം തെക്കോട്ട് സഞ്ചരിക്കുന്നു. ലളിതമായി പറഞ്ഞാല്‍, സമുദ്രത്തിലെ ഈര്‍പ്പം പുനരുപയോഗിക്കുന്നതില്‍ മഴക്കാടുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. തെക്കേ അമേരിക്കയിലെ മണ്‍സൂണ്‍ കാലത്തെ നിലനിര്‍ത്താന്‍ പ്രധാനമായ പങ്കുവഹിക്കുന്നതാണിത്.

മരം മുറി, കാട്ടുതീ, ഖനനം തുടങ്ങി വനങ്ങളിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം മൂലം ഉണ്ടാകുന്ന വെല്ലുവിളികള്‍ ആവാസവ്യവസ്ഥയെ പ്രതികൂലമായാണ് ബാധിക്കുന്നത്. അടിക്കടിയുണ്ടാവുന്ന ഇത്തരം ആഘാതങ്ങള്‍ മഴക്കാടുകളുടെ സ്വാഭാവത്തെ മാറ്റി മറക്കുന്നുണ്ട്. വനനശീകരണം മൂലം ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ഈര്‍പ്പത്തെ വഹിക്കാനുള്ള സ്വാഭാവികമായ കഴിവ് ഇല്ലതാകുന്നതോടെ മഴക്കാടുകള്‍ വരള്‍ച്ചയിലാകും.

ആമസോണ്‍ മഴക്കാടുകള്‍ ഇത്തരം മാറ്റങ്ങള്‍ക്ക് വിധേയമായാല്‍, അത് വനത്തെ മാത്രമല്ല ബാധിക്കുക. മേഖലയിലെ മറ്റ് പ്രദേശങ്ങള്‍ക്കും ധാരാളം കൃഷിയിടങ്ങള്‍ക്കും നാശമുണ്ടാക്കും. ആമസോണുമായി അടുത്ത ബന്ധമുള്ള മണ്‍സൂണ്‍ തെക്ക് റിവര്‍ പ്ലേറ്റ് ബേസിന്‍ വരെ നീണ്ടുകിടക്കുന്നത് കൊണ്ടാണിത്. കൂടാതെ, അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പിടിച്ചെടുക്കുന്നതില്‍ ആമസോണ്‍ കാടുകള്‍ക്ക് ചരിത്രപരമായി പ്രാധാന്യമുണ്ട്. എന്നാല്‍ സമീപകാല ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നിലെന്നാണ്. വനം നശിച്ചു തുടങ്ങിയാല്‍, വലിയ അളവില്‍ കാര്‍ബണ്‍ വായുവിലേക്ക് പുറന്തള്ളപ്പെടും. ഇത് കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കും.

ആമസോണിനെയും മണ്‍സൂണിനെയും കുറിച്ച് പഠിച്ച ശാസ്ത്രജ്ഞര്‍ നല്‍കിയ മുന്നറിയിപ്പുകളനുസരിച്ചു മണ്‍സൂണ്‍ കാടുകള്‍ നേരിടുന്ന ആഘാതങ്ങള്‍ തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തെ ഒരു വഴിത്തിരിവില്‍ എത്തിച്ചിരിക്കുകയാണ്. ഭൂഖണ്ഡത്തിന്റെ പല ഇടങ്ങളിലും ലഭിച്ചിരുന്ന മഴയില്‍ ഗണ്യമായ കുറവ് വന്നിരിക്കുകയാണ്. ആമസോണില്‍ മഴക്കാലത്തിന്റെ അളവിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്. മണ്ണ് വരണ്ടുണങ്ങുന്നതിനോടൊപ്പം ഇടയ്ക്കിടെ കഠിനമായ വരള്‍ച്ചയും ഉണ്ടാവുന്നുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ അതി കഠിനവും അത്യപൂര്‍വമായ മൂന്ന് വരള്‍ച്ചകളാണ് നേരിടേണ്ടി വന്നത്.

ഈ മുന്നറിയുപ്പുകള്‍ ആമസോണ്‍ മഴക്കാടുകളുടെയും മണ്‍സൂണ്‍ സംവിധാനത്തിന്റെയും നഷ്ടപ്പെട്ടുകൊണ്ടിരുക്കുന്ന കാലാവസ്ഥ സ്ഥിരതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഭാവിയില്‍ വലിയൊരു വിപത്തിലേക്കാണ് മഴക്കാടുകളും മനുഷ്യനും അടങ്ങിയ അവാസവ്യവസ്ഥ നീങ്ങിക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥ അസ്ഥിരതയുടെ ലക്ഷണങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ട്രോംസോ സര്‍വകലാശാലയിലെയും പോട്സ്ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ഇംപാക്റ്റ് റിസര്‍ച്ചിലെയും പ്രധാന ഗവേഷകനായ നില്‍സ് ബോച്ചോ പറയുന്നു. മനുഷ്യന്റെ ഇടപെടലും, വനശീകരണവും മൂലം മഴക്കാടുകള്‍ക്കുണ്ടായ അപചയം നമുക്ക് തന്നെ പരിഹരിക്കാനുള്ള സമയം ഇനിയും ബാക്കിയാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. മഴക്കാടുകളെ സംരക്ഷിക്കാന്‍ കര്‍ശനമായ നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കി പ്രകൃതിയെ ചേര്‍ത്തുപിടിക്കുന്നത് ഇനിയും സാധ്യമാണെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

വര്‍ദ്ധിച്ചുവരുന്ന ആഗോള താപനില ആമസോണ്‍ മഴക്കാടുകളുടെ നില കൂടുതല്‍ വഷളാക്കി കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം, ആമസോണില്‍ അസാധാരണമായ വിധം കഠിനമായ വരള്‍ച്ച നേരിട്ടിരുന്നു. തല്‍ഫലമായി ഈ മേഖലയിലെ പല നദികളുടെയും ഒഴുക്ക് സാധാരണ നിലയേക്കാള്‍ വളരെ താഴെയായി. ഇത് ജല മാര്‍ഗമുള്ള ഗതാഗതത്തിനു തടസ്സമുകുന്നതിനു പുറമെ ജലക്ഷാമം ഉണ്ടാക്കുകയും ധാരാളം ഡോള്‍ഫിനുകളും മത്സ്യങ്ങളും ചത്തുപൊങ്ങുന്നതിനും ഇടയാക്കിയിരുന്നു. ഗവേഷണം പൂര്‍ത്തിയതിനു ശേഷമാണ് ഈ വിവവരങ്ങള്‍ പുറത്തുവരുന്നത്. അതുകൊണ്ട് തന്നെ ഗവേഷകര്‍ അവരുടെ പഠനത്തില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല.

ആമസോണ്‍ മഴക്കാടുകളുടെ 20% മുതല്‍ 30% വരെ വെട്ടിത്തെളിക്കുകയോ നാശം സംഭവിക്കുകയോ ചെയ്യുമ്പോള്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ എത്തിച്ചേരുമെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ഏകദേശം 17% മുതല്‍ 26% വരെ മഴക്കാടുകള്‍ ഇതുവരെ പൂര്‍ണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇവ കാലാവസ്ഥയെ മോശമായും ബാധിച്ചിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍