June 26, 2026 |
Share on

രഹസ്യ ശബ്ദോപകരണങ്ങള്‍ വഴി ആമസോണ്‍ തദ്ദേശിയര്‍ക്കിടയില്‍ നിയമവിരുദ്ധ സുവിശേഷ വേല

സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ മറികടന്നാണ് മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

ആമസോണ്‍ മഴക്കാടുകളില്‍ പാര്‍ക്കുന്ന, ഒറ്റപ്പെട്ടതോ, സമീപകാലത്ത് പുറത്തു നിന്നുള്ളവര്‍ ബന്ധപ്പെടുകയോ ചെയ്തിട്ടുള്ള തദ്ദേശീയ ജനതയ്ക്കിടയില്‍ സുവിശേഷ വേല ചെയ്യുന്നതിനായി മിഷനറി ഗ്രൂപ്പുകള്‍ നിയമവിരുദ്ധ തന്ത്രങ്ങള്‍ പയറ്റുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഴക്കാടുകളുടെ സംരക്ഷിത പ്രദേശങ്ങളില്‍ രഹസ്യ ഓഡിയോ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് മിഷണറിമാരുടെ സുവിശേഷ ‘വേല’കള്‍.

ദി ഗാര്‍ഡിയനും ബ്രസീലിയന്‍ പത്രമായ ഒ’ ഗ്ലോബോയും ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വെളിവായത്. ബ്രസീല്‍-പെറു അതിര്‍ത്തിക്കടുത്തുള്ള ജവാരി താഴ്വരയിലെ കൊറുബോ ജനതയെ സ്വാധീനിക്കാന്‍, പോര്‍ച്ചുഗീസ്, സ്പാനിഷ് ഭാഷകളില്‍ ബൈബിള്‍ വചനങ്ങള്‍ ചൊല്ലുന്ന സൗരോര്‍ജ്ജ ശബ്ദ ഉപകരണങ്ങള്‍ കണ്ടെത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ന്യൂ ട്രൈബ്‌സ് മിഷന്‍ (എന്‍ടിഎം), ഇന്‍ ടച്ച് മിനിസ്ട്രീസ് എന്നീ മിഷണറി സംഘടനകളില്‍ ഉള്ളവര്‍ക്കെതിരെയാണ് പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്.

സംരക്ഷിത മേഖലകളില്‍, നിയമവിരുദ്ധമായി ഡ്രോണുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് പ്രദേശങ്ങളുടെ സംരക്ഷണ ചുമതലയുള്ള ബ്രസീലിയന്‍ സ്റ്റേറ്റ് ഏജന്റുമാരും അറിയിച്ചിട്ടുള്ളത്. ആമസോണ്‍ മഴക്കാടുകളിലെ തദ്ദേശീയ ജനങ്ങളെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, അവ മറികടന്നാണ് മിഷണറിമാര്‍ സുവിശേഷ പ്രവര്‍ത്തികള്‍ക്കായി നിയമവിരുദ്ധമായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത്.

ജവാരി താഴ്വരയില്‍ താമസിക്കുന്ന ഒറ്റപ്പെട്ടതും പുറം ലോകവുമായി സമ്പര്‍ക്കമില്ലാത്തതുമായ ജനങ്ങള്‍ക്കിടയിലേക്ക് എത്തിച്ചേരാന്‍ മിഷനറി ഗ്രൂപ്പുകള്‍ ഇതാദ്യമായല്ല ശ്രമങ്ങള്‍ നടത്തുന്നത്. കോവിഡ് മഹാമാരിക്ക് തൊട്ടു മുമ്പായി ഇവാഞ്ചലിക്കല്‍ പള്ളികളുമായി ബന്ധമുള്ള ഒരു കൂട്ടം യുഎസ്, ബ്രസീലിയന്‍ മിഷണറി പ്രവര്‍ത്തകര്‍ കൊറുബോ ജനതയുമായി ബന്ധപ്പെടാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെന്നാണ് ഗാര്‍ഡിയന്‍ പറയുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്നത്, തദ്ദേശ ജനതയുടെ താമസസ്ഥലത്തേക്കുള്ള പാതകളുടെ മാപ്പ് തയ്യാറാക്കുന്നതിനും, ആമസോണ്‍ നിവാസികളുടെ വീടുകള്‍ കണ്ടെത്തുന്നതിനും മിഷണറി പ്രവര്‍ത്തകര്‍ സീപ്ലെയിനുകള്‍ ഉപയോഗിച്ചിരുന്നുവെന്നാണ്. കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തദ്ദേശീയരുടെ ആവാസ മേഖലകളിലേക്ക് പുറത്തു നിന്നുള്ളവര്‍ പ്രവേശിക്കരുതെന്ന കോടതിയുടെ കര്‍ശന നിര്‍ദേശം ഉള്ളപ്പോഴായിരുന്നു മിഷണറിക്കാരുടെ കടന്നു കയറ്റം.

ഇപ്പോള്‍ വീണ്ടും മിഷണറിമാര്‍ ജവാരി താഴ്വരയിലേക്കും, അറ്റാലിയ ഡോ നോര്‍ട്ടെ പോലുള്ള, സമീപ പട്ടണങ്ങളിലേക്കും ഒരു പുതിയ ഉപകരണവുമായി തിരിച്ചെത്തിയതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്.

മഞ്ഞയും ചാരനിറവും കലര്‍ന്ന, മൊബൈല്‍ ഫോണ്‍ വലിപ്പമുള്ള ഒരു ശബ്ദോപകരണം ജവാരി താഴ്വരയിലെ ഒരു കൊറുബോ ഗ്രാമത്തില്‍ അടുത്തിടെ നിഗൂഢമായ സാഹചര്യത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഗാര്‍ഡിയന്‍ പറയുന്നത്. ഈ ശബ്ദോപകരണത്തില്‍ നിന്നും ബൈബിള്‍ പാരായണവും, ഒരു അമേരിക്കന്‍ ബാപ്റ്റിസ്റ്റിന്റെ സുവിശേഷ പ്രസംഗങ്ങളും കേള്‍ക്കാം. സോളാര്‍ പാനലിന്റെ സഹായത്തോടെയാണ്, വൈദ്യുതിയിലല്ലാതെ എത്രകാലത്തോളം വേണമെങ്കിലും ഈ ഉപകരണം പ്രവര്‍ത്തിക്കുന്നത്. ഇത്തരം ഏഴ് യൂണിറ്റുകള്‍ ഉണ്ടെന്നാണ് അവിടെ താമസിക്കുന്നവര്‍ പറഞ്ഞതെങ്കിലും ഒരു ഉപകരണത്തിന്റെ മാത്രം ഫോട്ടോയും വീഡിയോയും തെളിവായി കിട്ടിയിട്ടുള്ളൂ എന്നാണ് ഗാര്‍ഡിയന്‍ പറയുന്നത്.

ഗാര്‍ഡിയന്‍ അന്വേഷണത്തില്‍ കണ്ടെത്തിയ ശബ്ദോപകരണത്തില്‍ നിന്നും കേള്‍ക്കാന്‍ സാധിച്ചത്, ഫിലിപ്പിയര്‍ 3-ാം അദ്ധ്യായം 4-ാം വാക്യത്തില്‍ പൗലോസ് പറയുന്നതാണ്;
‘പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാന്‍ വകയുണ്ട്; മറ്റാര്‍ക്കാനും ജഡത്തില്‍ ആശ്രയിക്കാം എന്നു തോന്നിയാല്‍ എനിക്കു അധികം’.

കൊറുബോ ജനതയെ ഒരു പ്രത്യേക മതമോ, വിശ്വാസ സമ്പ്രദായമോ സ്വീകരിക്കാനോ മതപരിവര്‍ത്തനം ചെയ്യുന്നതിനോ പ്രേരിപ്പിക്കുന്നതിനോ ഉള്ള ശ്രമങ്ങള്‍ ബ്രസീല്‍ സര്‍ക്കാര്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കൊറുബോ പോലുള്ള ഒറ്റപ്പെട്ട തദ്ദേശീയ വിഭാഗവുമായി പുറത്തു നിന്നുള്ളവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധം സ്ഥാപിക്കണമെന്നുണ്ടെങ്കില്‍, അതിനുള്ള താത്പര്യം തദ്ദേശ ജനതയായിരിക്കണം ആദ്യം പ്രകടിപ്പിക്കേണ്ടതെന്നും സര്‍ക്കാര്‍ അനുശാസിക്കുന്നു. 1987ല്‍ പ്രഖ്യാപിച്ച ഈ നയത്തിലൂടെ തദ്ദേശീയ ജനതയുടെ സ്വയംഭരണത്തെയും സ്വയം നിര്‍ണ്ണയാവകാശത്തെയും ബഹുമാനിക്കുകയാണ് ബ്രസീല്‍ ഭരണകൂടം. പുറം ലോകവുമായി എപ്പോള്‍ ഇടപഴകണമെന്ന് തദ്ദേശ ജനതയ്ക്ക് തീരുമാനിക്കാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ അവകാശമാണ് ചില മിഷണറിമാര്‍ ലംഘിച്ചിരിക്കുന്നത്.  Missionaries’ illegal evangelical work among Amazon indigenous people using secret audio devices

Content Summary; Missionaries’ illegal evangelical work among Amazon indigenous people using secret audio devices

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×