തെക്കന്‍ സ്‌പെയിനിലെ അന്‍ഡലൂഷ്യയിലുണ്ടായ അതിവേഗ ട്രെയിന്‍ അപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. ഞായറാഴ്ച വൈകുന്നേരമുണ്ടായ ദുരന്തത്തില്‍ 21 പേര്‍ കൊല്ലപ്പെടുകയും 70 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദുരന്തകാരണം ഇതുവരെ വ്യക്തമായിട്ടില്ല. മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. 30 പേരുടെ നില ഗുരുതരമാണെന്നും പരുക്കേറ്റ എല്ലാവരെയും അടിയന്തിര ചികിത്സയ്ക്കായി മാറ്റിപ്പാര്‍പ്പിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മലാഗയില്‍ നിന്ന് 300 ഓളം യാത്രക്കാരുമായി മാഡ്രിഡിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ പാളം തെറ്റുകയും തുടര്‍ന്ന് തൊട്ടടുത്ത ട്രാക്കിലേക്ക് മറിയുകയുമായിരുന്നു. ഈ സമയം എതിരെ വന്ന മറ്റൊരു ട്രെയിനുമായി ഇത് കൂട്ടിയിടിച്ചാണ് വന്‍ ദുരന്തം സംഭവിച്ചത്.
”പാളം തെറ്റിയ ട്രെയിന്‍ കാലപ്പഴക്കം കുറഞ്ഞതാണെന്നും, പൂര്‍ണമായും നവീകരിച്ചതും വളവുകളില്ലാത്ത നേരായ ഭാഗത്ത് വച്ചാണ് ട്രെയിന്‍ അപകടത്തില്‍ പെട്ടത്” സ്പാനിഷ് ഗതാഗതമന്ത്രി ഓസ്‌കാര്‍ പ്യൂന്റെ മാധ്യമങ്ങളോട് പറഞ്ഞു. അത്യാധുനിക സംവിധാനങ്ങളോടെയുള്ള പുതിയ ട്രെയിന്‍ പാളം തെറ്റിയതില്‍ അധികൃതര്‍ ഞെട്ടലിലാണ്.
അപകടത്തിന് പിന്നാലെ നൂറുകണക്കിന് യാത്രക്കാരാണ് തകര്‍ന്ന ട്രെയിനുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയത്. കൂറ്റന്‍ ഇരുമ്പ് ഭാഗങ്ങളും തകര്‍ന്ന കോച്ചുകളും അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചു.
ട്രെയിന്‍ കോച്ചുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന് വളഞ്ഞുപോയ അവസ്ഥയിലായിരുന്നു. ട്രെയിനിന്റെ ലോഹഭാഗങ്ങള്‍ക്കൊപ്പം യാത്രക്കാരും ഞെരുങ്ങിപ്പോയത് ദുരന്തത്തെ അതിദാരുണമാക്കി. അപകടത്തിന്റെ ആഘാതത്തില്‍ ചില കോച്ചുകള്‍ പാളത്തില്‍ നിന്നും ഏകദേശം നാല് മീറ്റര്‍ താഴ്ചയുള്ള ഗര്‍ത്തത്തിലേക്ക് മറിഞ്ഞതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.
”പെട്ടെന്നുണ്ടായ ശക്തമായ കുലുക്കത്തിന് പിന്നാലെ ട്രെയിന്‍ നിശ്ചലമാവുകയും ചുറ്റും ഇരുട്ട് പടരുകയുമായിരുന്നു. ബോഗിക്കുള്ളിലെ ലഗേജുകള്‍ യാത്രക്കാരുടെ മേല്‍ പതിച്ചു. തന്റെ തൊട്ടുപിന്നിലുണ്ടായിരുന്ന റെയില്‍വേ ജീവനക്കാരിക്ക് തലയ്ക്ക് പരിക്കേറ്റ് രക്തം വാര്‍ന്ന അവസ്ഥയിലായിരുന്നു. കുട്ടികള്‍ ഭയന്ന് കരയുകയായിരുന്നു. അവസാന കോച്ചിലായിരുന്നതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്നും തിരികെ കിട്ടിയത് രണ്ടാം ജന്മം” ഹുവല്‍വയിലേക്ക് യാത്ര ചെയ്തിരുന്ന മോണ്ട്‌സെ എന്ന യാത്രക്കാരി പറയുന്നു.
യൂറോപ്പിലെ ഏറ്റവും വിപുലമായ അതിവേഗ റെയില്‍ ശ്യംഖലയുള്ള രാജ്യമാണ് സ്‌പെയിന്‍. മാഡ്രിഡ്, ബാഴ്സലോണ, സെവില്ലെ, വലന്‍സിയ, മലാഗ തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന 3,000 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള അതിവേഗ റെയില്‍ ട്രാക്കുകളാണ് സ്‌പെയിനിലുള്ളത്.
സ്‌പെയിന്റെ റെയില്‍വേ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളില്‍ ഒന്നാണ് 2013 ല്‍ നടന്ന അപകടം. വടക്കുപടിഞ്ഞാറന്‍ നഗരമായ സാന്റിയാഗോ ഡി കമ്പോസ്റ്റേലയ്ക്ക് സമീപം അതിവേഗ ട്രെയിന്‍ പാളം തെറ്റി അന്ന് 80 പേര്‍ കൊല്ലപ്പെടുകയും 140 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 1944 ന് ശേഷം സ്‌പെയിന്‍ കണ്ട ഏറ്റവും വലിയ റെയില്‍വേ ദുരന്തമായിരുന്നു 2013 ലേത്.
Content Summary: Spain train crash: death toll rises to 21 with over 70 reported injured