June 06, 2026 |
Share on

സ്വന്തം മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ എവറസ്റ്റില്‍ നിന്ന് അത്ഭുതകരമായൊരു തിരിച്ചുവരവ്!

ഹിലരി ഡാവ ഷെര്‍പ്പ എന്ന 52-കാരനെ മെയ് 29 മുതലാണ് കാണാതായത്

മഞ്ഞു പാളികള്‍ക്കിടയിലൂടെ ബേസ് ക്യാമ്പിലേക്ക് ഇഴഞ്ഞുനീങ്ങിയെത്തുന്ന ആ മനുഷ്യനെ കണ്ടവര്‍ അത്ഭുതപ്പെട്ടു. കാരണം, നാട്ടില്‍ ആ സമയം അയാളുടെ മരണാനന്തര ചടങ്ങുകള്‍ നടക്കുകയായിരുന്നു. എവറസ്റ്റില്‍ വച്ച് കാണാതായി മരിച്ചുവെന്ന് എല്ലാവരും കരുതിയിരുന്ന ഡാവ ഷെര്‍പ്പ ആണ് ജീവിതത്തിലേക്ക് തിരിച്ചുവന്ന് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. വിഖ്യാത പര്‍വതാരോഹകന്‍ എഡ്മണ്ട് ഹിലരിയോടുള്ള ആദരസൂചകമായി ‘ഹിലരി ഡാവ ഷെര്‍പ്പ’ എന്നുകൂടി അറിയപ്പെടുന്ന 52-കാരനായ ഡാവയെ മെയ് 29 മുതലാണ് കാണാതായത്.

മനുഷ്യന് ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഓക്‌സിജന്‍ പോലുമില്ലാത്ത, എവറസ്റ്റിലെ ഏറ്റവും അപകടം പിടിച്ച ‘ഡെത്ത് സോണ്‍’ മേഖലയിലാണ് ഡാവയെ അവസാനമായി കണ്ടതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. കാണാതായതിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം തിരച്ചില്‍ നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ വ്യാഴാഴ്ച രാവിലെ, ബേസ് ക്യാമ്പിന് തൊട്ടുമുകളിലുള്ള ഖുംബു ഐസ്ഫാള്‍ മേഖലയിലെ മഞ്ഞുമൂടിയ ചരിവിലൂടെ ഇദ്ദേഹം താഴേക്ക് ഇഴഞ്ഞിറങ്ങുന്നത് പര്യവേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പര്‍വതാരോഹണ സീസണിന്റെ തുടക്കത്തില്‍ കയറുകളും ഗോവണികളും സ്ഥാപിക്കുകയും സീസണ്‍ കഴിയുമ്പോള്‍ അവ നീക്കം ചെയ്യുകയും ചെയ്യുന്ന ‘സാഗര്‍മാതാ പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി’യുടെ സംഘമാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

കൈകളില്‍ അതിശൈത്യം മൂലമുള്ള മുറിവുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഡാവയുടെ ആരോഗ്യാവസ്ഥ പൊതുവെ തൃപ്തികരമായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ഭക്ഷണവും വെള്ളവും നല്‍കുകയും ചെയ്തു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തന ഹെലികോപ്റ്ററില്‍ കാഠ്മണ്ഡുവിലെ ആശുപത്രിയിലെത്തിച്ചു. ഈ സമയം കാഠ്മണ്ഡുവില്‍ ഡാവയുടെ ഭാര്യ ദാമു ഷെര്‍പ്പയും മകള്‍ മെന്‍ഡോ ലഹാമു ഷെര്‍പ്പയും അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. സാധാരണയായി ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ചടങ്ങിന്റെ രണ്ടാം ദിവസമാണ് ഡാവ ജീവനോടെയുണ്ടെന്ന വാര്‍ത്ത പ്രാദേശിക മാധ്യമങ്ങളിലൂടെ ഇവര്‍ അറിയുന്നത്. വാര്‍ത്ത ആദ്യം വിശ്വസിക്കാന്‍ കഴിയാതിരുന്ന കുടുംബം, രക്ഷാപ്രവര്‍ത്തകരോട് ഫോട്ടോകള്‍ അയച്ചുതരാന്‍ ആവശ്യപ്പെടുകയും അത് ഡാവ തന്നെയാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ആശ്വസിച്ചതെന്നും മകള്‍ പറഞ്ഞു.

എവറസ്റ്റിലെ ക്യാമ്പ് 3-ന് മുകളിലുള്ള, ഏകദേശം 7,200 മീറ്റര്‍ (23,622 അടി) ഉയരത്തിലുള്ള ‘യെല്ലോ ബാന്‍ഡ്’ എന്ന സ്ഥലത്തുവെച്ചാണ് ഡാവയെ അവസാനമായി കണ്ടത്. കാഠ്മണ്ഡു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഹിമാലയന്‍ ട്രാവേഴ്‌സ്’ എന്ന ചെറിയ കമ്പനിയിലെ ഗൈഡായ ഡാവ, ഒരു പോളിഷ് പര്‍വതാരോഹകനെ സഹായിക്കാനാണ് മലകയറിയത്. എവറസ്റ്റിന് തെക്കുള്ള ഒഖല്‍ദുങ്ക സ്വദേശിയാണ് ഇദ്ദേഹം. ഡാവ മരിച്ചുവെന്ന് കരുതി ബ്രിട്ടീഷ് പര്‍വതാരോഹകനും മുന്‍ റോയല്‍ മറൈനുമായ ക്രിസ് ത്രാല്‍ എന്നയാള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒരു അനുശോചന വീഡിയോയും പങ്കുവെച്ചിരുന്നു. താഴേക്ക് ഇറങ്ങുന്നതിനിടയില്‍ വിശ്രമിക്കാനായി ഇരുന്ന ഡാവയോട് താന്‍ കുഴപ്പമൊന്നുമില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍, തനിക്ക് കുഴപ്പമില്ലെന്നും മുന്നോട്ട് പൊയ്‌ക്കൊള്ളാനും ഡാവ പറഞ്ഞതായി ക്രിസ് ഓര്‍ക്കുന്നു. ഡാവയുടെ പക്കല്‍ സാറ്റലൈറ്റ് ഫോണും റേഡിയോയും ഉണ്ടായിരുന്നുവെങ്കിലും അവ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നോ എന്ന് ഉറപ്പില്ലായിരുന്നു. ഡാവ സ്വയം താഴേക്ക് ഇറങ്ങിക്കോളും എന്ന് കരുതിയാണ് താന്‍ പോയതെന്നും, അതിനിടയില്‍ ഓക്‌സിജന്‍ തീര്‍ന്ന് മരവിച്ച നിലയില്‍ കണ്ടെത്തിയ ഡാവയുടെ പോളിഷ് ക്ലയന്റിനെ രക്ഷപെടുത്തി താന്‍ താഴേക്ക് കൊണ്ടുവരികയായിരുന്നുവെന്നും ക്രിസ് ത്രാല്‍ പറഞ്ഞു.

ഡാവ ഷെര്‍പ്പയുടെ ഈ തിരിച്ചുവരവ് ഒരു അമാനുഷിക പ്രതിഭാസമായാണ് നേപ്പാളിലെ പര്‍വതാരോഹണ സമൂഹം കാണുന്നത്. ഇത്തരം കഠിനമായ കാലാവസ്ഥയില്‍ ഇത്രയും ദിവസങ്ങള്‍ മലമുകളില്‍ അതിജീവിക്കുക എന്നത് ഒരു അത്ഭുതമാണെന്ന് മേഖലയിലെ പ്രമുഖനായ ആങ് ഷെറിങ് ഷെര്‍പ്പ പറഞ്ഞു. ഷെര്‍പ്പകള്‍ മലനിരകളില്‍ ജനിച്ച് വളരുന്നതുകൊണ്ട് തന്നെ കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ ശാരീരികമായി പ്രാപ്തരാണെന്നും, ഡാവയുടെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഒരുപക്ഷേ ജീവനോടെ അവശേഷിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1950-കളില്‍ നേപ്പാള്‍ തങ്ങളുടെ അതിര്‍ത്തികള്‍ തുറന്നുകൊടുക്കുന്നത് വരെ ഹിമാലയന്‍ താഴ്വരകളില്‍ യാക്കുകളെ മേച്ചും വ്യാപാരം നടത്തിയും കഴിഞ്ഞിരുന്ന ഒരു സമൂഹമായിരുന്നു ഷെര്‍പ്പകള്‍. എന്നാല്‍ അവരുടെ ശാരീരികക്ഷമതയും മലനിരകളിലുള്ള പരിചയസമ്പത്തും അവരെ പര്‍വതാരോഹണ മേഖലയിലെ ഒഴിച്ചുകൂടാനാവാത്ത ഗൈഡുമാരും ചുമട്ടുതൊഴിലാളികളുമാക്കി മാറ്റി.

ഈ വര്‍ഷത്തെ മെയ് മാസം എവറസ്റ്റ് ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ പര്‍വതാരോഹണ സീസണായിരുന്നു. ആയിരത്തിലധികം പര്‍വതാരോഹകരും അവരുടെ ഗൈഡുമാരും ഈ സീസണില്‍ എവറസ്റ്റ് കീഴടക്കി. ബേസ് ക്യാമ്പിന് മുകളിലുണ്ടായ കൂറ്റന്‍ മഞ്ഞുപാളി നീക്കം ചെയ്യാന്‍ രണ്ടാഴ്ചയോളം സമയമെടുത്തതിനാല്‍ ഇത്തവണ സീസണ്‍ വൈകിയാണ് ആരംഭിച്ചത്. ഈ സീസണില്‍ മാത്രം അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പര്‍വതാരോഹകര്‍ക്ക് വലിയ തോതില്‍ അനുമതി നല്‍കുന്ന അധികൃതരുടെ നടപടി പലപ്പോഴും ‘ഡെത്ത് സോണ്‍’ മേഖലകളില്‍ വലിയ ക്യൂവുകള്‍ക്കും അപകടകരമായ തിരക്കുകള്‍ക്കും കാരണമാകാറുണ്ടെന്ന് വിദഗ്ദ്ധര്‍ വിമര്‍ശിക്കുന്നു. 1953 മെയ് 29-നാണ് നേപ്പാളി ഗൈഡ് ടെന്‍സിങ് നോര്‍ഗേ ഷെര്‍പ്പയും ന്യൂസിലന്‍ഡുകാരനായ എഡ്മണ്ട് ഹിലരിയും ചേര്‍ന്ന് 8,849 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയത്.

Content Summary: Nepali guide Dawa Sherpa, presumed dead, found alive and crawling to base camp a week after going missing, right in the middle of his own funeral rituals

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×