1953 ജൂണ്‍ 2 ന്, രാവിലെ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങ് ലണ്ടനില്‍ നടക്കാന്‍ പോകുന്നു. പക്ഷെ, അന്നത്തെ പ്രഭാതത്തില്‍ ബ്രിട്ടീഷുകാര്‍ ഉണര്‍ന്നത് അതിലും വലിയൊരു വാര്‍ത്ത കേട്ടാണ്. ഹിലാരിയും ടെന്‍സിംഗും എവറസ്റ്റ് കൊടുമുടി കീഴടക്കി. ടൈംസ് പത്രത്തിന്റെ ഏറ്റവും പ്രശസ്തമായ, ആവേശകരമായ വാര്‍ത്താ സ്‌കൂപ്പായിരുന്നു അത്. 73 വര്‍ഷം മുന്‍പ് ജൂണ്‍ 2 ന്, ഇതേ ദിവസം, ദി ടൈംസ് ദിനപത്രം എവറസ്റ്റ് കീഴടക്കിയ കഥ വായിക്കുക.
1953 ജൂണ്‍ 2, ആ ദിവസം ലോകത്തിന്റെ കണ്ണുകളെല്ലാം ഇംഗ്ലണ്ടിലെ ലണ്ടനിലേക്ക് ഉറ്റുനോക്കുകയായിരുന്നു. 1953 ജൂണ്‍ 2, കിരീടവകാശിയായ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങ് അന്നാണ്. ഇരുപതാം നൂറ്റാണ്ടിലെ നാലാമത്തെയും അവസാനത്തെയും ബ്രിട്ടീഷ് രാജവംശത്തിലെ കിരീടധാരണമായിരുന്നു അത്. ബ്രിട്ടീഷ് രാജാക്കന്മാരുടെ കിരീടധാരണം, രാജകീയ വിവാഹങ്ങള്‍, സംസ്‌കാരച്ചടങ്ങുകള്‍ എന്നിവ നൂറ്റാണ്ടുകളായി നടക്കുക ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ഒരു ക്രിസ്ത്യന്‍ ദേവാലയമായ വെസ്റ്റ്മിന്‍സ്റ്റര്‍ ആബി (Westminster Abbey) പള്ളിയിലാണ്.

എലിസബത്തിന്റെ പിതാവ് ജോര്‍ജ് ആറാമന്റെ മരണശേഷം 25 കാരിയായ എലിസബത്ത് II രാജ്ഞിയുടെ കിരീടധാരണം നടന്നത്, പാരമ്പര്യം അനുസരിച്ച് ഒരു വര്‍ഷം നീണ്ട രാജകീയ ദുഃഖാചരണങ്ങള്‍ക്ക് ശേഷം വിശുദ്ധ തൈലത്തില്‍ അഭിഷേകം ചെയ്ത്, രാജകീയവസ്ത്രങ്ങള്‍ അണിഞ്ഞ് എലിസബത്ത് രാജ്ഞി കിരീടാവകാശിയായി വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ പ്രതിജ്ഞ ചെയ്തു ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, സിലോണ്‍ (ഇപ്പോള്‍ ശ്രീലങ്ക) എന്നിവിടങ്ങളിലെ രാജ്ഞിയായാണ് ഈ കിരീടധാരണം.
കിരീടധാരണം പ്രമാണിച്ച് കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലുടനീളം ആഘോഷങ്ങള്‍ നടക്കുകയും അനുസ്മരണ മെഡല്‍ നല്‍കുകയും ചെയ്തു. പൂര്‍ണ്ണമായും ടെലിവിഷന്‍ പ്രക്ഷേപണം ചെയ്ത ആദ്യത്തെ ബ്രിട്ടീഷ് കിരീടധാരണമായിരുന്നു അത്. ബ്രിട്ടീഷുകാരുള്‍പ്പടെ 27 ദശലക്ഷം പേര്‍ ടെലിവിഷനിലുടെ കണ്ട മഹാസംഭവമായി മാറി ഈ കിരീടധാരണ ചടങ്ങ്.

അപ്പോള്‍ നാലായിരത്തി അഞ്ഞൂറു മൈലുകള്‍ക്കപ്പുറത്ത് അതിലും വലിയ ഒരു സംഭവം നടന്നു കഴിഞ്ഞിരുന്നു. അതു വരെ ആരും കീഴടക്കാത്ത ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി എവറസ്റ്റ്, രണ്ട് പര്‍വ്വതാരോഹകര്‍ കീഴടക്കി. ജൂണ്‍ 2 ന് ഇംഗ്ലണ്ടിലെ കിരീടാവകാശിയായ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങിന്റെ വാര്‍ത്തയോടൊപ്പം ടെന്‍സിംഗും ഹിലാരിയും എവറസ്റ്റ് കൊടുമുടി കീഴടക്കിയ വാര്‍ത്ത ലണ്ടനിലെ ദി ടൈംസ് ദിനപത്രത്തില്‍ അച്ചടിച്ചുവന്നു. ടൈംസിലല്ലാതെ ലോകത്തിലെ ഒരു പത്രത്തിലും ആ വാര്‍ത്ത വന്നില്ല. കാരണം എവറസ്റ്റില്‍ ഉണ്ടായിരുന്ന എകപത്രപ്രവര്‍ത്തകന്‍ ടൈംസിന്റെതായിരുന്നു. ലോക പത്രപ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും ആവശകരമായ ഒരു വാര്‍ത്താ സ്‌കുപ്പായിരുന്നു അത്. ദി ടൈംസ് പത്രത്തിന്റെ നൂറ്റാണ്ടിലെ എക്സിക്ലൂസിവ് സ്‌കൂപ്പ്.
ഇന്ത്യയിലെ സര്‍വേയര്‍ -ജനറലായിരുന്ന സര്‍ ജോര്‍ജ് എവറസ്റ്റിന്റെ (1830-43) ബഹുമാനാര്‍ത്ഥമാണ് 29,032 അടി (8,849 മീറ്റര്‍) ഉയരമുള്ള ഈ ലോകോത്തരശൃംഗത്തിന് ഇന്ന് നാം അറിയുന്ന എവറസ്റ്റ് എന്ന പേരു നല്‍കിയത്. തിബത്തിന്റെയും നേപ്പാളിന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന എവറസ്റ്റിനെ തിബത്തുകാര്‍ ‘ചോമോലുംഗമാ’ എന്നും നേപ്പാളില്‍ ഇതിനെ ‘സാഗര്‍ മാതാ എന്നും വിളിച്ചു.

എവറസ്‌റിന് ഇരുവശവുമായി ‘ലോത്സെ (8495) ‘നപ്സേ’ (7894 മീ) എന്നീ രണ്ടു കൊടുമുടികള്‍ സ്ഥിതിചെയ്യുന്നു. ലോകത്തിലെ ഏററവും ഉയരം കൂടിയ കൊടുമുടി എന്ന പദവി 1852-ല്‍ തന്നെ എവറസ്റ്റിന് നല്‍കപ്പെട്ടിരുന്നെങ്കിലും. തിബറ്റും നേപ്പാളും വിദേശ സന്ദര്‍ശകരര്‍ക്ക് വിലക്കപ്പെട്ടിരുന്നു. 1920-ല്‍ മാത്രമാണ് എവറസ്റ്റിനെ നിരീക്ഷിക്കാന്‍ ഒരു ബ്രിട്ടീഷ് പര്യവേഷ സംഘത്തിന് തിബറ്റ് അനുമതി നല്‍കുന്നത്. 1921-നും 1938-നും ഇടയ്ക്ക് കൊടുമുടിയുടെ ഉച്ചിയില്‍ എത്താന്‍ ഏഴു വിഫലശ്രമങ്ങള്‍ നടന്നു. 1924-ല്‍ എവറസ്‌റിനെ കീഴടക്കാന്‍ പുറപ്പെട്ട ജോര്‍ജ് മല്ലോരി, ആന്‍ഡ്രൂ ഇര്‍വ്വിന്‍ എന്നീ പര്യവേഷകര്‍ കൊടുമുടി കയറിയെങ്കിലും അവര്‍ തിരോധാനം ചെയ്തു. അവരുടെ ജഡങ്ങള്‍ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം എവറസ്ററില്‍ കയറാനുള്ള ശ്രമം വീണ്ടും ആരംഭിച്ചു. 1950-51-ല്‍ തിബറ്റ് ചൈനയുടെ കൈയിലായതോടുകൂടി, വടക്കുനിന്നു എവറസ്റ്റില്‍ കയറാനുള്ള ശ്രമങ്ങള്‍ നിലച്ചുപോയി. പിന്നീടുള്ള എവറസ്റ്റാരോഹണശ്രമങ്ങളെല്ലാം നേപ്പാള്‍ വഴിയാണ് നടന്നിട്ടുള്ളത്. 1952-ല്‍ ഒരു സ്വിസ് പര്‍വ്വതാരോഹകസംഘം കൊടുമുടിയില്‍ എത്താനുള്ള സാഹസികശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.
അജയ്യമെന്ന് ലോകം കരുതുന്ന എന്തിനെയും വെല്ലുവിളിക്കാനുള്ള മനുഷ്യന്റെ ത്വരയും സാഹസിക ബുദ്ധിയുടെയും കഥകള്‍ ഏറെയുണ്ട്. അതിലേറ്റവും വിഖ്യാതമാണ് എവറസ്റ്റ് കൊടുമുടി കീഴടക്കിയ കഥ.

1953 ല്‍ പുതിയൊരു സംഘം എവറസ്റ്റ് കയറാന്‍ പ്ലാനിട്ടു. പര്യവേഷണം ആരംഭിക്കുന്നതിന് മുമ്പ്, 1953 ജനുവരി 16-ന് റോയല്‍ ജിയോഗ്രാഫിക്കല്‍ സൊസൈറ്റിയുടെയും ആല്‍പൈന്‍ ക്ലബ്ബിന്റെയും ജോയിന്റ് ഹിമാലയന്‍ കമ്മിറ്റിയുടെ ചെയര്‍മാനായ സര്‍ എഡ്വിന്‍ ഹെര്‍ബര്‍ട്ടും പുതിയ മൗണ്ട് എവറസ്റ്റ് പര്യവേഷണത്തിന്റെ നേതാവായ സര്‍ ജോണ്‍ ഹണ്ടും, പര്യവേഷണത്തിന്റെ റിപ്പോര്‍ട്ടുകളും റിപ്പോര്‍ട്ടുകള്‍ ചിത്രീകരിക്കുന്നതിനുള്ള കളര്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോഗ്രാഫുകളും പ്രസിദ്ധീകരിക്കുന്നതിനായി ലണ്ടനിലെ ദി ടൈംസ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡുമായി ഒരു കരാറില്‍ ഒപ്പുവച്ചു. കരാര്‍ പ്രകാരം പര്യവേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ടുചെയ്യുന്നതുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍, ഡിസ്പാച്ചുകള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവ സിന്‍ഡിക്കേറ്റ് ചെയ്യാനുള്ള അവകാശവും അവര്‍ ദി ടൈംസ് ദിനപത്രത്തിന് നല്‍കി.
എവറസ്റ്റ് പര്യവേഷത്തിന്റെ വിജയത്തിന് ഒരു ഉറപ്പുമില്ല. ഈ അനിശ്ചിതത്വം കാരണം 1953 ജനുവരിക്ക് ശേഷം പര്യവേഷ സംഘത്തിന്റെ മറ്റെതെങ്കിലും ശ്രമങ്ങള്‍ വിജയിച്ചാല്‍ മൂന്ന് വര്‍ഷം വരെ ടൈംസിന് ഈ അവകാശങ്ങള്‍ നല്‍കുന്ന ഒരു വ്യവസ്ഥയും കരാറില്‍ ഉണ്ടായിരുന്നു. പര്‍വ്വതാരോഹണത്തിന്റെ ചെലവിന്റെ വലിയൊരു ഭാഗം ദി ടൈംസ് പത്രം വഹിക്കും. പകരം പര്‍വതാരോഹണത്തിന്റെ അന്നന്നുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശം ടൈംസിനു മാത്രമായിരിക്കണം അതിനു പുറമേ, കേണല്‍ ഹണ്ടിന്റെ ലേഖനങ്ങളും സ്വന്തം റിപ്പോര്‍ട്ടുകളും അയയ്ക്കാന്‍ ടൈംസിന്റെ ലേഖകനും ഈ ആരോഹണ സംഘത്തോടൊപ്പമുണ്ടായിരിക്കും.
എവറസ്റ്റ് ദൗത്യത്തിനു തെരഞ്ഞെടുക്കപ്പെട്ട ലേഖകന്‍ ടൈംസിന്റെ സബ് എഡിറ്റര്‍ വെയിത്സുകാരനായ ജെയിംസ് മോറിസ് ആയിരുന്നു. 27 വയസുള്ള മോറിസിനു വേണ്ടി നല്‍കിയ വിസ അപേക്ഷയില്‍ തൊഴില്‍- ‘ട്രാന്‍സ്‌പോര്‍ട്ട് ഓര്‍ഗനൈസര്‍’ എന്നായിരുന്നു.

ഏതൊരു പര്‍വതാരോഹകനെ സംബന്ധിച്ചിടത്തോളം, എവറസ്റ്റ് കീഴടക്കുക എന്നത് അഭിലാഷത്തിന്റെ കൊടുമുടിയായിരുന്നു, അതേ പോലെ എല്ലാ മാധ്യമങ്ങള്‍ക്കും, ആരും കീഴടക്കാത്ത എവറസ്റ്റ് കയറ്റം എപ്പോഴും വളരെ പ്രാധാന്യമുള്ള ഒരു വാര്‍ത്താ സംഭവമായിരുന്നു.
എവറസ്റ്റ് കൊടുമുടിയില്‍ നിന്ന് വാര്‍ത്തകള്‍ എത്തിക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ദുഷ്‌കരമായിരുന്നു. ഏതൊരു വിദേശ വാര്‍ത്താ ഏജന്‍സിക്കും അതിനുള്ള വഴി അന്താരാഷ്ട്ര കേബിളുകള്‍, ടെലിഫോണുകള്‍, റേഡിയോ ലിങ്കുകള്‍ എന്നിവയാണ്, എവറസ്റ്റിനും ഏറ്റവും അടുത്തുള്ള കേബിള്‍ ഓഫീസിനോ ടെലിഫോണിനോ ഇടയില്‍ ഏകദേശം 180 മൈല്‍ ദുര്‍ഘടവും റോഡില്ലാത്തതുമായ ഒരു പ്രദേശമുണ്ട്. എന്നാല്‍ തിബറ്റ് വഴി സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധ്യമല്ല. ആശയവിനിമയ ലൈനുകള്‍ ലഭിക്കാന്‍ കാഠ്മണ്ഡുവിലേക്കോ ഇന്ത്യന്‍ അതിര്‍ത്തിയിലേക്കോ അവിടെ നിന്ന് മറുവശത്തുള്ള ഒരു കേബിള്‍ ഓഫീസിലേക്കോ പോകേണ്ടിവരും. ദീര്‍ഘദൂര വയര്‍ലെസ് ട്രാന്‍സ്മിഷന്‍ ഒഴിവാക്കപ്പെട്ടു, കാരണം നേപ്പാള്‍ സര്‍ക്കാര്‍ അന്ന് അത് അനുവദിച്ചിരുന്നില്ല.
പര്യവേഷ സംഘം ആശയവിനിമയത്തിലെ ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍, ആദ്യം സന്ദേശവാഹികളായ പ്രാവുകളെ ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശം വന്നു; അല്ലെങ്കില്‍ ബീക്കണ്‍ ഫയറുകള്‍; അല്ലെങ്കില്‍ കുപ്പിയിലടച്ച് സന്ദേശങ്ങള്‍ വിടാമെന്നും, ടിബറ്റിലെ ലാമമാരുടെ ടെലിപതിക് ശക്തികള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ അയയ്ക്കാന്‍ അവരെ സമീപിക്കാം. ഒടുവില്‍ എല്ലാം തള്ളിക്കളഞ്ഞ് പ്രയോഗികമായ മാര്‍ഗം അവര്‍ തെരഞ്ഞെടുത്തു. സന്ദേശ വാഹിയായ ഒരു ഷെര്‍പ്പ ഓട്ടക്കാരന്‍.
യാത്രാമധ്യേ ഈ ഓട്ടക്കാരെ തീര്‍ച്ചയായും തടയാന്‍ സാധ്യതയുണ്ട്, വാര്‍ത്തകള്‍ ചോര്‍ത്താന്‍ മറ്റ് പത്രലേഖകര്‍ അവര്‍ക്ക് കൈക്കൂലിയായി പണം നല്‍കുമെന്നും, സന്ദേശങ്ങള്‍ പിടിച്ചെടുത്ത് തങ്ങളുടെ പത്രങ്ങള്‍ക്ക് എത്തിച്ചേര്‍ക്കാനും സാധ്യതയുണ്ട്. അതിനാല്‍ തങ്ങളുടെ ആശയവിനിമയങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ ലണ്ടനിലെ ടൈംസ് പ്രിന്റിംഗ് ഹൗസ് സ്‌ക്വയറില്‍ ഏറ്റവും ശ്രദ്ധാപൂര്‍വ്വമായ പദ്ധതികള്‍ സംഘം ആസൂത്രണം ചെയ്തു. സന്ദേശങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ദി ടൈംസിന്റെ ഡല്‍ഹി കറസ്‌പോണ്ടന്റ് ആര്‍തര്‍ ഹച്ചിന്‍സന്റെ സഹായം ഇതിനായി തേടി. ഇത്തരം ആശയവിനിമയത്തില്‍ അദ്ദേഹം ഒരു വിദ്ഗ്ധനായിരുന്നു.
എവറസ്റ്റ് കീഴക്കിയ വാര്‍ത്ത ലഭിച്ചാല്‍ ലണ്ടനിലെ ദി ടൈംസ് എഡിറ്റോറിയല്‍ ടീമില്‍ എത്തുന്നതിനുമുമ്പ് അത് എങ്ങനെ രഹസ്യമായി സൂക്ഷിക്കും? തനിക്കും ഹച്ചിന്‍സണിനും മാത്രം അറിയാവുന്ന ഒരു രഹസ്യ കോഡ് ആവിഷ്‌കരിക്കാന്‍ മോറീസ് തീരുമാനിച്ചു. എന്നാല്‍ ഇത് ഒരു പ്രശ്നം സൃഷ്ടിച്ചു, കാരണം കേബിള്‍ ഓഫീസിലെ ജോലിക്കാരന് അര്‍ത്ഥശൂന്യമായ രീതിയില്‍ എഴുതിയ ഒരു സന്ദേശം അതിന്റെ അര്‍ത്ഥമെന്താണെന്ന് അറിയില്ലെങ്കില്‍ അയാള്‍ അത് അയയ്ക്കാന്‍ സാധ്യതയില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. അതിനാല്‍ ലളിതമായ കോഡുകള്‍ ഇതിനായി കണ്ടുപിടിച്ചു.
സന്ദേശങ്ങള്‍ക്ക് കോഡുകള്‍ മോറിസ് യാത്ര പുറപ്പെടും മുമ്പുതന്നെ ടൈംസ് തയ്യാറാക്കിയിരുന്നു. SNOW CONDITIONS BAD എന്നു പറഞ്ഞാല്‍ എവറസ്റ്റ് കയറി എന്നര്‍ഥം. ADVANCED BASE ABANDONED എന്നായിരുന്നു എഡ്മണ്ട് ഹിലാരിയുടെ കോഡ്. AWAITING IMPROVEMENT എന്നുവച്ചാല്‍ ടെന്‍സിംഗ് നോര്‍ഗേ. കോഡുകളുടെ രഹസ്യ ഷീറ്റ് മോറീസ് കാഠ്മണ്ഡുവിലെ ഹച്ചിന്‍സണിന് അയച്ചു. അദ്ദേഹം ലണ്ടനിലെ ദി ടൈംസിനും ബ്രിട്ടീഷ് അംബാസഡറിനും അതിന്റെ പകര്‍പ്പുകള്‍ കൈമാറി.

ടൈംസ് ഡല്‍ഹി ലേഖകന്‍ ആര്‍തര്‍ ഹച്ചിന്‍സണ്‍ കാഠ്മണ്ഡുവില്‍ എത്തി. എവറസ്റ്റില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ജെയിംസ് മോറിസ് ക്യാമ്പില്‍ നിന്ന് ഓട്ടക്കാര്‍വഴി കാഠ്മണ്ഡുവിലെത്തിക്കും. അവിടെ നിന്നു ഹച്ചിന്‍സണ്‍ അവ ലണ്ടനിലേക്കു കേബിള്‍ ചെയ്യും. ഇതായിരുന്നു പദ്ധതി. എവറസ്റ്റിനു ചുവട്ടില്‍നിന്നു റിപ്പോര്‍ട്ടുമായി ഏറ്റവും വേഗംകുടിയ ഷേര്‍പ്പ ഓട്ടക്കാരന്‍ കാര്‍മണ്ഡുവിലെത്താന്‍ കുറഞ്ഞത് ആറു ദിവസം വേണമായിരുന്നു. ആറു ദിവസത്തെ ഓട്ടത്തിനു കൂലി 30 പൗണ്ട്.(1953 ലെ 400 ഇന്ത്യന്‍ രൂപ) എവറസ്റ്റ് കീഴടക്കിക്കഴിഞ്ഞാല്‍ ആ വിവരം ആറു ദിവസം കഴിഞ്ഞ് എത്തിച്ചിട്ടു കാര്യമില്ല. മാത്രമല്ല. ഇതിനകം ഡെയ്‌ലി മെയില്‍, ഡെയ്ലി ടെലഗ്രാഫ് എന്നിവയുടെ ലേഖകന്മാരും കാഠ്മണ്ഡുവിലെത്തിയിരുന്നു.
എവറസ്റ്റില്‍നിന്ന് മൈല്‍ തെക്കു കിഴക്കു നാംഷെ ബസാറില്‍ ഒരു പോലീസ് പോസ്റ്റും വയര്‍ലെസ് ടാന്‍സ്മിറ്ററും മോറീസ് കണ്ടെത്തി. എന്നാല്‍ അതിനെക്കാള്‍ ശക്തമായ ട്രാന്‍സ്മിറ്റര്‍ മറ്റ് എതിരാളികളായ പത്രലേഖകന്മാര്‍ക്കുണ്ട്. ലണ്ടനിലെ വിദേശകാര്യ ഓഫീസിലേക്ക് സ്വന്തമായി റേഡിയോ ചാനലുള്ള ബ്രിട്ടീഷ് എംബസിയുടെ വഴിയാണ് മോറീസ് സ്വീകരിച്ചത്. കേബിളുകള്‍ സുരക്ഷിതമായി ലണ്ടനില്‍ എത്തുന്നുണ്ടോ എന്ന് ഹച്ചിന്‍സണ്‍ കാഠ്മണ്ഡുവില്‍ പരീക്ഷണം നടത്തി സന്ദേശത്തിന്റെ സുരക്ഷ ഉറപ്പാക്കി.
മെയ് 29-നു മോറിസ് കൊടുമുടി കയറി എവറസ്റ്റിലെ നാലാം ക്യാമ്പിലെത്തിയപ്പോള്‍ പര്‍വതാരോഹക സംഘത്തിലെ ഭൂരിപക്ഷം പേരും അവിടെയുണ്ടായിരുന്നു. അക്ഷമയോടെ നീണ്ട കാത്തിരിപ്പിന് ശേഷം മെയ് 29 രാവിലെ 11.30 ന് ഹിലാരിയും ടെന്‍സിംഗും എവസ്റ്റിന്റെ നെറുകയില്‍ എത്തിയെന്ന വിജയ വാര്‍ത്തയുമായി മുകളില്‍ നിന്ന് ആളെത്തി.
‘ജീവനുള്ള കാലം ഞാന്‍ ആ നിമിഷങ്ങള്‍ ഒരിക്കലും മറക്കില്ല, മുകളില്‍ നിന്ന് അവരുടെ വിജയവാര്‍ത്ത ക്യാമ്പില്‍ എത്തി ഞങ്ങള്‍ക്ക് നല്‍കിയപ്പോള്‍ ക്യാമ്പിനെ പൊതിഞ്ഞ ആവേശം ഞാന്‍ ഒരിക്കലും മറക്കില്ല. അത് വളരെ ആവേശകരവും ഊര്‍ജ്ജസ്വലവുമായ ഒരു നിമിഷമായിരുന്നു, ആ കൊടും തണുപ്പില്‍ ഞങ്ങളില്‍ മിക്കവരുടെയും കണ്ണുകളില്‍ നിന്ന് ചുടുകണ്ണുനീര്‍ ഒഴുകി. വിജയത്തിന്റെ ആ ദിവസം -”മഞ്ഞ് വളരെ വെളുത്തതായിരുന്നു, ആകാശം വളരെ നീലയായി തിളങ്ങി. ഞങ്ങള്‍ളെല്ലാവരും ആ ചരിത്രത്തിന്റെ ഭാഗമായി.

ഇംഗ്ലണ്ടില്‍, കിരീടധാരണത്തിന്റെ ആഘോഷത്തില്‍, ഒരു മുഴുവന്‍ ജനതയും, വിജയത്തിന്റെ വചനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അത് വളരെ മനോഹരമായ ഒരു നിമിഷമായിരുന്നു’ മോറീസ് ആ സന്ദര്‍ഭത്തെ കുറിച്ച് എഴുതി.
അപ്പോള്‍ എവറസ്റ്റ് കീഴടക്കിയ എഡ്മണ്ട് ഹിലാരിയും ടെന്‍സിങ് നോര്‍ഗെയും തങ്ങളുടെ വിജയ പതാക എവറസ്റ്റിന്റെ നെറുകയില്‍ ഉയര്‍ത്തി ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് നില്‍ക്കുകയായിരുന്നു.

വാര്‍ത്ത എത്തിക്കാനായി ക്യാമ്പില്‍നിന്ന് എവറസ്റ്റിന്റെ താഴേക്കു മോറിസ് ഇറങ്ങാനാരംഭിച്ച് ഇടയ്ക്കിടെ ഉരുണ്ടും കാലുതെറ്റി വീണും കയറുകളില്‍ ശരീരമുടക്കിയും താഴെയെത്തി. ‘മഞ്ഞുരുകല്‍ കാരണം വഴി പൂര്‍ണമായും നശിച്ചിരുന്നു, ഇടയ്ക്കിടെ മാത്രമേ ഞങ്ങള്‍ക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞുള്ളൂ, പലപ്പോഴും അപ്രാപ്യമായ മരുഭൂമിയിലൂടെ ചെറിയ വഴിത്താരകളില്‍ സ്ഥാപിച്ച പതാകകള്‍ ദിശയറിയാന്‍ ഞങ്ങളെ നയിച്ചു. ഇടറിവീണ് മഞ്ഞുപാളികള്‍ക്കിടയിലൂടെ തെന്നിമാറി. അനന്തമായ വൈദഗ്ധ്യത്തോടെയും ക്ഷമയോടെയും ഞങ്ങള്‍ മുന്നോട്ട് നടന്നു, ഞാന്‍ വളരെ ക്ഷീണിതനായിരുന്നു, പലപ്പോഴും പൊടിഞ്ഞ മഞ്ഞില്‍ കാലിടറുകയോ, കയറില്‍ കുടുങ്ങുകയോ, വിള്ളലുകളുടെ ആടുകയോ ചെയ്തു. അതിനാല്‍ ഞങ്ങളുടെ പുരോഗതി മന്ദഗതിയിലായിരുന്നു, വളരെ അപകടകരവുമായിരുന്നു. അരികുകളില്‍ കുത്തനെയുള്ള ഒരു മഞ്ഞുപാളിയില്‍ എത്തി, ഞങ്ങള്‍ കാലില്‍ തട്ടി താഴേക്ക് നടന്നു; അടിയിലുള്ള ഒരു ഐസ് ബ്ലോക്കില്‍ എന്റെ കാല്‍വിരല്‍ കുത്തി, ശപിച്ചുകൊണ്ട് ഒന്നോ രണ്ടോ നിമിഷം അവിടെ ചെലവഴിച്ചു; പിന്നെ കാല്‍വിരലിലെ നഖത്തിന്റെ പകുതിയുമായി താഴോട്ട് കുതിക്കേണ്ടിവന്നു, മഞ്ഞുവീഴ്ചയുടെ ചുവട്ടില്‍ ചെറിയ ഹിമാനികള്‍ ഉരുകി വേഗത്തില്‍ നീരൊഴുക്കായി; ചിലപ്പോള്‍ വഴുതിവീണ് വെള്ളം ഞങ്ങളുടെ സോക്‌സിലേക്കും ബൂട്ടുകളുടെ മുകള്‍ഭാഗത്തേക്കും ഒലിച്ചിറങ്ങി. വളരെ ഇരുട്ടിക്കഴിഞ്ഞാണ് ഞങ്ങള്‍ ബേസ് ക്യാമ്പില്‍ എത്തിയത് എന്റെ വിശ്വസ്തരായ ഷെര്‍പ്പകള്‍ ഒരു പര്‍വ്വതാരോഹനും എവറസ്റ്റിലെക്ക് മുകളിലേക്ക് കയറിയിട്ടില്ലെന്ന നല്ല വാര്‍ത്തയുമായി ഞങ്ങളെ സ്വീകരിച്ചു ആ രാത്രി ഞാന്‍ സുഖമായി ഉറങ്ങി, എവറസ്റ്റിന്റെ നിഴലില്‍ എന്റെ അവസാനത്തെ യാത്ര, അതിരാവിലെ ഞാന്‍ എന്റെ കൂടാരത്തില്‍ നിന്ന് പുറത്തേക്ക് ചാടി’ മോറീസ് ബേയ്‌സ് ക്യാമ്പിലേക്കുള്ള തന്റെ നിര്‍ണ്ണായക യാത്രയെ അനുസ്മരിച്ചു.
പിറ്റേന്ന് രാവിലെ താഴെയെത്തിയ മോറീസ് സന്ദേശവുമായി രണ്ട് ഓട്ടക്കാരെ അയച്ചു. എവറസ്റ്റിന്റെ ചരിവുകളിരുന്ന് എഴുതി അയച്ച 12 വാക്കുകളുള്ള ആ കോഡ് സന്ദേശ പത്രപവര്‍ത്തനത്തിലെ ഒരു ഇതിഹാസമായി മാറി. ഇതായിരു സന്ദേശം: SNOW CONDITIONS BAD STOP ADVANCED BASE ABANDONED STOP AWAITING IMPROVEMENT ALL WELL'(”മഞ്ഞുവീഴ്ച മോശമാണ്. മെയ് 29-ന് ബേസിന്റെ മുന്നേറ്റം ഉപേക്ഷിച്ചു. പുരോഗതിക്കായി കാത്തിരിക്കുന്നു. )
ആ സന്ദേശം പത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കൂപ്പുകളിലൊന്നിന്റെ കോഡായിരുന്നു. വിജയത്തിന്റെ ഈ സന്ദേശം ടെലിഗ്രാം ജോലിക്കാര്‍ അയ്ക്കാതെ നിരസിച്ചാല്‍, മറ്റ് രണ്ട് ഓട്ടക്കാരെ ടെറായിയിലൂടെയുള്ള ദുര്‍ഘടമായ വഴിയിലൂടെ ജയ്‌നഗറിലേക്ക് പോകാന്‍ തയ്യാറാക്കി നിറുത്തിയിരുന്നു. അതായിരുന്നു മോറീസിന്റെ പ്ലാന്‍ ബി.
നാംചെയില്‍ ഇന്ത്യന്‍ വയര്‍ലെസ് പോസ്റ്റിലെ ഇന്ത്യന്‍ പോലീസിലെ റേഡിയോ ഓപ്പറേറ്ററായ തിവാരി സന്ദേശം കാഠ്മണ്ഡുവിലെ ബ്രിട്ടീഷ് എംബസിയിലേക്ക് ടെലിഗ്രാഫ് വഴി അയച്ചു. അവിടെ നിന്ന് കാഠ്മണ്ഡുവില്‍ ആസ്ഥാനമായുള്ള ദി ടൈംസിന്റെ ലേഖകനായ ആര്‍തര്‍ ഹച്ചിന്‍സണിന് അത് കൈമാറി, തുടര്‍ന്ന് അദ്ദേഹം അത് ലണ്ടനിലേക്ക് അയച്ചു.
വിജയകരമായ കയറ്റത്തെക്കുറിച്ചുള്ള വാര്‍ത്ത നയതന്ത്ര വയര്‍ വഴി എംബസി കൈമാറാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍, അതിനാല്‍ ഹച്ചിന്‍സണ്‍ സന്ദേശം ബ്രിട്ടീഷ് എംബസിയിലേക്ക് കൊണ്ടുപോയി. ജൂണ്‍ 1 ന് മോറിസിന്റെ സന്ദേശം ദി ടൈംസിന്റെ വിദേശകാര്യ വകുപ്പിലെത്തി. അന്ന് ഉച്ചകഴിഞ്ഞ് 4.14 ന് വിദേശകാര്യ ഓഫീസ് വാര്‍ത്താ വകുപ്പിന്റെ തലവന്‍ വില്യം റിഡ്സ്ഡെയ്ല്‍, ടൈംസിന്റെ വിദേശ എഡിറ്ററായ ഇവെറാച്ച് മക്ഡൊണാള്‍ഡിനെ വിളിച്ച് മോറിസിന്റെ കേബിള്‍ സന്ദേശം ഉച്ചകഴിഞ്ഞുള്ള ടൈംസ് ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ സമ്മേളനത്തിന് കൃത്യസമയത്ത് കൈമാറി. ബ്രിട്ടീഷുകാര്‍ നേടിയ വിഖ്യാതമായ ചരിത്ര നേട്ടം അച്ചടിക്കാനായി ആ വാര്‍ത്ത ടൈംസിന്റെ പ്രസ്സിലേക്ക് പോയി.
ജൂണ്‍ 2 ന് എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങ് നാള്‍. മെയ് 29 വെള്ളിയാഴ്ച രാവിലെ 11.30-ന്‍ എവറസ്റ്റ് കീഴടക്കിയ വാര്‍ത്ത ദി ടൈംസ് ലോകത്തെ അറിയിച്ചു. ലണ്ടനില്‍ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണമാഘോഷിക്കാന്‍ രാവിലെ തെരുവിലേക്കിറങ്ങിയ ബ്രിട്ടീഷ് ജനത ബ്രിട്ടന്റെ, ദി ടൈംസ് പത്രം രചിച്ച ചരിതം അഭിമാനത്തോടെ, ആഹ്ലാദത്തോടെ വായിച്ചറിഞ്ഞു.

അപ്പോള്‍ ആയിരക്കണക്കിന് മൈല്‍ അകലെ, എവറസ്റ്റിലേക്കുള്ള പ്രാഥമിക കവാടമായ നാംചെ ബസാറിനു തെക്ക് ആറ് മൈല്‍ അകലെയുള്ള ദുദ് ഖോസി നദിക്കരയില്‍ തമ്പടിച്ചിരിക്കുന്ന ജെയിംസ് മോറിസ്, വാര്‍ത്തയറിയാന്‍ തന്റെ റേഡിയോ ഓണ്‍ ചെയ്തു. എവറസ്റ്റ് കൊടുമുടി കീഴടക്കിയതായും എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ തലേന്ന് വാര്‍ത്ത ലണ്ടനെ അറിയിച്ചതായും ഇംഗ്ലീഷില്‍ പ്രഖ്യാപിക്കുന്ന വാര്‍ത്താ അവതാരകന്റെ ശബ്ദം മോറീസ് അടക്കാനാവാത്ത ഹര്‍ഷോന്മാദത്തോടെ കേട്ടു. ദി ടൈംസ് ദിന പത്രമാണ് ഇത് പ്രഖ്യാപിച്ചതെന്ന് അവതാരകന്‍ കൂട്ടിച്ചേര്‍ത്തു. അതൊരു പത്രപ്രവര്‍ത്തകന്റെ വിജയമുഹൂര്‍ത്തമായിരുന്നു.

എവറസ്റ്റ് കീഴടക്കിയ ചരിത്രം അങ്ങനെ വിജയകരമായി പര്യവസാനിച്ചെങ്കിലും. ടൈംസിന് വേണ്ടി വാര്‍ത്താ ദൗത്യം ഏറ്റെടുത്ത വെറും ജൂനിയര്‍ സബ് എഡിറ്ററായ വെല്‍ഷിഷ്‌കാരനായ ജെയിംസ് ഹംഫ്രി മോറിസിന്റെ കഥ ഇവിടെ തീരുന്നില്ല. മോറീസ് എന്ന പത്ര പ്രവര്‍ത്തകന്റെ ഉയര്‍ച്ച പെട്ടെന്നായിരുന്നു. എവറസ്റ്റ് വാര്‍ത്താ സ്‌കൂപ്പില്‍ നിര്‍ണ്ണായക പങ്കു വഹിച്ച മോറീസിനെ ടൈംസ് ദിനപത്രം ഒറ്റയടിക്ക് പത്രത്തിലെ ഏറ്റവും അഭിമാനകരമായ പദവി നല്‍കി. മോറീസിനെ ടൈംസ് അതിന്റെ വിദേശ വാര്‍ത്താ എഡിറ്ററാക്കി.
തീര്‍ന്നില്ല, മോറീസിന്റെ ജീവിതത്തിലെ രണ്ടാം ഭാഗം അതിലും നാടകീയമായിരുന്നു. ജെയിംസ് ഹംഫ്രി മോറിസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം, 19 വര്‍ഷത്തിന് ശേഷം 1972-ല്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ട്രാന്‍സ്ജെന്‍ഡറായി മാറുകയും ചെയ്തു. ജാന്‍ മോറിസ് എന്ന് പേര് സ്വീകരിച്ച അവര്‍. തന്റെ ഈ പരിവര്‍ത്തനത്തെക്കുറിച്ച് ‘കോണ്‍ഡ്രം’ (Conundrum) എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. ഈ കൃതി. ട്രാന്‍സ്ജെന്‍ഡര്‍ സാഹിത്യത്തിലെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു.

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉയര്‍ച്ചതാഴ്ച്ചകളെ കുറിച്ച് ജാന്‍ മോറിസ് എഴുതിയ ‘പാക്സ് ബ്രിട്ടാനിക്ക’ (Pax Britannica) എന്ന സമാഹാരമാണ് ചരിത്രകാരിയെന്ന നിലയിലുള്ള അവരുടെ ഏറ്റവും വലിയ സംഭാവന. കൂടാതെ വെനീസ്, ന്യൂയോര്‍ക്ക്, ഹോങ്കോംഗ് തുടങ്ങിയ നഗരങ്ങളെക്കുറിച്ചുള്ള യാത്രാവിവരണങ്ങളും ഏറെ പ്രശസ്തമാണ്. ഈ ഈ വര്‍ഷം ജന്മശതാബ്ദി ആഘോഷിക്കുന്ന ജാന്‍ മോറീസ് 2020 നവംബര്‍ 20 ന് അന്തരിക്കുമ്പോള്‍ ഒരു ചരിത്രകാരി, യാത്രാ എഴുത്തുകാരി, പത്രപ്രവര്‍ത്തക എന്ന നിലയില്‍ വളരെ പ്രശസ്തയായിരുന്നു.
കൊടുമുടി കീഴടക്കിയ ശേഷം എവറസ്റ്റാരോഹകര്‍ക്ക് കൊടുമുടിയിലെ അത്യുന്നതങ്ങളില്‍ അനുഭവപ്പെട്ട മാനസികഭാവങ്ങളെയും ശാരീരികാസ്വസ്ഥതകളേയും വിലയിരുത്തി വിലയേറിയ പഠനങ്ങളാണ് ബ്രിട്ടീഷ് വൈദ്യഗവേഷണ സമിതിയിലെ പ്രസിദ്ധ ശാസ്ത്രജ്ഞന്‍മാരും ഡോക്ടര്‍മാരും പ്രസിദ്ധീകരിച്ചിട്ടുളളത്. പര്‍വ്വതാരോഹകരുടെ ശരീരബലവും പ്രവര്‍ത്തനശേഷിയും മുകളിലോട്ടുയരും തോറും കുറഞ്ഞുവരുന്നതായി അനുഭവപ്പെട്ടു. ഇരുപതിനായിരം അടി മുകളില്‍ വായുവിന് സമുദ്രവിതാനത്തിലെ വായുവിന്റെ ഘടനയുമായി സാരമായ വ്യത്യാസമില്ലെങ്കിലും മര്‍ദ്ദത്തിന് പ്രകടമായ വ്യത്യാസമുണ്ടായിരുന്നു.
ഇരുപത്തയ്യായിരം അടി മുകളില്‍ ഭക്ഷണത്തിന് രുചിയില്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അത്രയും ഉയരത്തില്‍ മനുഷ്യജീവിതം സാധ്യമല്ലെന്നും പറയേണ്ടതില്ലല്ലോ. പക്ഷേ ഇരുപത്തേഴായിരം അടി മുകളില്‍ ഒരു പക്ഷിയെ കണ്ടതായി ഹിലാരി രേഖപ്പെടുത്തുന്നു. തൊട്ടുതാഴെ ഇരുപത്തിആറായിരം അടി ഉയരത്തില്‍ രണ്ടു പക്ഷികളെ കണ്ടതായി മറ്റൊരു ആരോഹകനായ ഹണ്ടും രേഖപ്പെടുത്തുന്നു ഈ ഉയരങ്ങളില്‍ പക്ഷികള്‍ ജീവിക്കുന്നു എന്നത് അത്ഭുതമത്രേ.

പതിനേഴായിരം അടി മുകളില്‍ എത്തുമ്പോഴേയ്ക്കും ലൈംഗിക ചിന്തകള്‍ ആരിലും ഉണര്‍ന്നിരുന്നില്ല. അപസര്‍പ്പക കഥകള ക്രൈം കഥകളോ വായിച്ചിരുന്നവര്‍ക്ക് ഐതിഹാസിക പുരാണകഥകളോടായി കമ്പം. ഹിമാലയത്തിന്റെ ഔന്നത്യങ്ങളില്‍ പര്‍വ്വതാരോഹകരുടെ മനസ്സില്‍ ഉന്നതവും ഉദാത്തവുമായ ചിന്തകള്‍ക്കേ സ്ഥാനമുണ്ടായിരുന്നുള്ളൂ എന്ന് അത് തെളിയിക്കുന്നു. ഏകാന്തതയ്ക്കുവേണ്ടി ഋഷിമാരും, വിരക്തരും ഹിമാലയപ്രാന്തങ്ങള്‍ തേടി പോകുന്നതിന്റെ പൊരുള്‍ ഇതില്‍ നിന്നും മനസ്സിലാകുന്നതാണ്. ഹിമാലയത്തിലെ ഏകാന്തത ഒരു മൗനഘനാമൃത ലബ്ദിയായാണ് അവര്‍ക്കനുഭവപ്പെട്ടത്.
എന്തുകൊണ്ട് എത്രയോ പേരുടെ മൃതശരീരങ്ങളില്‍ ചവിട്ടിക്കയറിക്കൊണ്ട് മനുഷ്യന്‍ എവറസ്‌ററിനെ കീഴടക്കാന്‍ ഇപ്പോഴും വെമ്പുന്നു? അജയ്യമെന്നു കരുതുന്ന എന്തിനെയും വെല്ലുവിളിക്കാനുള്ള മനുഷ്യന്റെ ചങ്കുറപ്പും സാഹസിക ബുദ്ധിയുമെന്നല്ലാതെ ഇതിനുമറ്റൊരുത്തരമില്ല.
Content Summary: A look back at the historic day when Queen Elizabeth II was crowned in London and The Times broke the legendary news of the first successful Everest expedition.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.