UPDATES

കല

ശരാശരി സിനിമകളെ പണം മുടക്കി ‘ മികച്ചത്’ ആക്കാറുണ്ട്;  കരണ്‍ ജോഹറിന്റെ വെളിപ്പെടുത്തലുകള്‍

തന്റെ സിനിമകളെ പറ്റി പുകഴ്ത്തി പറയാനായി ആളുകളെ സിനിമ തിയറ്ററിലേക്ക് പണം നല്‍കി അയക്കാറുണ്ടെന്നാണ് കരണ്‍ സമ്മതിച്ചിരിക്കുന്നത്

                       

ബോളിവുഡുമായി ബന്ധപ്പെട്ട പല വിവാദ തലകെട്ടുകളിലും പേര് ഉള്‍പ്പെടുന്നയാളാണ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍. തന്റെ തന്നെ പല പ്രസ്താവനകളും വാക്കുകളും പലപ്പോഴും കരണിനു തന്നെ വിനയാകാറുമുണ്ട്. തന്റെ സിനിമകള്‍ മികച്ചവയാന്നെന്ന് ജനങ്ങളുടെ മുമ്പില്‍ ചിത്രീകരിക്കാനായി പണം നല്‍കാറുണ്ടെന്ന് തുറന്നു സമ്മതിച്ചുകൊണ്ട് ഒരിക്കല്‍ കൂടി വാര്‍ത്തയായിരിക്കുകയാണ് കരണ്‍. തന്റെ സിനിമകളെ പറ്റി പുകഴ്ത്തി പറയാനായി ആളുകളെ സിനിമ തിയറ്ററിലേക്ക് പണം നല്‍കി അയക്കാറുണ്ടെന്നാണ് കരണ്‍ സമ്മതിച്ചിരിക്കുന്നത്. ഗലാറ്റ പ്ലസ് റൗണ്ട് ടേബിള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു കരണ്‍ ജോഹറിന്റെ ഈ തുറന്നുപറച്ചില്‍.

സിനിമകളോടുളള നിഷേധാത്മകമായ നിലപാടുകളില്‍ ഭൂരിഭാഗവും ഫാന്‍ ക്ലബ്ബുകള്‍ കെട്ടി ചമക്കുന്നവയാണെന്നാണ് കരണ്‍ ജോഹര്‍ പറയുന്നത്. ജനശ്രദ്ധ പിടിച്ചു പറ്റുന്നതിനായി ഒരു ബൈറ്റ് നല്‍കി വൈറലാകാന്‍ ശ്രമിക്കുന്നവരുമുണ്ടെന്നും കരണ്‍ പറഞ്ഞു. കരണ്‍ ജോഹറിന്റെ അഭിപ്രായത്തില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി ശ്രദ്ധ തേടുന്ന ഫാന്‍സ് ക്ലബ്ബുകളും വ്യക്തികളും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് പല വിവാദപരമായ പ്രസ്താവനകള്‍ക്ക് പിന്നില്‍. ഇതിനൊപ്പം നടത്തിയ വെളിപ്പെടുത്തലാണ്, തന്റെ സിനിമകളെ കുറിച്ച് നല്ല അഭിപ്രായം ഉണ്ടാക്കി പറയുന്നതിനായി ആളുകള്‍ക്ക് താന്‍ പണം നല്‍കിയിട്ടുണ്ടെന്നും സമ്മതിക്കുന്നത്. സിനിമകളെ പറ്റി നെഗറ്റീവ് അല്ലെങ്കില്‍ പോസിറ്റീവ് അഭിപ്രായം സൃഷ്ടിക്കുന്നതിനുള്ള സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനം തന്നില്‍ വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്നും കരണ്‍ പറയുന്നു.

‘നിങ്ങള്‍ ഓരോരുത്തരും ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാവും സിനിമകള്‍ക്ക് പുറത്ത് വോക്‌സ് പോപ്പ് (പൊതുവായ അഭിപ്രായം) നല്‍കുന്നവരെല്ലാവരും ഉദ്വേഗജനകമായ കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ അത് കേള്‍ക്കുന്ന യഥാര്‍ത്ഥ പ്രേക്ഷകര്‍ അതാണ് ശരിയെന്ന് കരുതി സിനിമ കാണാതെ പോകുന്നു. പലപ്പോഴും ഇത്തരം തുറന്നുപറച്ചിലുകള്‍ മൂലം പ്രേക്ഷകരിലേക്ക് സിനിമ എത്താതെ പോകുന്നു. വൈറലാകാന്‍ വേണ്ടി അവര്‍ ഞങ്ങളെ പോലുള്ള പല നിര്‍മാതാക്കളെയും നശിപ്പിക്കുകയാണ്.

പബ്ലിക് റിലേഷന്‍സ് (പിആര്‍) മേഖലയില്‍ പക്ഷെ ഒരു സിനിമയെ നല്ലതാക്കി കാണിക്കുന്നതിനും വേണ്ടത്ര പ്രചാരം കിട്ടുന്നതിനും വേണ്ടി ചിലപ്പോഴൊക്കെ ആളുകളെ നിയമിക്കേണ്ടതായി വരാറുണ്ട്. ചില സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്താന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ചെയ്യുന്നത്. ഒരു നിര്‍മാതാവ് എന്ന നിലയില്‍ തന്റെ സിനിമയെ വിജയത്തിലേക്ക് എത്തിക്കാന്‍ വേണ്ടുന്ന എല്ലാ വഴികളും ഞാന്‍ പരീക്ഷിക്കാറുണ്ട്. സിനിമയെ വിമര്‍ശിക്കുന്നവരെ ഞാനും വിമര്‍ശിക്കാറുണ്ട്. ഒപ്പം ഒരു സിനിമയെ പുകഴ്ത്തുകയാണെങ്കില്‍ ഞാന്‍ അവരെ പിന്തുണയ്ക്കും. സിനിമയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ നല്ല പ്രതികരണങ്ങള്‍ വളരെ ഉപയോഗപ്രദമാണ്. സിനിമയുടെ പ്രകടനത്തിനനുസരിച്ചാണ് പല തന്ത്രങ്ങളും മെനയുന്നത്. ഇത്തരം തന്ത്രങ്ങള്‍ അത്ര മികച്ച പ്രകടനം കാഴ്ച വയ്ക്കാത്ത സിനിമകളെ പോലും നല്ലതാക്കി കാണിക്കാന്‍ സാധിക്കും. ഒരു ശരാശരി സിനിമയെ ഹിറ്റായി ചിത്രീകരിക്കാന്‍ നിര്‍മാതാക്കള്‍ ചെയ്യുന്ന കാര്യമാണിത്. ഞാന്‍ മാത്രമല്ല എല്ലാ നിര്‍മാതാക്കളും ഇതേ തന്ത്രമുപയോഗിക്കാറുണ്ട്-കരണ്‍ പറയുന്നു.

ഒരു സിനിമ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നുണ്ടെങ്കില്‍ മാത്രമേ തനിക്ക് സ്വസ്ഥമായി ഇരിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്. ‘സിനിമകള്‍ വിജയിക്കണമെങ്കില്‍ അതിനു ചുറ്റും വലിയ ഊര്‍ജം സൃഷ്ടിക്കേണ്ടതുണ്ട്. അത്തരത്തില്‍ 2023-ല്‍ എനിക്ക് വിജയം നേടി തന്ന സിനിമയാണ് റോക്കി ആന്‍ഡ് റാണി കി പ്രേം കഹാനി. ലോകമെമ്പാടുമായി 350 കോടി രൂപയാണ് ആലിയ ഭട്ടും രണ്‍വീര്‍ സിങ്ങും ഒന്നിച്ചെത്തിയ ചിത്രം നേടിയത്’- കരണിന്റെ വാക്കുകള്‍. കൂട്ടത്തില്‍ അദ്ദേഹം പറയുന്ന മറ്റൊരു കാര്യം, ‘ശരാശരി സിനിമകളെ മികച്ചതായി ചിത്രീകരിക്കേണ്ട ആവശ്യം വരാറുണ്ട്’ എന്നാണ്.

ചലച്ചിത്ര സംവിധായകന്‍, നിര്‍മ്മാതാവ്, ടെലിവിഷന്‍ അവതാരകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് കരണ്‍ ജോഹര്‍. 1995ല്‍ പുറത്തിറങ്ങിയ ദില്‍വാലെ ദുല്‍ഹനിയ ലേ ജായെംഗെ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്കുള്ള കടന്നു വരവ്.

Share on

മറ്റുവാര്‍ത്തകള്‍