UPDATES

കല

ബ്രിട്‌നി സ്പിയേഴ്‌സിന്റെ ‘ദ വുമണ്‍ ഇന്‍ മി

ഒരേയൊരു പോപ്പ് രാജകുമാരിയുടെ ഓര്‍മക്കുറിപ്പുകള്‍

                       

മൈക്കിള്‍ ജാക്‌സണ്‍ പോപ്പ് സംഗീതത്തിന്റെ രാജാവായാണ് കാണക്കാക്കപ്പെടുന്നത്. പോപ് സംഗീതത്തിന്റെ രാഞ്ജി ആരെണെന്ന ചോദ്യത്തിന് മഡോണ ലൂയിസ് സിക്കോണ്‍ എന്ന ഉറപ്പില്ലാത്ത ഉത്തരം കിട്ടിയേക്കാം. എന്നാല്‍ രാജകുമാരി ആരാണെന്ന ചോദ്യത്തിന് എതിര്‍പ്പുകളേതുമില്ലാതെ ലഭിക്കുന്ന ഉത്തരം തന്റെ ശബ്ദ മാന്ത്രികത കൊണ്ട് പതിനാറാം വയസില്‍ പോപ്പ് സംഗീതത്തിന്റെ കൊടുമുടി ചവിട്ടിക്കയറിയ ഒരു 42 കാരിയുടെ പേരായിരിക്കും. ‘ബേബി വണ്‍ മോര്‍ ടൈം’എന്ന ആദ്യഗാനത്തിലൂടെ 1990-കളുടെ അവസാനത്തിലും 2000-കളുടെ തുടക്കത്തിലും പോപ്പ് സംഗീതത്തില്‍ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച ബ്രിട്നി സ്പിയേഴ്സ്.

തന്റെ ആദ്യഗാനം പുറത്തിറങ്ങി 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ബ്രിട്‌നിക്കു പിന്നാലെ തന്നെയാണ് പോപ്പ് ലോകമിപ്പോഴും. പുതിയ ഓര്‍മ്മക്കുറിപ്പായ ‘ദി വുമണ്‍ ഇന്‍ മി’യിലൂടെ വീണ്ടും ആരാധകര്‍ക്കിടയില്‍, സംഭവബഹുലമായ തന്റെ ജീവിതകഥ വരച്ചിടുകയാണ് അമേരിക്കന്‍ പോപ്പ് ഗായിക. കരിയറിന്റെ തുടക്കം മുതല്‍, ബ്രിട്‌നി സ്പിയേഴ്‌സിനെ മാധ്യമ കണ്ണുകളും ആരാധകരും വിടാതെ പിന്തുടരുകയായിരുന്നു. വിവാഹ ജീവിതവും, വ്യക്തിജീവിതവും തുടങ്ങി ജീവിതത്തിലെ എല്ലാ കാല്‍വെപ്പുകളും സമൂഹം ഇഴ കീറി പരിശോധിച്ച താരങ്ങള്‍ വിരളമായിരിക്കും.

13 വര്‍ഷത്തെ നിയമപരമായ കണ്‍സര്‍വേറ്റര്‍ഷിപ്പ് ഉള്‍പ്പെടയുള്ള അനുഭവങ്ങള്‍ പങ്കുവെക്കുന്ന സ്പിയേഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പായ ‘ദി വുമണ്‍ ഇന്‍ മി’ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. ഒക്ടോബര്‍ 24 ന് പുസ്തകം പുറത്തിറങ്ങി.

1998 -ല്‍ ആദ്യ ഗാനം പുറത്തിറങ്ങിയത് മുതല്‍ താരപരിവേഷത്തിനൊപ്പം ആരാധകരുടെ വിമര്‍ശനത്തിനും ബ്രിട്നി സ്പിയേഴ്സ് വിധേയയായിരുന്നു. പാട്ടിന്റെ മ്യൂസിക് വീഡിയോയും ആകര്‍ഷകമായ മെലഡിയും ബ്രിട്‌നിയെ പോപ്പ് സെന്‍സേഷനാക്കി മാറ്റി. ചാര്‍ട്ട്-ടോപ്പിംഗ് ആല്‍ബങ്ങളുടെ ഒരു പരമ്പരയും ഹിറ്റ് സിംഗിള്‍സും ബ്രിട്ട്‌നിയുടേതായി പുറത്തിറങ്ങി. പിന്നീടങ്ങോട്ട് സംഗീതത്തിനു പുറമെ അഭിനയം, നൃത്തം, സംരംഭകത്വം തുടങ്ങി പല മേഖലകളിലും ബ്രിട്‌നി തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു.

പ്രശസ്തിയുടെയും വിജയത്തിന്റെയും കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ബ്രിട്നിയുടെ പ്രതിച്ഛായയും വ്യക്തിജീവിതവും ആരാധകരുടെ നിരീക്ഷണത്തിനും വിമര്‍ശനത്തിനുമിടയില്‍ കുടുങ്ങി കിടന്നിരുന്നു. വ്യക്തി ജീവിതത്തിലേക്കുള്ള കടന്നു കയറ്റത്തിനെതിരെയുള്ള ബ്രിട്നിയുടെ പ്രതികരണങ്ങളത്രയും അസ്ഥിരതയുടെ അടയാളങ്ങളായാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ബ്ലാക്ക് ഔട്ട്, ബ്രേക്ക് ദി ഐസ്, സര്‍ക്കസ് തുടങ്ങി ഒരുപിടി ഹിറ്റ് ഗാനങ്ങളും ആ കാലയളവില്‍ ബ്രിട്നിയുടെതായി പുറത്തിറങ്ങിയിരുന്നു.

2007-ലാണ് തനിക്കു ലഭിക്കുന്ന അധിക മാധ്യമ ശ്രദ്ധിയില്‍ എതിര്‍പ്പറിയിച്ചുകൊണ്ട് ബ്രിട്നി മാധ്യമങ്ങള്‍ക്കു മുമ്പില്‍ വച്ച് തന്നെ തലമുണ്ഡനം ചെയ്യുന്നത്. ആദ്യഭര്‍ത്താവായ കെവിന്‍ ഫെഡര്‍ലൈനുമായി വിവാഹമോചനം നേടിയ സമയം കൂടിയായിരുന്നു അത്. ബ്രിട്നിയുടെ വ്യക്തി ജീവിതത്തെ വിടാതെ പിന്തുടരുന്ന പാപ്പരസികള്‍ക്കെതിരെയുള്ള പ്രതിഷേധമായി ഈ സംഭവത്തെ ഒരുകൂട്ടര്‍ വിലയിരിത്തിയപ്പോള്‍, മാനസിക വിഭ്രാന്തി ആരോപിച്ചാണ് മറ്റൊരു കൂട്ടം ആരാധകര്‍ അവരെ വിമര്‍ശിച്ചത്. കൗമാരപ്രായം മുതല്‍ ആളുകള്‍ എപ്പോഴും തന്റെ രൂപഭാവം വിലയിരുത്തുന്നതായി അനുഭവപ്പെട്ടിട്ടുണ്ടെന്നും തല മൊട്ടയടിച്ചത് ഇതിനെതിരെയുള്ള പ്രതിഷേധമാണെന്നും തന്റെ ഓര്‍മക്കുറിപ്പില്‍ ബ്രിട്‌നി കുറിക്കുന്നുണ്ട്. ഈ സംഭവത്തിന് ഒരു വര്‍ഷത്തിന് ശേഷമാണ് ബ്രിട്‌നി കോടതി ഉത്തരവിട്ട ഒരു കണ്‍സര്‍വേറ്റര്‍ഷിപ്പില്‍ കഴിയേണ്ടി വരുന്നത്. സ്വയം ചെയ്യാന്‍ കഴിവില്ലെന്ന് കരുതുന്ന ഒരാളുടെ വ്യക്തിപരവും സാമ്പത്തികവുമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു രക്ഷാധികാരിയെ കോടതി നിയമിക്കുന്ന നിയമപരമായ ക്രമീകരണമാണ് കണ്‍സര്‍വേറ്റര്‍ഷിപ്പ്. 14 വര്‍ഷമാണ് ബ്രിട്‌നിക്കേര്‍പ്പെടുത്തിയ കണ്‍സര്‍വേറ്റര്‍ഷിപ്പ് നീണ്ടുനിന്നത്.

കണ്‍സര്‍വേറ്റര്‍ഷിപ്പ് ഏര്‍പ്പെടുത്തിയ വര്‍ഷങ്ങളില്‍, ഇത് വിവാദമാവുകയും പൊതുജനശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള നിയതന്ത്രണങ്ങളുടെ ആവശ്യകതയെ കുറിച്ച് പല കോണുകളില്‍ നിന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങിയിരുന്നു. ഇതേസമയം തന്നെ കണ്‍സര്‍വേറ്റര്‍ഷിപ്പ് അവസാനിപ്പിക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ബ്രിട്നി സ്പിയേഴ്സ് സ്വയം രംഗത്തെത്തി. അമിതമായി നിയന്ത്രണമേര്‍പ്പെടുത്തിയ ഈ പ്രക്രിയ തന്റെ സ്വാതന്ത്രത്തിനുമേലുള്ള കടന്നുകയറ്റമായാണ് അന്ന് ബ്രിട്‌നി ആരോപിച്ചത്. ബ്രിട്‌നിയുടെ വെളിപ്പെടുത്തലോടെ അവരുടെ കണ്‍സര്‍വേറ്റര്‍ഷിപ്പ് അവസാനിപ്പിക്കണമെന്ന് ആവിശ്യപെട്ടുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. #FreeBritney എന്ന മൂവ്‌മെന്റും അക്കാലത്ത് രൂപപ്പെട്ടിരുന്നു. 2021 നവംബറിലാണ്, ഈ പ്രതിഷേധങ്ങളുടെ അകെ തുകയായി കോടതി കണ്‍സര്‍വേറ്റര്‍ഷിപ്പ് അവസാനിപ്പിച്ചത്.

‘ആ ദിവസങ്ങള്‍ അവസാനിച്ചിരിക്കുന്നു, എനിക്ക് എന്റെ മുടി നീട്ടി വളര്‍ത്തേണ്ടി വന്നിരുന്നു, നേരത്തെ ഉറങ്ങണം, അവര്‍ തന്നിരുന്ന മരുന്നുകള്‍ കഴിക്കാന്‍ നിര്‍ബന്ധിതയായെന്നും” ഓര്‍മക്കുറിപ്പില്‍ ബ്രിട്‌നി എഴുതുന്നതായി അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 14 വര്‍ഷം നീണ്ടുനിന്ന കണ്‍സര്‍വേറ്റര്‍ഷിപ്പിനിടയിലും നാല് വിജയകരമായ ആല്‍ബങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും പുറത്തിറക്കുകയും ചെയ്തിരുന്നു.

2022-ല്‍ സ്പിയേഴ്സ് തന്റെ ഓര്‍മക്കുറിപ്പിനായി 15 മില്യണ്‍ ഡോളര്‍ പുസ്തക കരാറില്‍ ഒപ്പുവെച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എക്കാലത്തെയും വലിയ പുസ്തക ഇടപാടുകളിലൊന്നാണിത്. നക്ഷത്രനിബിഢമായ കഥകളോ സ്റ്റുഡിയോ വിഗ്‌നെറ്റുകളോ തുടങ്ങി താര ജീവിതത്തിന്റെ യാതൊരു നിറപ്പകിട്ടും ഈ ഓര്‍മക്കുറിപ്പില്‍ കാണാനാവില്ലെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പകരം, പുരുഷാധിപത്യവും ചൂഷണവും തമ്മിലുള്ള ബന്ധത്തെ അനിഷേധ്യമാക്കുന്ന ഒരു കേന്ദ്രീകൃത കഥയാണ് ദി വുമണ്‍ ഇന്‍ മി പറയുന്നത്. ‘ദി വുമണ്‍ ഇന്‍ മി’ ഒരു ഓര്‍മക്കുറിപ്പിനപ്പുറം പോപ്പ് സംഗീത രാജകുമാരിയുടെ വളര്‍ച്ചയുടെയും വിജയത്തിന്റെയും അവിശ്വസനീയമായ യാത്രയുടെ വിവരണം കൂടിയാണ്.

Share on

മറ്റുവാര്‍ത്തകള്‍