കോടികള്‍ ചെലവാക്കി പ്രതിമകള്‍ നിര്‍മിക്കുക എന്നത് കേന്ദ്രസര്‍ക്കാരിന്റെ പതിവായിരിക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പതിനായിര കണക്കിന് കോടി രൂപയാണ് പ്രതിമകള്‍ക്കായി ചെലവഴിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്ത് പട്ടിണിപ്പാവങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു വരുമ്പോഴാണ് സഹസ്ര കോടികള്‍ മുടക്കിയുള്ള പ്രതിമ നിര്‍മാണം എന്നുള്ളത് വിമര്‍ശനം വിളിച്ചു വരുത്തുന്നുണ്ട്.
ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപമാണ് 182 മീറ്റര്‍ (597 അടി) ഉയരത്തില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ നിര്‍മിച്ചത്. സ്റ്റാച്യു ഓഫ് യുണൈറ്റി എന്ന നാമകരണം ചെയ്യപ്പെട്ട ഈ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒന്നാണ് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. മധ്യപ്രദേശില്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഓംകാരേശ്വറില്‍ നിര്‍മ്മിക്കപ്പെട്ട 108 അടി ഉയരമുള്ള ശങ്കരാചാര്യരുടെ പ്രതിമ കഴിഞ്ഞ ദിവസമാണ് അനാച്ഛാദനം ചെയ്യപ്പെട്ടത്. ഏകാത്മകതാ കി പ്രതിമ എന്ന് നാമകരണം ചെയ്ത പ്രതിമ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് അനാച്ഛാദനം ചെയ്തത്. കേരളത്തില്‍ ജനിച്ച ശങ്കരാചാര്യര്‍ ഭാരതപര്യടനം നടത്തിയ അവസരത്തില്‍ ഓംകാരേശ്വറില്‍ എത്തിയപ്പോഴാണ് മഹാജ്ഞാനമുണ്ടായതെന്നാണ് കഥ.
അറുപത്തിമൂന്നടി ഉയരമുള്ള ദീന്‍ദയാല്‍ ഉപാധ്യായയുടെ വെങ്കല പ്രതിമ കഴിഞ്ഞദിവസമാണ് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത്. ജി-20യുടെ ഭാഗമായി രാജ്യത്ത് പല ഭാഗത്തായി ചെറുതും വലുതുമായി നൂറോളം പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും പറയുന്നു.