UPDATES

മോദി സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ടുള്ള പെഗാസസ് ആക്രമണം തുടരുന്നു

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ നിയമവിരുദ്ധ നിരീക്ഷണത്തിന്റെ ഭീഷണിയില്‍: ആനംസ്റ്റി ഇന്റര്‍നാഷണല്‍ അന്വഷണ റിപ്പോര്‍ട്ട്

                       

ഇന്ത്യയില്‍ ഭരണകൂട വിമര്‍ശകരായ പ്രമുഖ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇസ്രയേല്‍ സ്ഥാപനമായ എന്‍എസ്ഒ ഗ്രൂപ്പിന്റെ ആക്രമണാത്മക സ്‌പൈവെയര്‍ ആയ പെഗാസസ് തുടര്‍ച്ചയായി ഉപയോഗിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് വാഷിംഗ്ടണ്‍ പോസ്റ്റുമായി സഹകരിച്ചുകൊണ്ട് ആംനസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. പെഗാസസ് ഉപയോഗിച്ചുള്ള ആക്രമണത്തിന് ഇരയായവരുടെ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് പുറത്ത് വന്നിരിക്കുന്നത്.

ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്യൂരിറ്റി ലാബ് നടത്തിയ ഫോറന്‍സിക് അന്വേഷണത്തില്‍ ദി വയറിന്റെ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍, ദി ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ട് പ്രോജക്റ്റിന്റെ (OCCRP) സൗത്ത് ഏഷ്യ എഡിറ്റര്‍ ആനന്ദ് മംഗ്‌നാലെ എന്നിവരുടെ ഐഫോണുകളില്‍ പെഗാസസ് സ്‌പൈവെയര്‍ ടാര്‍ഗെറ്റ് ചെയ്തിരുന്നുവെന്നാണ് കണ്ടെത്തിയത്. 2023 ഒക്ടോബറിലാണ് ഇവരെ ടാര്‍ഗറ്റ് ചെയ്തതായി തിരിച്ചറിഞ്ഞ അവസാനത്തെ കേസ്.

ആപ്പിളിനെ പേടിപ്പിച്ച് മോദി ഭരണകൂടം

ഇസ്രയേലി നിരീക്ഷണ സ്ഥാപനമായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പെഗാസസ് എന്ന ഒരു തരം അത്യധികം ആക്രമണാത്മക സ്‌പൈവെയറിന്റെ ഉപയോഗമാണ് കണ്ടെത്തിരിക്കുന്നത്. ഇന്ത്യന്‍ പൗര സമൂഹത്തിനും സംഘടനകള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും സ്വാഭാവികമായ അഭിപ്രായ സ്വാന്ത്ര്യത്തിനുമേല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലുമാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

‘ഞങ്ങളുടെ ഏറ്റവും പുതിയ കണ്ടെത്തലുകള്‍ കാണിക്കുന്നത്, ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍ അവരുടെ ജോലികള്‍ ചെയ്യുന്നത്തില്‍ നിയമവിരുദ്ധമായ നിരീക്ഷണത്തിന്റെ ഭീഷണി നേരിടുന്നു, കൂടാതെ, ക്രൂരമായ നിയമങ്ങള്‍ പ്രകാരം തടവ്, അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍, ഉപദ്രവിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെയുള്ള അടിച്ചമര്‍ത്തല്‍ ഉപാധികളെയും നേരിടേണ്ടി വരുന്നു.’, ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സുരക്ഷ ലാബ് തലവന്‍ ഡോണ്‍ച സിയര്‍ബെയ്ല്‍ പറഞ്ഞു.

‘ആവര്‍ത്തിച്ചുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നിട്ടും, ഇന്ത്യയില്‍ പെഗാസസ് സ്‌പൈവെയറിന്റെ ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നത് ഉത്തരവാദിത്തത്തിന്റെ ലജ്ജാകരമായ അഭാവമാണ്, ഇത് ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ രാജ്യത്ത് എത്രത്തോളം തീവ്രമാണെന്നാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഫോറന്‍സിക് തെളിവുകള്‍ പെഗാസസിന്റെ പ്രവര്‍ത്തനം തുറന്നുകാട്ടുന്നു

2023 ജൂണില്‍ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്യൂരിറ്റി ലാബിന്റെ ഒരു പതിവ് സാങ്കേതിക നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയിലാണ് ഇന്ത്യയിലെ വ്യക്തികള്‍ക്ക് നേരെ പെഗാസസ് സ്‌പൈവെയര്‍ ഭീഷണികളുടെ പുതിയ സൂചനകള്‍ ആദ്യം കാണുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു പുതിയ വാണിജ്യ സ്‌പൈവെയര്‍ സിസ്റ്റം വാങ്ങാന്‍ ശ്രമിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്.

2023 ഒക്ടോബറില്‍, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആഗോളതലത്തില്‍ ആപ്പിള്‍ ഒരു പുതിയ അറിയിപ്പ്, മുന്നറിയിപ്പിന്റെ രൂപത്തില്‍ നല്‍കിയിരുന്നു. ‘സ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്ത ആക്രമണകാരികള്‍’ എന്ന പട്ടികയില്‍ ടാര്‍ഗറ്റ് ചെയ്യാന്‍ ഇടയുള്ളവര്‍ക്കാണ് മുന്നറിയിപ്പ് ലഭിച്ചത്. ഇന്ത്യയിലെ 20-ലധികം മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ക്കും അറിയിപ്പ് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

തത്ഫലമായി, ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്യൂരിറ്റി ലാബ് ഈ അറിയിപ്പുകള്‍ ലഭിച്ച സിദ്ധാര്‍ത്ഥ് വരദരാജനും ആനന്ദ് മംഗ്നാലും ഉള്‍പ്പെടെയുള്ള ലോകമെമ്പാടുമുള്ള വ്യക്തികളുടെ ഫോണുകളില്‍ ഫോറന്‍സിക് വിശകലനം നടത്തി. രണ്ട് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും ഉടമസ്ഥതയിലുള്ള ഉപകരണങ്ങളില്‍ പെഗാസസ് സ്‌പൈവെയര്‍ പ്രവര്‍ത്തനത്തിന്റെ സൂചനകള്‍ കണ്ടെത്തുകയും ചെയ്തു.

2023 ഓഗസ്റ്റ് 23ന്, ആനന്ദ് മംഗ്നാലെയുടെ ഫോണിലേക്ക് പെഗാസസ് സ്‌പൈവെയര്‍ രഹസ്യമായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ രൂപകല്‍പ്പന ചെയ്ത ഐ-മെസ്സേജ് സീറോ-ക്ലിക്ക് ചൂഷണത്തിന്റെ തെളിവുകള്‍ സെക്യൂരിറ്റി ലാബ് വീണ്ടെടുത്തു. ആ സമയത്ത് ലഭ്യമായ ഏറ്റവും പുതിയ പതിപ്പായ iOS 16.6 ആണ് ഫോണില്‍ പ്രവര്‍ത്തിച്ചിരുന്നത്.

സീറോ-ക്ലിക്ക് ചൂഷണം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരു വ്യാജ സോഫ്റ്റ്വെയര്‍ പ്രവര്‍ത്തനത്തെയാണ്. യാതൊരു ലിങ്കിലും ക്ലിക്ക് ചെയ്യാതെ തന്നെ ഒരു ഉപകരണത്തില്‍ സ്‌പൈവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രാപ്തമാക്കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള പ്രവര്‍ത്തന രീതിയാണ് അത്.

അദ്ദേഹത്തിന്റെ ഉപകരണത്തില്‍ പെഗാസസ് ആക്രമണത്തിന്റെ ഭാഗമായി ഉപയോഗിച്ച ആക്രമണകാരി നിയന്ത്രിത ഇമെയില്‍ വിലാസവും സുരക്ഷാ ലാബ് തിരിച്ചറിഞ്ഞു. വീണ്ടെടുക്കപ്പെട്ട സാമ്പിളുകള്‍ എന്‍ എസ് ഒ ഗ്രൂപ്പിന്റെ BLASTPASS ചൂഷണവുമായി പൊരുത്തപ്പെടുന്നവയായിരുന്നു, ഇത് 2023 സെപ്റ്റംബറില്‍ സിറ്റിസണ്‍ ലാബ് പരസ്യമായി തിരിച്ചറിയുകയും iOS 16.6.1 (CVE-2023-41064) ല്‍ ആപ്പിള്‍ പാച്ച് ചെയ്യുകയും ചെയ്തു.

ആനന്ദ് മംഗ്നാലെയുടെ ഫോണ്‍ ഈ സീറോ-ക്ലിക്ക് ചൂഷണത്തിന് വിധേയമായിരുന്നു. ചൂഷണശ്രമം അദ്ദേഹത്തിന്റെ ഫോണില്‍ വിജയകരമായിരുന്നോയെന്ന് നിലവില്‍ വ്യക്തമല്ല.

ഇന്ത്യയിലെ ഒരു വന്‍കിട ബഹുരാഷ്ട്ര കമ്പനിയുടെ സ്റ്റോക്ക് കൃത്രിമത്വം അന്വേഷിച്ചുകൊണ്ട് ഒരു റിപ്പോര്‍ട്ട് അദ്ദേഹം തയ്യാറാക്കുന്നുണ്ടായിരുന്നു. അപ്പോഴാണ്, ആനന്ദ് മംഗ്നാലെയുടെ ഫോണില്‍ ഇത്തരം പ്രവര്‍ത്തങ്ങള്‍ നടന്നത്.

ചൂഷണത്തിന്റെയും അനുബന്ധ ഫോറന്‍സിക് തെളിവുകളുടെയും കൂടുതല്‍ വിശദമായ സാങ്കേതിക വിശകലനം ആംനസ്റ്റി ടെക് സെക്യൂരിറ്റി ലാബ് വെബ്സൈറ്റില്‍ ലഭ്യമാണ്.

സ്‌പൈവെയര്‍ ദുരുപയോഗത്തിന്റെ ചരിത്രം

2018-ല്‍ സിദ്ധാര്‍ത്ഥ് വരദരാജനെ എങ്ങനെയാണ് പെഗാസസ് സ്‌പൈവെയര്‍ ടാര്‍ഗെറ്റുചെയ്ത് ആക്രമിച്ചതെന്ന വിവരങ്ങള്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പെഗാസസ് പ്രൊജക്റ്റ് വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ 2021-ല്‍ ഇന്ത്യന്‍ സുപ്രിം കോടതി സ്ഥാപിച്ച ഒരു സാങ്കേതിക സമിതി അദ്ദേഹത്തിന്റെ ഉപകരണങ്ങള്‍ പിന്നീട് ഫോറന്‍സിക്കല്‍ വിശകലനത്തിനയച്ചിരുന്നു.

2022ല്‍ സമിതി അന്വേഷണം അവസാനിപ്പിച്ചെങ്കിലും സാങ്കേതിക റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സുപ്രിം കോടതി പരസ്യമാക്കിയിട്ടില്ല. എന്നാല്‍, സാങ്കേതിക സമിതിയുടെ അന്വേഷണങ്ങളുമായി ഇന്ത്യന്‍ അധികൃതര്‍ സഹകരിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

2023 ഒക്ടോബര്‍ 16-ന് സിദ്ധാര്‍ത്ഥ് വരദരാജനെ പെഗാസസ് ഉപയോഗിച്ച് വീണ്ടും ടാര്‍ഗെറ്റ് ചെയ്തു. ആനന്ദ് മംഗ്നാലെയ്ക്കെതിരായ പെഗാസസ് ആക്രമണത്തില്‍ ഉപയോഗിച്ച അതേ ആക്രമണകാരി നിയന്ത്രിത ഇമെയില്‍ വിലാസം സിദ്ധാര്‍ത്ഥ് വരദരാജന്റെ ഫോണിലും കണ്ടെത്തിയിരുന്നു, രണ്ട് പത്രപ്രവര്‍ത്തകരും ഒരേ പെഗാസസ് ഉപഭോക്താവാണ് ലക്ഷ്യമിടുന്നതെന്ന് ഇതിലൂടെ സ്ഥിരീകരിക്കുന്നു.

ഈ സാഹചര്യത്തില്‍ പെഗാസസ് ആക്രമണം വിജയിച്ചതായി സൂചനയില്ല.

”ജോലി ചെയ്യുന്നതിനായി മാത്രം മാധ്യമപ്രവര്‍ത്തകരെ ടാര്‍ഗെറ്റ് ചെയ്യുന്നത് അവരുടെ സ്വകാര്യതയ്ക്കെതിരായ നിയമവിരുദ്ധമായ ആക്രമണത്തിന് തുല്യമാണ്, മാത്രവുമല്ല, ഇത് അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ലംഘിക്കുകയും ചെയ്യുന്നു. നിയമവിരുദ്ധമായ നിരീക്ഷണത്തില്‍ നിന്ന് ആളുകളെ സംരക്ഷിച്ചുകൊണ്ട് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും ബാധ്യതയുണ്ട്,” ഡോണ്‍ച സിയര്‍ബെയ്ല്‍ പറഞ്ഞു.

ഏറ്റവും പുതിയ കണ്ടെത്തലുകളോടുള്ള പ്രതികരണത്തിനായി വാഷിംഗ്ടണ്‍ പോസ്റ്റിലെ റിപ്പോര്‍ട്ടര്‍മാര്‍ NSO ഗ്രൂപ്പിനെ സമീപിച്ചിരുന്നു.

”നിര്‍ദ്ദിഷ്ട ഉപഭോക്താക്കളെ കുറിച്ച് എന്‍എസ്ഒയ്ക്ക് അഭിപ്രായം പറയാന്‍ കഴിയില്ലെങ്കിലും, അവയെല്ലാം ഭീകരതയ്ക്കെതിരെയും മറ്റ് കുറ്റകൃത്യങ്ങള്‍ക്കെതിരെയും പോരാടുന്നതിനായാണ് നിലനില്‍ക്കുന്നത്. തങ്ങളുടെ സാങ്കേതിക വിദ്യകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിയമപാലകരും രഹസ്യാന്വേഷണ ഏജന്‍സികളുമാണ് എന്ന് ഞങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. ഭീകരതയിലോ ഗുരുതരമായ കുറ്റകൃത്യങ്ങളിലോ ഉള്‍പ്പെടാത്ത മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മനുഷ്യാവകാശ സംരക്ഷകര്‍ അല്ലെങ്കില്‍ രാഷ്ട്രീയ വിമതര്‍ എന്നിവരെ ലക്ഷ്യം വയ്ക്കുന്നത് കമ്പനിയുടെ നയങ്ങളും കരാറുകളും സംവിധാനങ്ങളും പ്രോത്സാഹിപ്പിക്കുന്നില്ല” എന്നായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്ന വാദം.

സര്‍ക്കാര്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും നിയമ നിര്‍വഹണ ഏജന്‍സികള്‍ക്കും മാത്രമാണ് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതെന്ന് എന്‍എസ്ഒ ഗ്രൂപ്പ് പറയുന്നു. പെഗാസസ് സ്പൈവെയര്‍ ഇന്ത്യയില്‍ വാങ്ങിയിട്ടുണ്ടോ എന്നതില്‍ ഇന്ത്യന്‍ അധികാരികള്‍ ഇന്നുവരെ വ്യക്തത നല്‍കിയിട്ടില്ല.

‘ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഇന്ത്യയുള്‍പ്പെടെ എല്ലാ രാജ്യങ്ങളോടും അത്യന്തം ആക്രമണാത്മകമായ സ്‌പൈവെയറിന്റെ ഉപയോഗവും കയറ്റുമതിയും നിരോധിക്കാന്‍ ആവശ്യപ്പെടുന്നു, അത് സ്വതന്ത്രമായി ഓഡിറ്റ് ചെയ്യാനോ അതിന്റെ പ്രവര്‍ത്തനത്തില്‍ പരിമിതപ്പെടുത്താനോ കഴിയില്ല,’ ഡോണ്‍ച സിയര്‍ബെയ്ല്‍ പറഞ്ഞു.

ഇന്ത്യയിലെ പെഗാസസ് ഉപയോഗത്തെക്കുറിച്ചുള്ള സുപ്രിം കോടതി ടെക്നിക്കല്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഉടന്‍ പുറത്തുവിടണമെന്നും സംഘടന ആവശ്യപ്പെടുന്നു. ഏറ്റവും പുതിയ വെളിപ്പെടുത്തലുകളുള്‍പ്പെടെ, ടാര്‍ഗെറ്റ് ചെയ്ത നിരീക്ഷണത്തിന്റെ എല്ലാ കേസുകളിലും ഇന്ത്യന്‍ സര്‍ക്കാര്‍ ഉടനടി, സ്വതന്ത്രവും സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

സുതാര്യത ഉറപ്പാക്കാനായി എന്‍എസ്ഒ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള സ്വകാര്യ നിരീക്ഷണ കമ്പനികളുമായുള്ള മുന്‍പുള്ളതും നിലവിലുള്ളവായുമായും അല്ലെങ്കില്‍ ഭാവി കരാറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ അധികാരികള്‍ പരസ്യമായി വെളിപ്പെടുത്തണമെന്ന ആവശ്യവും അവര്‍ ഉയര്‍ത്തുന്നുണ്ട്.

പശ്ചാത്തലം

ഇന്ത്യയുടെ പ്രധാന ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് 2017 ഏപ്രിലില്‍ പെഗാസസ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ വിവരണവുമായി പൊരുത്തപ്പെടുന്ന ഹാര്‍ഡ്വെയര്‍ എന്‍എസ്ഒ ഗ്രൂപ്പില്‍ നിന്ന് ലഭിച്ചുവെന്ന് 2022 ഒക്ടോബറില്‍, വാണിജ്യ വ്യാപാര ഡാറ്റാബേസുകളുടെ വിശകലനത്തെ അടിസ്ഥാനമാക്കി ഒസിസിആര്‍പി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ കണ്ടെത്തിയ പെഗാസസ് ആക്രമണങ്ങള്‍ 2017 ജൂലൈ ആദ്യത്തിലാണ് നടന്നത്.

2020-ല്‍, ആംനസ്റ്റി ഇന്റര്‍നാഷണലും സിറ്റിസണ്‍ ലാബും ഇന്ത്യയില്‍ വാണിജ്യപരമായ ഓഫ്-ദി-ഷെല്‍ഫ് സ്‌പൈവെയര്‍ ഉപയോഗിച്ച് മനുഷ്യാവകാശ സംരക്ഷകരെ ഒരു ഏകോപിത പ്രവര്‍ത്തനത്തില്‍ എങ്ങനെയാണ് ലക്ഷ്യമിട്ടതെന്ന് വെളിപ്പെടുത്തുന്നുണ്ട്.

2021-ല്‍, പെഗാസസ് പ്രൊജക്റ്റിന്റെ ഭാഗമായി, ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഫോര്‍ബിഡന്‍ സ്റ്റോറികളുമായി സഹകരിച്ച്, സിദ്ധാര്‍ത്ഥ് വരദരാജന്‍ ഉള്‍പ്പെടെയുള്ള എന്‍എസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് സ്പൈവെയര്‍ ഉപയോഗിച്ച് ഇന്ത്യയിലെ നിരവധി സിവില്‍ സൊസൈറ്റി അംഗങ്ങളും പത്രപ്രവര്‍ത്തകരും ടാര്‍ഗെറ്റ് ചെയ്ത് എങ്ങനെ ബാധിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു.

സ്പൈവെയര്‍ ആക്രമണങ്ങളെക്കുറിച്ചും നിയമവിരുദ്ധമായ ഡിജിറ്റല്‍ നിരീക്ഷണത്തെക്കുറിച്ചും ആശങ്കയുള്ള ലോകമെമ്പാടുമുള്ള പൗര സമൂഹത്തിനായി സുരക്ഷ ലാബിന്റെ ഭാഗത്തു നിന്നുമുള്ള നിരീക്ഷണവും പിന്തുണയും തുടരുമെന്നാണ് ആനംസ്റ്റി ഇന്റര്‍നാഷണല്‍ ഉറപ്പ് നല്‍കുന്നത്. റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിലെ ഡിജിറ്റല്‍ സെക്യൂരിറ്റി ലാബിന് ഈ അന്വേഷണത്തിന്റെ ഭാഗമായുള്ള അവരുടെ വ്യാപനത്തിനും വിശകലന പിന്തുണയ്ക്കും ആംനസ്റ്റി ഇന്റര്‍നാഷണല്‍ നന്ദി പറയുകയും ചെയ്യുന്നുണ്ട്.

നിങ്ങള്‍ ആപ്പിളില്‍ നിന്നോ മറ്റ് പ്ലാറ്റ്ഫോമുകളില്‍ നിന്നോ സമാനമായ സുരക്ഷാ മുന്നറിയിപ്പ് ലഭിച്ച ഒരു മനുഷ്യാവകാശ സംരക്ഷകനോ ആക്ടിവിസ്റ്റോ പത്രപ്രവര്‍ത്തകനോ ആണെങ്കില്‍, ഡിജിറ്റല്‍ ഫോറന്‍സിക് പിന്തുണയ്ക്കായി ആംനസ്റ്റി ഇന്റര്‍നാഷണലുമായി ബന്ധപ്പെടാനും അവര്‍ ആവശ്യപ്പെടുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍